ഒരിടത്ത് ഒരു മുത്ത്യപ്പനും മുത്ത്യമ്മയും ഉണ്ടായിരുന്നു.
മുത്ത്യപ്പനും മുത്ത്യമ്മയ്‌ക്കും മക്കളൊന്നും ഉണ്ടായിരുന്നില്ല. മുത്തുക്കുടം പോലുളള ഒരു പൊന്നുണ്ണിയെ തങ്ങൾക്ക് കിട്ടണേയെന്ന് മുത്ത്യപ്പനും മുത്ത്യമ്മയും എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു.
മുത്ത്യപ്പന്നും മുത്ത്യമ്മയ്‌ക്കും ഏറ്റവും ഇഷ്‌ടപ്പെട്ട കറി പാവയ്‌ക്കാക്കറിയായിരുന്നു.
മുത്ത്യപ്പൻ നിത്യവും രാവിലെ ചന്തയിൽ പോയി ഒന്നാംതരം പാവയ്‌ക്ക വാങ്ങിക്കൊണ്ടുവരും.
മുത്ത്യമ്മ തേങ്ങയും കാന്താരിമുളകും ചേർത്ത് പാവയ്‌ക്കാക്കറിയുണ്ടാക്കും.
മുത്ത്യപ്പനും മുത്ത്യമ്മയും കൂടി വയറുനിറയെ പാവയ്‌ക്കാക്കറിയും ചോറും തിന്നും.
ഒരു ദിവസം മുത്ത്യപ്പൻ കാട്ടുചുളളിയൊടിക്കാൻ കാട്ടിൽ പോയി. അപ്പോൾ കാട്ടിൽ ഒരിടത്ത് കണ്ടാൽ കൊതിക്കുന്ന ഒരു പൊണ്ണൻ പാവയ്‌ക്ക തൂങ്ങിക്കിടന്ന് ചാഞ്ചാടുന്നത് കണ്ടു.
മുത്ത്യപ്പൻ വേഗം ആ പൊണ്ണൻ പാവയ്‌ക്ക പറിച്ചെടുത്ത് വീട്ടിലേയ്‌ക്ക് കൊണ്ടുവന്നു.
മൂത്തുപഴുത്ത പൊണ്ണൻ പാവയ്‌ക്ക കണ്ട് മുത്ത്യമ്മ സന്തോഷത്തോടെ മുത്ത്യപ്പനോട് ചോദിച്ചുഃ
“എന്തൊരു പൊണ്ണൻ പാവയ്‌ക്ക
എങ്ങുന്നാണീപ്പാവയ്‌ക്ക?”
മുത്ത്യപ്പൻ പറഞ്ഞുഃ
“ചുളളിയൊടിക്കാൻ ചെന്നപ്പം
കിട്ടിയതാണീപ്പാവയ്‌ക്ക!
അച്ചാറിനും കൊളളിക്കാം
ഉപ്പേരിക്കും കൊളളിക്കാം.
വേഗമരിഞ്ഞോ പാവയ്‌ക്ക
പൊന്നാരമ്പം പാവയ്‌ക്ക!…
മുത്ത്യമ്മ വേഗം പാവയ്‌ക്കയെടുത്ത് മുറത്തിൽ വെച്ചു. കറിപാത്രമെടുത്ത് അരികിൽ വെച്ചു . എന്നിട്ട് പാവയ്‌ക്ക രണ്ടാക്കി ഒടിച്ചു.
അദ്‌ഭുതം! അതിനുളളിലെ കാഴ്‌ച കണ്ട് മുത്ത്യപ്പനും മുത്ത്യമ്മയും അമ്പരന്നങ്ങനെ ഇരുന്നുപോയി.
പാവയ്‌ക്കകത്ത് ഒരു ഉണ്ണിക്കുട്ടൻ കണ്ണും തുറന്നിരുന്ന് ചിരിക്കുന്നു!
മുത്ത്യപ്പനും മുത്ത്യമ്മയും കൂടി ആ ഉണ്ണിക്കുട്ടനെ വാരിയെടുത്ത് മുത്തംവെച്ചു. പിന്നെ കിടക്കയിൽ കൊണ്ടുപോയി പഞ്ഞിത്തുണി വിരിച്ചു കിടത്തി.
തങ്ങളുടെ പ്രാർത്ഥന കേട്ട് ദൈവം ഒരു ഉണ്ണിക്കുട്ടനെ സമ്മാനിച്ചതാണെന്ന് മുത്ത്യപ്പനും മുത്ത്യമ്മയും വിചാരിച്ചു.
മുത്ത്യപ്പനും മുത്ത്യമ്മയും കൂടി അവന് കുട്ടൻ എന്ന് പേരിട്ടു.
മുത്ത്യമ്മ കുട്ടനെയെടുത്ത് ഒക്കത്തിരുത്തി എപ്പോഴും പാട്ടു പാടും.
”ചാഞ്ചാടുണ്ണീ ചാഞ്ചാട്
ചക്കരക്കുട്ടീ ചാഞ്ചാട്
കുട്ടൻകുട്ടീ ചാഞ്ചാട്
മുത്തീടോമന ചാഞ്ചാട്!…“
മുത്ത്യപ്പനും മുത്ത്യമ്മയും കൂടി കുട്ടനെ താഴത്തും തലയിലും വെയ്‌ക്കാതെ താരാട്ടി പാലൂട്ടി വളർത്താൻ തുടങ്ങി.
കുട്ടികുസൃതികൾ കാട്ടികൊണ്ട് കുട്ടൻ വീട്ടിറയത്തും വീട്ടുമുറ്റത്തും പിച്ചവെച്ചു നടന്നു. കുട്ടന്റെ കുസൃതികൾ കണ്ട് മുത്ത്യപ്പന്റെയും മുത്ത്യമ്മയുടെയും ഉളളം കുളിർത്തു.
കുട്ടന്ന് കൃത്യം അഞ്ചുവയസ്സായപ്പോൾ മുത്ത്യപ്പനും മുത്ത്യമ്മയും കൂടി കൈയ്‌ക്കു പിടിച്ചുകൊണ്ടുപോയി, പളളിപ്പുറത്തെ പളളിക്കൂടത്തിൽ ചേർത്തു.
പളളിക്കൂടത്തിൽ ചേർത്ത ദിവസംതന്നെ എട്ടും പൊട്ടും തിരിയാത്ത കുട്ടൻ പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിൽ തിരിച്ചെത്തി.
മുത്ത്യപ്പനും മുത്ത്യമ്മയും ചോദിച്ചുഃ
”എന്താ കുട്ടാ നേരത്തേ പോന്നത്? പളളിക്കൂടം വിട്ടില്ലല്ലോ?“
കുട്ടൻ പറഞ്ഞുഃ
”പൊന്നു മുത്ത്യപ്പാ, പുന്നാരമുത്ത്യമ്മേ, ഞാനിനി പളളിക്കൂടത്തിൽ പോണില്ല. കുട്ടികളെല്ലാം വട്ടം കൂടിനിന്ന് എന്നെ പാവയ്‌ക്കാക്കുട്ടാ, പാവയ്‌ക്കാക്കുട്ടാ എന്ന് പറഞ്ഞ് കൂവുന്നു.“
ഇതുകേട്ട് മുത്ത്യപ്പൻ ചിരിച്ചുകൊണ്ടു പറഞ്ഞുഃ
”അത് സാരമില്ല കുട്ടാ!… കുട്ടികളെ വട്ടം കറക്കാനുളള മന്ത്രം മുത്ത്യപ്പനറിയാം. അത് ഞാൻ കുട്ടന് പറഞ്ഞുതരാം….“
”എന്നാൽ വേഗം വേണം.“ കുട്ടൻ നിർബന്ധിച്ചു.
മുത്ത്യപ്പന് മന്ത്രവും തന്ത്രവും അറിയാമായിരുന്നു. മുത്ത്യപ്പൻ കുട്ടനോട് പറഞ്ഞുഃ
”നാളെ നിന്നെ ആരെങ്കിലും പാവയ്‌ക്കാക്കുട്ടാ എന്നു വിളിച്ചാൽ നീ ഉടനെ ഞാൻ പറയുന്ന മന്ത്രം ചൊല്ലണം.ചൂണ്ടാണിവിരൽ അവരുടെ നേരെ ചൂണ്ടിയിട്ട് ‘ഓം കരകര! കാളീ കരകര! ഓം തകൃതോം തിത്തിത്തോം’ എന്നു പറഞ്ഞാൽ മതി.“
”ശരി, ഞാനങ്ങനെതന്നെ പറയാം.“ കുട്ടൻ സമ്മതിച്ചു.
പിറ്റേദിവസം കുട്ടൻ വലിയ ഗമയിൽ പളളിക്കൂടത്തിലേക്ക് പുറപ്പെട്ടു. പളളിക്കൂടവളപ്പു കടന്നപ്പോൾ കുറെ വികൃതികുട്ടികൾ കുട്ടന്റെ ചുറ്റും കൂടി. അവർ കുട്ടനെ ‘പാവയ്‌ക്കാക്കുട്ടാ’എന്ന് വിളിച്ച് കൂവിയാർക്കാൻ തുടങ്ങി.
ഉടനെ കുട്ടൻ മുത്ത്യപ്പൻമന്ത്രമൊന്നു പരീക്ഷിച്ചു. കുട്ടികളുടെ നേരെ ചൂണ്ടാണിവിരൽ ചൂണ്ടിയിട്ട് കുട്ടൻ മന്ത്രംചൊല്ലിഃ
”ഓം കരകര!… കാളീ കരകര
ഓം തകൃതോം തിത്തിത്തോം!……“
മന്ത്രം ചൊല്ലിയ ഉടനെ കുട്ടനെ ‘പാവയ്‌ക്കാക്കുട്ട’നെന്നു വിളിച്ചു കളിയാക്കിയ വികൃതിപ്പിളേളരെല്ലാം അവിടെനിന്ന് നൃത്തം ചെയ്യാൻ തുടങ്ങി. നൃത്തം ചെയ്‌ത് ചെയ്‌ത് അവരെല്ലാം തളർന്നു. എന്നിട്ടും നൃത്തം തന്നെ.
ഇതുകണ്ട് മറ്റ് കുട്ടികളെല്ലാം പേടിച്ച് ഒന്നും മിണ്ടാതിരുന്നു. അന്ന് കുട്ടന് പളളിക്കൂടത്തിൽ ഒരു ശല്യവുമുണ്ടായില്ല.
പളളിക്കൂടം വിട്ട് തുളളിച്ചാടി വരുന്ന കുട്ടനെ കണ്ട് മുത്ത്യപ്പൻ സന്തോഷത്തോടെ ചോദിച്ചുഃ
”കുട്ടാ, കുട്ടാ- ഇന്ന് നിന്നെ ആരെങ്കിലും ‘പാവയ്‌ക്കാക്കുട്ടാ’ എന്ന് വിളിച്ചോ?“
തന്നെ ‘പാവയ്‌ക്കാക്കുട്ടാ’ എന്ന് വിളിക്കുന്നത് കേട്ട് എട്ടും പൊട്ടും തിരിയാത്ത കുട്ടൻ വേഗം മുത്ത്യപ്പന്റെ നേരെ ചൂണ്ടാണിവിരൽ ചൂണ്ടിയിട്ട് മന്ത്രം ചൊല്ലിഃ
”ഓം കരകര!… കാളീ കരകര!
ഓം തകൃതോം തിത്തിത്തോം!….“
മന്ത്രം ചൊല്ലിയ ഉടനെ മുത്ത്യപ്പൻ നൃത്തം ചെയ്യാൻ തുടങ്ങി. മുത്ത്യമ്മ ഇതു കണ്ട് വാവിട്ടുകരഞ്ഞു. പക്ഷേ, കരഞ്ഞിട്ടെന്തു ഫലം?
പിറ്റേദിവസവും കുട്ടൻ വലിയ ഗമയിൽ പളളിക്കൂടത്തിലേക്ക് പോയി. അന്ന് പളളിക്കൂടത്തിൽ ആരും കുട്ടനെ കളിയാക്കിയില്ല.
പളളിക്കൂടം വിട്ട് തുളളിച്ചാടി വരുന്ന കുട്ടനെ കണ്ട് മുത്ത്യമ്മ സന്തോഷത്തോടെ ചോദിച്ചുഃ
”കുട്ടാ, കുട്ടാ ഇന്ന് നിന്നെ ആരെങ്കിലും ‘പാവയ്‌ക്കാക്കുട്ടാ’എന്ന് വിളിച്ചോ?“
തന്നെ ‘പാവയ്‌ക്കാക്കുട്ടാ’ എന്നു വിളിക്കുന്നതു കേട്ട് എട്ടുംപൊട്ടും തിരിയാത്ത കുട്ടൻ വേഗം മുത്ത്യമ്മയുടെ നേരെ ചൂണ്ടാണിവിരൽ ചൂണ്ടിയിട്ട് മന്ത്രം ചൊല്ലിഃ
”ഓം കരകര! കാളീ കരകര
ഓം തകൃതോം തിത്തിത്തോം!…“
മന്ത്രം ചൊല്ലിയ ഉടനെ മുത്ത്യമ്മയും നൃത്തം ചെയ്യാൻ തുടങ്ങി. കുട്ടൻ ഇതു കണ്ട് വാവിട്ട് കരഞ്ഞു. പക്ഷേ, കരഞ്ഞിട്ടെന്തു ഫലം?
മുത്ത്യപ്പനും മുത്ത്യമ്മയും നൃത്തം ചെയ്‌തു ചെയ്‌ത് തളർന്നു ചത്തു. കുട്ടന് ആരും കൂട്ടില്ലാതായി.
ആരും കൂട്ടില്ലെന്ന് കണ്ടപ്പോൾ കുട്ടൻ വേഗം തൊട്ടടുത്തുളള ഒരു പാവയ്‌ക്കാത്തോട്ടത്തിലേക്ക് നടന്നു. അവിടെ ഒരു പാവയ്‌ക്ക മൂത്തുപഴുത്തു കിടക്കുന്നത് കുട്ടൻ കണ്ടു. കുട്ടൻ പറഞ്ഞുഃ
”മുത്ത്യപ്പൻ ചത്തൂ
മുത്ത്യമ്മ ചത്തൂ
കുട്ടന് കൂടാൻ കൂട്ടില്ല!…
കൂട്ടില്ലാത്തൊരു
കുട്ടൻ വേഗം
കൂട്ടിൽതന്നെ മടങ്ങട്ടെ.“
ഇത്രയും പറഞ്ഞിട്ട്‌കുട്ടൻ വേഗം ആ മൂത്തു പഴുത്ത പാവയ്‌ക്കയുടെ ഉളളിലേക്ക് കയറിപ്പോയി. പിന്നീട് കുട്ടനെ ആരും കണ്ടിട്ടില്ല.
Generated from archived content: pavakkakkuttan.html Author: sippi-pallippuram