മാണിക്യ ചെമ്പഴുക്ക

ഒരിടത്തൊരിടത്തു തവിട്ടുമാണിക്യം എന്നു പേരുളള ഒരു കൊച്ചു പെൺകുട്ടിയുണ്ടായിരുന്നു. തവിട്ടു മാണിക്യത്തിന്റെ അമ്മൂമ്മ ഒരു തുന്നൽക്കാരിയായിരുന്നു. തുന്നൽക്കാരിയമ്മൂമ്മ താമസിച്ചിരുന്നത്‌ അകലെയുളള ഒരു കൊടുംകാടിന്റെ അപ്പുറത്തായിരുന്നു. തുന്നൽക്കാരിയമ്മൂമ്മ ഒരു ദിവസം ചുവന്ന പട്ടുകൊണ്ടു മനോഹരമായ ഒരു കുഞ്ഞുടുപ്പു തുന്നിയുണ്ടാക്കി തവിട്ടുമാണിക്യത്തിനു കൊടുത്തയച്ചു. തവിട്ടുമാണിക്യം അന്നുമുതൽ ആ ചുവന്ന പട്ടുടുപ്പു മാത്രമേ അണിയാറുണ്ടായിരുന്നുളളു. അതുകൊണ്ടു നാട്ടുകാരും വീട്ടുകാരും അവളെ മാണിക്യച്ചെമ്പഴുക്ക എന്നു വിളിക്കാൻ തുടങ്ങി.

തുന്നൽക്കാരിയമ്മൂമ്മ പനിയും ചുമയും പിടിച്ചു കിടപ്പിലാണെന്നു മരംവെട്ടുകാരൻ കിട്ടുണ്ണിമാമൻ വന്ന്‌ അമ്മയോടു പറയുന്നത്‌ ഒരു ദിവസം മാണിക്യച്ചെമ്പഴുക്ക കേട്ടു. കൊടും കാടിനപ്പുറത്തു പോയി അമ്മൂമ്മയെ കാണുവാൻ മാണിക്യച്ചെമ്പഴുക്കയ്‌ക്കു തിടുക്കമായി. അവൾ അക്കാര്യം അമ്മയെ അറിയിച്ചു.

അമ്മ വേഗം ഒരു അടുക്കുപാത്രത്തിൽ ചുക്കും ചക്കരയും പാലും പാൽക്കഞ്ഞിയും എടുത്തു മാണിക്യച്ചെമ്പഴുക്കയെ ഏല്പിച്ചു.

അവൾ വേഗം അടുക്കുപാത്രവുമെടുത്തു തുന്നൽക്കാരിയമ്മൂമ്മയുടെ വീട്ടിലേക്കു യാത്രയായി.

കുറച്ചുദൂരം ചെന്നപ്പോൾ പിന്നിൽ നിന്ന്‌ ആരോ വിളിക്കുന്നതായി മാണിക്യച്ചെമ്പഴുക്കയ്‌ക്കു തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ കണ്ണപ്പൻ ചെന്നായ്‌ പിന്നിൽ നിന്നു ചിരിക്കുന്നതാണു കണ്ടത്‌.

കണ്ണപ്പൻ ചെന്നായ്‌ തേനൂറുന്ന സ്വരത്തിൽ മാണിക്യച്ചെമ്പഴുക്കയോടു ചോദിച്ചുഃ

“ആനന്ദക്കുട്ടീ, അരുമക്കുട്ടീ നിന്റെ പേരെന്താണ്‌?”

“എന്റെ പേര്‌ മാണിക്യച്ചെമ്പഴുക്ക എന്നാണ്‌!”

“മാണിക്യച്ചെമ്പഴുക്കേ, മാണിക്യച്ചെമ്പഴുക്കേ, നിന്റെ അടുക്കുപാത്രത്തിലെന്തൊക്കെയുണ്ട്‌?”

“അടുക്കുപാത്രത്തിൽ ചുക്കും ചക്കരയുമുണ്ട്‌; പിന്നെ പാലും പാൽക്കഞ്ഞിയുമുണ്ട്‌! ഇതൊക്കെ എന്റെ തുന്നൽക്കാരിയമ്മൂമ്മയ്‌ക്കു കൊടുക്കാനുളളതാണ്‌.” മാണിക്യച്ചെമ്പഴുക്ക പറഞ്ഞു.

“എവിടെയാണു നിന്റെ തുന്നൽക്കാരിയമ്മൂമ്മയുടെ വീട്‌?”

“കൊടുംകാടിന്റെ അപ്പുറത്തുളള കൊടുവേലിമരത്തിന്റെ ചുവട്ടിലാണ്‌ അമ്മൂമ്മ താമസിക്കുന്നത്‌!”

മാണിക്യച്ചെമ്പഴുക്ക സത്യം പറഞ്ഞു.

ചക്കരവാക്കു പറഞ്ഞു മാണിക്യച്ചെമ്പഴുക്കയെ കുടുക്കിലാക്കാനുളള വിദ്യകൾ കണ്ണപ്പൻ ചെന്നായ്‌ ആലോചിച്ചു. അവൻ മാണിക്യച്ചെമ്പഴുക്കയോടു പറഞ്ഞുഃ

“ചെമ്പഴുക്കേ, ചെമ്പഴുക്കേ അതാ അങ്ങോട്ടു നോക്കൂ. അക്കാണുന്നതെന്താണ്‌?”

“ഹായ്‌! എത്ര നല്ല പൂക്കൾ!” മാണിക്യച്ചെമ്പഴുക്ക അത്ഭുതപ്പെട്ടു.

“ഹായ്‌! എത്ര നല്ല പഴങ്ങൾ!!”

മാണിക്യച്ചെമ്പഴുക്ക കണ്ണുവിടർത്തി.

“ചെമ്പഴുക്കേ വേഗം ചെന്നു കുറെ പൂക്കളും പഴങ്ങളും പറിച്ചോളൂ. അമ്മൂമ്മയ്‌ക്കു കൊടുക്കാം!” കണ്ണപ്പൻ ചെന്നായ്‌ ഉപദേശിച്ചു. മാണിക്യച്ചെമ്പഴുക്ക പൂക്കളും പഴങ്ങളും പറിക്കാനായ്‌ അങ്ങോട്ടു നടന്നു. കണ്ണപ്പൻ ചെന്നായ്‌ അവളോടു പറഞ്ഞുഃ

“ചെമ്പഴുക്കേ, ചെമ്പഴുക്കേ എനിക്കല്പം തിടുക്കമുണ്ട്‌; ഞാൻ പോകട്ടെ. വഴിക്കുവച്ച്‌ വീണ്ടും കാണാം.” സൂത്രത്തിൽ അവൻ അവിടെനിന്നും ഓടിപ്പോടി.

മാണിക്യച്ചെമ്പഴുക്ക കാട്ടുപൂക്കളും കാട്ടുപഴങ്ങളും പറിച്ചു കൊടുംകാട്ടിലൂടെ അലഞ്ഞുതിരിഞ്ഞു. നേരംപോയത്‌ അവൾ അറിഞ്ഞതേയില്ല.

ഇതിനിടയിൽ കണ്ണപ്പൻ ചെന്നായ്‌ പാത്തും പതുങ്ങിയും കൊടുവേലി മരത്തിന്റെ ചുവട്ടിലുളള തുന്നൽക്കാരിയമ്മൂമ്മയുടെ വീടു കണ്ടുപിടിച്ചു.

അവൻ വീടിന്റെ വാതിലിൽ ഉറക്കെ മുട്ടാൻ തുടങ്ങി.

“ആരാണ്‌ വാതിലിൽ മുട്ടുന്നത്‌?” തുന്നൽക്കാരിയമ്മൂമ്മ അകത്തുനിന്നു വിളിച്ചുചോദിച്ചു.

“ഇതു മാണിക്യച്ചെമ്പഴുക്കയാണ്‌. അമ്മൂമ്മയ്‌ക്ക്‌ ഞാൻ ചുക്കും ചക്കരയും പാലും പാൽക്കഞ്ഞിയും കൊണ്ടു വന്നിട്ടുണ്ട്‌. വേഗം വാതിൽ തുറക്ക്‌.” കണ്ണപ്പൻ ചെന്നായ്‌ കളളസ്വരത്തിൽ പറഞ്ഞു.

“അമ്മൂമ്മയ്‌ക്കു സുഖമില്ല മോളേ; നീതന്നെ വാതിൽ തുറന്നോളൂ.” തുന്നൽക്കാരിയമ്മൂമ്മ അറിയിച്ചു.

കണ്ണപ്പൻ ചെന്നായ്‌ വേഗം വാതിൽ തളളിത്തുറന്ന്‌ അകത്തുകയറി അമ്മൂമ്മയെ പിടിച്ചുകെട്ടി പത്തായത്തിൽ കൊണ്ടുപോയി അടച്ചു.

എന്നിട്ടു കണ്ണപ്പൻ ചെന്നായ്‌ അമ്മൂമ്മയുടെ ബ്ലൗസുമണിഞ്ഞു പുളിയിലക്കരയൻ നേര്യതും ചുറ്റി കട്ടിലിൽ പോയി മൂടിപ്പുതച്ചു കിടന്നു.

മാണിക്യച്ചെമ്പഴുക്ക വരുമ്പോൾ എളുപ്പത്തിൽ പിടിച്ചു തിന്നാനുളള തന്ത്രങ്ങളായിരുന്നു ഇതെല്ലാം. അവൾ വരുന്നുണ്ടോ എന്ന്‌ ഇടയ്‌ക്കിടെ കിളിവാതിലിൽക്കൂടി അവൻ തലയെത്തിച്ചു നോക്കുന്നുണ്ടായിരുന്നു.

പലതരം കാട്ടുപൂക്കളും കാട്ടുപഴങ്ങളും ശേഖരിച്ച്‌ സന്തോഷത്തോടെ മാണിക്യച്ചെമ്പഴുക്ക നടന്നടുക്കുന്നതു കണ്ണപ്പൻ ചെന്നായ്‌ കണ്ടു.

ഇടയ്‌ക്കുവച്ച്‌ അവൾ മരവെട്ടുകാരൻ കിട്ടുണ്ണിമാമനെ പരിചയപ്പെട്ടു. അവൾ കിട്ടുണ്ണിമാമന്‌ ഒരുകുല ഞാവൽപ്പഴം തിന്നാൻ കൊടുത്തു. അയാൾക്കു വലിയ സന്തോഷമായി.

അമ്മൂമ്മയെ കാണാനുളള കൊതിയോടെ മാണിക്യച്ചെമ്പഴുക്ക ഓടിവന്നു വാതിലിൽ മുട്ടി.

“ആരാണ്‌ വാതിലിൽ മുട്ടുന്നത്‌?” കണ്ണപ്പൻചെന്നായ്‌ സ്വരം മാറ്റി വിളിച്ചുചോദിച്ചു.

“ഇതു മാണിക്യച്ചെമ്പഴുക്കയാണ്‌. അമ്മൂമ്മയ്‌ക്ക്‌ ഞാൻ ചുക്കും ചക്കരയും പാലും പാൽക്കഞ്ഞിയും കൊണ്ടു വന്നിട്ടുണ്ട്‌. വേഗം വാതിൽ തുറക്ക്‌.” അവൾ സന്തോഷത്തോടെ പറഞ്ഞു.

“അമ്മൂമ്മയ്‌ക്കു സുഖമില്ല മോളേ; നീ തന്നെ വാതിൽ തുറന്നോളൂ.” കണ്ണപ്പൻ ചെന്നായ്‌ അറിയിച്ചു.

മാണിക്യച്ചെമ്പഴുക്ക വേഗം വാതിൽ തളളിത്തുറന്ന്‌ അകത്തു കയറി.

കട്ടിലിൽ അമ്മൂമ്മ മൂടിപ്പുതച്ചു കിടക്കുന്നതു കണ്ടു മാണിക്യച്ചെമ്പഴുക്ക വല്ലാതെ സങ്കടപ്പെട്ടു. പനിയും ചുമയും പിടിച്ച്‌ അമ്മൂമ്മയുടെ മുഖം വല്ലാതെ വികൃതമായിരിക്കുന്നതായി അവൾക്കു തോന്നി.

“അമ്മൂമ്മയ്‌ക്കു ഞാൻ ചുക്കും ചക്കരയും പാലും പാൽക്കഞ്ഞിയും കൊണ്ടുവന്നിട്ടുണ്ട്‌.” അവൾ അറിയിച്ചു.

“കൊളളാം മോളേ, കൊളളാം! ഇങ്ങടുത്തുവരൂ.” കണ്ണപ്പൻ ചെന്നായ്‌ നാവു നുണഞ്ഞുകൊണ്ടു പറഞ്ഞു.

മാണിക്യച്ചെമ്പഴുക്ക കുറെക്കൂടി അടുത്തുചെന്നു. അടുക്കുന്തോറും അവൾക്കു വല്ലാത്ത ഭയം തോന്നി. അവൾ ചോദിച്ചു.

“അമ്മൂമ്മേ, അമ്മൂമ്മേ, അമ്മൂമ്മയുടെ ചെവി രണ്ടും ഇത്ര വലുതായിരിക്കുന്നതെന്താണ്‌?”

“നീ പറയുന്നതൊക്കെ നന്നായി കേൾക്കാൻ ഞാൻ ചെവി ഉയർത്തിപ്പിടിച്ചിരിക്കുകയാണ്‌ മോളേ!”

“അയ്യോ അമ്മൂമ്മേ, അമ്മൂമ്മയുടെ കണ്ണു രണ്ടും വലുതായിരിക്കുന്നതെന്താണ്‌?”

“നിന്നെ നന്നായി കാണുന്നതിനു ഞാൻ കണ്ണു രണ്ടും വലുതാക്കിയിരിക്കുകയാണ്‌ മോളേ!”

“അയ്യോ അമ്മൂമ്മേ, അമ്മൂമ്മയുടെ കൈകളിത്ര നീണ്ടിരിക്കുന്നതെന്താണ്‌?”

“നിന്നെ നന്നായി കെട്ടിപ്പിടിക്കാൻ ഞാൻ കൈകൾക്കു നീളം കൂട്ടിയിരിക്കുകയാണ്‌ മോളേ!”

“അയ്യോ അമ്മൂമ്മേ, അമ്മൂമ്മയുടെ വായ്‌ ഇത്ര തുറന്നിരിക്കുന്നതെന്താണ്‌?”

“എടീ! നിന്നെ ഒറ്റ വിഴുങ്ങിനു തിന്നാനാണ്‌ ഞാൻ വായ്‌ തുറന്നു പിടിച്ചിരിക്കുന്നത്‌!” കണ്ണപ്പൻ ചെന്നായ്‌ പെട്ടെന്നു കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റ്‌ മാണിക്യച്ചെമ്പഴുക്കയെ പിടിക്കാൻ നോക്കി.

മാണിക്യച്ചെമ്പഴുക്ക അവന്റെ പിടിയിൽ പെടാതെ നെട്ടോട്ടം വട്ടോട്ടം ഓടാൻ തുടങ്ങി.

ഇതിനിടയിൽ അവൾ വാതിൽ തുറന്നു പുറത്തേയ്‌ക്കോടാൻ ശ്രമിച്ചു. കണ്ണപ്പൻ ചെന്നായ്‌ ഒരു കൈകൊണ്ടു മാണിക്യച്ചെമ്പഴുക്കയെ പിടികൂടി. മറ്റേ കൈകൊണ്ടു വാതിൽ ബലമായി തളളിപ്പിടിക്കുകയും ചെയ്‌തു. മാണിക്യച്ചെമ്പഴുക്ക “എന്നെ രക്ഷിക്കണേ, എന്നെ രക്ഷിക്കണേ!” എന്ന്‌ ഉറക്കെ നിലവിളിച്ചു.

മാണിക്യച്ചെമ്പഴുക്കയുടെ നിലവിളി കാട്ടിൽ മരം വെട്ടിക്കൊണ്ടിരുന്ന മരംവെട്ടുകാരൻ കിട്ടുണ്ണിമാമൻ കേട്ടു. അയാൾ കോടാലിയുമായി അങ്ങോട്ടോടിയെത്തി. എന്നിട്ടു വാതിൽ വെട്ടിപ്പൊളിച്ച്‌ അകത്തു കടന്നു.

മാണിക്യച്ചെമ്പഴുക്കയെ കണ്ണപ്പൻ ചെന്നായ്‌ പിടികൂടിയിരിക്കുന്നതാണു കിട്ടുണ്ണിമാമൻ കണ്ടത്‌. അയാൾ ദേഷ്യത്തോടെ അവന്റെ തലയ്‌ക്ക്‌ ഒരു വെട്ടുകൊടുത്തു.

വെട്ടേറ്റുപുളഞ്ഞ കണ്ണപ്പൻ ചെന്നായ്‌ മാണിക്യച്ചെമ്പഴുക്കയെ തളളിയിട്ടിട്ടു പുറത്തേയ്‌ക്കോടി. അയാൾ കോടാലി ഒന്നുകൂടി ആഞ്ഞുവീശി. അവന്റെ വാൽ മുറിഞ്ഞു താഴെ വീണു. ഒരു കണക്കിന്‌ അവൻ ജീവനും കൊണ്ടു പമ്പകടന്നു.

അപ്പോഴേക്കും പത്തായം തുറന്നു തുന്നൽക്കാരിയമ്മൂമ്മ ഇഴഞ്ഞും വലിഞ്ഞും പുറത്തുവന്നു.

അമ്മൂമ്മ സന്തോഷത്തോടെ മാണിക്യച്ചെമ്പഴുക്കയെ വാരിയെടുത്ത്‌ ഉമ്മവച്ചു. അമ്മൂമ്മ കിട്ടുണ്ണിമാമനോട്‌ പറഞ്ഞുഃ

“എന്റെ കുഞ്ഞിനെ ആപത്തിൽനിന്നു രക്ഷിച്ചതു നീയാണ്‌. നിനക്ക്‌ എന്നും നന്മ വരും മോനേ!”

Generated from archived content: kattukatha_mar19.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here