ശിഷ്യന്റെ പരദൂഷണം

നല്ല പാതിരാനേരം….. ലോകം മുഴുവൻ ഉറങ്ങുന്ന സമയം! അങ്ങകലെ നീലാകാശത്തിൽ വെണ്ണിലാവു മാത്രം പുഞ്ചിരിയോടെ ഉണർന്നിരിക്കുന്നുണ്ട്‌.

ഈ സമയത്ത്‌ മുഹമ്മദു നബിയുടെ ഒരു ശിഷ്യൻ ഓടിപ്പിടഞ്ഞ്‌ അദ്ദേഹത്തിന്റെ സമീപത്തെത്തി.

“എന്താ? എന്തു പറ്റി……… എന്താണീ പാതിരാത്രിക്ക്‌ ഓടിക്കിതച്ചുവരുന്നത്‌?” നബി തിരുമേനി അന്വേഷിച്ചു.

“ഗുരോ, ഈ നട്ടപ്പാതിരായ്‌ക്ക്‌ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാൻ ഞാൻ മാത്രമാണ്‌ ഉണർന്നിരിക്കുന്നത്‌. അങ്ങയുടെ മറ്റെല്ലാശിഷ്യന്മാരും കൂർക്കം വലിച്ചുറങ്ങുകയാണ്‌” അയാൾ മറുപടി പറഞ്ഞു.

“അതിനെന്ത്‌?……… നീയും വേഗം പോയിക്കിടന്നുറങ്ങിക്കോളൂ. പരദൂഷണം പറയാൻ ഉണർന്നിരിക്കുന്നതിനേക്കാൾ നല്ലത്‌ അതാണ്‌.” ഗുരു ഉപദേശിച്ചു.

ഇതു കേട്ടപ്പോൾ ശിഷ്യന്റെ ശിരസ്സ്‌ താനേ കുനിഞ്ഞു. പിന്നെ ഒരു വാക്കുപോലും ഉരിയാടാൻ അയാൾക്കു കഴിഞ്ഞില്ല. ഗുരുവിന്റെ കാല്‌ക്കൽ കെട്ടിവീണിട്ട്‌ അയാൾ വിനയത്തോടെ അപേക്ഷിച്ചുഃ

“ഗുരോ, അങ്ങു പറഞ്ഞത്‌ അക്ഷരംപ്രതി ശരിയാണ്‌. മറ്റുള്ളവരോടുള്ള അസൂയ ഒന്നുകൊണ്ടുമാത്രമാണ്‌ ഞാൻ ഉറക്കമിളച്ച്‌ ഇവിടേയ്‌ക്ക്‌ ഓടിക്കിതച്ചുവന്നത്‌. അങ്ങു പറഞ്ഞപ്പോൾ എനിക്കു തെറ്റു ബോധ്യമായി ഇനി ഇതു ഞാൻ ആവർത്തിക്കില്ല!………. അങ്ങ്‌ സദയം മാപ്പുതരണം”.

“നല്ലതു മകനേ, നല്ലത്‌!………. ഇപ്പോൾ നിന്റെ മുഖം കൂടുതൽ പ്രകാശമുള്ളതായിരിക്കുന്നു. നന്മയിലൂടെ മുന്നോട്ടുനീങ്ങുമ്പോൾ നമ്മിൽ സ്വാർത്ഥതയുടെ ഒരു കണികപോലും പാടില്ല”.

നബി തിരുമേനി തന്റെ ശിഷ്യനെ അനുഗ്രഹിച്ചു പറഞ്ഞയച്ചു. അപ്പോഴും ചന്ദ്രൻ നീലാകാശത്ത്‌ തെളിഞ്ഞ ചിരിയോടെ നില്‌ക്കുന്നുണ്ടായിരുന്നു.

Generated from archived content: unni1_sep22_09.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here