കുട്ടത്തിക്കോഴിയും കുഞ്ഞുമക്കളും

മുറിവാലൻ കുറുക്കൻ എത്ര നാളായെന്നോ കുട്ടത്തിക്കോഴിയേയും കുഞ്ഞുങ്ങളേയും പിടികൂടാൻ പാത്തും പതുങ്ങിയും നടക്കുന്നു.! പക്ഷേ അവരെ പിടികിട്ടുന്ന മട്ടില്ല.

കുട്ടത്തിക്കോഴിയും കുഞ്ഞുമക്കളും പാർത്തിരുന്നത്‌ തെക്കേ മനയ്‌ക്കലെ തമ്പ്രാട്ടിയമ്മയുടെ കമ്പിവലക്കൂടിലായിരുന്നു. അതിനകത്തു കയറിപ്പറ്റാൻ മുറിവാലൻ കുറുക്കൻ പതിനെട്ടടവും പയറ്റിനോക്കി. പക്ഷേ എന്തുചെയ്യാം? ഒരു പഴുതും കിട്ടിയില്ല. കൊതിമാത്രം ബാക്കി…..!

കുട്ടത്തിക്കോഴിയുടെ ഇളയമകൻ ചിങ്കാരപ്പൂവൻ ഒരു കുസൃതിക്കാരനായിരുന്നു. ഒരു ദിവസം കോഴിശ്ശേരിയിൽ കോഴിയങ്കത്തിനു പോയി മടങ്ങുമ്പോൾ കുട്ടത്തിക്കോഴി അവനു കളിക്കാനായി ഒരു കവണി വാങ്ങിക്കൊടുത്തു.

കവണി കിട്ടിയതോടെ ചിങ്കാരപ്പൂവന്റെ കുസൃതി വല്ലാതെ പെരുത്തു. അവൻ കവണിയിൽ കല്ലുവച്ച്‌ മേലോട്ടെറിഞ്ഞു രസിക്കാൻ തുടങ്ങി. അപ്പോൾ കുട്ടത്തി അവനെ ശകാരിക്കുക പതിവായിഃ

“ചിങ്കാരപ്പൂവാ, തെമ്മാടീ,

കല്ലെറിഞ്ഞീടല്ലേ മേലോട്ട്‌.

ആകാശത്തെങ്ങാനും മുട്ടിയാലോ

ആകാശം താഴോട്ടു വീഴുകില്ലേ?”

കുട്ടത്തി മകനെ ശകാരിക്കുന്നതു മുറിവാലൻ കുറുക്കൻ പുറത്തുനിന്നു കേട്ടു. കോഴികളെ കുടുക്കിലാക്കാനുളള പുതിയ പുതിയ സൂത്രങ്ങൾ അവൻ ആലോചിച്ചു വരികയായിരുന്നു.

അപ്പോഴാണ്‌ ക്രിസ്തുമസ്‌ കാലം വന്നത്‌. വീടുകൾ തോറും നക്ഷത്രവിളക്കുകൾ തെളിഞ്ഞു. മുറിവാലൻ കുറുക്കൻ എവിടെനിന്നോ കടലാസു പൊതിഞ്ഞ ഒരു നക്ഷത്രവിളക്ക്‌ കട്ടുകൊണ്ടുവന്നു. നക്ഷത്രവിളക്കുമായി മുറിവാലൻ കുറുക്കൻ കുട്ടത്തിക്കോഴിയുടെ വീടിന്റെ അരികിൽ വന്നു പതുങ്ങി നിന്നു. ഈ നേരത്താണ്‌ ചിങ്കാരപ്പൂവൻ ചിക്കിയും മാന്തിയും കമ്പിവലക്കൂടിന്റെ ഒരരികിലെത്തിയത്‌. പെട്ടെന്ന്‌ മുറിവാലൻ കുറുക്കൻ നക്ഷത്രവിളക്കെടുത്ത്‌ ചിങ്കാരപ്പൂവന്റെ തലയ്‌ക്കുനോക്കി ഒരേറ്‌….! ചിങ്കാരപ്പൂവൻ നോക്കിയപ്പോൾ അതാ ഒരു നക്ഷത്രം! ചിങ്കാരപ്പൂവൻ പേടിച്ച്‌ ഉറക്കെ കരയാൻ തുടങ്ങിഃ

“അയ്യയ്യോ! നക്ഷത്രം പൊട്ടിവീണേ

ആകാശനക്ഷത്രം പൊട്ടിവീണേ

ആകാശം താഴേക്കു വീഴും മുമ്പേ

ജീവനും കൊണ്ടുടൻ പാഞ്ഞുകൊളളൂ.”

കുട്ടത്തിക്കോഴിയും കുഞ്ഞുമക്കളും പേടിച്ചു വിറച്ചു കമ്പിവലക്കൂടിന്റെ മുകളിലൂടെ പുറത്തേക്കു ചാടി. അവരും ഉറക്കെ പറഞ്ഞു.

“ഓടിക്കോ ചാടിക്കോ കൂട്ടുകാരെ

ഓടിമറഞ്ഞോളിൻ കൂട്ടുകാരേ

ആകാശം താഴേക്കു വീണിടുന്നേ

ഓടി മറഞ്ഞോളിൻ കൂട്ടുകാരേ…!”

കുട്ടത്തിക്കോഴിയും കുഞ്ഞുമക്കളും അതിവേഗത്തിൽ ഓടി. കുറച്ചുദൂരം ചെന്നപ്പോൾ അവർ തമ്മിൽത്തമ്മിൽ ചോദിച്ചുഃ

“എവിടെയൊളിച്ചിടും നമ്മളെല്ലാം

എവിടേക്കു പോയിടും നമ്മളെല്ലാം?”

അതുകേട്ട്‌ ചിങ്കാരപ്പൂവൻ പറഞ്ഞുഃ

“അങ്ങു മൂലയ്‌ക്കൊരു മാളമുണ്ട്‌

നമ്മൾക്കു പറ്റിയ മാളമുണ്ട്‌

അവിടേക്കു പോകാം നമുക്കുവേഗം

അവിടെയൊളിക്കാം നമുക്കുവേഗം.”

അവർ വേഗം മാളത്തിനടുത്തേക്കു പാഞ്ഞു. മാളത്തിന്റെ ഇടുങ്ങിയ വാതിലിലൂടെ ഓരോരുത്തരായി അകത്തേക്കു കയറി.

എന്തൊരു കഷ്‌ടമാണെന്നു നോക്കണേ! ആ മാളം യഥാർത്ഥത്തിൽ മുറിവാലൻ കുറുക്കന്റെ വീടായിരുന്നു. അക്കാര്യം പാവം കുട്ടത്തിക്കോഴിക്കും മക്കൾക്കും അറിഞ്ഞുകൂടായിരുന്നു.

ഈ കാഴ്‌ചയെല്ലാം കണ്ടുകൊണ്ട്‌ സാക്ഷാൽ മുറിവാലൻ കുറുക്കൻ പൊന്തക്കാട്ടിൽ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. കുട്ടത്തിക്കോഴിയും മക്കളും തന്റെ വീട്ടിൽ കടന്നതോടെ മുറിവാലൻ കുറുക്കൻ ഓടിവന്ന്‌ വീടിന്റെ വാതിലടച്ചു. എന്നിട്ട്‌ മുറ്റത്തിരുന്നു സന്തോഷത്തോടെ ഉറക്കെ പാടാൻ തുടങ്ങിഃ

“കുട്ടത്തീം മക്കളും കയ്യിലായേ!

കോഴികളൊക്കെ കുടുക്കിലായേ!

ഇന്നുമുതൽക്കിനി കോഴിസ്സദ്യ

മൂക്കറ്റം തിന്നു സുഖിച്ചിടാമേ…..!

കൊതിമുഴുത്ത മുറിവാലൻ കുറുക്കന്റെ വായിൽ വെളളം നിറഞ്ഞു. എങ്കിലും ഒന്നു കുളിച്ചിട്ടാവാം തീറ്റയെന്നു വിചാരിച്ച്‌ അവൻ വേഗം കാട്ടാറിൽ പോയി മുങ്ങിക്കുളിച്ചു തയ്യാറായി വന്നു.

ആർത്തിയോടെ വാതിൽതുറന്ന്‌ മുറിവാലൻ കുറുക്കൻ അകത്തേക്കു പാഞ്ഞുകയറി. കുട്ടത്തിക്കോഴിയെയും കുഞ്ഞുങ്ങളെയും മാറിമാറി നോക്കിയിട്ട്‌ അവൻ ചോദിച്ചുഃ

”ആദ്യമായാരെ ഞാൻ തിന്നിടേണ്ടു

ആരുടെ ചോര കുടിച്ചിടേണ്ടൂ?

കുട്ടത്തിയെത്തന്നെ തട്ടിയേക്കാം

പിന്നെ ഞാൻ മക്കളെ തിന്നുകൊളളാം.“

മുറിവാലൻ കുറുക്കൻ നാവുനീട്ടിക്കൊണ്ട്‌ കുട്ടത്തിക്കോഴിയെ കടന്നുപിടിക്കാൻ നോക്കി.

ഈ സമയത്ത്‌ കുസൃതിക്കാരനായ ചിങ്കാരപ്പൂവൻ തന്റെ കവണിയിൽ ഒരു കല്ലെടുത്തുവച്ച്‌ മുറിവാലൻ കുറുക്കന്റെ ഇടതുകണ്ണിനു നേരെ തൊടുത്തു വിട്ടുഃ ”ഠേ….!“

കല്ല്‌ അതിവേഗത്തിൽ പാഞ്ഞുചെന്ന്‌ മുറിവാലൻ കുറുക്കന്റെ ഇടത്തേ കണ്ണിനു കൊണ്ടു. അവൻ കണ്ണുപൊത്തി നിലവിളിച്ചു. ഈ തക്കം നോക്കി മറ്റൊരു കല്ല്‌ വലത്തേ കണ്ണിലേക്കും പായിച്ചുവിട്ടുഃ ”ഠേ….!“

മുറിവാലൻ കുറുക്കൻ രണ്ടുകണ്ണും പൊത്തി നിലത്തുകിടന്നുരുണ്ടു. ഇതിനിടയിൽ ചിങ്കാരപ്പൂവൻ അമ്മയോടും ചേട്ടന്മാരോടും പറഞ്ഞുഃ

”എല്ലാരും വേഗം കടന്നുകൊളളൂ

മാളത്തീന്നോടിയകന്നുകൊളളൂ

കളളക്കുറുക്കന്റെ വായിൽനിന്നും

ജീവനും കൊണ്ടു മറഞ്ഞുകൊളളൂ.“

പേടിച്ചുവിറച്ചു മൂലയ്‌ക്കു പതുങ്ങിനിന്ന കുട്ടത്തിക്കോഴിയും മക്കളും ഒന്നൊന്നായി മാളത്തിനു പുറത്തു കടന്നു. അവർ ആകാശത്തേക്കു നോക്കി. ആകാശം പൊട്ടിവീണിട്ടില്ല!

അവസാനം ചിങ്കാരപ്പൂവനും തലനിവർത്തിപ്പിടിച്ചുകൊണ്ട്‌ മാളത്തിൽ നിന്നും പുറത്തു വന്നു. അവനും ആകാശത്തേക്കു നോക്കിഃ ആകാശം പഴയതുപോലെ തന്നെ നിൽക്കുന്നു! അവനു വല്ലാത്ത നാണംതോന്നി. കോഴിക്കൂട്ടിലെ ഏറ്റവും വലിയ വിഡ്‌ഢി താനാണെന്ന്‌ അവനുതോന്നി.

അവൻ മറ്റുളളവരോടു പറഞ്ഞുഃ

”കാര്യമെന്തെന്നു പഠിച്ചിടാതെ

ആ വഴിയീവഴി പാഞ്ഞുപോയാൽ

വലയിൽക്കുടുങ്ങി വലഞ്ഞിടും നാം

കെണികളിൽ വീണു കുഴങ്ങിടും നാം.“

എല്ലാവർക്കും നാണക്കേടുതോന്നി. എങ്കിലും അവരെല്ലാം ചേർന്ന്‌ ചിങ്കാരപ്പൂവന്റെ ധൈര്യത്തേയും സാമർത്ഥ്യത്തേയും പുകഴ്‌ത്തി.

Generated from archived content: kattukatha_jan30.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here