കൊണ്ടോട്ടിയിൽ ഒരു ചൂണ്ടക്കാരൻ ചാണ്ടിച്ചേട്ടൻ പാർത്തിരുന്നു. ചാണ്ടിച്ചേട്ടൻ വളരെ പാവപ്പെട്ടവനും പട്ടിണിക്കാരനും ആയിരുന്നു. കൊണ്ടോട്ടിപ്പുഴയിൽനിന്ന് ചൂണ്ടയിട്ട് മീൻ പിടിച്ചാണ് ചാണ്ടിച്ചേട്ടൻ കഴിഞ്ഞിരുന്നത്. എന്നാൽ ചാണ്ടിച്ചേട്ടന്റെ കെട്ടിയവൾ ഉണ്ടമറിയ ഒരു വലിയ പൊങ്ങച്ചക്കാരിയും അത്യാഗ്രഹിയും ആയിരുന്നു. ഒരു ദിവസം ചാണ്ടിച്ചേട്ടൻ പതിവുപോലെ കൊണ്ടോട്ടിപ്പുഴയിൽ ചൂണ്ടയിടാൻ പോയി. ചൂണ്ടയിടുന്നതിനിടയിൽ ഒരു വെളുവെളുമ്പൻ ചുണ്ണാമ്പുവാള ചൂണ്ടക്കൊളുത്തിൽ കുരുങ്ങി.
ചുണ്ണാമ്പുവാള കരഞ്ഞുകൊണ്ട് ചാണ്ടിച്ചേട്ടനോടു പറഞ്ഞുഃ
“ചൂണ്ടക്കാരൻ ചങ്ങാതീ
പൊന്നാരോമൽച്ചങ്ങാതീ
കൊല്ലരുതെന്നെക്കൊല്ലരുതേ
കൊല്ലാക്കൊല നീ ചെയ്യരുതേ!….
മീനുകൾ തന്നുടെ രാജാവിൻ
മകനാണല്ലോ പാവം ഞാൻ!…
പുഴയിൽ വേഗം വിട്ടെന്നാൽ
പകരം പലതും നൽകാം ഞാൻ!…”
ചുണ്ണാമ്പുവാളയുടെ കരച്ചിലും പിടച്ചിലും കണ്ട് ചാണ്ടക്കാരൻ ചാണ്ടിച്ചേട്ടന് വളരെ അലിവു തോന്നി. ചാണ്ടിച്ചേട്ടൻ വേഗം ചുണ്ണാമ്പുവാളയെ എടുത്ത് പുഴയിലേക്കുതന്നെ ഇട്ടു.
ചുണ്ണാമ്പുവാള സന്തോഷത്തോടെ ചാണ്ടിച്ചേട്ടനോടു പറഞ്ഞു.
“വാളേ വാളേ വന്നാലും
വേഗം വേഗം വന്നാലും
എന്നുവിളിച്ചാൽ വീണ്ടും ഞാൻ
നിന്നുടെ മുന്നിൽ വന്നോളാം!…
ഇത്രയും പറഞ്ഞിട്ട് ചുണ്ണാമ്പുവാള നീന്തി നീന്തി അകന്നു പോയി. വീട്ടിൽ ചെന്നപ്പോൾ ചാണ്ടിച്ചേട്ടൻ ഉണ്ടായ കഥയെല്ലാം ഉണ്ടമറിയയോട് വളളിപുളളി വിടാതെ പറഞ്ഞു. ഇതു കേട്ട് ഉണ്ടമറിയ വല്ലാതെ ദേഷ്യപ്പെട്ടു. ഉണ്ടമറിയ ചാണ്ടിച്ചേട്ടന്റെ നേരെ തട്ടിക്കയറി.
”എടോ മണ്ടൻചാണ്ടീ, താനല്ലാതെ ആ ചുണ്ണാമ്പുവാളയെ വെറുതെ വിടുമോ? തനിക്ക് ഒരു നല്ല വീടെങ്കിലും തരാൻ അതിനോട് പറയാമായിരുന്നില്ലേ?….“
”എങ്കിൽ ഞാൻ വേഗം പോയി ചുണ്ണാമ്പുവാളയോട് ഒരു നല്ല വീടു ചോദിക്കാം.“
ചാണ്ടിച്ചേട്ടൻ വേഗം കൊണ്ടോട്ടിപ്പുഴയുടെ അരുകിലേക്കു നടന്നു. പുഴയരികിൽ ചെന്നപ്പോൾ ചാണ്ടിച്ചേട്ടൻ ചുണ്ണാമ്പുവാളയെ വിളിച്ചുഃ
”വാളേ വാളേ വന്നാലും
വേഗം വേഗം വന്നാലും!…“
ഇത്രയും പറഞ്ഞയുടനെ ചുണ്ണാമ്പുവാള നീന്തിപ്പിടിഞ്ഞ് ചാണ്ടിച്ചേട്ടന്റെ അരികിലെത്തി. ചുണ്ണാമ്പുവാള ചോദിച്ചുഃ
”ചൂണ്ടക്കാരൻ ചങ്ങാതീ
പൊന്നാരോമൽച്ചങ്ങാതീ
എന്താ വേണ്ടതു ചൊന്നോളൂ
മടിയാതെ നീ ചൊന്നോളൂ.“
ചാണ്ടിച്ചേട്ടൻ പറഞ്ഞുഃ ”ചുണ്ണാമ്പുവാളേ, ചുണ്ണാമ്പുവാളേ, ഞാനൊരു ചെറ്റക്കുടിലിലാണ് താമസിക്കുന്നത്. അതു മാറ്റി എനിക്കൊരു ഓടുമേഞ്ഞ പുത്തൻ വീടു തരണം!“
ചുണ്ണാമ്പുവാള മൂന്നുവട്ടം മറിഞ്ഞു. എന്നിട്ട് ചാണ്ടിച്ചേട്ടനെ അറിയിച്ചുഃ
”വീട്ടിൽ വേഗം ചെന്നോളൂ
സന്തോഷിച്ചു നടന്നോളൂ!…
അവിടെച്ചെല്ലും നേരത്ത്
കാണാം നല്ലൊരു പുതുവീട്!…“
ഇതു കേട്ടയുടനെ ചാണ്ടിച്ചേട്ടൻ വാണം വിട്ടപോലെ വീട്ടിലേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോൾ പഴയ കുടിലിന്റെ സ്ഥാനത്ത് മനോഹരമായ ഒരു പുത്തൻവീട് നില്‌ക്കുന്നതാണ് ചാണ്ടിച്ചേട്ടൻ കണ്ടത്!
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ മനോഹരമായ പുത്തൻവീട് തന്റെ അന്തസ്സിനു ചേർന്നതല്ലെന്നു ഉണ്ടമറിയയ്‌ക്കു തോന്നി. ഉണ്ടമറിയ ഒരു ദിവസം ചാണ്ടിച്ചേട്ടനോട് പറഞ്ഞുഃ
”എടോ മണ്ടൻചാണ്ടീ, താനല്ലാതെ ഇത്രയും ചെറിയൊരു വീട് ചോദിക്കുമോ? തനിക്ക് ഏഴുനിലയുളള ഒരു മാളിക വേണമെന്ന് ചുണ്ണാമ്പുവാളയോട് പറയാമായിരുന്നില്ലേ?“
”അതു വേണ്ട മറിയേ! നമുക്കീ കൊച്ചുവീടു തന്നെ മതി. അതിമോഹം ആപത്താണ്!“ ചാണ്ടിച്ചേട്ടൻ ഉണ്ടമറിയയെ ഓർമ്മപ്പെടുത്തി.
”ഈ വീട്ടിലാണെങ്കിൽ താൻ ഒറ്റയ്‌ക്കു താമസിച്ചാൽ മതി. ഞാനെന്റെ വഴിക്കു പോകും!“ ഉണ്ടമറിയ ഉണ്ടക്കണ്ണുരുട്ടിക്കാണിച്ചു.
”എങ്കിൽ ഞാൻ പോയി ഒരു ഏഴുനിലമാളിക ചോദിക്കാം.“
ചാണ്ടിച്ചേട്ടൻ വേഗം കൊണ്ടോട്ടിപ്പുഴയുടെ അരുകിലേക്കു നടന്നു. പുഴയരികിൽ ചെന്നപ്പോൾ ചാണ്ടിച്ചേട്ടൻ ചുണ്ണാമ്പുവാളയെ വിളിച്ചുഃ
”വാളേ വാളേ വന്നാലും
വേഗം വേഗം വന്നാലും!…“
ഇത്രയും പറഞ്ഞയുടനെ ചുണ്ണാമ്പുവാള നീന്തിപ്പിടിഞ്ഞ് ചാണ്ടിച്ചേട്ടന്റെ അരികിലെത്തി. ചുണ്ണാമ്പുവാള ചോദിച്ചുഃ
”ചൂണ്ടക്കാരൻ ചങ്ങാതീ
പൊന്നാരോമൽച്ചങ്ങാതീ
എന്താ വേണ്ടതു ചൊന്നോളൂ
മടിയാതെ നീ ചൊന്നോളൂ.“
ചാണ്ടിച്ചേട്ടൻ പറഞ്ഞുഃ ”ചുണ്ണാമ്പുവാളേ, ചുണ്ണാമ്പുവാളേ, നീ തന്ന പുത്തൻവീട് ഉണ്ടമറിയയ്‌ക്ക് ഇഷ്‌ടമാകുന്നില്ല. അതുകൊണ്ട് നീയെനിക്ക് ഒരു ഏഴുനിലമാളിക ഉണ്ടാക്കിത്തരണം!….“
ചുണ്ണാമ്പുവാള മൂന്നുവട്ടം മറിഞ്ഞു. എന്നിട്ട് ചാണ്ടിച്ചേട്ടനെ അറിയിച്ചുഃ
”വീട്ടിൽ വേഗം ചെന്നോളൂ
സന്തോഷിച്ചു നടന്നോളൂ!…
അവിടെച്ചെല്ലും നേരത്ത്
കാണും നല്ലൊരു മാളിക നീ!…….“
ഇതു കേട്ടയുടനെ ചാണ്ടിച്ചേട്ടൻ വാണം വിട്ടപോലെ വീട്ടിലേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോൾ പുത്തൻവീടിന്റെ സ്ഥാനത്ത് ഏഴുനിലയുളള ഒരു മാളിക നില്‌ക്കുന്നതാണ് ചാണ്ടിച്ചേട്ടൻ കണ്ടത്!
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ഏഴുനില മാളിക തന്റെ അന്തസ്സിനു കുറവാണെന്ന് ഉണ്ടമറിയയ്‌ക്കു തോന്നി. ഉണ്ടമറിയ ഒരു ദിവസം ചാണ്ടിച്ചേട്ടനോട് പറഞ്ഞുഃ
”എടോ മണ്ടൻചാണ്ടീ, താനല്ലാതെ ഈ ഏഴുനില മാളിക മാത്രം ചോദിക്കുമോ? തനിക്ക് ഈ നാടുകൂടി വിട്ടുതരാൻ ചുണ്ണാമ്പുവാളയോട് പറയാമായിരുന്നില്ലേ?“
”അതു വേണ്ട മറിയേ!….. നമുക്കീ ഏഴുനിലയുളള മാളിക തന്നെ മതി. അതിമോഹം ആപത്താണ്!“ ചാണ്ടിച്ചേട്ടൻ ഉണ്ടമറിയയെ ഓർമ്മപ്പെടുത്തി
”ഈ മാളിക മാത്രമാണെങ്കിൽ താൻ ഒറ്റയ്‌ക്കു താമസിച്ചാൽ മതി. ഞാനെന്റെ വഴിക്കു പോകും!“ ഉണ്ടമറിയ ഉണ്ടക്കണ്ണുരുട്ടിക്കാണിച്ചു.
”എങ്കിൽ ഞാൻ പോയി ഈ നാടുകൂടി തരുമോ എന്നു ചോദിക്കാം.“
ചാണ്ടിച്ചേട്ടൻ വേഗം കൊണ്ടോട്ടിപ്പുഴയുടെ അരുകിലേക്കു നടന്നു. പുഴയരികിൽ ചെന്നപ്പോൾ ചാണ്ടിച്ചേട്ടൻ ചുണ്ണാമ്പുവാളയെ വിളിച്ചുഃ
”വാളേ വാളേ വന്നാലും
വേഗം വേഗം വന്നാലും!…“
ഇത്രയും പറഞ്ഞയുടനെ ചുണ്ണാമ്പുവാള നീന്തിപ്പിടിഞ്ഞ് ചാണ്ടിച്ചേട്ടന്റെ അരികിലെത്തി. ചുണ്ണാമ്പുവാള ചോദിച്ചുഃ
”ചൂണ്ടക്കാരൻ ചങ്ങാതീ
പൊന്നാരോമൽച്ചങ്ങാതീ
എന്താ വേണ്ടതു ചൊന്നോളൂ
മടിയാതെ നീ ചൊന്നോളൂ.“
ചാണ്ടിച്ചേട്ടൻ പറഞ്ഞുഃ ”ചുണ്ണാമ്പുവാളേ, ചുണ്ണാമ്പുവാളേ, നീ തന്ന ഏഴുനിലമാളികകൊണ്ട് ഉണ്ടമറിയയ്‌ക്കു മതിയാവുന്നില്ല. അതുകൊണ്ട് നീയെനിക്ക് ഈ നാടുകൂടി വിട്ടുതരണം!…“
ചുണ്ണാമ്പുവാള മൂന്നുവട്ടം മറിഞ്ഞു. എന്നിട്ട് ചാണ്ടിച്ചേട്ടനെ അറിയിച്ചുഃ
”വീട്ടിൽ വേഗം ചെന്നോളൂ
സന്തോഷിച്ചു നടന്നോളൂ!…
നാട്ടാർ നിന്നെ വണങ്ങീടും
നാടിൻ നാഥൻ നീ തന്നെ!……“
ഇതു കേട്ടയുടനെ ചാണ്ടിച്ചേട്ടൻ വാണം വിട്ടപോലെ വീട്ടിലേക്ക് പാഞ്ഞു. നാട്ടുകാരെല്ലാം തന്നെ കൈകൂപ്പി വണങ്ങുന്നതായാണ് ചാണ്ടിച്ചേട്ടൻ കണ്ടത്! നാട്ടിലെ തേങ്ങയും നെല്ലും കായ്‌കനികളുമൊക്കെ അവരുടേതായിത്തീർന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നാടു മാത്രം കിട്ടിയത് തന്റെ അന്തസ്സിനു കുറവാണെന്ന് ഉണ്ടമറിയയ്‌ക്കു തോന്നി.
ഉണ്ടമറിയ ഒരു ദിവസം ചാണ്ടിച്ചേട്ടനോട് പറഞ്ഞുഃ
”എടോ മണ്ടൻചാണ്ടീ, താനല്ലാതെ ഈ നാടും മാളികയും മാത്രം ചോദിക്കുമോ? നമ്മളെ ഇവിടത്തെ രാജാവും രാജ്ഞിയുമാക്കണമെന്ന് ചുണ്ണാമ്പുവാളയോട് പറയാമായിരുന്നില്ലേ?………..“
”അതു വേണ്ട മറിയേ, നമുക്കീ നാടും മാളികയും തന്നെ മതി. അതിമോഹം ആപത്താണ്!…….“ ചാണ്ടിച്ചേട്ടൻ ഉണ്ടമറിയയെ ഓർമ്മപ്പെടുത്തി
”ഈ നാടും മാളികയും മാത്രമാണെങ്കിൽ താൻ ഒറ്റയ്‌ക്കു താമസിച്ചാൽ മതി. ഞാനെന്റെ വഴിക്കു പോകും.“ ഉണ്ടമറിയ ഉണ്ടക്കണ്ണുരുട്ടിക്കാണിച്ചു.
”എങ്കിൽ ഞാൻ പോയി നമ്മളെ ഈ നാട്ടിലെ രാജാവും രാജ്ഞിയുമാക്കാമോ എന്നു ചോദിക്കാം.“
ചാണ്ടിച്ചേട്ടൻ വേഗം കൊണ്ടോട്ടിപ്പുഴയുടെ അരുകിലേക്കു നടന്നു. പുഴയരികിൽ ചെന്നപ്പോൾ ചാണ്ടിച്ചേട്ടൻ ചുണ്ണാമ്പുവാളയെ വിളിച്ചുഃ
”വാളേ വാളേ വന്നാലും
വേഗം വേഗം വന്നാലും!…“
ഇത്രയും പറഞ്ഞയുടനെ ചുണ്ണാമ്പുവാള നീന്തിപ്പിടിഞ്ഞ് ചാണ്ടിച്ചേട്ടന്റെ അരികിലെത്തി. ചുണ്ണാമ്പുവാള ചോദിച്ചുഃ
”ചൂണ്ടക്കാരൻ ചങ്ങാതീ
പൊന്നാരോമൽച്ചങ്ങാതീ
എന്താ വേണ്ടതു ചൊന്നോളൂ
മടിയാതെ നീ ചൊന്നോളൂ.“
ചാണ്ടിച്ചേട്ടൻ പറഞ്ഞുഃ ”ചുണ്ണാമ്പുവാളേ, ചുണ്ണാമ്പുവാളേ, നീ തന്ന നാടും ഏഴുനില മാളികയും കൊണ്ട് ഉണ്ടമറിയയ്‌ക്കു മതിയാവുന്നില്ല. നീ എന്നേയും അവളേയും ഇവിടത്തെ രാജാവും രാജ്ഞിയുമാക്കിത്തരണം.“
ചുണ്ണാമ്പുവാള മൂന്നുവട്ടം മറിഞ്ഞു. എന്നിട്ട് ചാണ്ടിച്ചേട്ടനെ അറിയിച്ചുഃ
”വീട്ടിൽ വേഗം ചെന്നോളൂ
സന്തോഷിച്ചു നടന്നോളൂ!…
നാട്ടാർ നിന്നെ വണങ്ങീടും
നാട്ടിലെ രാജൻ നീതന്നെ!……“
ഇതു കേട്ടയുടനെ ചാണ്ടിച്ചേട്ടൻ വാണം വിട്ടപോലെ വീട്ടിലേക്ക് പാഞ്ഞു. അപ്പോൾ അവിടെ കണ്ണഞ്ചിപ്പിക്കുന്ന ഒരു കൊട്ടാരം നില്‌ക്കുന്നതാണ് ചാണ്ടിച്ചേട്ടൻ കണ്ടത്. അതിനകത്ത് ഉണ്ടമറിയ കിരീടമണിഞ്ഞ് ഒരു രാജ്ഞിയായി തോഴിമാരുടെ നടുവിൽ ഇരിക്കുന്നതും തന്റെ തലയിൽ ഒരു കിരീടം വന്നു ചേർന്നതും അയാൾ കണ്ടു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തനിക്ക് വെറുമൊരു രാജ്ഞിയായാൽ പോരെന്നും ചക്രവർത്തിനിയാകണമെന്നും ഉണ്ടമറിയയ്‌ക്കു തോന്നി. ഉണ്ടമറിയ ഒരു ദിവസം ചാണ്ടിച്ചേട്ടനോട് പറഞ്ഞു
”എടോ മണ്ടൻചാണ്ടീ, നമുക്കീ രാജാവും രാജ്ഞിയുമായാൽ മാത്രം മതിയോ? നമ്മളെ ഇവിടത്തെ ചക്രവർത്തിയും ചക്രവർത്തിനിയുമാക്കണമെന്ന് ചുണ്ണാമ്പുവാളയോട് പറയാമായിരുന്നില്ലേ?“
”അതു വേണ്ട മറിയേ, നമുക്കീ രാജാവും രാജ്ഞിയുമായാൽ മതി. അതിമോഹം ആപത്താണ്!“
”ഇങ്ങനെ രാജാവും രാജ്ഞിയും മാത്രമാണെങ്കിൽ താൻ ഒറ്റയ്‌ക്കു താമസിച്ചാൽ മതി. ഞാനെന്റെ വഴിക്കു പോകും.“ ഉണ്ടമറിയ ഉണ്ടക്കണ്ണുരുട്ടിക്കാണിച്ചു.
”എങ്കിൽ ഞാൻ പോയി നിന്നെ ചക്രവർത്തിനിയാക്കാമോ എന്നു ചോദിക്കാം. എനിക്ക് ഈ രാജപദവി മാത്രം മതി!“
ചാണ്ടിച്ചേട്ടൻ വേഗം കൊണ്ടോട്ടിപ്പുഴയുടെ അരുകിലേക്കു നടന്നു.
പുഴയരികിൽ ചെന്നപ്പോൾ ചാണ്ടിച്ചേട്ടൻ ചുണ്ണാമ്പുവാളയെ വിളിച്ചുഃ
”വാളേ വാളേ വന്നാലും
വേഗം വേഗം വന്നാലും!…“
ഇത്രയും പറഞ്ഞയുടനെ ചുണ്ണാമ്പുവാള നീന്തിപ്പിടിഞ്ഞ് ചാണ്ടിച്ചേട്ടന്റെ അരികിലെത്തി. ചുണ്ണാമ്പുവാള ചോദിച്ചുഃ
”ചൂണ്ടക്കാരൻ ചങ്ങാതീ
പൊന്നാരോമൽച്ചങ്ങാതീ
എന്താ വേണ്ടതു ചൊന്നോളൂ
മടിയാതെ നീ ചൊന്നോളൂ.“
ചാണ്ടിച്ചേട്ടൻ പറഞ്ഞുഃ
”ചുണ്ണാമ്പുവാളേ, ചുണ്ണാമ്പുവാളേ, നീ തന്ന രാജ്ഞിയുടെ പദവികൊണ്ട്് ഉണ്ടമറിയയ്‌ക്കു മതിയാവുന്നില്ല. നീ അവളെ ഒരു ചക്രവർത്തിനിയാക്കിത്തരണം.“
”വീട്ടിൽ വേഗം ചെന്നോളൂ
ദുഃഖത്തോടെ കഴിഞ്ഞോളൂ!
ഉണ്ടപ്പെണ്ണിന്നതിമോഹം
കണ്ടുസഹിക്കാൻ ഞാനില്ല!….
ചൂണ്ടയുമായി നടന്നോളൂ
ചെറ്റപ്പുരയിൽ പാർത്തോളൂ!…..“
ഇതു കേട്ടയുടനെ ചാണ്ടിച്ചേട്ടൻ വാവിട്ടു നിലവിളിച്ചു കൊണ്ട് വീട്ടിലേക്കോടീ. അപ്പോൾ അവിടെ പഴയ ചെറ്റപ്പുരയിലിരുന്ന് ഉണ്ടമറിയ മോങ്ങുന്നതാണ് ചാണ്ടിച്ചേട്ടൻ കണ്ടത്!
Generated from archived content: choondakaran.html Author: sippi-pallippuram