ആടുവെട്ടുകാരൻ ഔസേപ്പ് ഇറച്ചിക്കച്ചവടം കഴിഞ്ഞ് കുളിക്കാൻ പുഴയിൽ പോയി. കുളിക്കുന്നതിനുമുൻപ് മുണ്ട് അടിച്ചുനനയ്‌ക്കാൻ തയ്യാറെടുത്തപ്പോൾ ഒരു സ്വർണ്ണമാല കല്ലിൽ ഇരിക്കുന്നതു കണ്ടു. അയാൾ മാലയെടുത്ത് മടിയിൽ വച്ചു.
ഔസേപ്പിന്റെ ധർമ്മബോധം അയാളെ ഉപദേശിച്ചുഃ
“ഏതോ ഒരു സ്‌ത്രീ കുളിക്കാൻ വന്നപ്പോൾ മാല ഊരി കല്ലിൽവച്ചുകൊണ്ട് പുഴയിലിറങ്ങി മുങ്ങിയതായിരിക്കും. കുളികഴിഞ്ഞു പോയപ്പോൾ മാലയെടുക്കാൻ മറന്നുകാണും. അവൾ അന്വേഷിച്ച് ഇപ്പോൾ വരുന്നുണ്ടാകും. വരട്ടെ, അവളെ വിഷമിപ്പിക്കുന്നത് പാപമാണ്. വരുമ്പോൾ മാല കൊടുക്കണം.”
അതോടൊപ്പം ഔസേപ്പിന്റെ മനസ്സിൽ ദുർവാസന തലപൊക്കി.
“മാല തനിയ്‌ക്കു കിട്ടിയ വിവരം ആരും അറിഞ്ഞിട്ടില്ല. ഒട്ട് അറിയുകയുമില്ല. ഈ മാല സ്വന്തമാക്കാം. മാലവിറ്റാൽ പണത്തിനുളള തല്‌ക്കാല ബുദ്ധിമുട്ട് തീരും.”
ഔസേപ്പ് അലക്കും കുളിയും കഴിഞ്ഞ് വീട്ടിലേക്കു നടന്നു.
ഔസേപ്പു പോയിക്കഴിഞ്ഞപ്പോൾ അന്നമ്മടീച്ചർ ഓടി പുഴയിൽ വന്നു. കല്ലിൽ വച്ചിരുന്ന മാല അന്വേഷിച്ചു. മാല കണ്ടില്ല.
ടീച്ചർ ഔസേപ്പിന്റെ വീട്ടിൽച്ചെന്ന് ചോദിച്ചു.
“ഔസേപ്പെ, ഞാൻ കുളിക്കാൻ പുഴയിൽ പോയപ്പോൾ മാല ഊരി കല്ലിൽവെച്ചിരുന്നു. എടുക്കാൻ മറന്നുപോയി. ഔസേപ്പിനു മാല കിട്ടിയോ?”
“എനിക്കു കിട്ടിയില്ല. കല്ലിൽ ഇരുന്ന മാല വല്ല കാക്കയും കൊത്തിക്കൊണ്ടുപോയിക്കാണും” ഔസേപ്പ് പറഞ്ഞു.
മാല നഷ്‌ടപ്പെട്ട ദുഃഖം മനസ്സിലൊതുക്കിക്കൊണ്ട് ടീച്ചർ തിരിച്ചു നടന്നു.
ഔസേപ്പ് മാല കൊണ്ടുപോയി വിറ്റു. ആ രൂപകൊണ്ട് ആടിനെ വാങ്ങാൻ പോയി. ഗ്രാമം മുഴുവൻ നടന്നിട്ടും ആടിനെ കിട്ടിയില്ല. അയാൾ ക്ഷീണിച്ചു. വിശപ്പും സഹിക്ക വയ്യാതായി. ഉച്ചയായപ്പോൾ പുഴയിലിറങ്ങി വെളളം കുടിച്ചു. കുളിക്കാമെന്നു കരുതി മുണ്ടഴിച്ചു കരയിൽവച്ച് തോർത്തെടുത്ത് ഉടുത്തു. പണപ്പൊതി മുണ്ടിന്റെ മീതെ വച്ചുകൊണ്ട് പുഴയിലിറങ്ങി കുളിച്ചു.
പുഴയുടെ കരയിൽനിന്ന വലിയൊരു താന്നിമരത്തിനു മുകളിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. കുരങ്ങന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. മക്കളെ മരത്തിലിരുത്തിക്കൊണ്ട് കുരങ്ങനും ഭാര്യയും ഇരതേടി താഴെയിറങ്ങി പുഴയുടെ തീരത്തുകൂടി നടക്കാറുണ്ട്. ഒരുദിവസം അവർ ഇരതേടി പോയതിന്റെ പിന്നാലെ ഒരു കുട്ടിക്കുരങ്ങ് പുഴയുടെ തീരത്തുകൂടി നടന്നപ്പോൾ ഔസേപ്പു കുളിക്കുന്നതും അയാൾ അഴിച്ചുവച്ച തുണിയുടെ മീതെ പണപ്പൊതി ഇരിക്കുന്നതും കണ്ടു. ആഹാരസാധനമായിരിക്കുമെന്നു കരുതി പണപ്പൊതിയെടുത്തുകൊണ്ട് കുരങ്ങ് ഓടിപ്പോയി.
കുട്ടിക്കുരങ്ങിന്റെ വിനോദം കണ്ട് ഔസേപ്പ് നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് പിന്നാലെ എത്തി. കുരങ്ങ് എവിടെയോ പോയി ഓടിമറഞ്ഞു.
ഔസേപ്പ് ആധി പിടിച്ച് അമ്പരന്ന് നിലത്തിരുന്നു.
കടവിലിരുന്ന് സ്വർണ്ണമാല കിട്ടിയപ്പോൾ ഔസേപ്പിന് വലിയ സന്തോഷമായിരുന്നു. അന്ന് മാല തിരിച്ചുകൊടുക്കാൻ തോന്നിയില്ല. ഇന്ന് തന്റെ രൂപ നഷ്‌ടപ്പെട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല.
അന്യരുടെ മുതൽ അപഹരിച്ചാൽ അവസാനം ദുഃഖിക്കേണ്ടിവരുമെന്ന് അനുഭവത്തിൽനിന്ന് ഔസേപ്പിനു ബോധ്യമായി.
“പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും.” എന്നാണല്ലോ പഴമൊഴി.
Generated from archived content: unnikatha1_oct14_08.html Author: sathyan_thannipuzha