കുറുമ്പുണ്ണികാക്കയും മലമ്പാമ്പും

പക്ഷികൾ കൂട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ ഭയപ്പെട്ടു. അണ്ണാറക്കണ്ണൻമാരും കാട്ടെലികളും പേടിച്ചുവിറച്ചു. വവ്വാലുകൾ പ്രാണരക്ഷാർത്ഥം ജന്തുസ്ഥാനിൽ നിന്ന്‌ കൂട്ടത്തോടെ ഒളിച്ചോടാൻ തുടങ്ങി.

ജന്തുസ്ഥാനിലെങ്ങും ഒരരക്ഷിതാവസ്ഥ!……

കാരണമെന്തെന്നോ? തെമ്മാടിയും കുറുമ്പനുമായ കുറുമ്പുണ്ണി കാക്ക ജന്തുസ്ഥാനിലെങ്ങും പറന്ന്‌ നടന്ന്‌ വലിയ അക്രമങ്ങൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു….

നേരം പുലർന്നാൽപ്പിന്നെ കുറുമ്പുണ്ണിക്കാക്കയുടെ ഒരു വിളയാട്ടമാണ്‌. കണ്ണിൽകണ്ട ആരെയും അവൻ വെറുതെ വിടില്ല. എത്രയെത്ര പാവം ജന്തുക്കളെയാണ്‌ ആ ദ്രോഹി കൊന്നൊടുക്കിയത്‌!

മുയലങ്ങാടിയിലെ ആൽമരത്തിന്റെ മുകളിൽ താമസിച്ചിരുന്ന വണ്ണാത്തിപ്പുളളിനെയും കുഞ്ഞുങ്ങളേയും അവൻ ഓരോ കൊത്തിന്‌ കഥ കഴിച്ചു.

-ഞ്ഞാറക്കാട്ടിലെ ഞാവൽമരത്തിന്റെ കൊമ്പിൽ തൂങ്ങിക്കിടന്നിരുന്ന ഒരു സുന്ദരിയായ വവ്വാലിനെ അവൻ പാത്തും പതുങ്ങിയും ചെന്ന്‌ പിടികൂടി. അവളുടെ കുടപോലുളള ചിറകുകൾ രണ്ടും മാന്തിക്കീറി. പറക്കാനാവാതെ ആ വവ്വാൽ പെണ്ണ്‌ കാട്ടുപൊയ്‌കയിൽ വീണ്‌ മുങ്ങിച്ചത്തു.

ജന്തുസ്ഥാനിലെ ജൂനിയർ എഞ്ചിനീയറായിരുന്ന കണ്ടൻ ചുണ്ടെലിയെ അവൻ റാഞ്ചിക്കൊണ്ടുപോയി സാപ്പിട്ടു. ഇതറിഞ്ഞ കാട്ടെലികൾ മുഴുവൻ ഇളകി. അവർ അന്ന്‌ സന്ധ്യയ്‌ക്ക്‌ മുമ്പായി കുറുമ്പുണ്ണിക്കാക്കയുടെ കൂടു തകർത്ത്‌ താഴെയിട്ടു.

ഇതുകണ്ട്‌ എലിവർഗ്ഗത്തെ മുഴുവൻ താൻ കൊന്നൊടുക്കുമെന്ന്‌ അവൻ വീമ്പിളക്കിക്കൊണ്ടു നടന്നു. പക്ഷേ സൂത്രശാലികളായ കാട്ടെലികൾ പകൽ സമയത്തൊന്നും പുറത്തിറങ്ങാതെ തങ്ങളുടെ മാളങ്ങളിൽത്തന്നെ കഴിഞ്ഞുകൂടി.

അങ്ങനെയിരിക്കെയാണ്‌ കുഞ്ഞുങ്ങൾക്ക്‌ മരുന്നന്വേഷിച്ചുപോയ മീനാക്ഷിമുയലിന്റെ കണ്ണ്‌ രണ്ടും കുറുമ്പുണ്ണിക്കാക്ക കൊത്തിവിഴുങ്ങിയത്‌. ഇമ്മാതിരി തെമ്മാടിത്തരങ്ങൾ അവൻ ചെയ്‌തുകൊണ്ടിരുന്നു.

ഇതിനിടയിൽ കുറുമ്പുണ്ണിയും പനങ്കാട്ടിലെ മണിയനണ്ണാനും തമ്മിൽ ഒരേറ്റുമുട്ടൽ നടന്നു. അത്‌ വളരെ രസകരമായ ഒരു സംഭവമാണ്‌.

മണിയനണ്ണാൻ ഞാവൽ മരത്തിന്റെ മുകളിലിരുന്ന്‌ ഞാവൽപ്പഴങ്ങൾ കാർന്നുതിന്നുകയായിരുന്നു. ഈ സമയത്താണ്‌ കുറുമ്പുണ്ണിക്കാക്ക തലയും നിവർത്തിപ്പിടിച്ച്‌ വലിയ ‘ഗമ’യിൽ അതുവഴിക്കു പറന്നുവന്നത്‌.

കുറുമ്പുണ്ണിക്കാക്ക മണിയനണ്ണാന്റെ അടുത്തുവന്ന്‌ ഇരിപ്പുറപ്പിച്ചു. എന്നിട്ട്‌ ഒരു പ്രമാണിയുടെ മട്ടിൽ ചോദിച്ചു.

“എടാ മണിയാ, നിന്നോട്‌ ഈ ഞാവൽപ്പഴം തിന്നാൻ ആരുപറഞ്ഞു”

“ആരും പറഞ്ഞില്ല.” അണ്ണാൻ നിർത്താതെ തീറ്റ തുടർന്നു.

“പിന്നെ നീ എന്തിനാ തിന്നുന്നത്‌?” കുറുമ്പുണ്ണിക്കാക്ക മണിയനണ്ണാനെ നോക്കി കണ്ണുരുട്ടി. പക്ഷേ മണിയനണ്ണാൻ കുലുങ്ങിയില്ല. അവൻ പറഞ്ഞു.

“എനിക്കു മനസ്സുണ്ടായിട്ടാ തിന്നുന്നത്‌. നീയാരാ ചോദിക്കാൻ?”

“ഞാനാരാണെന്ന്‌ നിനക്കറിയണോ?” കുറുമ്പുണ്ണിക്കാക്ക കോപത്തോടെ കൊക്കു ഞെരിച്ചു.

“നീയാരാണെന്ന്‌ എനിക്കറിയാം. നീയല്ലേ ജന്തുസ്ഥാനിലെ പേരുകേട്ട പോക്കിരിക്കാക്ക” മണിയനണ്ണാൻ അവനെ കണക്കിനൊന്ന്‌ പരിഹസിച്ചു. പക്ഷേ അവനത്‌ സഹിച്ചില്ല. അവൻ ഉറക്കെ അലറി.

“പോടാ മരഞ്ചാടി മണിയാ, ഞാൻ പോക്കിരിയും മാക്കിരിയുമൊന്നുമല്ല. ഞാനാണ്‌ കുറുമ്പൻ കുറുമ്പുണ്ണിക്കാക്ക!”

“കുറുമ്പൊക്കെ നിന്റെ കയ്യിലിരിക്കട്ടെ. അതെന്നോട്‌ വേണ്ട!” മണിയനണ്ണാൻ തിരിച്ചടിച്ചു.

തർക്കം മൂത്തപ്പോൾ കുറുമ്പുണ്ണിക്കാക്ക ദേഷ്യത്തോടെ മണിയനണ്ണാന്റെ തലക്കൊരു കൊത്തുകൊടുത്തു. മണിയനണ്ണാൻ കൈ ചുരുട്ടി കാക്കയുടെ മുഖത്ത്‌ ഒരടിയും കൊടുത്തു.

അടിയേറ്റ്‌ കുറുമ്പുണ്ണിക്കാക്കയുടെ തല കറങ്ങിപോയി. എങ്കിലും അവൻ വിട്ടില്ല. അവൻ ഉടനെ മണിയനണ്ണാന്റെ വാലിന്‌ ഒരു നല്ല കൊത്തു കൊടുത്തു. അണ്ണാന്റെ വാലിലെ രോമം മുഴുവൻ കുറുമ്പുണ്ണിയുടെ വായിൽ!

മണിയനണ്ണാൻ കരഞ്ഞുകൊണ്ട്‌ വീട്ടിലേയ്‌ക്കോടി. അവന്റെ കരച്ചിൽകേട്ട്‌ അണ്ണാറക്കണ്ണന്മാരെല്ലാം പാഞ്ഞെത്തി.

കുറുമ്പുണ്ണിക്കാക്ക മണിയനണ്ണാനെ ഉപദ്രവിച്ചെന്ന്‌ കേട്ട്‌ അണ്ണാന്മാർ കലിപൂണ്ടു വിറച്ചു. കുറുമ്പുണ്ണിക്കാക്കയെ ഒരു പാഠം പഠിപ്പിക്കണമെന്ന്‌ അവർ ഒരേ സ്വരത്തിൽ പറഞ്ഞു.

പക്ഷേ എങ്ങിനെയാണ്‌ കുറുമ്പുണ്ണിയോട്‌ പകരം വീട്ടുക? എല്ലാ അണ്ണാറകണ്ണന്മാരും മുഖത്തോടുമുഖം നോക്കി. അപ്പോൾ മിടുക്കനും മീശക്കാരനുമായ കേശുവണ്ണാൻ പറഞ്ഞുഃ “ചങ്ങാതികളെ, ഞാനൊരു സൂത്രം കണ്ടിട്ടുണ്ട്‌..!”

“എന്താണത്‌? കേൾക്കട്ടെ?”

എല്ലാ അണ്ണാറക്കണ്ണന്മാരും കേശുവണ്ണാനെ നോക്കി.

കേശുവണ്ണാൻ മീശ മിനുക്കിക്കൊണ്ട്‌ അറിയിച്ചു.

“എനിക്കൊരു കൂട്ടുകാരനുണ്ട്‌ഃ നീലൻമലമ്പാമ്പ്‌!…അവനോടൊന്ന്‌ പറഞ്ഞാൽ കുറുമ്പുണ്ണിയുടെ കുറുമ്പു കുറയ്‌ക്കും..!”

“വെരി ഗുഡ്‌!.വെരി ഗുഡ്‌!….” പാണ്ടനണ്ണാൻ ആ അഭിപ്രായം ശരിവെച്ചു. മറ്റുളള അണ്ണാന്മാർക്കും ആ ഉപായം നന്നേ ഇഷ്‌ടപ്പെട്ടു.

നീലൻപാമ്പിനെ ചെന്നുകണ്ട്‌ വിവരങ്ങൾ ധരിപ്പിക്കാൻ കേശുവണ്ണാനെത്തന്നെ ചുമതലപ്പെടുത്തി.

പിറ്റേന്ന്‌ രാവിലെ കേശുവണ്ണാൻ നീലൻമലമ്പാമ്പിന്റെ താവളത്തിലേയ്‌ക്ക്‌ യാത്രയായി.

കേശുവണ്ണാൻ ചെല്ലുമ്പോൾ നീലൻമലമ്പാമ്പ്‌ ഒരു കാട്ടുകോഴിയെ വിഴുങ്ങുവാനുളള തിരക്കിലായിരുന്നു. എങ്കിലും കേശുവണ്ണാനെ കണ്ടയുടനെ നീലൻ കോഴിയെ വിട്ടിട്ട്‌ അങ്ങോട്ട്‌ ഓടിച്ചെന്നു.

“ഗുഡ്‌മോർണിങ്ങ്‌ കേശൂ, ഗുഡ്‌മോർണിങ്ങ്‌” നീലൻമലമ്പാമ്പ്‌ കേശുവിനെ സ്വാഗതം ചെയ്‌തു.

“എന്താ നീലൻചേട്ടന്‌ സുഖം തന്നെയല്ലേ?” കേശുവണ്ണാൻ കുശലം ചോദിച്ചു.

“ഒരുവിധം സുഖംതന്നെ!” പാമ്പ്‌ അറിയിച്ചു.

“തന്റെ മോനെവിടെ?” കേശുവണ്ണാൻ നീലൻമലമ്പാമ്പിന്റെ മകനെ തിരക്കി.

“അവന്റെ കാര്യം ഒന്നും പറയണ്ട കേശു. എപ്പോഴും തെണ്ടിത്തിരിഞ്ഞു നടപ്പാണ്‌. ഇത്തിരി അനുസരണമെങ്കിലും വേണ്ടേ?” നീലൻമലമ്പാമ്പ്‌ പരാതിപ്പെട്ടു.

“അതുപറഞ്ഞിട്ടു കാര്യമില്ല. ഇപ്പോഴത്തെ സന്തതികളൊക്കെ അങ്ങിനെയാ” കേശുവണ്ണാൻ മലമ്പാമ്പിനെ സമാധാനപ്പെടുത്താൻ നോക്കി.

“കേശുവിന്റെ വിശേഷങ്ങളെന്തൊക്കെയാണ്‌?”

നീലൻമലമ്പാമ്പ്‌ അന്വേഷിച്ചു. കേശുവണ്ണാൻ അല്‌പം സങ്കടത്തോടെ പറഞ്ഞുഃ

“കഷ്‌ടം തന്നെ നീലൻചേട്ടാ!……..ഞങ്ങൾക്ക്‌ ജന്തുസ്ഥാനിൽ കിടന്നു പൊറുക്കാൻ വയ്യെന്നായിരിക്കുന്നു.”

“ങും അതെന്താ?” നീലൻ തലപൊക്കി “കുറുമ്പനും പോക്കിരിയുമായ കുറുമ്പുണ്ണിക്കാക്ക ഞങ്ങളെ വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്‌”. കേശുവണ്ണാൻ അറിയിച്ചു.

“ങ്‌ഹേ….കാക്കകളും തെമ്മാടിത്തരം തുടങ്ങിയോ?” കോപം കൊണ്ട്‌ നീലൻമലമ്പാമ്പിന്റെ കണ്ണുകൾ തിളങ്ങി.

“അതെ, കുറുമ്പുണ്ണിയുടെ തെമ്മാടിത്തരം കൊണ്ട്‌ ഞങ്ങൾക്കും പൊറുതിമുട്ടി. നീലൻചേട്ടൻ അതൊന്ന്‌ കുറച്ചുതരണം.” കേശുവണ്ണാൻ ആവശ്യപ്പെട്ടു.

“അക്കാര്യം ഞാനേറ്റു.” നീലൻമലമ്പാമ്പ്‌ ഉറപ്പ്‌ കൊടുത്തു. പിന്നെ ഒട്ടും താമസിച്ചില്ല. കേശുവണ്ണാനും നീലൻമലമ്പാമ്പും ഒരുമിച്ച്‌ കുറുമ്പുണ്ണിക്കാക്കയുടെ താമസസ്ഥലത്തേയ്‌ക്ക്‌ പുറപ്പെട്ടു.

അവർ ചെല്ലുന്ന സമയത്ത്‌ കുറുമ്പുണ്ണിക്കാക്ക ഒരു പാവം മുയൽകുട്ടിയെ കൊത്തിക്കൊല്ലാൻ ഭാവിക്കുകയായിരുന്നു.

നീലൻമലമ്പാമ്പ്‌ വേഗത്തിൽ ഇഴഞ്ഞ്‌ അവന്റെ അടുത്തുചെന്നു. എന്നിട്ടു പറഞ്ഞുഃ “എടാ തെമ്മാടി, ആ മുയൽക്കുഞ്ഞിനെ തൊട്ടുപോകരുത്‌”.

“അതു പറയാൻ നീയാരാ?” കുറുമ്പുണ്ണി തിരിച്ചടിച്ചു. അവൻ പിന്നെയും മുയൽക്കുട്ടിയെ കൊത്താൻ ശ്രമിച്ചു.

“കൊത്തരുതെന്നല്ലേ നിന്നോടു പറഞ്ഞത്‌!” നീലൻ മലമ്പാമ്പ്‌ ഉറക്കെ അലറി.

നീലൻമലമ്പാമ്പ്‌ പറഞ്ഞതനുസരിക്കാതെ അവൻ വീണ്ടും വീണ്ടും മുയൽക്കുട്ടിയെ കൊത്തിപ്പറിച്ചുകൊണ്ടിരുന്നു.

നീലൻമലമ്പാമ്പ്‌ കുറുമ്പുണ്ണിയുടെ നേരെ നോക്കി ഒരു ചീറ്റുചീറ്റി.

ആ തക്കം നോക്കി കുറുമ്പുണ്ണിക്കാക്ക നീലൻമലമ്പാമ്പിന്റെ തലയ്‌ക്കൊരു കൊത്തുകൊടുത്തിട്ട്‌ ഒരു മരത്തിന്റെ മുകളിലേയ്‌ക്ക്‌ പറന്നുപോയി.

നീലൻമലമ്പാമ്പ്‌ വേദനകൊണ്ട്‌ അല്‌പനേരം പിടഞ്ഞു. പിന്നെ അനങ്ങാതെ കിടന്നു.

കുറുമ്പുണ്ണിക്കാക്ക മരക്കൊമ്പിലിരുന്ന്‌ ഉറക്കമായപ്പോൾ നീലൻമലമ്പാമ്പ്‌ പതുക്കെ മരക്കൊമ്പിലേയ്‌ക്ക്‌ ഇഴഞ്ഞു കയറി. കുറുമ്പുണ്ണിക്കാക്ക കണ്ണു തുറന്നപ്പോൾ തലയും നിവർത്തിപ്പിടിച്ച്‌ മുന്നിൽനിന്ന്‌ ചിരിക്കുന്ന നീലൻമലമ്പാമ്പിനെയാണു കണ്ടത്‌.

നീലൻമലമ്പാമ്പ്‌ കുറുമ്പുണ്ണിക്കാക്കയോടു ചോദിച്ചു.

“എടാ കരിങ്കളളാ, എന്നെ കൊത്താൻ നീ വളർന്നോ?

”നിന്നെയല്ലാ; നിന്റെ മുത്തച്ഛനേയും ഞാൻ കൊത്തും!“ കുറുമ്പുണ്ണി ധിക്കാര സ്വരത്തിൽ പറഞ്ഞു.

”ങ്‌ഹാ കൊത്തുമോ?“ എന്നു പറഞ്ഞതും നീലൻമലമ്പാമ്പ്‌ വായ്‌പിളർന്നതും ഒപ്പമായിരുന്നു.

കുറമ്പുണ്ണിക്കാക്ക നീലൻമലമ്പാമ്പിന്റെ വായിലിരുന്നു പിടഞ്ഞു.

ഈ രംഗം കണ്ട്‌ അണ്ണാറകണ്ണന്മാരും മുയലുകളും കാട്ടെലികളും കൈകൊട്ടിച്ചിരിച്ചു.വണ്ണാത്തിക്കിളികളും മൈനയും മാടത്തയും പ്രാവും കുരുവിയുമൊക്കെ ചിറകിട്ടടിച്ചു സന്തോഷിച്ചു.

കുറുമ്പനും തെമ്മാടിയുമായ കുറുമ്പുണ്ണിക്കാക്കയുടെ കഥ കഴിഞ്ഞതോടെ ജന്തുസ്ഥാനിൽ പിന്നെയും സമാധാനത്തിന്റെ കൊടിക്കൂറ പറന്നു.

———–

Generated from archived content: kattukatha_dec31.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here