കുട്ടാ, കഥ ഒട്ടും നന്നായിട്ടില്ല്യ

കുട്ടിക്കാലത്ത്‌ കുഞ്ഞുണ്ണി കവിത മാത്രമല്ല; ചെറുലേഖനങ്ങളും എഴുതിയിരുന്നു. ലേഖനങ്ങൾ ഓരോന്നായി ഒരു നോട്ട്‌ ബുക്കിൽ വെട്ടും തിരുത്തുമില്ലാതെ പകർത്തിവെച്ചു. താൻ ഒരു ഗ്രന്ഥകർത്താവോ സാഹിത്യകാരനോ ആയെന്ന ഒരു ‘ഗമ’ കുഞ്ഞുണ്ണിക്കുണ്ടായിരുന്നു. എഴുതിത്തീർന്ന പുസ്‌തകത്തിന്‌ കുഞ്ഞുണ്ണി ‘അകുനാവപുരാണം’ എന്നു പേരിട്ടു.

“അകുനാവപുരാണമോ? ഇതെന്തു കുന്തം” – എന്ന്‌ പലർക്കും സംശയം തോന്നി. ഒട്ടും സംശയിക്കേണ്ട. ‘അകുനാവ’ എന്നാൽ അതിയാരത്ത്‌ കുഞ്ഞുണ്ണിനായർ വലപ്പാട്‌ എന്ന സ്വന്തം പേരിന്റെ ചുരുക്കപ്പേരാണ്‌. അതിയാരത്ത്‌ കുഞ്ഞുണ്ണി നായർ വലപ്പാട്‌ എഴുതിയ പുരാണം എന്ന നിലയ്‌ക്കാണ്‌ ഈ പേര്‌ നൽകിയത്‌.

മറ്റൊരിക്കൽ കുഞ്ഞുണ്ണി ഒരു നോവൽ എഴുതിയുണ്ടാക്കി. അന്ന്‌ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്‌. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടി എന്തു നോവലെഴുതാൻ എന്നു പലരും സംശയിക്കുന്നുണ്ടാകും. പക്ഷെ കുഞ്ഞുണ്ണിക്ക്‌ അക്കാര്യത്തിൽ യാതൊരു ധൈര്യക്കുറവും ഉണ്ടായില്ല.

നേരത്തെ സി.വി. രാമൻപിളളയുടെ ‘മാർത്താണ്‌ഡവർമ്മ’ എന്ന ചരിത്രനോവലിന്റെ ഒരു ഭാഗം വായിച്ചിരുന്നു. വായിച്ചതത്രയും ശരിക്ക്‌ മനസ്സിൽ പതിഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഈ പരിചയം മാത്രം വച്ചുകൊണ്ടാണ്‌ കുഞ്ഞുണ്ണി നോവലെഴുതാൻ ഇറങ്ങിത്തിരിച്ചത്‌.

കുറച്ചു ദിവസം കുഞ്ഞുണ്ണിക്ക്‌ പനിപിടിച്ചു കിടക്കേണ്ടതായി വന്നു. പനി മാറിയിട്ടും ക്ഷീണം ഒട്ടും കുറഞ്ഞില്ല. മറ്റു കുട്ടികളോടൊപ്പം കളിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ക്ഷീണം മാറാത്തതിനാൽ തല്‌ക്കാലം പുറത്തിറങ്ങേണ്ടെന്ന്‌ വീട്ടിലുളളവർ നിർബന്ധിച്ചു. “നേരമ്പോക്കിന്‌ എന്താ ചെയ്‌ക?” കുഞ്ഞുണ്ണി ആലോചിച്ചു. അങ്ങനെയാണ്‌ ഒരു നോവലെഴുതി ‘ബോറു’ മാറ്റാം എന്നു തീരുമാനിച്ചത്‌.

ആദ്യം വായിച്ച ‘മാർത്താണ്‌ഡവർമ്മ’ എന്ന നോവലിനെ അക്ഷരംപ്രതി അനുകരിച്ചുകൊണ്ട്‌ കുഞ്ഞുണ്ണി നോവലെഴുത്ത്‌ ആരംഭിച്ചു. സ്വന്തമായി എഴുതുകയായിരുന്നില്ല. കയ്യക്ഷരം മോശമായതു കൊണ്ട്‌ കുഞ്ഞുണ്ണിക്കുവേണ്ടി നോവലെഴുതിയത്‌ അയൽപക്കത്തെ കൂട്ടുകാരൻ കുട്ടനാണ്‌. കുട്ടനപ്പോൾ, ഏഴാംക്ലാസിൽ പഠിക്കുകയായിരുന്നു. കട്ടിയായ പുറംചട്ടയുളള ഒരു നോട്ടുപുസ്‌തകത്തിൽ അവൻ ഭംഗിയായി കുഞ്ഞുണ്ണി പറഞ്ഞതെല്ലാം എഴുതിവെച്ചു. അങ്ങനെ കുഞ്ഞുണ്ണി എന്ന നോവലിസ്‌റ്റിന്റെ ആദ്യനോവൽ പൂർത്തിയായി. ഇതിൽപ്പരം സന്തോഷം വേറെയുണ്ടോ? “കുഞ്ഞുണ്ണി ഇതാ ഒരു നോവലിസ്‌റ്റായി”- എന്ന്‌ എല്ലാവരും കേൾക്കെ ഉറക്കെ വിളിച്ചുപറയാൻ തോന്നി.

ഒരു ദിവസം കുഞ്ഞുണ്ണി പാത്തും പതുങ്ങിയും വീടിന്റെ കിഴക്കേ ഇറയത്തുചെന്നിരുന്നു കയ്യിൽ നോവൽ ഒളിപ്പിച്ച്‌ വെച്ചിട്ടുണ്ടായിരുന്നു. ഇറയത്തിരുന്ന്‌ വലിയ ഗമയിൽ എല്ലാവരും കേൾക്കെ കുഞ്ഞുണ്ണി നോവൽ ആദ്യാവസാനം വായിച്ചു. “കുട്ടന്റെ നോവൽ അസ്സലായിട്ടുണ്ട്‌”- എന്ന്‌ എല്ലാവരും പറയുമെന്നാണ്‌ കുഞ്ഞുണ്ണി വിചാരിച്ചത്‌. പക്ഷേ കേട്ടത്‌ ഉളളു നടുക്കുന്ന അഭിപ്രായമായിരുന്നു. ഭാർഗ്ഗവി ഓപ്പോളിന്റെ ശബ്‌ദമാണ്‌ ആദ്യം ഉയർന്നത്‌ഃ

“കുട്ടാ, കഥ ഒട്ടും നന്നായിട്ടില്ല്യ”

കുഞ്ഞുണ്ണി ഇരുന്ന ഇരുപ്പിൽ ഒന്നു പുളഞ്ഞു. കരയണമെന്ന്‌ തോന്നി. എങ്കിലും കരഞ്ഞില്ല. തന്റെ നോവൽ ‘പൊട്ട’യായിരിക്കും എന്നുതന്നെ പാവം വിചാരിച്ചു. എങ്കിലും പാടുപെട്ട്‌ തയ്യാറാക്കിയതല്ലേ? വിവരമുളള ആരെയെങ്കിലും ഒന്നു കാണിച്ച്‌ അഭിപ്രായം അറിയണമെന്ന്‌ തോന്നി. പക്ഷേ ആരെയാണ്‌ കാണിക്കുക? കുഞ്ഞുണ്ണി ചിന്തിക്കാൻ തുടങ്ങി. ‘സംസ്‌കൃതം മാഷെ കാണിക്കണമോ?’ പക്ഷേ അദ്ദേഹം ഒരു അരസികനാണ്‌- അതു ശരിയാവില്ല. താൻ സംസ്‌കൃതം ക്ലാസിലെ കുട്ടിയായതുകൊണ്ട്‌ മലയാളം മാഷെ കാണിച്ചാൽ അദ്ദേഹത്തിന്‌ ഇഷ്‌ടമായില്ലെങ്കിലോ? ഇങ്ങനെ പല ചിന്തകളും മനസ്സിലൂടെ കടന്നുപോയി.

ഇതിനിടയിൽ ഒരു ദിവസം കുഞ്ഞുണ്ണി തൃപ്രയാർ അമ്പലത്തിൽ തിരുവോണപ്പായസം വാങ്ങാൻ പോയി. പായസവും വാങ്ങി വീട്ടിലേക്ക്‌ തിരിച്ചുവരുമ്പോൾ അതാ വരുന്നു ബലരാമൻ മാസ്‌റ്റർ!

സ്‌കൂളിൽ പുതിയതായി വന്ന നല്ലൊരു മാസ്‌റ്ററാണ്‌. പാത്രവുമായി അമ്പലത്തിൽ നിന്നു വരുന്ന കുഞ്ഞുണ്ണിയെ കണ്ടപ്പോൾ ബലരാമൻ മാസ്‌റ്റർ ചോദിച്ചുഃ “എന്താ കുഞ്ഞുണ്ണീ, പാത്രവുമായിട്ടെങ്ങോട്ടാ?”

“അമ്പലത്തില്‌, പായസം വാങ്ങാൻ പോയതാ.” – കുഞ്ഞുണ്ണി വിനയത്തോടെ അറിയിച്ചു.

“എങ്കില്‌ കുറച്ചു പായസം എനിക്കും തർവോ?” – മാസ്‌റ്റർ ചോദിച്ചു.

“ഓഹോ, അതിനെന്താ? മാഷ്‌ വീട്ടിലേക്കു വന്നോളൂ”? – കുഞ്ഞുണ്ണി ക്ഷണിച്ചു.

അതത്ര കാര്യമാക്കിയില്ലെങ്കിലും ബലരാമൻ മാസ്‌റ്റർ വീട്ടിൽ വന്നു. കുഞ്ഞുണ്ണിയും വീട്ടുകാരും ചേർന്ന്‌ മാഷെ സ്‌നേഹപൂർവ്വം സ്വീകരിച്ചു. കിഴക്കേ ഇറയത്ത്‌ പുല്ലുപായ നീർത്തിയിട്ട്‌ ഇരുത്തി. മെത്തപ്പായ വിരിച്ചുകൊടുത്തില്ല. കാരണമെന്തെന്നോ? മാഷ്‌ തിയ്യ സമുദായക്കാരനാണ്‌. അക്കാലത്ത്‌ തിയ്യർക്ക്‌ നായർവീടുകളിൽ മെത്തപ്പായവിരിച്ച്‌ കൊടുക്കുന്ന സമ്പ്രദായമില്ല.

താമസിയാതെ ഒരു വാഴയില ചീന്തികൊണ്ടുവന്ന്‌ കുറച്ചു പായസമെടുത്ത്‌ മാഷുടെ മുന്നിൽ വെച്ചു. പായസം കഴിക്കുന്നതിനിടയിൽ കുഞ്ഞുണ്ണി താനെഴുതിയ നോവലുമായി അദ്ദേഹത്തിന്റെ അരികിലെത്തി. എന്നിട്ട്‌ ആരെയും കേൾപ്പിക്കാതെ “മാഷേ, ഇത്‌ ഞാനെഴുതിയ നോവലാ, ഒന്നു വായിച്ചു നോക്കി നല്ലതാണോന്ന്‌ പറയണം”.

പായസത്തിന്റെ മധുരം നുണയുന്നതിനിടയിൽ മാഷ്‌ നോവൽ വാങ്ങി കയ്യിൽവെച്ചു.

കാലം കുറെ കടന്നുപോയി. കുഞ്ഞുണ്ണി വളർന്നു. വൈദ്യനായില്ലെങ്കിലും ഇതിനിടയിൽ കുഞ്ഞുണ്ണി ഒരു വാദ്ധ്യാരായിക്കഴിഞ്ഞിരുന്നു. ഒരിക്കൽ ഗുരുവായൂരിൽവച്ച്‌ ബലരാമൻ മാസ്‌റ്ററെ കണ്ടുമുട്ടി. രണ്ടുപേരും തമ്മിൽ പല കാര്യങ്ങളും സംസാരിച്ചു. പക്ഷേ കുഞ്ഞുണ്ണി നോവലിന്റെ കാര്യം മിണ്ടിയതേ ഇല്ല.

ബലരാമൻ മാസ്‌റ്റർക്ക്‌ അക്കാര്യം നല്ല ഓർമ്മയുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞുഃ “കുഞ്ഞുണ്ണീ, താൻ വായിക്കാൻ തന്ന നോവൽ എന്റെ പെട്ടീടെ അടിയിൽ കിടപ്പുണ്ട്‌. സൗകര്യം കിട്ടുമ്പോ വീട്ടിലേക്ക്‌ വാ. ഞാനതെടുത്തു തരാം” “വേണ്ട മാഷേ വേണ്ട; അതെനിക്ക്‌ ഇനി വേണ്ട”- കുഞ്ഞുണ്ണി ഉപേക്ഷിച്ചമട്ടിൽ പറഞ്ഞു.

തന്റെ നോവൽ ആരും ഇഷ്‌ടപ്പെടുന്നില്ലെന്നും, താൻ ഒരു നോവലിസ്‌റ്റാകാൻ പോകുന്നില്ലെന്നും കുഞ്ഞുണ്ണിക്ക്‌ ഇതിനകം മനസ്സിലായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അതിന്റെ കയ്യെഴുത്ത്‌ പ്രതിപോലും തിരിച്ചു വാങ്ങാൻ കൂട്ടാക്കാതിരുന്നത്‌.

Generated from archived content: kunjunni9.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here