കുട്ടപ്പനാശാരിയുടെ മകൾ രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് മുഖം കഴുകുന്നത് അയൽപക്കത്തെ അന്തപ്പൻ കണ്ടു.
അന്തപ്പൻ ചായക്കടയിലേക്ക് പോകുന്ന വഴിയാണ് ആ കാഴ്‌ച കണ്ടത്. അയാൾ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ പറഞ്ഞുഃ
‘കുട്ടപ്പനാശാരിയുടെ മകൾ വായിലെ വെളളം തുപ്പിയപ്പോൾ ഒരു മീൻപരൽ മുറ്റത്തുകിടന്നു പിടയ്‌ക്കുന്നു.’
ഈ വാർത്ത ചായ കുടിച്ചുകൊണ്ടിരുന്നവർ കൗതുകത്തോടെ കേട്ടു.
ചായകുടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒരുവൻ വഴിയിൽ കണ്ടവരോടു പറഞ്ഞുഃ ‘കുട്ടപ്പനാശാരിയുടെ മകൾ മീൻ പരലിനെ ഛർദ്ദിച്ചു. അതുകാണാൻ ചായക്കടയിലിരുന്നവർ അങ്ങോട്ട് പോയിരിക്കുകയാണ്.’
ആ വാർത്ത കേട്ട ഒരുവൻ നാല്‌ക്കവലയിൽ ചെന്ന് പറഞ്ഞുഃ
‘കുട്ടപ്പനാശാരിയുടെ മകൾ ഇന്നുരാവിലെ രണ്ടു മീൻപരലുകളെ ഛർദ്ദിച്ചു.’
നാല്‌ക്കവലയിൽ നിന്നവർ ഈ വാർത്തകേട്ട് അത്ഭുതപ്പെട്ടു. ഒരു പെൺകുട്ടി ജീവനുളള മീൻപരലുകളെ ഛർദ്ദിച്ചു എന്നു കേട്ടാൽ ആരാണ് അത്ഭുതപ്പെടാതിരിക്കുക.
നാല്‌ക്കവലയിൽനിന്ന് ആ വാർത്തകേട്ട ഒരുവൻ ചന്തയിൽ ചെന്നുപറഞ്ഞുഃ
‘കുട്ടപ്പനാശാരിയുടെ മകൾ ഛർദ്ദിച്ചപ്പോൾ ജീവനുളള രണ്ടു പരലുകൾ നിലത്തുകിടന്നു പിടയ്‌ക്കുന്നു.’
കേട്ടവർ അത്ഭുതപ്പെട്ടു.
‘എങ്കിൽ നമുക്ക് അതൊന്നു പോയി കാണാം.’ ചന്തയിൽവച്ച് ആ അത്ഭുതവാർത്ത കേട്ട രണ്ടു ചെറുപ്പക്കാർ കുട്ടപ്പനാശാരിയുടെ വീട്ടിലേക്ക്് പുറപ്പെട്ടു. അവിടെചെന്ന് പെൺകുട്ടിയെ കണ്ട് സംസാരിച്ചു. കുട്ടി നിർവ്വികാരയായി പറഞ്ഞു.
‘ഞാൻ മീൻപരലിനെ ഒന്നും ഛർദ്ദിച്ചില്ല. തോട്ടിൽനിന്ന് വെളളം മുക്കിവച്ചിരുന്ന കുടത്തിൽ ഒരു മീൻകുഞ്ഞുണ്ടായിരുന്നു. രാവിലെ മുഖം കഴുകിയപ്പോൾ അത് എന്റെ വായിൽപ്പെട്ടേനെ! ഇതാണുണ്ടായത്.’
സത്യം മനസ്സിലാക്കാതെ കേട്ടുകേൾവി വിശ്വസിച്ചുവന്ന ആ ചെറുപ്പക്കാർ ജാള്യത മറച്ചുവച്ചുകൊണ്ട് നടന്നുപോയി.
Generated from archived content: unnikatha_mar11.html Author: sathyan_thannipuzha