നാട്ടുപാട്ടുകൾ

ഉരുളിയുരുളണ്‌

ഉരുളിയുരുളണ്‌-തെയ്യന്താരാ

മലരു പൊരിയണ്‌-തെയ്യന്താരാ

തളിരു തളരണ്‌-തെയ്യന്താരാ

മലരു വിരിയണ്‌-തെയ്യന്താരാ

കിണ്ണമോടണ്‌-തെയ്യന്താരാ

കിണ്ടി മണ്ടണ്‌-തെയ്യന്താരാ

കണ്ടു നില്‌ക്കണ-ഞ്ഞാനുമോടണ്‌

തെയ്യന്താരക-തെയ്യന്താരാ

അണ്ണേ അണ്ണേ എവടപ്പോയീ?

അണ്ണേ – അണ്ണേ-എവടപ്പോയി?

അയക്കുളങ്ങരെ നെല്ലിനു പോയി

നെല്ലിൻ തമ്പ്രനെന്തു പറഞ്ഞൂ?

തല്ലാൻ വന്നൂ; തിന്നാൻ വന്നൂ

കൈതപ്പൊന്തേലോടിയൊളിച്ചൂ

കൈതയെനിക്കൊരു പൂങ്കുലതന്നു

പൂങ്കുല കൊണ്ടോയ്‌ – പാടത്തിട്ടൂ

പാടം നിറയെ നെല്ലുണ്ടായി

നെല്ലരികുത്തി ചോറും വെച്ചൂ

ചോറിൽപ്പാതിയെനിക്കും തന്നൂ!

എവിടിരിക്കും?

എവിടന്നോ എവിടന്നോ വരുന്നു തത്തേ?

ആലുവാ വയലീന്ന്‌ വരുന്നു ഞാനും

അവിടത്തെക്കഥകൾ നീ പറഞ്ഞിടാമോ?

അവിടത്തെ വയലെല്ലാം പൂവും പാലും

വയലെല്ലാം കൊയ്യുമ്പോൾ എവിടിരിക്കും?

വരമ്പത്തു വരമ്പത്തു കളിച്ചിരിക്കും

വരമ്പെല്ലാം കിളക്കുമ്പോൾ എവിടിരിക്കും?

ചന്ദനമൂട്ടിൽ ഞാൻ ചമഞ്ഞിരിക്കും

ചന്ദനം മുറിക്കുമ്പോൾ എവിടിരിക്കും?

അമ്മച്ചി മടിയിൽ ഞാൻ ചമഞ്ഞിരിക്കും

അമ്മച്ചി മരിക്കുമ്പോൾ എവിടിരിക്കും?

അച്ഛന്റെ മടിയിൽ ഞാൻ കരഞ്ഞിരിക്കും

അച്ഛനും മരിച്ചാൽ നീ എവിടിരിക്കും?

മാനത്തെ മറനോക്കി പറന്നുപോകും

മാനമിടിഞ്ഞാൽ നീ എവിടിരിക്കും?

മാനത്തെ മറനോക്കി പറന്നുപോകും!

കൂനനും കുതിരയും

കൂനാ കൂനാ എവടപ്പോണൂ?

കൂനാങ്കുളങ്ങര-ഉപ്പിനുപോണ്‌

ആന വന്നാൽ – എന്തോ ചെയ്യും?

ആലിൻ പൊത്തിൽ കേറിയിരിക്കും

കുതിര വന്നാൽ-എന്തോ ചെയ്യും?

കൂനു വലിച്ചൊരു കുത്തുകൊടുക്കും!

നേരംപോയ്‌-നേരംപോയ്‌

നേരംപോയ്‌ – നേരംപോയ്‌

പൂക്കൈത മറപറ്റ്യേ

കുന്നൻ കോഴി കുളക്കോഴി

തത്തിത്തത്തിച്ചാടുന്നേ!

നേരംപോയനേരത്തും

കൊല്ലാക്കൊല കൊല്ലണിയോ

അരമുറിക്കരിക്കും തന്ന്‌

കൊല്ലാക്കൊല കൊല്ലണിയോ

അരത്തൊണ്ട്‌ കളളും തന്ന്‌

കൊല്ലാക്കൊല കൊല്ലണിയോ

നേരം പോയ്‌ – നേരം പോയ്‌

പൂക്കൈത മറപറ്റ്യേ!

Generated from archived content: naattupaattu2.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English