നിസ്സാരമായി ഒന്നുമില്ല

എത്രയോ കാലമായി ഈ ഗുരുകുലത്തിൽ വന്നിട്ട്‌! പഠിക്കേണ്ട വിദ്യകളെല്ലാം പൂർത്തിയായിരിക്കുന്നു. ഇനി ഗുരുദക്ഷിണ നൽകി യാത്രപറയുക തന്നെ…

പക്ഷെ ഗുരുവിനോട്‌ എങ്ങനെയാണ്‌ വിട പറയുക? അകക്കണ്ണു തുറപ്പിച്ച്‌ വിജ്‌ഞ്ഞാനവും വിവേകവും പകർന്നു നൽകിയ ഗുരുനാഥൻ! സ്‌നേഹവും കാരുണ്യവും എന്തെന്ന്‌ ഞങ്ങളെ പഠിപ്പിച്ചു തന്ന ഗുരുനാഥൻ! സത്യത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നയിച്ച ഗുരുനാഥൻ! ആ ഗുരുനാഥനെ വിട്ടു പോകേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ അവരുടെ മനസ്സ്‌ വല്ലാതെ വേദനിച്ചു.

ഉത്തമനെന്നും ശാന്തനെന്നുമായിരുന്നു വിനീതരായ ആ ശിഷ്യന്മാരുടെ പേരുകൾ. ഗുരുവിനെ കൺകണ്ട ദൈവമായി അവർ ആരാധിച്ചുവന്നു.

ഒരു ദിവസം ആചാര്യൻ ഉത്തമനേയും ശാന്തനേയും തന്റെ അരികിലേക്കു വിളിച്ചു.

അദ്ദേഹം പറഞ്ഞു.

“ഉണ്ണികളേ, ഇപ്പോൾ നിങ്ങളുടെ പഠനമെല്ലാം പൂർത്തിയായിരിക്കുന്നു. ഇനി നിങ്ങൾക്കു ഗുരുകുലത്തോടു വിട പറയാം.”

“സ്വാമിൻ, അങ്ങയെ വിട്ടുപോകുന്നതിൽ ഞങ്ങൾക്കു ദുഃഖമുണ്ട്‌. എങ്കിലും പോകാതെ തരമില്ലല്ലോ. പോകും മുമ്പ്‌ എന്തെങ്കിലുമൊരു ഗുരുദക്ഷിണ അങ്ങേക്കു തരണമെന്ന്‌ ഞങ്ങൾ ആശിക്കുന്നു” ഉത്തമൻ അറിയിച്ചു.

“എന്താണ്‌ അങ്ങ്‌ ഇഷ്‌ടപ്പെടുന്നതെന്നറിയാൻ ഞങ്ങൾക്കു താല്‌പര്യമുണ്ട്‌.” ശാന്തൻ വിനയത്തോടെ ആരാഞ്ഞു.

“ഉണ്ണികളേ, ഗുരുദക്ഷിണയ്‌ക്കുവേണ്ടിയല്ല ഞാൻ നിങ്ങളെ പഠിപ്പിച്ചത്‌. ഞാൻ അതാഗ്രഹിക്കുന്നുമില്ല. ഇത്രയും കാലം നിങ്ങൾ എന്നോടു കാണിച്ച വിനയവും സ്‌നേഹവുമാണ്‌ ഏറ്റവും വലിയ ഗുരുദക്ഷിണ!” ഗുരുനാഥൻ മറുപടി പറഞ്ഞു.

“എങ്കിലും സ്വാമിൻ, ഇത്‌ ഞങ്ങളുടെ ആഗ്രഹമല്ലേ? എന്തെങ്കിലും…” അവർ പിന്നെയും നിർബ്ബന്ധിച്ചു.

“ശരി, നിർബ്ബന്ധമാണെങ്കിൽ അരണിവൃക്ഷത്തിന്റെ കുറച്ച്‌ ഇലകൾ മാത്രം ശേഖരിച്ച്‌ എനിക്ക്‌ ദക്ഷിണയായി തന്നോളൂ; സ്വീകരിക്കാം.” ഗുരുനാഥൻ അവരുടെ നിർബന്ധത്തിനു വഴങ്ങി.

പക്ഷെ, ശിഷ്യന്മാർക്ക്‌ ഇത്‌ വളരെ നിസ്സാരമായി തോന്നി. ഉണങ്ങിയ കുറെ അരണിയിലകൾക്ക്‌ എന്തു വില? എങ്കിലും ആചാര്യന്റെ താല്‌പര്യമല്ലേ? അതു പ്രകാരം പ്രവർത്തിക്കുകതന്നെ.

ഉത്തമനും ശാന്തനും താമസിയാതെ കാട്ടുവഴിയിലൂടെ യാത്രയായി. നടന്നുനടന്ന്‌ അവരുടെ കാലുകൾ കുഴഞ്ഞു. അപ്പോഴതാ, കുറച്ചകലെയായി ഒരു കിഴവൻ നിന്ന്‌ അരണി വൃക്ഷത്തിന്റെ ഇലകൾ പെറുക്കി കുട്ടയിലാക്കുന്നു!

ഉത്തമനും ശാന്തനും ആ കിഴവനോട്‌ കുറെ ഇല ആവശ്യപ്പെട്ടു. പക്ഷെ അയാൾ അതു നൽകാൻ സന്നദ്ധനായില്ല. അയാൾ പറഞ്ഞു.

“കുഞ്ഞുങ്ങളേ, ഞാൻ ഒരു ചെറിയ കൃഷിക്കാരനാണ്‌. ഈ ചപ്പിലകൾ കൊണ്ടുപോയി കത്തിച്ച്‌ ചാരമാക്കി ഞാൻ എന്റെ നടുതലകൾക്കെല്ലാം വളമിടുകയാണ്‌. അതുകൊണ്ട്‌ ഈ ചപ്പിലകൾ ഞാൻ തരില്ല.”

ഇതുകേട്ട്‌ ഉത്തമനും ശാന്തനും, വല്ലാതെ നിരാശരായി. അപ്പോഴുണ്ട്‌ ഒരു കിഴവി ഒരിടത്തിരുന്ന്‌ അരണിയുടെ ഉണക്കയിലകൾ ശേഖരിക്കുന്നു. അവർ കിഴവിയോട്‌ അരണിയില തരുമോ എന്നു ചോദിച്ചു. കിഴവി പറഞ്ഞുഃ

“കുട്ട്യോളേ, അടുപ്പിൽ തീ പൂട്ടാൻ ഒന്നുമില്ല. ഈ കരിയില കൊണ്ടുചെന്നിട്ടു വേണം ഉച്ചക്കഞ്ഞി പാകം ചെയ്യാൻ. വെറുതെ എന്നെ പട്ടിണിയാക്കാതെ കടന്നു പൊയ്‌ക്കോളിൻ!..”

കിഴവിയുടെ സംസാരം കൂടി കേട്ടപ്പോൾ അവർ തളർന്നുപോയി. എങ്കിലും ഗുരുദക്ഷിണ നല്‌കാതെ പറ്റുമോ?

ഉത്തമനും ശാന്തയും പിന്നെയും യാത്ര തുടർന്നു. അവർ ഒരു തടാകക്കരയിലെത്തി. അപ്പോഴതാ, വെളളത്തിലൂടെ അരണിയുടെ രണ്ട്‌ ഉണക്കയിലകൾ ഒഴുകിനീങ്ങുന്നു.

ശാന്തൻ വേഗം വെളളത്തിലേക്കു ചാടിയിറങ്ങി അരണിയില കടന്നെടുക്കാൻ കൈനീട്ടി. അപ്പോൾ പെട്ടെന്ന്‌ നേർത്ത സ്വരത്തിലുളള ഒരു സംസാരം കേട്ടു.

“ചങ്ങാതിമാരേ, ഞങ്ങളെ ഉപദ്രവിക്കരുത്‌. ഞങ്ങൾ ഈ ഇലത്തോണിയിൽ ഒരു വിനോദയാത്ര പോവുകയാണ്‌..”

അരയാലിലയുടെ പുറത്ത്‌ യാത്ര ചെയ്യുന്ന ഒരു ഉറുമ്പച്ചന്റെ സ്വരമായിരുന്നു അത്‌. ഉറുമ്പച്ചന്റെ അപേക്ഷ കേട്ട്‌ ശാന്തന്റെയും ഉത്തമന്റെയും മനസ്സലിഞ്ഞു. അവർ അരണിയിലകൾ എടുത്തില്ല.

പിന്നെയും അന്തിമയങ്ങുന്നതുവരെ അവർ അരണിയില തേടി കാടായ കാടുതോറും അലഞ്ഞു. പക്ഷെ ഒരൊറ്റ ഇലപോലും കിട്ടിയില്ല.

നിരാശയോടും ദുഃഖത്തോടും കൂടി അവർ ഗുരുസന്നിധിയിലേക്കു മടങ്ങി. ഗുരുവിന്റെ മുഖത്തു നോക്കാൻ പോലും ധൈര്യമില്ലാതെ അവർ തലയും താഴ്‌ത്തി നിന്നു.

“ഉണ്ണികളേ, അരണിയില കിട്ടിയ ലക്ഷണം കാണുന്നില്ലല്ലോ. അതിൽ നിങ്ങൾ ഒട്ടും വിഷമിക്കേണ്ട! ഞാൻ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നു.” ഗുരു പുഞ്ചിരിയോടെ മൊഴിഞ്ഞു.

“ഒന്നൊഴികെ എല്ലാ കാര്യങ്ങളും ഞാൻ നിങ്ങളെ നേരത്തെ തന്നെ പഠിപ്പിച്ചിരുന്നു. പഠിപ്പിക്കാത്ത ആ ഒരുകാര്യം കൂടി നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു.” ഗുരു അറിയിച്ചു.

“ഭൂമിയിൽ നിസ്സാരമായി ഒന്നും തന്നെയില്ലെന്ന്‌ ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കി. ഒരു നിസ്സാരവസ്‌തുവിന്‌ പോലും വലിയ വിലയുണ്ട്‌.” ശിഷ്യൻമാർ വിനയഭാവത്തിൽ പറഞ്ഞു.

ആചാര്യന്റെ സന്തോഷത്തിന്‌ അതിരുണ്ടായിരുന്നില്ല. തന്റെ ശിഷ്യന്മാർ പൂർണ്ണമനുഷ്യരായിരിക്കുന്നു. അവരുടെ ജീവിതം നിറനിലാവിനെപ്പോലെ ഈ ഭൂമിയിൽ പ്രശോഭിക്കും.

“ഉണ്ണികളേ, ഇനി നിങ്ങൾക്കു പോകാൻ സമയമായി.” ഗുരു അവരെ അനുഗ്രഹിച്ചു. കണ്ണീരോടെ ആ ഉത്തമശിഷ്യന്മാർ ഗുരുകുലത്തോടു യാത്ര പറഞ്ഞു.

Generated from archived content: unnikatha1_oct13_2006.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here