ശ്രീബുദ്ധൻ ഒരിക്കൽ തന്റെ ശിഷ്യന്മാരോടൊപ്പം ബീഹാറിലെ ഒരു ഗ്രാമത്തിൽ സഞ്ചരിക്കുകയായിരുന്നു.
സ്നേഹമന്ത്രങ്ങൾ ഉരുവിട്ടും സൽപ്രവർത്തികൾ ചെയ്തും വളരെ ദിവസങ്ങളോളം അവർ അവിടെ കഴിഞ്ഞു.
ഇതിനിടയിൽ ഒരു പ്രഭാതം. ശിഷ്യന്മാരിൽ ഒരാൾ ഓടിക്കിതച്ച് ഭഗവാന്റെ സമീപമെത്തി. അയാളുടെ മുഖം
വിഷാദപൂർണ്ണമായിരുന്നു.
“എന്താ, എന്തുപറ്റി? നിന്റെ മുഖം വല്ലാതെ വാടിയിരിക്കുന്നല്ലോ?” ശ്രീബുദ്ധൻ അന്വേഷിച്ചു.
“ഗുരോ, അതാ അക്കാണുന്ന മരത്തിന്റെ ചുവട്ടിൽ ഒരു പിച്ചക്കാരനിരിപ്പുണ്ട്.” ശിഷ്യൻ അങ്ങോട്ടു വിരൽ
ചൂണ്ടിക്കാണിച്ചു.
“എന്താ അയാളുടെ വിശേഷം?” ഭഗവാന് അറിയാൻ താല്പര്യമായി.
“ഒരു പാവമാണല്ലോ എന്നു വിചാരിച്ച് ഞാൻ അയാൾക്ക് നല്ല ധർമ്മങ്ങൾ പലതും ഉപദേശിച്ചുകൊടുത്തു”.
ശിഷ്യൻ വിശദീകരിക്കാൻ തുടങ്ങി.
“കൊള്ളാം. എന്നിട്ടെന്തുണ്ടായി?” ശ്രീബുദ്ധൻ ശിഷ്യന്റെ മുഖത്തേക്കു നോക്കി.
“ഞാൻ പറയുന്നതൊന്നും അയാൾ ഗൗനിക്കുന്നതേയില്ല” ശിഷ്യൻ സങ്കടപ്പെട്ടു.
ശ്രീബുദ്ധൻ ഉടനെ കാരണമറിയാനായി ആ പിച്ചക്കാരന്റെ അടുക്കലേക്കു ചെന്നു. ഒറ്റനോട്ടത്തിൽത്തന്നെ ആ
സാധുമനുഷ്യന്റെ ദയനീയസ്ഥിതി അദ്ദേഹത്തിനു മനസ്സിലായി. അയാൾ എന്തെങ്കിലും ആഹാരം കഴിച്ചിട്ട് വളരെ
ദിവസങ്ങളായിക്കഴിഞ്ഞിരുന്നു. അയാളുടെ ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും കണ്ട് ഭഗവാൻ ദുഃഖിതനായി.
അയാൾക്ക് വയറുനിറയെ ആഹാരം കൊടുക്കാൻ ശ്രീബുദ്ധൻ തന്റെ ശിഷ്യന്മാരോട് അരുൾചെയ്തു.
കിട്ടിയ ഭക്ഷണം മുഴുവൻ അയാൾ ആർത്തിയോടെ തിന്നു. തീറ്റ കഴിഞ്ഞ് അല്പം വിശ്രമിച്ചപ്പോൾ പിച്ചക്കാരന്റെ
ക്ഷീണമെല്ലാം മാറി. അയാളുടെ മുഖത്ത് സന്തോഷം കളിയാടി. ശ്രീബുദ്ധനോടു നന്ദി പറഞ്ഞ് അയാൾ അവിടെ
നിന്നും നടന്നുനീങ്ങി.
ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു ശിഷ്യൻ. അയാൾക്കു വലിയ അത്ഭുതം തോന്നി. അയാൾ
ഗുരുവിനോടു ചോദിച്ചുഃ
“ഗുരോ, അങ്ങെന്താണ് ആ സാധുമനുഷ്യനോട് ഒന്നും ഉപദേശിക്കാതിരുന്നത്?”
ശിഷ്യന്റെ ചോദ്യം കേട്ട് ശ്രീബുദ്ധൻ ഒന്നു മന്ദഹസിച്ചു. എന്നിട്ടു പറഞ്ഞുഃ
“ശിഷ്യാ, ആ സാധുമനുഷ്യന് ഇപ്പോൾ ആവശ്യം നമ്മുടെ ഉപദേശമായിരുന്നില്ല; ആഹാരമായിരുന്നു. വിശപ്പാണു
വലുത്!….. വിശക്കുന്നവനോടു വേദമോതിയിട്ടു കാര്യമില്ല. വിശപ്പു തീർന്ന മനുഷ്യന്റെ മുമ്പിലേ നമ്മുടെ
ധർമ്മത്തിനും ഉപദേശത്തിനുമൊക്കെ സ്ഥാനമുള്ളൂ”.
“ശരിയാണു ഗുരോ, ശരിയാണ്. എനിക്കു തെറ്റുപറ്റി. അങ്ങയുടെ മഹത്തായ ഈ പ്രവൃത്തി എനിക്കു
പുതിയൊരു പാഠമായിരിക്കുന്നു”.
ശിഷ്യൻ വിനീതനായി ഗുരുവിനെ കൈവണങ്ങി.
Generated from archived content: unnikatha1_july7_07.html Author: sippi-pallippuram