കാരുണ്യത്തിന്റെ വില

“ശിഷ്യരേ, ഞാൻ നിങ്ങൾക്കുവേണ്ടി ഒരു മത്സരം ഏർപ്പെടുത്തുകയാണ്‌.” വിഷ്‌ണുഗുപ്‌തൻ പറയാൻ തുടങ്ങി.

“എന്തു മത്സരമാണ്‌ ഗുരോ? ” ശിഷ്യന്മാർ ആകാംഷയോടെ ആരാഞ്ഞു.

ലോകത്തിലെ ഏറ്റവും വല പിടിച്ച പ്രകാശവസ്‌തു ഏതെന്നു കണ്ടെത്തുക. ഇതാണ്‌ മത്സരം. ഇതിൽ വിജയിക്കുന്ന ആൾക്ക്‌ ഞാൻ വില പിടിച്ച സമ്മാനം നൽകും.“ വിഷ്‌ണുഗുപ്‌തൻ അറിയിച്ചു.

ശിക്ഷ്യന്മാരെല്ലാം ഗുരുവിന്റെ മുഖത്തേക്കുനോക്കുകയായിരുന്നു. വിഷ്‌ണുഗുപ്‌തൻ ശിഷ്യന്മാർക്കു മാത്രമല്ല ആ ഗ്രാമവാസികൾക്കെല്ലാം തന്നെ പ്രിയങ്കരനും ആദരണീയനുമായിരുന്നു.

പാടലീപൂത്രത്തിലെ ഒരു ഓണം കേറാമൂലയിലായിരുന്നു. അദ്ദേഹത്തിന്റെ ‘ഗുരുകുലം’ സ്‌ഥിതി ചെയ്‌തിരുന്നത്‌. അതീവ സമർത്ഥനും തന്ത്രശാലിയുമായ വിഷ്‌ണുഗുപ്‌തൻ ശിഷ്യന്മാരുടെ അഭിരുചികൾ കണ്ടെറിഞ്ഞ്‌ പ്രവർത്തിക്കുന്ന പ്രകൃതക്കാരനായിരുന്നു. വ്യത്യസ്‌തമായ അഭിരുചികളോടുകൂടിയ ശിഷ്യന്മാരാണ്‌ അവിടെ താമസിച്ചിരുന്നത്‌. രമണകനും, ശ്രുതകേതുവും വിജയമിശ്രനുമെല്ലാം അക്കൂട്ടത്തിൽപ്പെടുന്നു.

ഇടയ്‌ക്കിടെ വിഷ്‌ണുഗുപ്‌തൻ തന്റെ ശിഷ്യന്മാർക്കുവേണ്ടി രസകരങ്ങളായ പല മത്സരങ്ങളും നിരീക്ഷണപരിപാടികളും ബുദ്ധിപരീക്ഷണവും സംഘടിപ്പിക്കാറുണ്ടായിരുന്നു.

അതിനിടയ്‌ക്കാണ്‌ ഗുരുകുലത്തിന്റെ വാർഷികം വന്നുചേർന്നത്‌ വാർഷിക പരിപാടിയുടെ ഒരു ഭാഗമായിട്ടാണ്‌ വിഷ്‌ണുഗുപ്‌തൻ തന്റെ ശിഷ്യന്മാർക്കായി വളരെ പുതുമയുള്ള ഒരു മത്സരം നടത്താൻ തീരുമാനിച്ചത്‌.

ഏറ്റവും പ്രകാശമുള്ള വസ്‌തുവാണ്‌ കണ്ടുനപിടിച്ചുകൊണ്ടുവരേണ്ടത്‌! എന്താണാവോ ഗുരുനാഥൻ ഇതിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്‌?

രമണകനും ശ്രുതകേതുവും വിജയമിശ്രനുമെല്ലാം ഓരോരോ വഴിക്കു യാത്രയായി. അവരവരുടെ കാഴ്‌ചപ്പാടിനു യോജിച്ച വസ്‌തുക്കൾ കണ്ടുപിടിക്കാനാണ്‌ ഓരോരുത്തരും ശ്രമിച്ചത്‌.

ഗ്രാമപതിയുടെ മകനായ രമണകൻ കൊണ്ടു വന്നത്‌ പ്രകാശം പരത്തുന്ന വിലയേറിയ ഒരു വൈരക്കല്ലായിരുന്നു. കൂരിരുട്ടിൽപ്പോലും വെളിച്ചത്തിന്റെ ആയിരം പൂക്കൾ ഒരുമിച്ചുവിടർന്ന വൈരക്കല്ലിനേക്കാൾ കൂടുതൽ പ്രകാശം പരത്തുന്ന മറ്റു വസ്‌തുവും ഈ ലോകത്തുണ്ടോ?

ശ്രുതകേതു കൊണ്ടുവന്നത്‌ നിറയെ ചിത്രവേലകൾ ചെയ്‌തിട്ടുള്ള മനോഹരമായ ഒരു വിളക്കാണ്‌. കുത്തുന്തോറും പ്രഭ കൂടിവരുന്ന ഒരു അസാധരണമായ വിളക്ക്‌! ഇരുട്ടിന്റെ ധൂമപടലങ്ങളിൽ കനകപ്രകാശം കോരിച്ചൊരിയുന്ന ഈ വിളക്കിനെക്കാൾ തിളക്കം മറ്റെന്തിനാണുള്ളത്‌.

വിജയമിശ്രൻ ഇപ്പോഴും ഗ്രാമവീഥികളിലൂടെ അലയുകയാണ്‌ വില പിടിച്ച വല്ലതും വാങ്ങിക്കാമെന്നുവച്ചാൽത്തന്നെ അവന്റെ കയ്യിൽ കാശില്ല. ഗ്രാമപുരോഹിതനായ അവന്റെ അച്ഛൻ തളർവാതം പിടിപെട്ട്‌ വളരെക്കാലമായി കിടപ്പിലാണ്‌. വയറിന്റെ പശി മാറ്റാൻ നിവൃത്തിയില്ലാത്തിടത്ത്‌ മറ്റു വല്ലതും നടക്കുമോ?

ഒന്നും കണ്ടെത്താനാവാതെ ദരിദ്രനായ വിജയമിശ്രൻ നിരാശനായി വീട്ടിലേക്കു തിരിച്ചു. അപ്പോഴാണ്‌ ഒരു ദയനീയമായ രംഗം അവന്റെ ശ്രദ്ധയിൽപ്പെട്ടത്‌.

അങ്ങകലെ ഒരു മരച്ചുവട്ടിൽ ഒരു പാവം പക്ഷി അമ്പേറ്റു പിടയുന്നു. വിജയമിശ്രൻ ഓടിച്ചെന്ന്‌ അതിനെ വാരിയെടുത്ത്‌ നെഞ്ചോടു ചേർത്തു. ദാഹജലത്തിനുവേണ്ടി അത്‌ വായ്‌ തുറന്നു. അവൻ അതിന്റെ വായിൽ ജലം പകർന്നുകൊടുത്തു. പിന്നെ മുറിവേറ്റ സ്‌ഥലത്ത്‌ പച്ചമരുന്നുകൾ പിഴിഞ്ഞൊഴിച്ചു.

അപ്പോഴേയ്‌ക്കും നേരം വളരെ വൈകിയിരുന്നു. ഗുരുകുലത്തിലെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വിജയമിശ്രൻ തന്റെ കയ്യിലുള്ള പക്ഷിയേയും നെഞ്ചത്തടുക്കിപ്പടിച്ചുകൊണ്ട്‌ അതിവേഗത്തിൽ ഓടി.

മറ്റുള്ളവരെപ്പോലെ ഏറ്റവും വിലപിടിച്ച പ്രകാശവസ്‌തുവുമായി എത്താൻ കഴിയാതെ വന്നതിൽ അവന്‌ വല്ലാതെ നാണക്കേടും മാനക്കേടും തോന്നി.

വിജയമിശ്രൻ വരുന്നതും കാത്ത്‌ വിഷ്‌ണുഗുപ്‌തൻ ഗുരുകുലത്തിന്റെ മുറ്റത്തു ഉലത്തുന്നുണ്ടായിരുന്നു. ഗുരുവിനെ കൈ വണങ്ങിയിട്ട്‌ അവൻ പറഞ്ഞു.

”ഗുരോ മറ്റുള്ളവരെപ്പോലെ വില പിടിച്ച ഒരു വസ്‌തുവും കൊണ്ടുവരാൻ എനിക്കു കഴിഞ്ഞില്ല. ഞാൻ ദരിദ്രനാണ്‌ എന്നോടു ക്ഷമിക്കണം“.

”പിന്നെ നിന്റെ കയ്യിൽ എന്താ ഇരിക്കുന്നത്‌?“ ഗുരു അന്വേഷിച്ചു.

”ഇതൊരു അമ്പേറ്റ പക്ഷിയാണ്‌. ഇതിനെ വഴിയിൽ ഉപേക്ഷിച്ചു പോരാൻ എനിക്കു കഴിഞ്ഞില്ല.“ വിജയമിശ്രന്റെ കണ്ണികൾ നിറഞ്ഞു.

”ഓഹോ………! അപ്പോൾ ഇത്‌ വളരെ വിലയേറിയ ഒരു വസ്‌തുവാണല്ലോ“.

ഗുരുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു തിളങ്ങി. എങ്കിലും കാരുണ്യത്തിനുവേണ്ടി കേഴുന്ന ആ പക്ഷിയുടെ ദീനഭാവം കണ്ട്‌ അദ്ദേഹത്തിന്റെ മനസ്സ്‌ വേദനിച്ചു.

അതിനെ നോക്കിനിന്ന രമണകന്റെയും ശ്രുതകേതുവിന്റെയും കണ്ണുകൾ നിറയുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു.

അദ്ദേഹം പറഞ്ഞു

”ശിഷ്യരേ……..ഏറ്റവും പ്രകാശമേറിയ വസ്‌തു കണ്ടെത്തിയത്‌ വിജയമിശ്രനാണ്‌. അതിനാൽ എന്റെ സമ്മാനം ഞാൻ അവനാണ്‌ നൽകാൻ പോകുന്നത്‌.

“അതെങ്ങനെയാണ്‌ ഗുരോ”

രമണകൻ ആരാഞ്ഞു.

“ശിഷ്യരേ, മനുഷ്യമനസ്സിലെ ഏറ്റവും പ്രകാശമേറിയതും ദൈവീകവുമായ ഒരു അനുഭൗതിയാണ്‌ ദയ! ആ ദയയെ ഉണർത്താൻ വിജയമിശ്രൻ കൊണ്ടുവന്ന വസ്‌തുവിനു മാത്രമേ കഴിഞ്ഞുള്ളു. അതുകൊണ്ടാണല്ലേ നിങ്ങളുടെ പോലും കണ്ണുൾ നിറഞ്ഞുതുളുമ്പിയത്‌.” വിഷ്‌ണു ഗുപ്‌തൻ വിശദമാക്കിക്കൊടുത്തു.

ശിഷ്യന്മാർ ഗുരുവിന്റെ വചനങ്ങൾ ശ്രദ്ധയോടെ കേട്ടു. അവരുടെ മനസ്സിൽ ഒരു പുതിയ വെളിച്ചം ഉണർന്നുവന്നു. അവർ തങ്ങളുടെ ആദരണീയനായ ഗുരുവിന്റെ മുമ്പിൽ കൈകൂപ്പി നിന്നു.

Generated from archived content: unnikatha1_dec6_08.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here