ജന്തുസ്ഥാനിൽ ഒരു പോരാട്ടം

ജന്തുസ്ഥാനിലെ വളരെ പേരുകേട്ട ഒരു സ്ഥലമാണ്‌ മുയലങ്ങാടി.

മുയലങ്ങാടിയിലുളള ഒരു വലിയ അരയാലിന്റെ പൊത്തിലാണ്‌ ശിങ്കാരിമുയൽ താമസിക്കുന്നത്‌. അവിടെ അവൾ ഒറ്റയ്‌ക്കേയുളളൂ. മുമ്പ്‌ കൂട്ടുകാരനായി ഒരുത്തനുണ്ടായിരുന്നു. പങ്ങുണ്ണിമുയൽ. പങ്ങുണ്ണി മുയലിനെ ഒരു ദിവസം തോട്ടക്കാരൻ കൊച്ചുമത്തായി വെടിവെച്ചു കൊന്നു. അതോടെ ശിങ്കാരിമുയൽ തനിച്ചായി.

കാട്ടിലെ ഇളംപുല്ലുകളും തളിരിലകളും കാർന്ന്‌ തിന്ന്‌ ശിങ്കാരി മുയൽ സുഖമായി ജീവിച്ചുപോന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ശിങ്കാരിമുയൽ പ്രസവിച്ചു. ചന്തമുളള മൂന്നു കുഞ്ഞുങ്ങൾ….. ഒരാണും രണ്ടു പെണ്ണും.

ശിങ്കാരിയ്‌ക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൾ താരാട്ടുപാടിയും മുലപ്പാലൂട്ടിയും കുഞ്ഞുങ്ങളെ താലോലിച്ചു വളർത്തി. മൂന്നുപേരും നല്ല കുസൃതിക്കുടുക്കകളായി വളർന്നുവന്നു.

ശിങ്കാരി എപ്പോഴും കുഞ്ഞുങ്ങളോട്‌ പറയുംഃ

“മക്കളെ, നമ്മൾ സാധുക്കളാണ്‌. ചുറ്റും താമസിക്കുന്നത്‌ നമ്മുടെ ശത്രുക്കളാണെന്ന്‌ ഓർമ്മ വേണം. സൂക്ഷിച്ചു ജീവിച്ചില്ലെങ്കിൽ നമ്മുടെ ജീവൻപോലും അപകടത്തിലാവും.”

ഒരുദിവസം പതിവുപോലെ കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കിയിട്ട്‌ ശിങ്കാരി തീറ്റയന്വേഷിച്ചു പോയി. നല്ല പുല്ലും ഇലകളും കണ്ടെത്താൻ കുറെദൂരം നടക്കേണ്ടിവന്നു. എങ്കിലും വയറു നിറയെ തിന്നാനുളള വക കിട്ടി.വയറു നിറഞ്ഞപ്പോൾ കുഞ്ഞുങ്ങൾക്ക്‌ കുറച്ച്‌ കറുകപ്പുല്ലും കടിച്ചെടുത്തു കൊണ്ട്‌ ശിങ്കാരിമുയൽ തന്റെ മാളത്തിലേയ്‌ക്ക്‌ മടങ്ങി.

മാളത്തിന്റെ വാതില്‌ക്കലെത്തിയപ്പോൾ ശിങ്കാരി ഞെട്ടിപ്പോയി. പെൺമക്കൾ രണ്ടും ഒരു മൂലയ്‌ക്കിരുന്ന്‌ പേടിച്ചുവിറച്ച്‌ കരയുന്നു. ആൺകുഞ്ഞിനെ കാണുന്നുമില്ല.!

അവൾ പരിഭ്രമത്തോടെ നാലുപാടും നോക്കി. അപ്പോൾ മാളത്തിന്റെ മുറ്റത്ത്‌ ചോരത്തുളളികൾ ചിതറിക്കിടക്കുന്നത്‌ അവളുടെ ശ്രദ്ധയിൽപ്പെട്ടു. ശിങ്കാരിയുടെ കാലുകൾ വിറച്ചു; കണ്ണുകൾ നിറഞ്ഞു വിതുമ്പി. ആരോ തന്റെ പൊന്നോമൽക്കുഞ്ഞിനെ കൊന്നുതിന്നിരിക്കുന്നുവെന്ന്‌ അവൾക്ക്‌ മനസ്സിലായി. അന്തിയാവോളം അവൾ വാവിട്ടുകരഞ്ഞു.

നേരം നന്നായി ഇരുട്ടി. പുറത്ത്‌ എന്തോ ശബ്‌ദം കേട്ട്‌ ശിങ്കാരി വാതിൽ തുറന്ന്‌ ഒന്ന്‌ എത്തിനോക്കി. അപ്പോഴാണ്‌ അവൾ ആ കാഴ്‌ച കണ്ടത്‌; കരിമ്പനക്കാട്ടിലെ കരിമൂർഖൻപാമ്പ്‌ മാളത്തിനടുത്തേയ്‌ക്ക്‌ ഇഴഞ്ഞുവരുന്നു.

ശിങ്കാരി വേഗം മാളത്തിന്റെ വാതിലടച്ച്‌ സാക്ഷയിട്ടു. എന്നിട്ടും കരിമൂർഖൻ മാളത്തിന്റെ വാതിലിൽ ആഞ്ഞാഞ്ഞുകൊത്തി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.

“എടീ ശിങ്കാരീ, നിന്നെയും നിന്റെ ബാക്കിയുളള മക്കളേയും ഞാൻ കൊന്നുതിന്നും!…..നാളെ നേരമൊന്നു പുലർന്നോട്ടെ!…..”

ഇത്രയും പറഞ്ഞിട്ട്‌ കരിമൂർഖൻ ദേഷ്യത്തോടെ ഇഴഞ്ഞു നീങ്ങി.

ശിങ്കാരിമുയൽ പതുക്കെ വാതിൽ തുറന്ന്‌ എങ്ങോട്ടാണ്‌ അവൻ പോകുന്നതെന്ന്‌ സൂക്ഷിച്ചു നോക്കി. അകലെയുളള കരിമ്പനക്കാട്ടിലെക്കുതന്നെ!

ശിങ്കാരിമുയൽ വല്ലാതെ കിതയ്‌ക്കുകയായിരുന്നു. നേരം പലർന്നാൽ തന്നെയും തന്റെ രണ്ടുമക്കളേയും ആ കാലമാടൻ വിഴുങ്ങും. ഇതിൽ നിന്നും രക്ഷപ്പെടാൻ എന്താണൊരു പോംവഴി? അവൾ കുറെനേരം ചിന്തിച്ചുകൊണ്ടങ്ങനെ ഇരുന്നു.

അപ്പോഴാണ്‌ ശിങ്കാരിയ്‌ക്ക്‌ ഒരുപായം തോന്നിയത്‌. കുറ്റിച്ചെവിയൻ ടൈഗറമ്മാവനെ ചെന്നു കാണുക!…….

ടൈഗറമ്മാവൻ ബുദ്ധിമാനാണ്‌. മൂപ്പീന്ന്‌ എന്തെങ്കിലുമൊരു വഴി പറഞ്ഞുതരാതിരിക്കില്ല.

പിന്നെ ശിങ്കാരി ഒട്ടും നേരം കളഞ്ഞില്ല. അവൾ കുഞ്ഞുങ്ങളെ രണ്ടിനെയും ഉറക്കിക്കിടത്തി വാതിലും പൂട്ടിയിട്ട്‌ നേരെ ടൈഗറമ്മാവന്റെ വീട്ടിലേയ്‌ക്കു പാഞ്ഞു.

ടൈഗറമ്മാവൻ മിടുക്കനായ ഒരു നായയാണ്‌. പട്ടണത്തിലെങ്ങോ ഉളള ഒരു വലിയ ബംഗ്ലാവിലെ കാവൽക്കാരനായിരുന്നു അമ്മാവൻ. മനുഷ്യരുടെ അടിമയായിക്കഴിയാൻ ഇഷ്ടപ്പെടാതെ അദ്ദേഹം ജന്തുസ്ഥാനിലേക്ക്‌ ഒളിച്ചോടിപ്പോന്നതാണ്‌. ജന്തുസ്ഥാനിൽ വന്നശേഷം ധാരാളം കൂട്ടുകാരെ സമ്പാദിക്കാൻ ടൈഗറമ്മാവനു കഴിഞ്ഞു. കുരങ്ങൻമാർ, കുറുക്കൻമാർ, അണ്ണാറക്കണ്ണൻമാർ, മുയലുകൾ, മാനുകൾ, കീരികൾ, കാട്ടുപൂച്ചകൾ തുടങ്ങി നല്ലവരായ അനേകം കൂട്ടുകാർ അദ്ദേഹത്തിനുണ്ട്‌.

ശിങ്കാരിമുയൽ ഓടിക്കിതച്ച്‌ ടൈഗറമ്മാവന്റെ വീട്ടിലെത്തി. ടൈഗറമ്മാവൻ നല്ല ഉറക്കത്തിലായിരുന്നു. എങ്കിലും ശിങ്കാരിമുയലിന്റെ വിളി കേട്ടയുടനെ അദ്ദേഹം ഞെട്ടിയുണർന്നു.

“ഇതാരാ, ശിങ്കാരിയോ? എന്താ രാത്രിയിലിങ്ങനെ നീ ഓടിക്കിതച്ചുവന്നത്‌?” ടൈഗറമ്മാവൻ കോട്ടുവായിട്ടുകൊണ്ട്‌ ചോദിച്ചു.

ശിങ്കാരി മുയലിന്‌ കരച്ചിൽ വന്നു. അവൾ തേങ്ങിക്കൊണ്ട്‌ പറഞ്ഞു.

“അമ്മാവൻ എന്നെയും കുഞ്ഞുങ്ങളേയും രക്ഷിക്കണം!…..”

ടൈഗറമ്മാവൻ ഒന്നും മനസ്സിലാകാതെ അന്തംവിട്ടു നിന്നു. അദ്ദേഹം ചോദിച്ചു.

“കാര്യമെന്താണെന്ന്‌ തുറന്നു പറ. എന്തുണ്ടായി?”

“കരിമ്പനക്കാട്ടിലെ കരിമൂർഖനെ അമ്മാവൻ അറിയില്ലേ? അവൻ എന്റെ പൊന്നുമോനെ കൊന്നുതിന്നു!…..അതുകൊണ്ടും കൊതിയടങ്ങാതെ രാത്രിയായപ്പോ പിന്നേം വന്നു. ഞാൻ വാതിലു പൂട്ടിക്കളഞ്ഞു. നേരം പുലരുമ്പോൾ എന്നെയും ബാക്കി മക്കളെയും കൊല്ലുമെന്നു പറഞ്ഞിട്ടാണ്‌ ആ ഭയങ്കരൻ പോയിരിക്കുന്നത്‌!…..”ശിങ്കാരി വീണ്ടും കരയാൻ തുടങ്ങി.

“അപ്പോൾ അവനെ വെറുതെ വിട്ടാൽ പറ്റില്ലല്ലോ!” ടൈഗറമ്മാവൻ ഒന്നുമുരണ്ടു. “അമ്മാവനല്ലാതെ ഞങ്ങളെ രക്ഷിക്കാനാരുമില്ല!” അവൾ ടൈഗറമ്മാവന്റെ കാല്‌ക്കൽ കെട്ടിവീണു.

ടൈഗറമ്മാവൻ കുറേനേരം ഒന്നും മിണ്ടാതെ വാലാട്ടിക്കൊണ്ട്‌ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.

അല്‌പനേരം കഴിഞ്ഞ്‌ എന്തോ ബോധോദയമുണ്ടായതുപോലെ അദ്ദേഹം പെട്ടെന്ന്‌ നിന്നു. എന്നിട്ട്‌ ശിങ്കാരിമുയലിനോട്‌ പറഞ്ഞു.

“ശിങ്കാരീ നീ കരയേണ്ട. എന്റെ കൂടെ വാ”

ടൈഗറമ്മാവൻ മുന്നിലും ശിങ്കാരി പിന്നിലുമായി അവർ നടന്നുനീങ്ങി. എന്താണ്‌ ടൈഗറമ്മാവൻ ചെയ്യാൻ പോകുന്നതെന്നോ, എങ്ങോട്ടാണവർ പോകുന്നതെന്നോ ശിങ്കാരിയ്‌ക്ക്‌ മനസ്സിലായില്ല.

ചുളളിയിലക്കാടുകളും ചൂരൽപ്പൊന്തകളും കടന്ന്‌ അവർ ഒരു കുന്നിൻ ചരിവിലെത്തിച്ചേർന്നു.

അവിടെയായിരുന്നു വീരശൂരൻ കീരിയണ്ണന്റെ വീട്‌. ടൈഗറമ്മാവന്റെ കുര കേൾക്കേണ്ട താമസം, കീരിയണ്ണൻ ചാടിയെണീറ്റു പുറത്തു വന്നു.

“എന്താണു രണ്ടുപേരും കൂടി ഈ അസമയത്ത്‌ പുറപ്പെട്ടത്‌?” കീരിയണ്ണൻ മീശ വിറപ്പിച്ചുകൊണ്ട്‌ ചോദിച്ചു.

ടൈഗറമ്മാവൻ ശിങ്കാരിയ്‌ക്ക്‌ വരാൻ പോകുന്ന ആപത്തിനെക്കുറിച്ച്‌ വിശദമായി കീരിയണ്ണനോട്‌ പറഞ്ഞു.

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയപ്പോൾ വീരശൂരൻ കീരിയണ്ണൻ കോപം കൊണ്ട്‌ വിറച്ചു.

“എന്ത്‌? അവൻ അത്രയ്‌​‍്‌ക്ക്‌ വളർന്നോ? പാവങ്ങൾക്ക്‌ ജന്തുസ്ഥാനിൽ കിടന്ന്‌ പൊറുക്കാൻ പറ്റില്ലെന്നോ?

”നേരം പുലർന്നാൽ ഞാനും മക്കളും അവന്റെ വായിലാകും!“ ശിങ്കാരി പൊട്ടിക്കരഞ്ഞു.

”ശിങ്കാരി, നീ ഒട്ടും പേടിക്കേണ്ട ഞാൻ പുലരുംമുമ്പേ അവിടെയെത്തി നിന്റെ മാളം കാത്തോളാം.“ കീരിയണ്ണൻ അവളെ സമാധാനിപ്പിച്ചു.

ടൈഗറമ്മാവനും ശിങ്കാരിയും തിരിച്ചുപോയി.

അന്നുരാത്രി കണ്ണൊന്നു പൂട്ടാൻ പോലും ശിങ്കാരിമുയലിന്‌ കഴിഞ്ഞില്ല.

നേരം പുലരാറായി. വീരശൂരൻ കീരിയണ്ണൻ വരുന്നതും കാത്ത്‌ ശിങ്കാരി ആറ്റുനോറ്റിരുന്നു. സൂര്യൻ ഉദിച്ചുയർന്നു. എങ്കിലും ഇനിയും കീരിയണ്ണൻ എത്തിയിട്ടില്ല. ”ഈശ്വരാ, ആപത്ത്‌ സംഭവിക്കുമോ?“ ശിങ്കാരിയ്‌ക്ക്‌ പരിഭ്രമമായി.

അകലെ പാലച്ചുവട്ടിലെ ഇലക്കൂട്ടങ്ങളും വളളിപ്പടർപ്പുകളും ഇളകിമറിയുന്നത്‌ ശിങ്കാരിമുയൽ കണ്ടു. അതാ കരിമൂർഖൻ നിവർത്തിപ്പിടിച്ച പത്തിയുമായി ഇഴഞ്ഞിഴഞ്ഞു വരുന്നു! അയ്യോ കീരിയണ്ണനെത്തിയിട്ടില്ല. അദ്ദേഹം വന്നില്ലെങ്കിൽ തന്റേയും കുഞ്ഞുങ്ങളുടെയും കഥ കഴിഞ്ഞതുതന്നെ. കരിമൂർഖൻ അതാ അടുത്തടുത്തു വരുന്നു!……ശിങ്കാരിമുയൽ മാളത്തിനകത്തിരുന്ന്‌ ആലിലപോലെ വിറച്ചു.

വിരുത്തിപ്പിടിച്ച പത്തിയുമായി കരിമൂർഖൻ മാളത്തിന്റെ വാതിൽക്കലെത്തി.

പെട്ടെന്ന്‌ ഒരിടിമിന്നൽ പോലെ വീരശൂരൻ കീരിയണ്ണൻ പാഞ്ഞുവന്ന്‌ അവ​‍െൻ മുന്നിലേയ്‌ക്ക്‌ ചാടി! കീരിയണ്ണൻ പറഞ്ഞു. ”എടാ, കാലമാടാ, ജീവൻ വേണമെങ്കിൽ ഓടിയ്‌ക്കോ“

ഇതുക്കേട്ട്‌ കരിമൂർഖൻ ഒന്നുചീറി. അവൻ കീരിയണ്ണനോട്‌ പറഞ്ഞു.

”നീ എന്നോടു കളിക്കേണ്ട! നിന്റെ ശൂരത ഞാനിന്നവസാനിപ്പിക്കും.“

”അത്രയ്‌ക്കായോ പേക്കാച്ചിപ്പാമ്പേ?……“ കീരിയണ്ണൻ മീശവിറപ്പിച്ചുകൊണ്ട്‌ കരിമൂർഖന്റെ പത്തിമേൽ കടന്നുപിടിച്ചു.

അതോടെ ഉഗ്രമായ ഒരു പോരാട്ടം ആരംഭിച്ചു. കൊത്തും മാന്തും അടിയും കടിയും ഓട്ടവും ചാട്ടവുമെല്ലാം തകൃതിയായി നടന്നു.

കരിമൂർഖന്റെ കൊത്തേൽക്കാതെ കീരിയണ്ണൻ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. സമരത്തിന്റെ പിരിമുറുക്കം വീണ്ടും കൂടി. കീരിയണ്ണന്റെ മാന്തേറ്റ്‌ കരിമൂർഖന്റെ ശരീരത്തിൽ നിന്നും ചോര പൊടിഞ്ഞു. രണ്ടുപേരും ഉഗ്രമായൊന്നു ചീറി.

കരിമൂർഖൻ കീരിയണ്ണന്റെ പുറത്ത്‌ ആഞ്ഞൊന്ന്‌ കൊത്തി. രക്തം വാർന്നൊഴുകി. എന്നിട്ടും കീരിയണ്ണൻ വിട്ടില്ല. ഒരലർച്ചയോടെ പാമ്പിന്റെ പത്തി അദ്ദേഹം കടിച്ചുകീറി. കരിമൂർഖൻ ചോരയിൽ കിടന്നു പിടഞ്ഞു. അല്‌പനേരത്തിനുളളിൽ ആ ദുഷ്‌ടന്റെ കഥ കഴിഞ്ഞു!

കരിമൂർഖന്റെ കൊത്തേറ്റ കീരിയണ്ണനും രക്ഷപ്പെടാൻ കഴിഞ്ഞില്ല. അദ്ദേഹവും താമസിയാതെ നിലംപതിച്ചു. വിഷബാധയേറ്റു പിടയുന്ന കീരിയണ്ണൻ ശിങ്കാരിമുയലിനോടും കുഞ്ഞുങ്ങളോടും പറഞ്ഞു.

”മക്കളേ, ഞാൻ ചാകുന്നതിൽ നിങ്ങൾ വിഷമിക്കേണ്ട! നല്ലൊരു കാര്യത്തിനുവേണ്ടി ജീവൻ കളയുന്നതിൽ എനിക്കു സന്തോഷമേയുളളു. ഇതാണ്‌ ധീരത!!!.. ജന്തുസ്ഥാനിലെ ജന്തുക്കൾ ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ!..

മുഴുവൻ പറഞ്ഞുതീരും മുമ്പേ ആ വീരശൂരന്റെ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

Generated from archived content: porattam.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here