എന്നുടെ രാജ്യം മലയാളം
കുന്നുകൾ നിറയും മലയാളം
പുഞ്ചക്കതിരണി മലയാളം
തുഞ്ചൻ പാടിയ മലയാളം!
‘കൂ കൂ’ കൂകും കുയിലുണ്ട്
‘കുറു കുറു’ കുറുകും പ്രാവുണ്ട്
ഓലേഞ്ഞാലിക്കിളിയുണ്ട്
പീലി വിടർത്തും മയിലുണ്ട്!
എന്നുടെ രാജ്യം മലയാളം
കന്നിക്കൊയ്‌ത്തിൻ മലയാളം
സഹ്യൻ കാക്കും മലയാളം
സസ്യസമൃദ്ധം മലയാളം!
കളകളമൊഴുകും പുഴയുണ്ട്
പുഴയിൽ വളളം കളിയുണ്ട്
കൊമ്പനിറങ്ങും കാടുണ്ട്
കാട്ടാറുകളുടെ പാട്ടുണ്ട്!
എന്നുടെ രാജ്യം മലയാളം
നന്മകൾ നിറയും മലയാളം
ചെമ്മേറുന്നൊരു മലയാളം
അമ്മ നമുക്കീ മലയാളം!
Generated from archived content: nurserypattu_mar17_06.html Author: sippi-pallippuram