നീലന്‍ സിംഹം

അങ്ങനെ രണ്ടു പേരും കൂടി നടക്കുമ്പോള്‍ നീലന്‍ സിംഹത്തിന്റെ ഗുഹയുടെ അടുത്തെത്തി. ഉടനെ മങ്കുവിന് ഒരു ആഗ്രഹം. അത് അവന്‍ മള്‍ട്ടിയോടു പറഞ്ഞു.

‘സിംഹരാജന്റെ മടയില്‍ കയറണം. ഒരു ദിവസമെങ്കിലും അങ്ങനെ കാട്ടുരാജാവായി സുഖിക്കണം’ മള്‍ട്ടി മുയല്‍ക്കുട്ടനും എതിരൊന്നും ഉണ്ടായില്ല. ഗുഹയ്ക്കകത്ത് കയറാന്‍ അവന്‍ അക്ഷമ കാട്ടി.

നീലന്‍ സിംഹം കാട്ടുയോഗത്തിനു പോയ തക്കംനോക്കി അവര്‍ ഗുഹയ്ക്കകത്ത് കയറി. അതിനകത്തെ രാജകീയ പ്രൗഢി കണ്ട് അവര്‍ അമ്പരന്നു. രണ്ടുപേരും ഗുഹയ്ക്കകത്ത് കുറെ ഓടിക്കളിച്ചു. ആട്ടവും പാട്ടും നൃത്തവും നടത്തി. നീലന്‍ സിംഹം നീരാട്ട് നടത്തുന്ന അരുവിയില്‍ നീന്തിത്തുടിച്ചു. മലക്കം മറിഞ്ഞു. രണ്ടു പേര്‍ക്കുംസമയം പോയത് അറിഞ്ഞതേയില്ല.

കുളി കഴിഞ്ഞപ്പോഴേയ്ക്കും വയറുകത്തുന്ന വിശപ്പായി. നീലന്റെ അമൃതേത്ത് അവര്‍ വയറു നിറയെ സാപ്പിട്ടു. രണ്ടു പേരും ക്ഷീണിച്ചു. ഇനി ഉറങ്ങണം. നോക്കുമ്പോള്‍ മിനുത്ത മാര്‍ബിള്‍ കല്ലില്‍ ഒരു കടുവാത്തോല്‍ വിരിച്ചിരിക്കുന്നു. അതില്‍ കയറി ഉറക്കം പാസ്സാക്കാന്‍ ഇപ്പോള്‍ തങ്ങളേക്കാള്‍ യോഗ്യര്‍ ആരുണ്ട്?

രണ്ടു പേരും കടുവാത്തോലില്‍ കയറി കിടന്നു കൂര്‍ക്കം വലിച്ചു ഉറങ്ങുകയും ചെയ്തു. അപ്പോഴെയ്ക്കും കാട്ടുയോഗം കഴിഞ്ഞ് നീലന്‍ സിംഹം തിരിച്ചെത്തിയിരുന്നു.

സിംഹരാജന്‍ നോക്കുമ്പോള്‍ തന്റെ ഗുഹ ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു. ഗുഹയിലാകെ ഒരു കുട്ടിക്കുരങ്ങന്റെ മണം.

നോക്കുമ്പോള്‍ താന്‍ പള്ളിയുറക്കം നടത്തുന്ന കടുവാത്തോലില്‍ ഒരു പീറമുയലും ഒരു കുരങ്ങച്ചനും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു.

സിംഹരാജന് ആകെ കുറച്ചിലായി.

നീലന്‍ ഒന്നു ഗര്‍ജിച്ചു.. ‘ ഗര്‍ര്‍..’

‘ ആരാടാ ഗര്‍ജിക്കുന്നേ..’ മങ്കു ഉറക്കമുണര്‍ന്നു.

‘ മര്യാദയ്‌ക്കൊന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..’- കണ്ണു തുറന്നു നോക്കിയ മള്‍ട്ടിയും മങ്കുവും ഞെട്ടിവിറച്ചു പോയി. മുന്നില്‍ നീലന്‍ സിംഹം

സിംഹരാജന്‍ രണ്ടു പേരെയും അവിടന്ന് ആട്ടിപ്പുറത്താക്കി. കാടു മുഴുവന്‍ രണ്ടു പേര്‍ക്കും വീണ്ടും ചീത്തപ്പേരായി…

Generated from archived content: multi3.html Author: shamnad_thenoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here