നല്ല കുട്ടിക്ക് സമ്മാനം

ബാലകൃഷ്ണന്‍ ഒരു സാഹിത്യകാരനാണ്. അയാളുടെ പേരക്കുട്ടികളാണ് മാലതിയും ലില്ലിയും. ഇരുവരും ഒക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

ഒരു ഒഴിവു ദിവസം രാവിലെ പേരക്കുട്ടികളും മുത്തച്ഛനും വരാന്തയില്‍ ഇരിക്കുമ്പോള്‍ പത്രക്കാരന്‍ പത്രം കൊണ്ടുവന്ന് ഗേറ്റില്‍ ഇട്ടു. മുത്തച്ഛന്‍ മാലതിയെ വിളിച്ചു പറഞ്ഞു : ‘ മോളെ മാലതീ… ആ പത്രം ഇങ്ങ് എടുത്തുകൊണ്ടു വാ..’

‘ എന്റെ മുത്തച്ഛാ, ലില്ലിയോട് പറയൂ… എനിക്കു വയ്യ… ഞാന്‍ ഇവിടെ ഇരിക്കട്ടേ..’

മുത്തച്ഛന്‍ എത്ര നിര്‍ബന്ധിച്ചിട്ടും മാലതി പത്രം എടുത്തുകൊണ്ടു വന്നില്ല.

എന്നാല്‍ മുത്തച്ഛനും ചേച്ചിയും സംസാരിക്കുന്നതു കേട്ടപ്പോള്‍ ലില്ലി ഓടിപ്പോയി പത്രം എടുത്തുകൊണ്ടുവന്ന് മുത്തച്ഛനു കൊടുത്തു. മുത്തച്ഛന്‍ ചാരുകസേരയില്‍ ഇരുന്നു പത്രം വായന തുടങ്ങി.

ബാലകൃഷ്ണന്‍ പത്രത്തിലെ പ്രധാന വാര്‍ത്തകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു പോയി. ദിനചര്യകള്‍ കഴിച്ചു പേരക്കുട്ടികളൊരുമിച്ച് ചായ കുടിച്ചു. ചായകുടി കഴിഞ്ഞ ഇറയത്ത് വന്നിരുന്നു ഒരു മാസിക വായിച്ചുകൊണ്ടിരുന്നു.

അന്നേരം ഒരു ഭിക്ഷക്കാരന്‍ വന്ന് കൈനീട്ടി. മുത്തച്ഛന്‍ മാലതിയോടു വിളിച്ചു പറഞ്ഞു:’ മോളേ മാലതീ… ആ മേശപ്പുറത്തിരിക്കുന്ന ചില്ലറയില്‍ നിന്ന് ഒരു രൂപ എടുത്തുകൊണ്ടുവന്ന് ആ ഭിക്ഷക്കാരന് കൊടുക്കൂ’

‘ മുത്തച്ഛാ എനിക്കു വയ്യ.. ലില്ലിയോടു പറയൂ.. ഞാന്‍ ടിവി കാണട്ടേ.. എനിക്ക് ഇന്നേ ടിവി കാണാന്‍ പറ്റുകയുള്ളൂ’

മാലതി ഭിക്ഷക്കാരന് രൂപ കൊടുത്തില്ല.

മുത്തച്ഛനും ചേച്ചിയും തമ്മിലുള്ള വര്‍ത്തമാനം കേട്ടപ്പോള്‍ ലില്ലി ഓടിവന്ന് ഭിക്ഷക്കാരന് ഭിക്ഷ കൊടുത്തു. അപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു ‘ മിടുക്കി കുട്ടി… ഇങ്ങനെ വേണം ചെയ്യാന്‍..’

ലില്ലി മുറ്റത്ത് ചെടി നടാന്‍ പോയി മുത്തച്ഛന്‍ മാസിക വായന തുടര്‍ന്നു. ചെടി നട്ടു കഴിഞ്ഞപ്പോള്‍ ലില്ലി കുളിക്കാന്‍ പോയി. അതു കണ്ട് ടിവി കണ്ടു കൊണ്ടിരുന്ന മാലതിയും കുളിക്കാന്‍ പോയി. കുളിമുറിയില്‍ ചെന്ന് ഞാന്‍ ആദ്യം കുളിക്കട്ടേയെന്നു ലില്ലിയോട് മാലതി വഴക്കുകൂടി. ചേച്ചി കുളിച്ചോളൂ… എന്നിട്ടു ഞാന്‍ കുളിച്ചോളാം എന്നു പറഞ്ഞ് ലില്ലി ഒഴിഞ്ഞു മാറി.

പന്ത്രണ്ടു മണിയായപ്പോള്‍ പോസ്റ്റുമാന്‍ വന്നു. മുത്തച്ഛന് പത്രമാഫീസില്‍ നിന്നു മണിയോര്‍ഡര്‍ ഉണ്ടായിരുന്നു. കഥയ്ക്കുള്ള പ്രതിഫലമാണ്. രൂപ ഒപ്പിട്ടുവാങ്ങിക്കൊണ്ട് ബാലകൃഷ്ണന്‍ ലില്ലിയെ വിളിച്ചു.. ‘ മോളെ ലില്ലീ.. വാ… ഒരു സമ്മാനം തരാം..’

ലില്ലി ഓടിവന്നു. ഒപ്പം മാലതിയും..

മാലതി ചോദിച്ചു- ‘എന്തിനാ മുത്തച്ഛാ വിളിച്ചത്?’

‘ഞാന്‍ ലില്ലിയെയാണ് വിളിച്ചത്.. ഒരു സമ്മാനം കൊടുക്കാന്‍..’ മുത്തച്ഛന്‍ നൂറ് രൂപ ലില്ലിക്കു കൊടുത്തു.

അതു കണ്ടപ്പോള്‍ മാലതി ചോദിച്ചു: ‘ മുത്തച്ഛാ.. എനിക്കും താ രൂപ.. ഞാനാണ് മൂത്തവള്‍. അവള്‍ക്കു നൂറു രൂപ കൊടുത്തപ്പോള്‍ എനിക്കു നൂറ്റമ്പതു രൂപ തരണം ‘

‘തരാം മോള്‍ക്കും തരാം… ചോദിക്കാതെ കണ്ടറിഞ്ഞ് തരണമെങ്കില്‍ മറ്റുള്ളവരുടെ പ്രീതി നേടണം. നല്ല പെരുമാറ്റം കൊണ്ട് അവരുടെ സ്‌നേഹം സമ്പാദിക്കണം. മാലതിയോട് രാവിലെ പത്രം എടുത്തു കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ കൊണ്ടുവന്നോ? ഇല്ല.. ഭിക്ഷക്കാരന് രൂപ കൊടുക്കാന്‍ പറഞ്ഞു.. കൊടുത്തോ? ഇല്ല. പിന്നെ എങ്ങനെ മോളോട് സ്‌നേഹം തോന്നും?’ മുത്തച്ഛന്‍ ചോദിച്ചു.

മുത്തച്ഛന്‍ പറഞ്ഞത് ശരിയാണല്ലോ എന്നു മാലതിക്കും തോന്നി.

Generated from archived content: unnikatha1_july9_13.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here