വെള്ളാരംകുന്നിന്റെ താഴ്‌വരയിലായിരുന്നു ജില്ലൻ കുറുക്കന്റെ വീട്. ഒരിക്കൽ ഒരു നിലാവുള്ള രാത്രിയിൽ അവൻ പട്ടണത്തിൽ കോഴിവേട്ടയ്‌ക്കു പോയി. പക്ഷേ നടന്നു നടന്ന് കാലുകുഴഞ്ഞതല്ലാതെ ഒരൊറ്റ കോഴിയെപ്പോലും കിട്ടിയില്ല.
വിശന്നുവലഞ്ഞ് ഒടുവിൽ ജില്ലൻ കുറുക്കൻ കുഞ്ഞോതാച്ചൻ മുതലാളിയുടെ വീട്ടുപടിയ്‌ക്കലെത്തി. അപ്പോഴാണ് “ബൗ!…. ബൗ!” എന്ന് ഉച്ചത്തിലുള്ള കുര കേട്ടത്.
ജില്ലൻ കുറുക്കൻ പേടിച്ച് ഇരുട്ടിൽ പതുങ്ങി നിന്നു. പെട്ടെന്ന് പടിയും ചാടിക്കടന്ന് ഒരു കൂറ്റൻ നായ് പുറത്തേക്കു വന്നു! അവൻ മുരണ്ടുകൊണ്ട് ചോദിച്ചു ഃ
“ആരെടാ, ഇരുട്ടിൽ പതുങ്ങിനിൽക്കുന്നത്?”
“ഞാൻ വെള്ളാരം കാട്ടിലെ ജില്ലൻ കുറുക്കനാണ്. എന്നെ ഒന്നും ചെയ്യരുത്” ജില്ലൻ താഴ്‌മയോടെ അപേക്ഷിച്ചു.
“നീ ജില്ലൻ കുറുക്കനാണെങ്കിൽ ഞാൻ ജഗജില്ലിപ്പട്ടിയാണ്! ങും വേഗം പറഞ്ഞോ എന്തിനാ നീയിവിടെ വന്നത്?” അവൻ ഉറക്കെ മുരളാൻ തുടങ്ങി.
“ഞാൻ ഇരതേടി ഇതുവഴി വന്നതാണ്. ഒന്നും കിട്ടിയില്ല. വിശപ്പുകൊണ്ട് കണ്ണും തലയും ചൂറ്റുന്നു” ജില്ലൻ കരയാൻ ഭാവിച്ചു. അവന്റെ എളിമയുള്ള സംസാരം കേട്ടപ്പോൾ ജഗജില്ലിപ്പട്ടിയുടെ മനസലിഞ്ഞു. അവൻ അപ്പോൾ തന്നെ തന്റെ കൂട്ടിലേക്ക് ഓടിപ്പോയി. അവിടെ നിന്ന് കട്‌ലറ്റും ചിക്കൻറോസ്‌റ്റും കടിച്ചുകൊണ്ടു വന്ന് ജില്ലന്റെ മുന്നിലവച്ചു. എന്നിട്ടു പറഞ്ഞു.
“ഇതെല്ലാം നീ തിന്നോളൂ”
“അപ്പോ ചങ്ങാതിയ്‌ക്കുവേണ്ടേ?” ജില്ലൻ ചോദിച്ചു.
“എനിക്കവിടെ ബിസ്‌ക്കറ്റും ഓംലറ്റുമൊക്കെയുണ്ട്”.
“ഓംലറ്റോ? അതെന്താ?” ജില്ലൻ അത്ഭുതത്തോടെ ആരാഞ്ഞു.
“മുട്ട പൊരിച്ചത്! നീ അതൊന്നും തിന്നിട്ടില്ലേ?” ജഗജില്ലിപ്പട്ടി കൗതുകത്തോടെ ജില്ലനെ നോക്കി.
“എനിക്കതിനൊന്നും ഭാഗ്യമില്ല. ഇതെല്ലാം തിന്നു ജീവിക്കുന്ന നീ എത്രയോ ഭാഗ്യവാനാണ്. ഇവിടെ നിനക്കെന്താ ജോലി? ജില്ലൻ അന്വേഷിച്ചു.
”ഞാനാണ് ഈ വീടിന്റെ കാവൽക്കാരൻ. താൽപര്യമുണ്ടെങ്കിൽ നിന്നെയും ഇവിടത്തെ കാവൽക്കാരനാക്കാം, വരൂ“. ജഗജില്ലിപ്പട്ടി കുറുക്കനെ ക്ഷണിച്ചു.
ഇതിനിടയിലാണ് ജഗജില്ലിയുടെ കഴുത്തിൽ കിടക്കുന്ന ബെൽറ്റ് അവന്റെ ശ്രദ്ധയിൽ പെട്ടത്.
”ഇതെന്താ ചങ്ങാതി?“ ജില്ലൻ അമ്പരപ്പോടെ ചോദിച്ചു.
”ഇത് നിത്യവും എന്നെ ചങ്ങലയിൽ പൂട്ടുന്ന ബെൽറ്റാണ്! നേരം വെളുത്താൽ എന്നും ഞാൻ ചങ്ങലയിലാണ്! “ ജഗജില്ലി അറിയിച്ചു.
”അയ്യോ! ചങ്ങലയിൽ കിടക്കാൻ ഞാനില്ല. നിന്റെ രുചിയുള്ള തീറ്റയും എനിക്കു വേണ്ട. എനിക്കെന്റെ കാടും ഞണ്ടും ഞവണിയുമൊക്കെ മതി! “ഗുഡ്‌ബൈ” ജില്ലൻ കുറുക്കൻ കാട്ടിലേയ്‌ക്ക് ഒരൊറ്റപ്പാച്ചിൽ!
Generated from archived content: kattukatha1_apr24_07.html Author: sippi-pallippuram