കരിമണ്ണൂരിൽ പണ്ടുപണ്ട് ഒരു കരുമാടിക്കുറുക്കനുണ്ടായിരുന്നു. ഒരു ദിവസം പതിവുപോലെ അവൻ
ഇരതേടാനിറങ്ങി. തോടുംപാടവുമെല്ലാം നീന്തിനിരങ്ങി ഒടുവിൽ ഒരു രാജകൊട്ടാരത്തിന്റെ വളപ്പിലാണ് അവൻ
എത്തിച്ചേർന്നത്.
അപ്പോഴതാ, കൊട്ടാരക്കുളത്തിന്റെ തൊട്ടരികിൽ ഒരു സ്വർണ്ണത്തളിക കിടന്ന് മിന്നുന്നു! ഒന്നു
നോക്കിയതേയുള്ളൂ; കരുമാടിക്കുറുക്കന്റെ കണ്ണഞ്ചിപ്പോയി!
മനോഹരമായ ആ സ്വർണ്ണത്തളിക കരുമാടിക്കുറുക്കന് വലിയ ഇഷ്ടമായി. അവൻ അതു കടിച്ചെടുത്തുകൊണ്ട്
കാട്ടിലേയ്‌ക്ക് ഒരൊറ്റ ഓട്ടം…!
കുറുക്കന് സ്വർണ്ണത്തളിക കിട്ടിയ വാർത്ത കാട്ടിൽ പാട്ടായി. അതു തട്ടിയെടുക്കണമെന്ന് മൃഗരാജാവായ
സിംഹത്തപ്പൻ വിചാരിച്ചു.
സിംഹത്തപ്പൻ പിറ്റേന്നു തന്നെ കരുമാടിക്കുറുക്കന്റെ വീട്ടിലേക്ക് തന്റെ മന്ത്രിയായ ചിഞ്ചുക്കുരങ്ങനെ
പറഞ്ഞയച്ചു. ചിഞ്ചുക്കുരങ്ങൻ പറഞ്ഞു ഃ
“ഏയ് കരുമാടിക്കുറുക്കാ, നിന്റെ കയ്യിലുള്ള സ്വർണ്ണത്തളിക നമ്മുടെ തിരുമേനിയ്‌ക്ക് വലിയ ഇഷ്ടമായിരിക്കുന്നു.
അത് അദ്ദേഹത്തിന് കാഴ്‌ചവയ്‌ക്കണം.”
“ഇല്ല മന്ത്രി, ഇല്ല. അതു ഞാൻ ആർക്കും നൽകില്ല. നിത്യവും അത് കണികണ്ടുണരണമെന്നാണ് എന്റെ
ആഗ്രഹം” – കരുമാടിക്കുറുക്കൻ അറിയിച്ചു.
ഇതുകേട്ട മന്ത്രി ദേഷ്യത്തോടെ തിരിച്ചുപോയി. വിവരമറിഞ്ഞ സിംഹത്തപ്പൻ പിറ്റേന്നു തന്നെ
കരുമാടിക്കുറുക്കനെ കൊട്ടാരത്തിലേയ്‌ക്കു വിളിപ്പിച്ചു. സിംഹത്തപ്പൻ കല്പിച്ചു ഃ
“ നിന്റെ സ്വർണ്ണത്തളിക നമുക്കു തന്നേ തീരൂ. തന്നില്ലെങ്കിൽ നമ്മുടെ വേഷം മാറും. നമ്മുടെ കല്പന ലംഘിച്ചാൽ
നാം നിന്നെ മാന്തിക്കീറിത്തിന്നും!”
രാജകല്പന കേട്ട് കരുമാടിക്കുറുക്കൻ നടുങ്ങി. എങ്കിലും തനിക്കിഷ്ടപ്പെട്ട ആ സ്വർണ്ണത്തളിക ഒരു കാരണവശാലും
വിട്ടുകൊടുക്കില്ലെന്ന് അവൻ മനസ്സിൽ ശപഥം ചെയ്തു. എങ്കിലും രാജാവിനോട് മറുത്തു പറഞ്ഞാൽ ജീവൻ
പോകുമെന്ന് അവന് നന്നായി അറിയാമായിരുന്നു.
എന്താണൊരു മാർഗ്ഗം? കരുമാടിക്കുറുക്കൻ തല പുകഞ്ഞാലോചിച്ചു. അവന് പെട്ടെന്നൊരു ബുദ്ധി തോന്നി.
അവൻ പറഞ്ഞു ഃ
“തിരുമേനീ, അങ്ങേയ്‌ക്ക് സ്വർണ്ണത്തളികയല്ലേ വേണ്ടൂ?”
“അതെ; നമുക്കു സ്വർണ്ണത്തളിക കിട്ടിയാൽ മതി. പക്ഷെ അതു കിട്ടാതെ നിന്നെ നാം ജീവനോടെ വിട്ടയക്കില്ല.”
സിംഹത്തപ്പൻ ഗർജ്ജിച്ചു. കരുമാടിക്കുറുക്കൻ വിനയത്തോടെ പറഞ്ഞു ഃ
“നമ്മുടെ കാട്ടുക്കുളത്തിൽ രാത്രിയിൽ ആരോ ഒരു സ്വർണ്ണത്തളിക കൊണ്ടുവന്നിടാറുണ്ട്. രാവിലെ
എടുത്തുകൊണ്ടുപോവുകയും ചെയ്യും. അവിടന്നാണ് എനിക്ക് തളിക കിട്ടിയത്.”
“അപ്പോൾ അവിടെ ചെന്നാൽ തളിക കിട്ടുമോ? – സിംഹത്തപ്പൻ ആരാഞ്ഞു.
”അതെ; തീർച്ചയായും കിട്ടും. അങ്ങ് എന്റെ കൂടെ വന്നാൽ മാത്രം മതി“ – കരുമാടിക്കുറുക്കൻ തന്ത്രപൂർവ്വം
പറഞ്ഞു.
അന്നുരാത്രിയിൽ കരുമാടിക്കുറുക്കൻ സിംഹത്തപ്പനെയും കൊണ്ട് കാട്ടുക്കുളത്തിന്റെ അരികിലേക്കു പോയി.
വെള്ളത്തിൽ പൂർണ്ണചന്ദ്രന്റെ പ്രതിച്ഛായ തിളങ്ങി നിന്നിരുന്നു. അതു കാണിച്ചു കൊടുത്തിട്ട് കരുമാടിക്കുറുക്കൻ
പറഞ്ഞു ഃ
”അതാ, തിരുമേനി സ്വർണ്ണത്തളിക; വേഗം എടുത്തില്ലെങ്കിൽ ആരെങ്കിലും വന്ന് തട്ടിയെടുക്കും!“
പറഞ്ഞു തീരേണ്ട താമസം സിംഹത്തപ്പൻ ആഴമുള്ള കാട്ടുക്കുളത്തിലേക്ക് ഒരു ചാട്ടം! ‘ബ്ലും!’ അദ്ദേഹം
വെള്ളത്തിൽ കിടന്ന് മുങ്ങിയും പൊങ്ങിയും കൈകാലിട്ടടിച്ചു?
തന്ത്രശാലിയായ കരുമാടിക്കുറുക്കൻ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തോടെ തന്റെ മാളത്തിലേക്കു മടങ്ങി.
Generated from archived content: kattukatha1_july7_07.html Author: sippi-pallippuram