പൊന്നിൻചിങ്ങം പിറന്നു; പൊന്നരളികൾ പൂത്തു; പൊന്നോണം മെല്ലെമെല്ലെ മലയാളക്കരയിലേക്ക് കടന്നുവരികയാണ്! പാവങ്ങളുടെ കൂരകളിലും പണക്കാരുടെ മേടകളിലും ഒരുപോലെ കൊണ്ടാടുന്ന ഒരു മഹോത്സവമാണ് ഓണം.
നാടൻകലകളുടേയും നാടൻകളികളുടേയും നാടൻപാട്ടുകളുടേയും മടിശ്ശീല കിലുങ്ങുന്ന സന്ദർഭമാണ് നമ്മുടെ പൊന്നോണക്കാലം!
കുമ്മാട്ടിക്കളി, കുമ്മികളി, കോൽക്കളി, കൊറത്തികളി, പുലികളി, കരടികളി, തുമ്പിതുളളൽ, മുടിയാട്ടം, അമ്മാനാട്ടം, ഓണവില്ല്, ഓണത്താർ, ഓണതുളളൽ തുടങ്ങിയ നാടൻകലകൾ ഓണക്കാലത്ത് നമ്മുടെ ഗ്രാമാന്തരീക്ഷത്തെ പുളകം കൊളളിച്ചിരുന്നു. ഇന്നും ചില ‘ഓണം കേറാമൂല’കളിലെങ്കിലും ഈ കലാരൂപങ്ങൾ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്.
പഴയ ഓണക്കാലത്ത് നാടൻകലകൾക്കുമാത്രമല്ല; നാടൻകളികൾക്കും പ്രധാന സ്ഥാനമുണ്ടായിരുന്നു. നാടൻപന്ത്, കിളിത്തട്ട്, കുട്ടിയും കോലും, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഉപ്പുകളി, പകിടകളി, വളളംകളി തുടങ്ങിയവ അക്കൂട്ടത്തിൽ പെടുന്നു. എന്നാൽ ഇന്ന് ‘മലയാളത്തനിമ’ നിറഞ്ഞുനിന്ന ഇത്തരം കളികൾ ഇല്ലാതാവുകയും, ആ സ്ഥാനത്ത് ക്രിക്കറ്റിന്റെ ‘വൺമാൻ ഷോ’ അരങ്ങുതകർക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഓണക്കാലത്ത് നമ്മുടെ ഗ്രാമീണജനങ്ങളെ ആകർഷിച്ചിരുന്ന ധാരാളം പാട്ടുകൾ നിലവിലുണ്ടായിരുന്നു. തുമ്പിതുളളൽപ്പാട്ടുകൾ, പൂപ്പാട്ടുകൾ, കുമ്മിപ്പാട്ടുകൾ, കുമ്മാട്ടിപ്പാട്ടുകൾ, വളളംകളിപ്പാട്ടുകൾ, മാവേലിപ്പാട്ടുകൾ, ഊഞ്ഞാൽപ്പാട്ടുകൾ, ഓണവായ്‌ത്താരികൾ എന്നിങ്ങനെ ഓണപ്പാട്ടുകൾതന്നെ പലവിധത്തിലുണ്ട്. നാവിലും ചുണ്ടിലും മനസ്സിലും മധുരം കോരി നിറയ്‌ക്കുന്നവയാണ് നമ്മുടെ ഓണപ്പാട്ടുകൾ! പിറന്ന മണ്ണിന്റെ ഗന്ധവും സൗന്ദര്യവും അവയിലുടനീളം തങ്ങിനിൽക്കുന്നു.
“അമ്മാവൻ വന്നില്ല; പത്തായം തുറന്നില്ല;
എന്തെന്റെ മാവേലീ ഓണം വന്നേ
അമ്മായി വന്നില്ല; നെല്ലൊട്ടും തന്നില്ല
എന്തെന്റെ മാവേലി ഓണം വന്നേ!
കാർന്നോരു വന്നില്ല; കച്ച മുറിച്ചില്ല;
എന്തെന്റെ മാവേലി ഓണം വന്നേ!
പൊന്നളിയൻ വന്നില്ല; പൊന്നാര്യൻ കൊയ്തില്ല
എന്തെന്റെ മാവേലീ ഓണം വന്നേ!”
-ഒരുങ്ങിത്തീരും മുമ്പേ തിടുക്കത്തിൽ ഓണം വന്നുപോയതിന്റെ സങ്കടമാണ് ഈ പഴയ പാട്ടിൽ മുഴങ്ങിക്കേൾക്കുന്നത്.
ഓണക്കാലത്തു പാടിവന്ന പൂപ്പാട്ടുകളുടെ കാവ്യഭംഗിക്ക് ഇന്നും കുറവുവന്നിട്ടില്ല. പാടത്തേക്കും പറമ്പിലേക്കും പൂനുളളാൻ പോയിരുന്ന പെൺകൊടിമാരും കുട്ടികളും പാടിയിരുന്ന പാട്ടുകളാണ് ഇവ. അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ ചിത്രവും ഇത്തരം പാട്ടുകളിൽ തെളിഞ്ഞുകാണാം. ഉത്തരകേരളത്തിൽ പാടിവന്നിരുന്ന ഒരു പൂപ്പാട്ട് ശ്രദ്ധിക്കൂഃ
“അപ്പന്റെ മുറ്റത്തൊരു- തുമ്പ മുളച്ചൂ
തുമ്പകൊണ്ടമ്പതു-തോണിയും കുത്തീ
തോണിക്കിളംതല- ചുക്കാനുംവച്ചൂ
ചൂക്കാനെടുത്തൊരു- വാഴമേൽ ചാരി
വാഴ കുലച്ചങ്ങ്-തെക്കോട്ടുവീണു
തെക്കേലെത്തമ്പുരാൻ-കുലയും കൊണ്ടോടി!
പൂവേപൊലി-പൂവേപൊലി-പൂങ്കാവിലമ്മേ
പൂവേപൊലി-പൂവേപൊലി-പൂങ്കാവിലച്ചാ!”
– ഓണസദ്യയ്‌ക്കുവേണ്ടി പാവപ്പെട്ട പണിയാളൻ നട്ടുണ്ടാക്കിയ വാഴക്കുല ജന്മിത്തമ്പുരാൻ ബലമായി തട്ടിക്കൊണ്ടുപോയ വിശേഷമാണ് ഈ പാട്ടിൽ പ്രതിപാദിച്ചിട്ടുളളത്.
ഓണക്കാല വിനോദങ്ങളിലൊന്നായ തുമ്പിതുളളലിന്റെ പാട്ട് താളാത്മകവും രസപ്രദവുമാണ്.
“ഒന്നാംകുന്നിന്മേലോരിലക്കുന്നിന്മേൽ
ഒന്നല്ലോ മങ്കമാർ പാല നട്ടൂ
പാലയ്‌ക്കിലവന്നു; പൂവന്നു കാവന്നു
പാലയ്‌ക്ക് നീർകൊട് കാർകുഴലീ
ഞാനല്ല പൈങ്കിളി-താമരപ്പൈങ്കിളി
താനിരുന്നാടുന്ന പെന്നോല!
ചുണ്ടുക്കറുപ്പനും തൂവൽ ചുകപ്പനും
മഞ്ഞച്ചിറക്കിളി കൂടണഞ്ഞൂ
ഒന്നാം തുമ്പിയുമവൾപെറ്റ മക്കളും
പോക തലപ്പിളളീൽ തുമ്പിതുളളാൻ.
പന്തലിൽ പൂക്കുല പോരാഞ്ഞിട്ടോ
എന്തെന്റെ തുമ്പി തുളളാത്തൂ?”
– ഈ പാട്ട് മുറുകി വരുമ്പോഴാണ് തുമ്പിയായി സങ്കല്പിച്ച് കളത്തിന്റെ നടുവിൽ കയ്യിൽ പൂക്കുലയും നൽകി ഇരുത്തിയിട്ടുളള പെൺകുട്ടി പയ്യെ പയ്യെ തുളളാൻ തുടങ്ങുന്നത്.
ഓണവുമായി ബന്ധപ്പെട്ട നിരവധി പഴഞ്ചൊല്ലുകൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. വളരെ അർത്ഥസംപുഷ്‌ടമായ ഈ ചൊല്ലുകൾ നഷ്‌ടപ്പെടാതെ സൂക്ഷിക്കേണ്ടത് മലയാളത്തെ സ്‌നേഹിക്കുന്ന ഏവരുടേയും കടമയാണ്. ചില ഓണച്ചൊല്ലുകൾ ശ്രദ്ധിക്കൂഃ
1. കാണം വിറ്റും ഓണമുണ്ണണം
2. ഓണം വരാനൊരു മൂലം
3. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനുകുമ്പിളിൽ കഞ്ഞി
4. ഓണമുണ്ടവയറേ ചൂളേം പാടികിട
5. അത്തം പത്തോണം
6. ഉണ്ടെങ്കിലോണം; ഇല്ലെങ്കി പട്ട്‌ണി
7. ഓണക്കറിയിൽ കാളൻ മുമ്പൻ
8. ഓണത്തിനിടയിൽ പുട്ടുകച്ചോടം
9. അത്തം കറുത്താൻ ഓണം വെളുക്കും.
10. മൂന്നാം ഓണം മുക്കീം മൂളീം, നാലാമോണം നക്കീം തോർത്തീം
11. ഓണം വന്നിട്ടും നാണിക്കു നാവേറ്
12. ഓണം വന്നൊപ്പൊ കോതയ്‌ക്കും കോടി!
ഇവയെല്ലാം ഓണത്തിന്റെ പ്രത്യേകതകൾ വിളിച്ചറിയിക്കുന്ന ചൊല്ലുകൾ തന്നെ.
പക്ഷേ ഇന്ന് ഓണവിനോദങ്ങളും ഓണപ്പാട്ടുകളും ഓണച്ചൊല്ലുകളുമെല്ലാം മലയാളികൾ മറന്നുകൊണ്ടിരിക്കുകയാണ്. ഓണപ്പാട്ടുകളേക്കാൾ ഇന്ന് ‘അറുബോറൻ’ പാരഡികാസറ്റുകളും, വളിച്ചു നാറുന്ന മിമിക്രി കാസറ്റുകളുമൊക്കെയാണ് പുതിയ തലമുറയ്‌ക്ക് കൂടുതൽ ഇഷ്‌ടം.
പണ്ടൊക്കെ ‘അത്തം’ തുടങ്ങിയാൽ തിരുവോണം വരെ മലയാളികളുടെ വീട്ടുമുറ്റത്തെല്ലാം ഹൃദയം കവരുന്ന ഓണപ്പൂക്കളങ്ങൾ കാണുമായിരുന്നു. പക്ഷേ ഇപ്പോൾ ഓണക്കാലത്തു വിരിയുന്ന പൂക്കളുടെ പേരുപോലും നമ്മുടെ കുട്ടികൾക്ക് ശരിയായി അറിഞ്ഞുകൂടാ. അവർക്ക് ‘ഓർക്കിഡും’, ‘ആന്തൂറിയ’വും ‘ഗ്ലാഡ് റാക്‌സും’, ‘സൺ ഫ്ലവറു’മൊക്കെയാണ് ഇന്ന് സുപരിചിതം.
ഓണക്കാലത്ത് കണ്ണുംകരളും കവരുന്ന എത്രയെത്ര പൂക്കളാണ് നമ്മുടെ മണ്ണിൽ വിരിഞ്ഞിരുന്നത്; കാക്കപ്പൂവ്, കണ്ണാന്തളിപ്പൂ, തുമ്പപ്പൂ, മുക്കുറ്റിപ്പൂ, ചിറ്റാടപ്പൂ, ചെത്തിപ്പൂ, ചേമന്തിപ്പൂ, കദളിപ്പൂ, അരളിപ്പൂ, ഇലഞ്ഞിപ്പൂ, അല്ലിപ്പൂ, നെല്ലിപ്പൂ, മല്ലിപ്പൂ, വെന്തിപ്പൂ, വെളളാമ്പൽപ്പൂ, നന്ത്യാർവട്ടം, കോളാമ്പിപ്പൂ എന്നിങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പൂക്കൾ കാണാമായിരുന്നു. പക്ഷേ ഇന്നത്തെ തലമുറയ്‌ക്ക് ഇത്തരം പൂക്കളോടുതന്നെ പുച്ഛമാണ്! വീട്ടുമുറ്റത്ത് പൂക്കളമുണ്ടാക്കുന്ന സമ്പ്രദായവും വളരെകുറഞ്ഞു. അതിനുപകരം പലയിടത്തും പൂക്കളമത്സരമാണ് ഇന്നു നടക്കുന്നത്. എന്തിനും ഏതിനും മത്സരം നടക്കുന്ന നമ്മുടെ നാട്ടിൽ ഇതും ഒരു മത്സരമാക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടാകാം.
മഹാബലിയെക്കുറിച്ചുളള ഐതിഹ്യത്തിനും ചിലർ ഇന്ന് മങ്ങലേല്പിക്കുന്നുണ്ട്. മഹാബലിയെ താഴ്‌ത്തിക്കെട്ടാനും വാമനനെ ഉയർത്തിപ്പിടിക്കാനുമുളള ശ്രമങ്ങൾ പലരും നടത്തുന്നുണ്ട്.
ഓണത്തെക്കുറിച്ചും മഹാബലിയെക്കുറിച്ചും നൂറ്റാണ്ടുകളായി നാം മനസ്സിലാക്കിയ ഐതിഹ്യം ആർക്കും മൂടിവയ്‌ക്കാൻ കഴിയില്ല. ഒരിക്കൽക്കൂടി നമുക്ക് ആ ഐതിഹ്യത്തിലേക്ക് കടന്നുചെല്ലാം.
പണ്ട് പണ്ട് കേരളം വാണിരുന്ന മഹാബലി എന്നു പേരുളള ചക്രവർത്തി. അദ്ദേഹം നീതിമാനും ദയാലുവും സത്യസന്ധനുമായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് നാടൊരു സ്വർഗ്ഗം തന്നെയായിരുന്നു. കളളപ്പറയില്ല; ചെറുനാഴിയില്ല; കളളവും ചതിവുമില്ല. നാട്ടിൽ തട്ടിപ്പുകാരോ വെട്ടിപ്പുകാരോ ഒന്നുമില്ല. പ്രജകളെല്ലാം മാവേലിത്തമ്പുരാനെ ദൈവത്തെപ്പോലെ ആരാധിക്കാൻ തുടങ്ങി.
ഇതുകണ്ടപ്പോൾ സ്വർഗ്ഗത്തിലെ ദേവൻമാർക്ക് അസൂയമൂത്തു. അവർ കൂട്ടം ചേർന്ന് മഹാവിഷ്‌ണുവിന്റെ തിരുമുന്നിലെത്തി പരാതി പറഞ്ഞുഃ
“ഹേ, ഭഗവാൻ! ഭൂമിയിൽ മാവേലി എന്നൊരു രാജാവ് നമ്മെക്കാളും നന്നായി ഭരണം നടത്തുന്നുവത്രെ! ഈ നിലതുടർന്നാൽ ദേവൻമാരായ നമ്മുടെ കാര്യം അവതാളത്തിലാകും.”
“ങ്‌ഹേ!… എന്താണീക്കേൾക്കുന്നത്? സ്വർഗത്തേക്കാൾ നന്നായി ഭൂമിയിൽ ഭരണം നടക്കുന്നുണ്ടെന്നോ?”- മഹാവിഷ്‌ണു ആരാഞ്ഞു.
“അതെ തിരുമേനി അതെ!.. ഞങ്ങളെ രക്ഷിക്കണം”- ദേവൻമാർ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു.
“ശരിശരി; നിങ്ങൾ ഒട്ടും പേടിക്കേണ്ട. നിങ്ങളുടെ സങ്കടത്തിന് നാം നിവൃത്തിയുണ്ടാക്കാം.” – മഹാവിഷ്‌ണു വാക്കുകൊടുത്തു. ദേവൻമാർ സന്തോഷത്തോടെ പിരിഞ്ഞുപോയി.
ആ നിമിഷം മുതൽ മഹാവിഷ്‌ണു ആലോചനതുടങ്ങി. മഹാബലിയെ എങ്ങനെയാണ് ഭൂമിയിൽ നിന്നും കെട്ടുകെട്ടിക്കുക? ഇതായിരുന്നു ആലോചനാവിഷയം.
ഒടുവിൽ മഹാവിഷ്‌ണു ഒരുപായം കണ്ടുപിടിച്ചു. വളരെ പൊക്കം കുറഞ്ഞ ഒരു ബ്രാഹ്‌മണകുമാരന്റെ വേഷത്തിൽ അദ്ദേഹം ഭൂമിയിൽ മഹാബലിത്തമ്പുരാന്റെ പക്കലെത്തി. വാമനൻ എന്നായിരുന്നു ആ കുമാരന്റെ പേര്.
അപ്പോൾ മാവേലിത്തമ്പുരാൻ ഒരു യാഗം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വാമനകുമാരനെ മാവേലിത്തമ്പുരാന് നന്നേ ഇഷ്‌ടമായി. അദ്ദേഹം വളരെ ആദരവോടും സന്തോഷത്തോടും കൂടി ആ ബാലനോട് ചോദിച്ചു.
“ഉണ്ണീ, നീ എന്തിനാണ് നമ്മെത്തേടി വന്നിരിക്കുന്നത്? പൊന്നും പണവും യാചിക്കാനാണോ? അതോ പട്ടുംവളയും നേടിയെടുക്കാനോ?”
ഇതുകേട്ട് മുനികുമാരൻ പറഞ്ഞുഃ അടിയന് പൊന്നും പണവും ഒന്നും വേണ്ട; തപസ്സുചെയ്യാൻ വെറും മൂന്നടി മണ്ണ് ദാനമായി തരണം; അത്രമാത്രം!“
തപസ്സിരിക്കാൻ മൂന്നടി മണ്ണ് യാചിക്കുന്ന പാവം വാമനകുമാരനോട് മാവേലിത്തമ്പുരാന് എന്തെന്നില്ലാത്ത അലിവു തോന്നി. എന്നാൽ വാമനകുമാരന്റെ ഈ സംസാരവും പെരുമാറ്റവും ശ്രദ്ധിച്ചുകൊണ്ട് ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. രാജഗുരുവായ ശുക്രാചാര്യരായിരുന്നു അത്. ഈ പയ്യൻ തട്ടിപ്പുക്കാരനാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇയാൾക്ക് ഭൂമി കൊടുക്കുന്നത് തമ്പുരാന് ആപത്തുവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. പക്ഷേ അതൊന്നും മാവേലിത്തമ്പുരാൻ വകവച്ചില്ല. അദ്ദേഹം വാമനകുമാരനോടു പറഞ്ഞുഃ
”വെറും മൂന്നടി മണ്ണല്ലേ? അത് വേഗം അളന്നെടുത്തോളൂ“
ഇതുകേൾക്കേണ്ട താമസം ഭൂമി അളന്നെടുക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചു. ഭൂമി ദാനം ചെയ്യുന്നതിന്റെ മുന്നോടിയായി മാവേലിത്തമ്പുരാൻ ഒരു കുടത്തിൽ വെളളമെടുത്ത് ജലദാനം നടത്താനൊരുങ്ങി.
ആ സമയത്ത് ശുക്രാചാര്യർ ഒരു കരടിന്റെ രൂപത്തിൽ കുടത്തിന്റെ വക്കിൽ വന്നിരുന്ന് ജലദാനത്തിന് തടസ്സമുണ്ടാക്കാൻ ശ്രമിച്ചു.
ഇതു മനസ്സിലാക്കിയ വാമനകുമാരൻ ഒരു കൂർത്ത പുല്ലെടുത്ത് കരടിനിട്ടുകുത്തി. പുല്ലിന്റെ മുന ശുക്രാചാര്യരുടെ കണ്ണിലാണ് കൊണ്ടത്. അതോടെ ആ കണ്ണ് പൊട്ടിപ്പോയി! അദ്ദേഹം അന്നുമുതൽ ഏകനേത്രനായിത്തീർന്നു!
ഇതൊന്നും അറിഞ്ഞതായി ഭാവിക്കാതെ വാമനകുമാരൻ ഭൂമി അളക്കാനാരംഭിച്ചു. അത്ഭുതം! കുമാരൻ പെട്ടെന്ന് വളർന്ന് വലുതാകാൻ തുടങ്ങി. നിമിഷങ്ങൾകൊണ്ട് ആ രൂപം ആകാശം മുട്ടേ വളർന്നു.
ഒന്നാമത്തെ അടി അളന്നപ്പോൾ ഭൂമി മുഴുവനും തീർന്നു. രണ്ടാമത്തെ അടിയ്‌ക്ക് സ്വർഗ്ഗവും തീർന്നു. ”മൂന്നാമത്തെ അടി അളക്കാൻ സ്ഥലമെവിടെ?“ – വാമനകുമാരൻ അന്വേഷിച്ചു.
ഇനി സ്ഥലമില്ലെന്നു മനസ്സിലാക്കിയിട്ടും മാവേലിത്തമ്പുരാൻ പറഞ്ഞവാക്കിൽ നിന്ന് പിൻമാറിയില്ല.
ഒരു മാർഗ്ഗവും കാണാതായപ്പോൾ തമ്പുരാൻ മുനികുമാരന്റെ മുന്നിൽ ശിരസ്സുകുനിച്ചുനിന്നു; എന്നിട്ടു പറഞ്ഞു.
”കുമാരാ, ഒട്ടും ശങ്കിക്കേണ്ട; മൂന്നാമത്തെ അടി എന്റെ ശിരസ്സിൽ പാദം വച്ച് അളന്നോളൂ“.
കുമാരൻ തന്റെ പാദം തമ്പുരാന്റെ തലയിൽവച്ചു. പിന്നെ മെല്ലെമെല്ലെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്താൻ തുടങ്ങി.
താണുപോകുന്നതിനിടയിൽ തമ്പുരാൻ അപേക്ഷിച്ചുഃ ”കുമാരാ, ആണ്ടിലൊരിക്കൽ ഈ കേരളക്കരയിൽ വരാനും, നമ്മുടെ വത്സലരായ പ്രജകളെ കാണാനും അങ്ങെന്നെ അനുവദിക്കണം.“
തമ്പുരാന്റെ ഈ അപേക്ഷ വാമനകുമാരൻ സ്വീകരിച്ചു. അതനുസരിച്ച് ആണ്ടിലൊരിക്കൽ അദ്ദേഹം തന്റെ പ്രജകളെ കാണാൻ മലയാളക്കരയിൽ വരുന്നു. ആ ദിവസമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്.
”അത്തം‘ തുടങ്ങിയാൽ പത്താം ദിവസമാണ് തിരുവോണം. ഇതു സൂചിപ്പിക്കുന്ന ഒരു കവിതയിതാഃ-
“അത്തം വന്നൂ; ചിത്തിര വന്നൂ
നൃത്തം വയ്‌ക്കിൻ മാളോരേ!
മോടിയിലങ്ങനെ ചോതിയണഞ്ഞൂ
കോടിയുടുക്കിൻ മാളോരേ!
വൈശാഖക്കിളി പാറിയണഞ്ഞൂ
വൈകാതുണരിൻ മാളോരേ!
അനിഴം വന്നൂ മണ്ണിൽപ്പോലും
പവിഴം വിതറീ മാളോരേ!
തൃക്കേട്ടത്തിരി തെളിയുന്നല്ലോ
തൃക്കണിവയ്‌ക്കിൻ മാളോരേ!
മൂലം വന്നൂ; കൈകളിലെല്ലാം
താലമെടുക്കിൻ മാളോരേ!
പൂരാടപ്പൂ മണമുതിരുന്നൂ
പൂക്കണിവയ്‌ക്കിൻ മാളോരേ!
ഉത്രാടപ്പൊന്നമ്പിളിയെത്തീ
ഒത്തുകളിപ്പിൻ മാളോരേ!
തിരുവോണത്തിൻ വരവായല്ലോ
ഒരുമിച്ചുണ്ണാം മാളോരേ!”
ഓണം മലയാളമണ്ണിന്റെ മഹോത്സവമാണ്. എത്രയെത്ര മാറ്റങ്ങൾ വന്നാലും, എത്രയെത്ര പരിഷ്‌ക്കാരങ്ങൾ ഇവിടെ അഴിഞ്ഞാടിയാലും മലയാളിയുടെ മനസ്സിൽ നിന്ന് ഒരിക്കലും ഓണത്തിന്റെ ചൈതന്യം ചോർന്ന് പോവുകയില്ല. ഓണക്കോടിയും ഓണനിലാവും, ഓണപ്പാട്ടും, ഓണക്കളിയും, ഓണപ്പൂക്കളും, ഓണസ്സദ്യയും ഓണത്തപ്പനുമെല്ലാം മേളിക്കുന്ന കേരളത്തിന്റെ ഈ ദേശീയോത്സവം നമ്മുടെ ഒരുമയുടേയും ഐശ്വര്യത്തിന്റേയും പ്രതീകമായി എന്നെന്നും ഇവിടെ നിലനിൽക്കട്ടെ! എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ഓണം പൊടിപൊടിക്കട്ടെ! ’കാണംവിറ്റും ഓണമുണ്ണുന്ന‘ കേരളീയന്റെ അന്തസ്സ് ഒരിക്കലും അണയാതിരിക്കട്ടെ!
Generated from archived content: onam.html Author: sippi-pallippuram