കൈ നിറയെ സമ്മാനങ്ങൾ

അമ്മയുടെ സ്‌നേഹവാത്സല്യങ്ങൾ നന്നായി അനുഭവിക്കാൻ കഴിയാത്ത കുട്ടിയായിരുന്നു കുഞ്ഞുണ്ണി. കുഞ്ഞുണ്ണിക്ക്‌ പന്ത്രണ്ട്‌ വയസ്സുളളപ്പോഴാണ്‌ അമ്മ കൈവിട്ടുപോയത്‌.

കുട്ടിക്കാലത്ത്‌ അമ്മയുണ്ടാക്കികൊടുത്തിരുന്ന ഇഞ്ചിച്ചമ്മന്തി, ഉളളിച്ചമ്മന്തി, മുതിരവറുത്തതും നാളികേരവും കൂട്ടിയരച്ചുണ്ടാക്കുന്ന ഉരുട്ടു ചമ്മന്തി, എന്നിവയൊക്കെ കുഞ്ഞുണ്ണിക്ക്‌ വളരെ ഇഷ്‌ടമായിരുന്നു. നാടൻ പിണ്ണാക്കിൽ ഉപ്പും മുളകും കറിവേപ്പിലയും ചേർത്ത്‌ അമ്മ തയ്യാർ ചെയ്‌തിരുന്ന പിണ്ണാക്കു ചമ്മന്തി കുഞ്ഞുണ്ണി രസമോടെ കൂട്ടുമായിരുന്നു.

പഠിക്കുന്ന കാര്യത്തിൽ ആറാം ക്ലാസുമുതൽ തന്നെ കുഞ്ഞുണ്ണി മോശമായിരുന്നു. ആറാംക്ലാസിലെത്തിയപ്പോൾ ഒരു കൊല്ലം തോറ്റു; കുഞ്ഞുണ്ണിക്ക്‌ വല്ലാത്ത നാണക്കേട്‌ തോന്നി.

നാണക്കേട്‌ മറച്ചുവയ്‌ക്കാൻ കുഞ്ഞുണ്ണി കൂട്ടുകാരോട്‌ പറഞ്ഞതെന്തെന്നോ? “ഞാൻ തോറ്റതല്ല; മാഷമ്മാര്‌ എന്നെ തോൽപ്പിച്ചതാ. എന്നേക്കാളും മോശമായ കുട്ട്യോളും ജയിച്ചിട്ടുണ്ട്‌.!”

എങ്ങനെയോ കുഞ്ഞുണ്ണിയുടെ ഈ പറച്ചിൽ മാഷമ്മാരുടെ ചെവിയിലെത്തി. ഒരു ദിവസം കൃഷ്‌ണനുണ്ണി മാഷ്‌ കുഞ്ഞുണ്ണിയെ സ്‌കൂളിലേക്ക്‌ വിളിപ്പിച്ചു. സ്‌നേഹപൂർവ്വം അടുപ്പിച്ചു നിർത്തിയിട്ട്‌ അദ്ദേഹം ചോദിച്ചുഃ “എന്താ ആശാന്‌ ജയിക്കണോ?” അതുകേട്ട കുഞ്ഞുണ്ണിയുടെ തല പെട്ടെന്ന്‌ താണു- കണ്ണുകൾ നിറഞ്ഞു. കണ്ണീരു തുടച്ചുകൊണ്ട്‌ പറഞ്ഞു.

“വേണ്ട; ഞാൻ പഠിച്ചു ജയിച്ചോളാം”

പിന്നെ കുഞ്ഞുണ്ണി ശ്രദ്ധിച്ച്‌ പഠിക്കാൻ തുടങ്ങി. അതുകൊണ്ട്‌ ക്ലാസ്സിൽ സാമാന്യം നന്നായി പഠിക്കുന്ന കുട്ടിയെന്ന പേരും സമ്പാദിച്ചു.

കുഞ്ഞുണ്ണിക്ക്‌ ജീവിതത്തിൽ നാലുതവണയത്രെ തല്ല്‌ കിട്ടിയിട്ടുളളത്‌. “അമ്മയിൽ നിന്നൊന്ന്‌; അച്ഛനിൽ നിന്നൊന്ന്‌; അമ്മാവനിൽ നിന്നൊന്ന്‌. നാരായണൻ മാഷിൽ നിന്നൊന്ന്‌.”

പത്തിൽ പഠിക്കുമ്പോൾ കുഞ്ഞുണ്ണിക്ക്‌ ചെവിക്കൊരു മുരുങ്ങുകിട്ടി. ആ സംഭവം രസകരമാണ്‌. ഒരു ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ മറ്റാരുമെത്തിയിട്ടില്ല. ബോർഡിന്റെ അരികിൽ ഞാത്തിയിട്ടിരുന്ന ഡസ്‌റ്ററെടുത്ത്‌ ബഞ്ചും ഡെസ്‌കുമെല്ലാം തുടച്ചു. എന്നിട്ട്‌ ഇരിക്കുന്ന സ്ഥലത്ത്‌ നിന്ന്‌ ഡസ്‌റ്റർ ഞാത്തിയിട്ടിരുന്ന ഹുക്കിനടുത്തേക്ക്‌ വലിച്ചെറിഞ്ഞു. പക്ഷെ എന്തുകാര്യം? അത്‌ യഥാസ്ഥാനത്ത്‌ എത്താതെ താഴെ വീണു.

ഇതുകണ്ടുകൊണ്ട്‌ ഹെഡ്‌മാസ്‌റ്റർ എവിടെനിന്നോ കടന്നുവന്നു. താഴെ കിടക്കുന്ന ഡസ്‌റ്ററെടുത്ത്‌ ഹുക്കിൽ തൂക്കിയശേഷം അദ്ദേഹം കുഞ്ഞുണ്ണിയുടെ അരികിലെത്തി. ഒന്നും പറഞ്ഞില്ല. വന്നപാടെ ചെവിയിൽ കടന്നുപിടിച്ച്‌ നല്ലൊരു മുരുങ്ങു കൊടുത്തു. ഹോ! കുഞ്ഞുണ്ണിയുടെ കണ്ണിൽനിന്ന്‌ പൊന്നീച്ച പറന്നു! ഇ. നാരായണൻ നായരെന്നായിരുന്നു ആ ഹെഡ്‌മാസ്‌റ്ററുടെ പേര്‌.

അതോടെ കുഞ്ഞുണ്ണി ഒരു മര്യാദ പഠിച്ചു. എന്തു സാധനമെടുത്താലും അത്‌ ആവശ്യം കഴിഞ്ഞാൽ എടുത്ത സ്ഥലത്ത്‌ കൊണ്ടുപോയി വെയ്‌ക്കും വലിച്ചെറിയുന്ന പണി എന്നെന്നേയ്‌ക്കുമായി നിർത്തി.

അക്കാലത്ത്‌ സ്‌കൂളിൽ സാഹിത്യസമാജങ്ങൾ പ്രവർത്തിച്ചിരുന്നു. ആഴ്‌ചയിൽ അവസാനത്തെ ദിവസം ഉച്ചകഴിഞ്ഞാണ്‌ സാഹിത്യസമാജത്തിന്റെ പരിപാടികൾ നടക്കുന്നത്‌. പ്രസംഗിക്കാനും, കഥപറയാനും, പാട്ടുപാടാനും പദ്യം ചൊല്ലാനും നൃത്തം ചെയ്യാനുമൊക്കെ സാഹിത്യസമാജത്തിൽ അവസരം കിട്ടും.

കുഞ്ഞുണ്ണി ഓരോ ആഴ്‌ചയിലും നടക്കുന്ന സാഹിത്യസമാജത്തിൽ മുടങ്ങാതെ പ്രസംഗിച്ചിരുന്നു. കുഞ്ഞുണ്ണിയുടെ പ്രസംഗം കേൾക്കാൻ ഹെഡ്‌മാസ്‌റ്റർ എവിടെയെങ്കിലും മറഞ്ഞുനിൽക്കുമായിരുന്നു. പ്രസംഗം കഴിയുമ്പോൾ അദ്ദേഹം അരികിൽ വന്ന്‌ അനുമോദിക്കുംഃ

“കുഞ്ഞുണ്ണീ പ്രസംഗം അസ്സലായിട്ടോ. ഇതുപോലെ സരസമായി എല്ലാത്തവണയും പറയണം.”

തോളിൽതട്ടിയുളള നാരായണൻമാസ്‌റ്ററുടെ അഭിനന്ദനം കുഞ്ഞുണ്ണിക്ക്‌ വലിയ പ്രോത്സാഹനമായി. പ്രസംഗത്തിൽ മാത്രമല്ല കവിതാരചനയിലും അദ്ദേഹം കുഞ്ഞുണ്ണിക്ക്‌ വേണ്ടത്ര വെളളവും വളവും പകർന്നു കൊടുത്തു.

പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ കുഞ്ഞുണ്ണി സ്വന്തമായി ഒരു തുളളൽ എഴുതിയുണ്ടാക്കി വേദിയിൽ അവതരിപ്പിച്ചു. സ്‌കൂൾ വാർഷികാഘോഷം നടക്കുന്ന ദിവസമായിരുന്നു അത്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനും ഒരുവർഷം മുമ്പായിരുന്നു ഈ സംഭവം. കൃത്യമായി പറഞ്ഞാൽ 1946-​‍ാം ആണ്ട്‌. അന്നത്തെ വാർഷികാഘോഷത്തിൽ തുളളിൽ മാത്രമല്ല മറ്റു പരിപാടികളിലും പങ്കെടുത്ത്‌ കുഞ്ഞുണ്ണി സമ്മാനം നേടുകയുണ്ടായി. ഡസ്‌റ്റർ കൊണ്ട്‌ കളിച്ചപ്പോൾ ചെവിക്ക്‌ മുരുങ്ങു നൽകിയ നാരായണൻമാഷ്‌ തന്നെയാണ്‌ അഭിനന്ദനവാക്കുകളോടെ കുഞ്ഞുണ്ണിക്ക്‌ സമ്മാനങ്ങൾ നൽകിയത്‌.

പത്താംക്ലാസ്സു കഴിഞ്ഞ്‌ ലേശം വൈദ്യം പഠിച്ചു. വൈദ്യപഠനത്തിനിടയിൽ കുറേനാൾ വൈദ്യശാല നടത്തിപ്പുകാരനുമായി. പക്ഷേ പിന്നീട്‌ അതു തുടരാൻ താല്‌പ്പര്യമുണ്ടായില്ല. അങ്ങനെയാണ്‌ പാലക്കാട്‌ അദ്ധ്യാപക ട്രെയിനിംഗിന്‌ ചേർന്നത്‌. അത്‌ ഭംഗിയായി പൂർത്തിയാക്കുകയും നല്ല മാർക്കോടെ ട്രെയിനിംഗ്‌ പാസ്സാവുകയും ചെയ്‌തു.

Generated from archived content: kunjunni10.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here