നീലമലക്കാട്ടിലെ സുന്ദരനായ മുയലച്ചനായിരുന്നു മള്‍ട്ടി മുയല്‍ക്കുട്ടന്‍. ചെറുപ്പത്തിലെ അനാഥനായ അവനെ വളര്‍ത്തി വലുതാക്കിയത് കരടിയമ്മാവന്‍ ആയിരുന്നു. വളര്‍ന്നു വലുതായതോടെ കാട്ടിലെ പ്രധാന കുഴിമടിയനായി അവന്‍ പേരെടുത്തു.
അങ്ങനെയിരിക്കേ മുയല്‍ക്കോളനിയില്‍ നിന്നും മള്‍ട്ടിമുയല്‍ക്കുട്ടനെ പുറത്താക്കി. അതിനു പിന്നിലെ രസകരമായ സംഭവം ഇതാ..
എല്ലാ വര്‍ഷവും നീലമലക്കാട്ടില്‍ കായിക മത്സരങ്ങള്‍ നടത്തുന്ന പതിവുണ്ട്. അങ്ങനെയിരിക്കേ ആമക്കൂട്ടം രാജാവായ നീലന്‍ സിംഹത്തോട് വന്ന് പരാതി പറഞ്ഞു. – ‘ആമകള്‍ക്ക് ഇനിമേലാല്‍ തനിയെ ഓട്ട മത്സരം വേണം. മറ്റു മൃഗങ്ങള്‍ക്കൊപ്പം ഓടാനും നാണം കെടാനും ഇനി ഞങ്ങളെ കിട്ടില്ല’
മറ്റുള്ള മൃഗങ്ങള്‍ക്കൊന്നും ഇതു സമ്മതമായില്ല. അവര്‍ പറഞ്ഞു. ‘ ഹോ പിന്നെ … ഈ ആമകളെയെല്ലാം തനിയെ ഇട്ടു ഓടിച്ച് ഞങ്ങളുടെ സമയം കളയാനൊന്നും പറ്റുകേല. എല്ലാവരും നന്നായി ഓടിയാല്‍ മതി’
‘ഒരു കാര്യം ഓര്‍ത്തോ…’- ഉടന്‍ ആമ മുത്തച്ഛന്‍ പറയുകയാണ്..-‘ പഴയ കഥകളിലെല്ലാം ഓട്ടക്കാരായ മുയലുകളെ വരെ ഞങ്ങള്‍ തോല്‍പ്പിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് പഴയതു പോലെ വയ്യ .. അതു കൊണ്ടാണ്..’
‘ഞങ്ങളെ അങ്ങനെ കൊച്ചാക്കേണ്ട’ മുയലുകള്‍ക്കും സഹിച്ചില്ല- ‘ അതൊക്കെ പഴയ കെട്ടുകഥ. മുയല്‍ക്കോളനിയിലെ ഒരു കിഴവന്‍ മുയലിനെപ്പോലും ഓടി തോല്‍പ്പിക്കാന്‍ ഈ കാട്ടിലെ ഏതെങ്കിലും ആമയ്ക്കു കഴിയുമോ?’ -യുവാവായ ഒരു മുയല്‍ വിളിച്ചു പറഞ്ഞു.
‘ ശരി, തര്‍ക്കം വേണ്ട.. ആമകളും മുയലുകളും തമ്മിലാകട്ടേ മത്സരം’ നീലന്‍ സിംഹം പ്രഖ്യാപിച്ചു.
‘ഞങ്ങള്‍ ഓട്ടത്തിനു തയാര്‍! മുയല്‍ കോളനിയിലെ കുഴിമടിയനായ മള്‍ട്ടി മുയലിനെക്കൊണ്ട് വേണമെങ്കിലും ഓടിക്കാം..’ മുയല്‍ മുത്തച്ഛന്‍ പറഞ്ഞു.
അതിനു ശേഷം ആമക്കോളനിയില്‍ ഉറക്കമില്ലാത്ത നാളുകളായിരുന്നു.
‘ ഏതു വിധേനയും ആമ കോളനിയുടെ മാനം രക്ഷിക്കണം. ആ കൊതിയനായ മള്‍ട്ടിയെ നമുക്ക് തോല്‍പ്പിക്കണം’
വയസനായ ഒരു ആമ ‘ ആമചരിതം’ പുസ്തകം തുറന്നു. താളുകള്‍ കുറെ മറിച്ച് ഒടുവില്‍ പോംവഴി പറഞ്ഞു.
‘ഓടുന്ന വഴിയില്‍ കാരറ്റും കറുകപ്പുല്ലും വയ്ക്കണം. കൊതിയനായ മുയല്‍ അതെല്ലാം കഴിച്ച് പന്തയം മറന്നുകൊള്ളും.’
മത്സരദിനം ആഗതമായി. അങ്ങനെ ചുണക്കുട്ടനായ പിന്റു ആമ മള്‍ട്ടി മുയല്‍ക്കുട്ടനുമായി ഓട്ടത്തിനു വന്നു.
കരടിയമ്മാവന്റെ അനുഗ്രഹം വാങ്ങി മള്‍ട്ടി മുയല്‍ക്കുട്ടന്‍ വെടിയുണ്ട പോലെ പാഞ്ഞു. പിന്റു ആമ പിന്നാലെ ഇഴഞ്ഞിഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. ഓട്ടത്തിനിടയില്‍ മള്‍ട്ടി നോക്കുമ്പോള്‍ വഴി നിറയെ ക്യാരറ്റും കറുകപ്പുല്ലും!
‘ ഹായ്, ഇത്തരം ഇളം കറുകപ്പുല്ല് ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല’- ക്യാരറ്റും കറുകപ്പുല്ലും ഇരുന്ന ഇരുപ്പില്‍ അവന്‍ അകത്താക്കി- ‘ മാധുര്യമുള്ള ക്യാരറ്റുകള്‍!’
‘ ആ പിന്റു എപ്പോള്‍ ഓടി വരുവാനാണ്.. ഇനിയിപ്പോള്‍ കുറച്ചു വിശ്രമിച്ചാകട്ടേ ഓട്ടമല്ലാം..’ മള്‍ട്ടി കരുതി.
വയര്‍ നിറഞ്ഞ മുയല്‍ക്കുട്ടന്‍ കൂര്‍ക്കംവലിച്ചുറങ്ങി.
സമയം പോയതൊന്നും അവന്‍ അറിഞ്ഞതേയില്ല. മൃഗങ്ങളുടെ ആര്‍പ്പുവിളി കേട്ട മുയല്‍ക്കുട്ടന്‍ ഞെട്ടിയുണര്‍ന്നു
മള്‍ട്ടി നോക്കുമ്പോള്‍ പിന്റു ആമ ട്രോഫിയും പൊക്കിപ്പിടിച്ചു നില്‍ക്കുകയാണ്. അങ്ങനെ മുയലുകള്‍ക്ക് വീണ്ടും ചീത്തപ്പേരായി. അതിനു കാരണക്കാരനായ മള്‍ട്ടി മുയല്‍ക്കുട്ടനെ കോളനിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു.
Generated from archived content: multi1.html Author: shamnad_thenoor