കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷായ കഥ

കുട്ടിക്കാലത്ത്‌ കോണകമോ ഒറ്റമുണ്ടോ ഉടുത്ത്‌ പളളിക്കൂടത്തിൽ പോയിരുന്ന കുഞ്ഞുണ്ണിക്ക്‌ ആവശ്യം പഠിക്കേണ്ട ചില കാര്യങ്ങളോട്‌ വെറുപ്പും ഉണ്ടായിരുന്നു. ചരിത്ര പുസ്‌തകത്തിലെ വർഷങ്ങൾ പഠിക്കാനും മലയാളപുസ്‌തകത്തിലെ വ്യാകരണങ്ങൾ പഠിക്കാനും കുഞ്ഞുണ്ണിക്ക്‌ തീരെ താല്‌പര്യമുണ്ടായിരുന്നില്ല.

പ്രശസ്‌ത കവി. എൻ.എൻ. കക്കാടിന്റെ ശിഷ്യനായിട്ടാണ്‌ കുഞ്ഞുണ്ണി കോഴിക്കോട്‌ വച്ച്‌ മലയാളം വിദ്വാൻ പരീക്ഷയ്‌ക്ക്‌ പഠിച്ചത്‌. അന്നും വ്യാകരണത്തോടുളള ഈ വെറുപ്പ്‌ നന്നായി മനസ്സിലുണ്ടായിരുന്നു. അക്കാരണത്താൽ പരീക്ഷയ്‌ക്ക്‌ തോറ്റുപോകുമോ എന്നൊരു പേടി കുഞ്ഞുണ്ണിക്കുണ്ടായിരുന്നു. എന്നാൽ ഭാഗ്യമെന്നു പറയട്ടെ റിസൾട്ട്‌ വന്നപ്പോൾ വിജയികളുടെ കൂട്ടത്തിൽ കുഞ്ഞുണ്ണിയും ഉണ്ടായിരുന്നു.

പക്ഷെ വിദ്വാൻ പരീക്ഷയൊക്കെ എഴുതുന്നതിന്‌ മുമ്പ്‌ തന്നെ കുഞ്ഞുണ്ണി അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അന്ന്‌ കുഞ്ഞുണ്ണിക്ക്‌ പത്തൊമ്പത്‌ വയസ്സേ ഉണ്ടായിരുന്നുളളൂ.

അദ്ധ്യാപക പരിശീലനം കഴിഞ്ഞുവന്ന കുഞ്ഞുണ്ണി ജോലിക്ക്‌ വേണ്ടി ആദ്യം ചെന്നത്‌ തൃപ്രയാർ ബോയ്‌സ്‌ സ്‌കൂളിന്റെ മാനേജരായ ബ്ലാഹയിൽ കണ്ടുണ്ണി യജമാനന്റെ പക്കലാണ്‌. അദ്ദേഹം പറഞ്ഞു. “നമ്മുടെ വിദ്യാലയത്തിൽ ഒഴിവൊന്നുമില്ലല്ലോ കുഞ്ഞുണ്ണീ. വേറെ എവിടെയെങ്കിലും അന്വേഷിക്ക്‌.”

കുഞ്ഞുണ്ണി അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒരു ദിവസം വലപ്പാട്ടങ്ങാടിയിൽ വച്ച്‌ വാഴൂർ എലിമെന്ററി സ്‌കൂളിന്റെ മാനേജരെ കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം പറഞ്ഞുഃ

“കുഞ്ഞുണ്ണീ പ്രതിമാസം രണ്ടു രൂപ എനിക്ക്‌ തരാമെങ്കിൽ സ്‌കൂളിൽ ജോലിക്ക്‌ കേറിക്കോളൂ.”

‘ഈച്ച ദഹണ്‌ഡിച്ച്‌ ഉളളാടന്‌ കൊടുക്കുന്ന’ ആ പരിപാടി കുഞ്ഞുണ്ണിക്ക്‌ ഇഷ്‌ടമായില്ല. നാടും വീടും വിട്ട്‌ കുറച്ചകലെ ജോലി നോക്കണമെന്നായിരുന്നു കുഞ്ഞുണ്ണിയുടെ ആഗ്രഹം.

അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം അച്‌ഛൻ കുഞ്ഞുണ്ണിയോട്‌ പറഞ്ഞുഃ “കുട്ടാ, തിരുത്തിക്കുളത്തിനടുത്ത്‌ ഏതോ ഒരു സ്‌കൂളിൽ ഒരു മാഷെ ആവശ്യമുണ്ടത്രെ. നമ്മുടെ ഉണ്ണിമൂസ്‌ എനിക്കൊരു കത്തയച്ചിട്ടുണ്ട്‌. നീയൊന്നു പോയി നോക്കീട്ട്‌ വാ.”

തുരുത്തിക്കുളത്തെ ഉണ്ണിമൂസ്‌ കുഞ്ഞുണ്ണിയുടെ അച്‌ഛനുമായി ബന്ധപ്പെട്ട ഒരു മാന്യനാണ്‌. അദ്ദേഹത്തിന്റെ ഇല്ലത്തേക്ക്‌ അച്‌ഛന്റെ മരുമകളെ വിവാഹം ചെയ്‌തയച്ചിട്ടുണ്ട്‌. നാരായണൻ മൂസെന്നാണ്‌ ശരിയായ പേര്‌. അദ്ദേഹം എഴുതിയതാണെങ്കിൽ തീർച്ചയായും ജോലി കിട്ടുമെന്ന്‌ കുഞ്ഞുണ്ണിക്ക്‌ ബോധ്യമായി.

അച്‌ഛന്റെ അനുവാദത്തോടെ ഇല്ലത്തെ ചേട്ടനേയും കൂട്ടി കുഞ്ഞുണ്ണി തിരുത്തിക്കുളത്തേക്ക്‌ യാത്രയായി. തീവണ്ടി കേറി വളളിക്കുന്ന്‌ സ്‌റ്റേഷനിലെത്തി. അവിടെനിന്ന്‌ പാടങ്ങളും തോടുകളും നീന്തിക്കയറി സന്ധ്യയോടെ കുഞ്ഞുണ്ണി തിരുത്തിക്കുളത്തെത്തി. പിറ്റേന്ന്‌ കുഞ്ഞിമൂസ്‌ കുഞ്ഞുണ്ണിയെ ചേളാരി സ്‌കൂളിലേക്ക്‌ കൊണ്ട്‌ പോയി.

ചെത്തിത്തേക്കാത്ത ചെറിയൊരു സ്‌കൂൾ! കണ്ടപ്പോൾ തന്നെ കുഞ്ഞുണ്ണിക്ക്‌ വെറുപ്പ്‌ തോന്നി. ചെല്ലുമ്പോൾ അവിടെ ഹെഡ്‌മാസ്‌റ്ററുടെ കസേരയിൽ മല്ലുകുപ്പായവും മുണ്ടും രണ്ടാം മുണ്ടും കഷണ്ടിയുമുളള ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അത്‌ മാനേജർ ടി.എം കുട്ടികൃഷ്‌ണൻ നായരായിരുന്നു. അയാൾ കുഞ്ഞുണ്ണിയോട്‌ ചോദിച്ചുഃ “എത്ര ഉറുപ്പിക അധികം വേണം?”

“ഒരഞ്ചുറുപ്പിക കിട്ട്യാൽ നന്ന്‌” – കുഞ്ഞുണ്ണി അറിയിച്ചു.

“ശരി, എങ്കിൽ രജിസ്‌റ്ററിൽ ഒപ്പിട്ടോളൂ”- മാനേജരുടെ മുഖത്ത്‌ ഒരു ചെറിയ പുഞ്ചിരി!

കുഞ്ഞുണ്ണി അന്നത്തെ കോളത്തിൽ ഒപ്പിട്ടു. അങ്ങനെ സാക്ഷാൽ കുഞ്ഞുണ്ണി ജീവിതത്തിലാദ്യമായി കുഞ്ഞുണ്ണി മാഷായി.

ഒട്ടും വൈകിയില്ല. ഒരു കൈപ്പാട്ട നിറയെ ചായയും ഒരു പൊതി ഉണക്കപ്പുട്ടും വന്നു. കുഞ്ഞുണ്ണിയും കൂട്ടരും ഉണക്കപ്പുട്ടു തിന്ന്‌, ഓരോ ഇറക്ക്‌ ചായ വലിച്ച്‌ കുടിച്ചു. ചേളാരി എ.യു.പി സ്‌കൂൾ എന്നായിരുന്നു ആ വിദ്യാലയത്തിന്റെ പേര്‌. അവിടെ രണ്ട്‌ കൊല്ലം പഠിപ്പിച്ചു.

Generated from archived content: kunjunni11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here