ആമകളുടെ ചതിയെക്കുറിച്ചോര്‍ത്ത് മള്‍ട്ടി മുയല്‍ക്കുട്ടന്‍ നിരാശനായി നടക്കുകയായിരുന്നു. നോക്കുമ്പോള്‍ ഒരു കുരങ്ങച്ചന്‍ ഇരുന്നു കരയുന്നു.
‘അത് മങ്കുവാണല്ലോ?… എന്തു പറ്റീ മങ്കുക്കുരങ്ങാ..’- മള്‍ട്ടി ചോദിച്ചു.
‘വല്ല സര്‍ക്കസുകാരും വന്നിരുന്നെങ്കില്‍ അവര്‍ക്കു പിടികൊടുക്കാമായിരുന്നു’ മങ്കു വിഷമത്തോടെ പറഞ്ഞു.- ‘എന്നെ നാടുകടത്തണമെന്നു മൃഗങ്ങളെല്ലാം നീലന്‍ സിംഹത്തോട് പറഞ്ഞിരിക്കുകയാണ്. മങ്കി കോളനിയില്‍ നിന്ന് എന്നെ പുറത്താക്കുകയും ചെയ്തു.’
വികൃതക്ക് വാല്‍ മുളച്ച കുരങ്ങച്ചനായിരുന്നു മങ്കു. കാട്ടിലെ മൃഗങ്ങളെയെല്ലാം ശല്യം ചെയ്യലാണ് അവന്റെ പ്രധാന ഹോബി. മിനുത്ത് നീണ്ട സുന്ദരന്‍ വാലില്‍ തൂങ്ങിയാടി എന്തു സര്‍ക്കസും അവന്‍ കാട്ടും. അവന്റെ മുത്തച്ഛനായ ബെഞ്ചമിനെ മനുഷ്യര്‍ പിടിച്ചുകൊണ്ടുപോയി വലിയ സര്‍ക്കസ് കുരങ്ങച്ചനാക്കി മാറ്റി. അതുപോലൊരു സര്‍ക്കസുകാരനാകണം എന്നതാണ് അവന്റെ ആഗ്രഹം.
‘കാട്ടില്‍ നിന്നുപുറത്താക്കാന്‍ മാത്രം എന്തുണ്ടായി’ മള്‍ട്ടി ചോദിച്ചു.
‘ഞാന്‍ വാലില്‍ തൂങ്ങി കിടുവന്‍ കടുവയുടെ കരണത്ത് ഒന്നു പൊട്ടിച്ചു..’
‘എന്തിന്?’
‘ഒരു രസത്തിന്… പിന്നെ ഉറങ്ങാന്‍ കിടന്ന മാത്തന്‍ മുതലയുടെ മുതുകില്‍ താണ്ഡവമാടി.. അവന്റെ നടുവൊടിഞ്ഞു. മോങ്ങാന്‍ ഇരുന്ന ഗുണ്ടന്‍ ചെന്നായയുടെ തലയ്ക്ക് തേങ്ങാ കൊണ്ട് എറിഞ്ഞു’
‘അതെന്തിനായിരുന്നു?’
അവന്മാരെല്ലാം ദുഷ്ടന്മാരാണ്, ചെറുപ്പം മുതലേ എനിക്കു ബെഞ്ചമിന്‍ മുത്തച്ഛനെപ്പോലെ സര്‍ക്കസുകാരനാകണം എന്നാണ് ആഗ്രഹം. അതുകൊണ്ട് എന്റെ വികൃതികളൊന്നും നിര്‍ത്തുവാന്‍ എനിക്കു കഴിയുന്നില്ല.’
നാട്ടില്‍ നിന്നും വല്ല സര്‍ക്കസുകാരും വന്ന് തന്നെ കൂട്ടിക്കൊണ്ടുപോകുംവരെ വികൃതിയും കുരുത്തക്കേടും കാട്ടുമെന്നു മങ്കു നേരത്തേ തീരുമാനിച്ചിരുന്നു.
ഇതൊക്കെ കേട്ടപ്പോള്‍ മള്‍ട്ടിക്ക് മങ്കുവിനോട് വലിയ സ്‌നേഹം തോന്നി.. അങ്ങനെ അവര്‍ കൂട്ടുകാരായി…
Generated from archived content: multi2.html Author: shamnad_thenoor