ഞാനാര്?
താമസമെല്ലാം മൂക്കന്നൂരിൽ
കാലുകൾ രണ്ടും ചെവിയന്നൂരിൽ
ഇടയ്‌ക്കു വാസം കൂടന്നൂരിൽ;
ഞാനാരെന്നു പറഞ്ഞീടാമോ?
ഉത്തരം ഃ കണ്ണട
കുത്താത്ത കാള
മുണ്ടൂരെ കാളയ്‌ക്കും മണ്ടയ്‌ക്കു കൊമ്പ്
കേളന്റെ കാളയ്‌ക്കും മണ്ടയ്‌ക്കു കൊമ്പ്
അമ്പാട്ടുവീട്ടിലെ കാളയ്‌ക്കു മാത്രം
അമ്പടാ! കണ്ടില്ലേ പളളയ്‌ക്കു കൊമ്പ്!
വായൊന്നടയ്‌ക്കാത്ത വല്ലാത്ത കാള
വെളളം കുടിച്ചു തിമിർക്കുന്ന കാള
എന്നെയും നിന്നെയും കുത്താത്ത കാള
കാളയ്‌ക്കു പേരെന്തു കൂട്ടരേ ചൊല്ലൂ?
ഉത്തരംഃ കിണ്ടി
ഏതു പോത്തച്ചൻ?
അക്കരെയുളെളാരു കൈത്തോട്ടിൽ
ചത്തുകിടന്നൊരു പോത്തച്ചൻ
പെരിയ മുളങ്കോൾ കണ്ടപ്പോൾ
ഓടുന്നല്ലോ നെട്ടോട്ടം!
ഉത്തരംഃ വഞ്ചി
കല്ലപ്പൂപ്പൻ
വായതുറന്നൊരു വല്ല്യപ്പൂപ്പൻ
വീട്ടിൽ പങ്ങിയിരിപ്പുണ്ടേ
വല്ലപ്പോഴും വല്ല്യപ്പൂപ്പനു
നെല്ലുകൊറിക്കണ പണിയുണ്ടേ
അരിയും പൊരിയും വായിലൊതുക്കി-
പ്പൊടിയാക്കുന്നൊരു പണിയുണ്ടേ.
നല്ലപ്പൂപ്പൻ; കല്ലപ്പൂപ്പൻ
ചൊല്ലുവിനേതീയപ്പൂപ്പൻ?
ഉത്തരംഃ ഉരൽ
മുത്തച്ഛൻ
ഒറ്റക്കണ്ണൻ മുത്തച്ഛൻ
വട്ടക്കണ്ണൻ മുത്തച്ഛൻ
പൊക്കിൾക്കൊടിയിൽ ഞെക്കുമ്പോൾ
കണ്ണുതുറക്കും മുത്തച്ഛൻ!
ഉത്തരം ഃ ടോർച്ച്
പഴമേത്?
തോലില്ലാത്തൊരു പഴമാണേ
കോലിൽ കോർത്തൊരു പഴമാണേ
വായിൽ വെച്ചാലയ്യയ്യോ
പല്ലുകൾ കോച്ചും പഴമാണേ;
കുരുവില്ലാത്തൊരു പഴമാണേ
കുട്ടികൾ നക്കും പഴമാണേ!
ചേലേറുന്നൊരു പഴമാണേ
ചൊല്ലുവിനിപ്പഴമേതു പഴം?
ഉത്തരംഃ ഐസ് ഫ്രൂട്ട്
Generated from archived content: kadamkadha.html Author: sippi-pallippuram