പുൽക്കൂട്ടിലെ രാജകുമാരൻ

(ഒരു നാൽക്കവലയിലുള്ള മരച്ചുവട്ടിൽ ചെണ്ടക്കാരൻ കൊച്ചുകുട്ടായി

ചെണ്ടകൊട്ടിക്കൊണ്ടു നിൽക്കുന്നു. അകലെ നിന്നു കൂട്ടമായി പാടുന്ന

ഒരു പാട്ട്‌ കേൾക്കുന്നു).

പാട്ട്‌

തിത്തിന്നം തകതിന്നം തെയ്യന്നം താരാ

കാലിത്തൊഴുത്തിലൊരുണ്ണി പിറന്നേ!….

കീറപ്പഴന്തുണി മെത്തയ്‌ക്കു മേലേ

നക്ഷത്രം പോലേയൊരുണ്ണി പിറന്നേ!….

തിത്തിന്നം തകതിന്നം തിന്തിന്നം താരാ

കാലിത്തൊഴുത്തിലൊരുണ്ണി പിറന്നേ!…

കൂട്ടരേ നമ്മൾക്കു കൈകൊട്ടിപ്പാടാം

കൈകോർത്തു നമ്മൾക്കു നർത്തനമാടാം!

(ചെണ്ടക്കാരൻ കൊച്ചുകുട്ടായി അതു ശ്രദ്ധിക്കുന്നു. എങ്കിലും ഒന്നും

മനസിലാകാത്തതുപോലെ വീണ്ടും ചെണ്ടകൊട്ടുന്നു. അപ്പോഴേക്കും

കിങ്ങിണിത്തത്തയുടെ വേഷമണിഞ്ഞ ഒരു കുട്ടി അതുവഴി വരുന്നു).

കൊച്ചുകുട്ടായിഃ-

എങ്ങോട്ടുപോകുന്നു കിങ്ങിണിത്തത്തേ

പച്ചയുടുപ്പിട്ട പൈങ്കിളിത്തത്തേ?

കിങ്ങിണിത്തത്തഃ-

കാലിത്തൊഴുത്തിലൊരുണ്ണി പിറന്നേ

കണ്ണിനും കണ്ണായൊരുണ്ണി പിറന്നേ!…

ഉണ്ണിയെ കുമ്പിട്ടു കൈവണങ്ങാനായ്‌

പോകുന്നു ഞാനെന്റെ കൊച്ചുകുട്ടായീ…!

(കിങ്ങിണിത്തത്ത പോകുന്നു. പിന്നാലെ കുഞ്ഞിപ്പൂമ്പാറ്റയുടെ വേഷമണിഞ്ഞ

ഒരു കുട്ടി കടന്നുവരുന്നു).

കൊച്ചുകുട്ടായിഃ-

എങ്ങോട്ടുപോകുന്നു പൂമ്പാറ്റക്കുഞ്ഞേ

സ്വർണച്ചിറകുള്ള പൂമ്പാറ്റക്കുഞ്ഞേ?

കുഞ്ഞിപ്പൂമ്പാറ്റഃ-

കാലിത്തൊഴുത്തിലൊരുണ്ണി പിറന്നേ!…

കാരുണ്യരൂപനാമുണ്ണി പിറന്നേ!

ഉണ്ണിക്കു പൂന്തേനും പൂമ്പൊടീം നൽകാൻ

പോകുന്നു ഞാനെന്റെ കൊച്ചുകൂട്ടായീ…“

(കുഞ്ഞിപ്പൂമ്പാറ്റ പറന്നുപോകുന്നതോടെ പൂങ്കുയിൽ അതുവഴി പറന്നുവരുന്നു).

കൊച്ചുകുട്ടായിഃ-

എങ്ങോട്ടുപോകുന്നു പൂങ്കുയിൽപ്പെണ്ണേ

മങ്ങാട്ടുകാവിലെ പൂങ്കുയിൽപ്പെണ്ണേ?

പൂങ്കുയിൽഃ-

കാലിത്തൊഴുത്തിലൊരുണ്ണി പിറന്നേ

കാരുണ്യരൂപനാമുണ്ണി പിറന്നേ!…

ഉണ്ണിയെക്കണ്ടൊരു താരാട്ടുപാടാൻ

പോകുന്നു ഞാനെന്റെ കൊച്ചുകുട്ടായി!…

(പൂങ്കുയിൽ ‘കൂകൂ’ എന്നു കൂവിക്കൊണ്ടു പാറി മറയുന്നു. അപ്പോൾ ഒരു മയിലമ്മ

അതുവഴി കടന്നുവരുന്നു).

കൊച്ചുകുട്ടായിഃ-

എങ്ങോട്ടു പോകുന്നു പൊന്മയിലമ്മേ

ഏഴഴകുള്ളൊരു പൂമയിലമ്മേ?

മയിലമ്മഃ-

കാലിത്തൊഴുത്തിലൊരുണ്ണി പിറന്നേ

കാരുണ്യരൂപനാമുണ്ണി പിറന്നേ!…

ഉണ്ണിക്കിടാവിനു പൂംപീലി നൽകാൻ

പോകുന്നു ഞാനെന്റെ കൊച്ചുകുട്ടായീ!…

(മയിലമ്മ ആട്ടമാടി കടന്നുപോകുന്നു. ഒട്ടും വൈകാതെ കുഴലുകാരൻ

കുഞ്ഞൻ കടന്നുവരുന്നു).

കൊച്ചുകുട്ടായിഃ-

എങ്ങോട്ടുപോകുന്നു പൂങ്കുഴൽക്കാരാ?

‘പെപ്പപ്പേ’യൂതുന്ന പൊൻകുഴൽക്കാരാ?

കുഴലുകാരൻഃ-

കാലിത്തൊഴുത്തിലൊരുണ്ണി പിറന്നേ

കാരുണ്യരൂപനാമുണ്ണി പിറന്നേ!…

ഉണ്ണിക്കു മുന്നിലീപ്പൂങ്കഴലൂതാൻ

പോകുന്നു ഞാനെന്റെ കൊച്ചുകുട്ടായീ!…

(കുഴലുകാരൻ കുഞ്ഞൻ പോകാനൊരുങ്ങുന്നു. കൊച്ചുകുട്ടായി അവനെ തടയുന്നു).

കൊച്ചുകുട്ടായിഃ-

പോകല്ലേ പോകല്ലേ പൊൻകുഴൽക്കാരാ

ഞാനും വരണുണ്ടു നിന്നുടെ കൂടെ

എല്ലാരും കാണുന്നൊരുണ്ണിയെ കാണാൻ

ഞാനും വരുന്നുണ്ടു നിന്നുടെ കൂടെ!

കുഴലുകാരൻഃ-

ഈണത്തിൽ ഞാനെന്റെ പൂങ്കുഴലൂതാം

താളത്തിൽ നീ നിന്റെ ചെണ്ടയും കൊട്ടൂ

ചെണ്ടേം കുഴലുമായ്‌ നമ്മൾക്കു പോകാം

കണ്ണിനും കണ്ണാകുമുണ്ണിയെക്കാണാൻ!

(ഇരുവരും താളമേളങ്ങളോടെ നൃത്തംവച്ചു കൊണ്ട്‌ ഉണ്ണിയെ കാണാൻ പുറപ്പെടുന്നു).

Generated from archived content: nursery1_dec21_07.html Author: selin

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here