മർക്കടനാശാന്റെ ബാർബർക്കട

കോവാലൻകരടി കുറേക്കാലം കോവളത്തുപോയി തപസ്സിരുന്നു. കോവാലൻകരടിയുടെ മുടി നീണ്ടു; താടി നീണ്ടു; മീശ നീണ്ടു. ദേഹം മുഴുവൻ ചകിരിക്കെട്ടുപോലെ രോമം നിറഞ്ഞു.

മുടി മുഴുവൻ കണ്ണിൽ വീണ്‌ കോവാലൻകരടിക്ക്‌ കണ്ണ്‌ കാണാതായി. മീശ മുഴുവൻ വായിൽ പടർന്ന്‌ അവന്ന്‌ ഒന്നും തിന്നാൻ പറ്റാതായി. താടി മുഴുവൻ താഴോട്ട്‌ നീണ്ട്‌ അവന്ന്‌ നടക്കാൻപോലും വയ്യാതായി.

അക്കാലത്താണ്‌ കൂർക്കഞ്ചേരിയിലെ മർക്കടനാശാൻ അമ്പലമുറ്റത്തെ ആലിൻചുവട്ടിൽ ഒരു ബാർബർക്കട തുടങ്ങിയത്‌.

ഇതറിഞ്ഞു കോവാലൻ കരടി വേഗം മർക്കടനാശാന്റെ ബാർബർക്കടയിലേക്ക്‌ പുറപ്പെട്ടു. കടയിലെത്തിയപ്പോൾ കോവാലൻകരടി തലചൊറിഞ്ഞുകൊണ്ട്‌ മർക്കടനാശാനോട്‌ ചോദിച്ചുഃ

“മർക്കടനാശാനേ മർക്കടനാശാനേ, താടിയും മീശയും കേശവുംകൊണ്ട്‌ ഞാനാകെ വലഞ്ഞു. ഇതെല്ലാം വെട്ടിക്കളഞ്ഞ്‌ എന്നെയൊന്ന്‌ രക്ഷിക്കാമോ?”

“ഓഹോ, അതിനെന്താ വിഷമം! കടയിലേക്ക്‌ കയറിക്കോളൂ.” മർക്കടനാശാൻ കോവാലൻകരടിയെ ക്ഷണിച്ചു.

കോവാലൻകരടി കടയിലേക്ക്‌ കടന്നു. ഉടനെ ഒരു വലിയ കത്രികയുമായി മർക്കടനാശാൻ കോവാലൻകരടിയുടെ കഴുത്തിൽ ചാടിക്കയറിയിരുന്നു.

കത്രികകൊണ്ട്‌ മർക്കടനാശാൻ ‘കറുകറാ’യെന്ന്‌ മുടി വെട്ടാൻ തുടങ്ങി. കുറച്ചു മുടി വെട്ടിയപ്പോഴേക്കും മുടിക്കുളളിൽനിന്ന്‌ ഒരു നീലപ്പൊൻമാൻ ചിലച്ചുകൊണ്ട്‌ പുറത്തേക്ക്‌ പറന്നു.

ഇതുകണ്ട്‌ മർക്കടനാശാൻ ഞെട്ടിവിറച്ചു. അവൻ മുടിക്കുളളിലേക്ക്‌ സൂക്ഷിച്ചുനോക്കി. അപ്പോഴാണ്‌ അതിനുളളിലിരിക്കുന്ന പക്ഷിക്കൂട്‌ അവന്റെ കണ്ണിൽപ്പെട്ടത്‌. പക്ഷിക്കൂടിനുളളിൽ അഞ്ചാറു പക്ഷിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.

മർക്കടനാശാൻ വേഗം കത്രികകൊണ്ട്‌ പക്ഷിക്കൂട്‌ വലിച്ചെടുത്ത്‌ പുറത്തേയ്‌ക്കിട്ട്‌. എന്നിട്ട്‌ പിന്നെയും ‘കറുമുറാ’യെന്ന്‌ മുടിവെട്ടാൻ തുടങ്ങി.

കുറച്ചുകൂടി വെട്ടിയപ്പോൾ മുടിയ്‌ക്കുളളിൽനിന്ന്‌ ‘ചിൽ ചിൽ’എന്ന്‌ ചിലച്ചുകൊണ്ട്‌ പുറത്തേയേക്ക്‌ ചാടി. അതിന്‌ പിന്നാലെ അഞ്ചാറ്‌ ചുണ്ടെലികൾ ചാടി. ചുണ്ടെലികളുടെ പിന്നാലെ രണ്ടുമൂന്നു കുഞ്ഞിത്തവളകൾ ചാടി. ഒടുവിലൊരു ഓന്തും ചാടി മറഞ്ഞു.

മർക്കടനാശാൻ ഇതൊന്നും വകവയ്‌ക്കാതെ മുടിയും താടിയും മീശയുമെല്ലാം വെട്ടി വെട്ടി താഴെ ഇട്ടുകൊണ്ടിരുന്നു.

ഇതിനിടയിൽ കോവാലൻകരടി അറിയാതെ ഉറങ്ങിപ്പോയി. മർക്കടനാശാൻ കഴുത്തിൽനിന്ന്‌ ചാടിയിറങ്ങി ദേഹത്തെ രോമവും കൈകാലുകളിലെ രോമവുമെല്ലാം പുല്ല്‌ ചെത്തുന്നതുപോലെ ചെത്തികൊണ്ടിരുന്നു.

അല്‌പസമയംകൊണ്ട്‌ മർക്കടനാശാന്റെ പണി അവസാനിച്ചു. കോവാലൻകരടിയുടെ ശരീരത്തിലെ സകലരോമവും അതോടെ തീർന്നിരുന്നു.

കണ്ണ ​‍്‌തുറന്നപ്പോൾ താൻ വെളുത്തുകൊഴുത്ത ഒരു പന്നിയെപ്പോലെ മാറിയിരിക്കുന്നതാണ്‌ കോവാലൻകരടി കണ്ടത്‌.

അവൻ കടയിലെ കണ്ണാടിയുടെ മുന്നിൽ ചെന്നുനിന്ന്‌ ഒന്നുനോക്കി. അത്‌ താൻതന്നെയാണെന്ന്‌ വിശ്വസിക്കാൻ അവന്ന്‌ കഴിഞ്ഞില്ല.

കോവാലൻകരടിക്ക്‌ എന്തെന്നില്ലാത്ത സുഖം തോന്നി. അവന്‌ ശരിക്ക്‌ കണ്ണ്‌ കാണാറായി. ശരിക്ക്‌ കാതു കേൾക്കാറായി. വായ്‌തുറന്ന്‌ എന്തെങ്കിലും തിന്നാൻ കഴിയുമെന്നായി. മറിഞ്ഞുവീഴാതെ നടക്കാമെന്നായി.

എങ്കിലും തന്നെ മൊട്ടത്തലയൻ എന്ന്‌ വിളിച്ച്‌ മൃഗങ്ങളൊക്കെ കളിയാക്കുമല്ലോ എന്നോർത്ത്‌ അവന്‌ സങ്കടം തോന്നി. സങ്കടം മൂത്ത്‌ അവൻ ഉറക്കെ കരയാൻ തുടങ്ങി.

അപ്പോൾ മർക്കടനാശാൻ പറഞ്ഞുഃ “കോവാലൻകരടീ, കോമാളീ, നീ കരയേണ്ട. ഞാൻ തിനക്ക്‌ ഒരു മഞ്ഞപ്പട്ട്‌ തരാം. അത്‌ തലയിൽ കെട്ടി നടന്നാൽപ്പിന്നെ നിന്നെ ആരും കളിയാക്കില്ല.”

“എങ്കിൽ വേഗം തന്നാട്ടെ. എനിക്ക്‌ നാണമാവുന്നു” കോവാലൻകരടി ആവശ്യപ്പെട്ടു.

മർക്കടനാശാൻ വേഗം വീട്ടിൽപ്പൊയി തന്റെ പെമ്പിറന്നോരുടെ മഞ്ഞപ്പട്ടുസാരി കൊണ്ടുവന്ന്‌ കോവാലൻകരടിയുടെ തലയിൽ ഒരു കെട്ട്‌ കെട്ടിക്കൊടുത്തു. എന്നിട്ട്‌ പറഞ്ഞുഃ

“ഇപ്പോൾ നിന്നെ കണ്ടാൽ ഒരു മഹാരാജാവാണെന്നേ തോന്നുകയുളളൂ. വേഗം കൂലി തന്നിട്ട്‌ പൊയ്‌ക്കോളൂ. ആദ്യത്തെ കൈനീട്ടമാണ്‌.”

കോവാലൻകരടി വേഗം മർക്കടനാശാന്റെ പളളയ്‌ക്ക്‌ നോക്കി ഒരു കടിയും മുഖത്ത്‌ അഞ്ചാറ്‌ മാന്തും കൊടുത്തിട്ട്‌ പറഞ്ഞുഃ

“ഇപ്പോൾ കൈനീട്ടമായിട്ട്‌ ഇതിരിക്കട്ടെ, ബാക്കി പിന്നെ തരാം!!…..”

-ഇതുകേട്ട്‌ മർക്കടനാശാൻ പേടിച്ച്‌ ആലിൻകൊമ്പത്ത്‌ കയറി മറഞ്ഞിരുന്നു.

കോവാലൻകരടി മഞ്ഞപ്പട്ടുകൊണ്ട്‌ തലയിൽ കെട്ടും കെട്ടി മഹാരാജാവിനെപ്പോലെ ഞെളിഞ്ഞു പിരിഞ്ഞു നാട്ടിലേക്ക്‌ മടങ്ങി.

കോവാലൻകരടി പോയ ഉടനെ മർക്കടനാശാൻ ബാർബർക്കട പൂട്ടി താക്കോലുമായി സ്ഥലം വിട്ടു. ഇനിയും ഈ പണി തുടർന്നാൽ മറ്റ്‌ മൃഗങ്ങളും തന്നെ ചതിക്കുമെന്ന്‌ അവന്‌ തോന്നി. പിന്നെ ആ ബാർബർക്കട ഒരിക്കലും തുറന്നിട്ടില്ല.

Generated from archived content: barbar.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here