ചെണ്ടയടി
മണ്ടൻകണ്ടൻ ചെണ്ടയടിച്ചു
ഉണ്ടപ്പോക്കറ് കണ്ടുചിരിച്ചു
ചിണ്ടൻ നായതു കേട്ടുകുരച്ചൂ
മണ്ടൻ ചെണ്ടയ്‌ക്കുളളിലൊളിച്ചൂ!
കണ്ണന് മണ്ണപ്പം
അഴകനുമഴകിയും
കുഴിയപ്പം തിന്നു.
പങ്ങനും ചിങ്ങനും
പൊങ്ങപ്പം തിന്നു
കുട്ടനും കിട്ടനും
വട്ടേപ്പം തിന്നു
കണ്ണനാം പൊന്നുണ്ണി
മണ്ണപ്പം തിന്നു!
ഹിപ്പൊപ്പൊട്ടാമസ്
വായൊരു പൊട്ടക്കിണർ പോലെ
കാലുകൾ വാഴത്തടിപോലെ
തലയോ വലിയൊരു തകിൽപോലെ
വയറോ ഇപ്പോപ്പൊട്ടും മട്ടിൽ
ആരിത്? ഹിപ്പോപ്പൊട്ടാമസ്!
കമ്പം
കമ്പക്കാരുടെ
കമ്പം കാണാ-
നമ്പതുകുട്ടിക-
ളമ്പലമുറ്റ-
ത്തിമ്പത്തോടെയിരിപ്പതു കണ്ടോ!
മുട്ടൻ നുണ
കൊച്ചീലൊരച്ചിക്കു മീശവന്നൂ
മീശക്കൊണ്ടാരോ കയർ പിരിച്ചൂ
കയറിന്റെ തുമ്പത്തു വമ്പുകാട്ടും
വമ്പനാം കൊമ്പനെ കെട്ടിയിട്ടൂ.
Generated from archived content: chendayadi.html Author: sippi-pallippuram