കഥകഥയമ്മേ – കാനോത്തമ്മേ
കഥകഥയമ്മേ – കാനോത്തമ്മേ
നെന്മണികുത്തി – പുത്തരിചേറ്റി
പുത്തരി കൊണ്ടോയ് -പാക്കഞ്ഞിവെച്ചു
പാക്കഞ്ഞി കുടിക്കാൻ-പ്ലാവിലതേടി
പ്ലാവില മൂട്ടിൽ-പായലുകണ്ടൂ
പായലുകഴുകാൻ-തോട്ടിലിറങ്ങി
തോട്ടിനകത്തൊരു – വാളേക്കണ്ടൂ
വാളേപ്പിടിക്കാൻ-വലയ്‌ക്കുപോയി
വലയുടെ നടുവിൽ-കീറലുകണ്ടൂ
കീറലുതുന്നാൻ-സൂചിക്കുപോയി
സൂചിതരാമോ? – കൊല്ലച്ചാരേ
നൂലുതരാമോ? – കൊല്ലത്തിയാരേ
(താളത്തിൽ ചൊല്ലി പഠിക്കേണ്ട ഒരു വായ്‌ത്താരി)
ആഴീ – തോഴീ – കൈവീശ്
ആഴീ തോഴീ – കൈവീശ്
അപ്പം തിന്നാൻ-കൈവീശ്
ആടയുടുക്കാൻ-കൈവീശ്
അച്ഛനെടുക്കാൻ-കൈവീശ്
അമ്മയെടുക്കാൻ-കൈവീശ്
മുത്തം ചാർത്താൻ-കൈവീശ്
അമ്മിഞ്ഞ കുടിക്കാൻ-കൈവീശ്
പിച്ചനടക്കാൻ-കൈവീശ്
പീപ്പിയെടുക്കാൻ-കൈവീശ്
പപ്പടം തിന്നാൻ-കൈവീശ്
അമ്മേടോമന കൈവീശ്!
(കുട്ടികൾ വട്ടമിട്ടിരുന്ന് പാടുന്ന പാട്ട്, കൈകൾ വീശിക്കൊണ്ടാണ് ഇതുപാടേണ്ടത്)
തുമ്പിതുളളൽപ്പാട്ട്
പൂവേപൊലി-പൂവേപൊലി
പൂവേപൊലി പൊൻപൂവേ!
ആ പൂ പറിക്കേണ്ട; ഈ പൂ പറിക്കേണ്ട
പൂവിന്മേലൊക്കെയും തുമ്പിയല്ലോ
പൂവു കൊഴിഞ്ഞാലോ; തുമ്പി പറന്നാലോ
തൃക്കാക്കരയപ്പൻ പിണങ്ങിയാലോ?
ആ പൂ പറിക്കണം; ഈ പൂ പറിക്കണം
പൂത്തുമ്പി പൊൻതുമ്പി പൂവാലൻ തുമ്പിയെ
വീട്ടിൽ വരുത്തണം; തിരുവോണമൂട്ടണം
പാട്ടുകൾ പാടീട്ട് തുളളിയാടിക്കണം
പൂവേപൊലി-പൂവേപൊലി
പൂവേപൊലി പൊൻപൂവേ!
(ഓണക്കാലത്തെ തുമ്പിതുളളൽ എന്ന വിനോദവുമായി ബന്ധപ്പെട്ട പാട്ട്)
Generated from archived content: nadan_pattu.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English