പാണിനിയുടെ ഗുരുനാഥൻ

പണ്ട്‌ പണ്ട്‌ പാടലീപുത്രത്തിൽ വർഷൻ എന്നുപേരുള്ള ഒരു മഹർഷിവര്യൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരുകുലത്തിൽ ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കുട്ടികൾ പഠിക്കാനെത്തിയിരുന്നു. അക്കൂട്ടത്തിൽ രാജകുമാരന്മാരും മന്ത്രിമാരും മാത്രമല്ല; തീരെ പാവപ്പെട്ട കുട്ടികളും ഉണ്ടായിരുന്നു.

ഒരിക്കൽ ആഹികൻ എന്നൊരു ഗ്രാമീണ ബാലൻ ഗുരുകുലത്തിൽ ചേർന്ന്‌ പഠിക്കാനെത്തി. അവൻ വന്ന പാടെ ഗുരുപാദങ്ങളിൽ വീണു നമസ്‌ക്കരിച്ചു. പിന്നെ തന്റെ ആഗ്രഹം ആചാര്യനെ അറിയിക്കുകയും ചെയ്‌തു.

വർഷമുനി അവന്റെ വലതു കൈ പിടിച്ച്‌ തന്റെ മടിയിൽ വച്ചിട്ട്‌ കൈരേഖ നോക്കാൻ തുടങ്ങി.

രേഖ പരിശോധിച്ചു തീർന്നപ്പോൾ ആചാര്യന്റെ മുഖം മങ്ങി. അദ്ദേഹം പറഞ്ഞു.

“ഉണ്ണീ നിന്നെ ശിഷ്യനായി സ്വീകരിക്കാൻ എനിക്കു കഴിയില്ല”! “അതെന്താ ഗുരോ” – ആഹികൻ ഒന്നും മനസ്സിലാവാതെ ഗുരുവിന്റെ മുഖത്തേക്കു നോക്കി.

“നിന്റെ കൈയിൽ വിദ്യാരേഖ കാണുന്നില്ല; അത്രതന്നെ – ഗുരു അറിയിച്ചു. പാവം ആഹികൻ! അവൻ നിരാശയോടും സങ്കടത്തോട്ം കൂടി അവിടെ നിന്നും മടങ്ങി.

വീട്ടിലെത്തിയിട്ടും വിദ്യനേടണമെന്നുള്ള അവന്റെ മോഹത്തിന്‌ ഒരു കുറവുമുണ്ടായില്ല. വർഷമുനിയിൽ നിന്നുതന്നെ താനതു പഠിക്കുമെന്നും അവൻ പ്രതിജ്ഞ ചെയ്‌തു. പിറ്റേന്നു രാവിലെ ഒരു നാരായമെടുത്ത്‌ അവൻ തന്റെ കൈവെള്ളയിൽ ആഴത്തിൽ ഒരുമുറിവുണ്ടാക്കി.

ഏതാനും ദിവസം കഴിഞ്ഞപ്പോൾ മുറിവുണങ്ങി. അവിടെ നല്ലൊരു രേഖ തെളിഞ്ഞു.!

ആഹികൻ പ്രത്യാശയോടെ വീണ്ടും ഗുരുകുലത്തിലെത്തി. തന്റെ കൈവെള്ള ഉയർത്തിക്കാണിച്ചിട്ട്‌ അവൻ പറഞ്ഞു.

”ഗുരോ സദയം ഇതു കണ്ടാലും! എന്റെ കൈവെള്ളയിൽ ഒരു പുതിയ രേഖ തെളിഞ്ഞിരിക്കുന്നു; വിദ്യാരേഖ!! ഇനി അങ്ങ്‌ എന്നെ ശിഷ്യനായി സ്വീകരിക്കണം.

ആഹികന്റെ കയ്യിലെ കറുത്ത രേഖ കണ്ട്‌ ഗുരു ഒരു നിമിഷം നടുങ്ങി. അവൻ എന്താണു ചെയ്‌തതെന്ന്‌ അദ്ദേഹം ശരിക്കും മനസ്സിലാക്കി. വിദ്യനേടാനുള്ള അവന്റെ അടങ്ങാത്ത ആഗ്രഹം അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു.

വർഷമുനി സന്തോഷപൂർവ്വം പറഞ്ഞു.

“ഉണ്ണീ ഇതുപോലെ പതറാത്ത മനസ്സും കുനിയാത്ത ശിരസ്സുമുള്ള ശിഷ്യരെയാണ്‌ എനിക്കാവശ്യം! ഇന്നുമുതൽ ഞാൻ നിന്നെ എന്റെ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു.!”

ആഹികൻ ഭക്ത്യാദരപൂർവ്വം ഗുരുപാദങ്ങളിൽ വീണ്‌ വന്ദിച്ചു. വർഷമുനിയുടെ ഏറ്റവും പ്രിയങ്കരനായ ശിഷ്യനായി അവൻ അവിടെ പഠനമാരംഭിക്കുകയും ചെയ്‌തു.

ഈ ആഹികനാണ്‌ പിൽക്കാലത്ത്‌ ‘പാണിനീയം’ എന്ന പേരിൽ സംസ്‌കൃത ഭാഷയുടെ കുലപതിയായി മാറിയത്‌. സംസ്‌കൃത അക്ഷരമാല ക്രമപ്പെടുത്തിയതും പേരുകേട്ട ‘പാണിനീയം’ എന്ന വ്യാകരണ ഗ്രന്ഥം രചിച്ചതും ഇദ്ദേഹമാണ്‌.

Generated from archived content: unnikatha1_dec27_08.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here