പൂവൻകോഴി

ഒരു കൃഷിക്കാരന്റെ വീട്ടിൽ രണ്ടു താറാവുകളും ഒരു പൂവൻകോഴിയും ഉണ്ടായിരുന്നു. താറാവുകളും പൂവൻകോഴിയും നെല്ലും അരിയും മറ്റും തിന്ന്‌ സസുഖം ജീവിച്ചു.

താറാവുകൾ നിത്യവും ഓരോ മുട്ടകൾവീതം ഇട്ടു. കൃഷിക്കാരന്റെ ഭാര്യ താറാവുകൾക്ക്‌ പാർക്കാൻ പ്രത്യേകം കൂടുണ്ടാക്കികൊടുത്തു.

പൂവൻകോഴിക്ക്‌ കൂടുണ്ടായിരുന്നില്ല. രാത്രി സമയം മുറ്റത്തിന്റെ അരികിൽ നിന്ന ചാമ്പയിൽ അവൻ കയറി ഇരുന്നു. വെളുപ്പാൻ കാലമാകുമ്പോൾ കോഴി പതിവായി കൂവി. കോഴിയുടെ കൂവൽകേട്ട്‌ കൃഷിക്കാരൻ എഴുന്നേറ്റു വയലിൽ പോയി പണി ചെയ്‌തു.

ഒരു ദിവസം പൂവൻകോഴി താറാവുകളോടു പറഞ്ഞു. “എനിക്ക്‌ ഒന്നും ഭയപ്പെടാനില്ല. എന്നെ യജമാനൻ കൊന്ന്‌ തിന്നുകയുമില്ല. ഞാൻ വെളുപ്പാൻ കാലത്ത്‌ കൂവുന്നതുകൊണ്ടാണ്‌ യജമാനൻ കൃത്യസമയത്ത്‌ എഴുന്നേറ്റുപോയി പണിചെയ്യുന്നത്‌. എന്നെ കൊന്നുതിന്നാൽ പിന്നെ എങ്ങനെയാണ്‌ പുലർകാലത്ത്‌ വയലിൽ പോകുന്നത്‌?”

ഇങ്ങനെ സംസാരിച്ചുകൊണ്ടു നിന്നപ്പോൾ തൊട്ടുപുറകിലുളള വയലിൽ ഒരനക്കംകേട്ടു. ഓടിക്കോ കുറുക്കനായിരിക്കും എന്നു പറഞ്ഞുകൊണ്ട്‌ താറാവുകൾ കൃഷിക്കാരന്റെ മുറ്റത്തേയ്‌ക്കോടി.

പൂവൻകോഴി ഞാനാരാമോൻ എന്ന ഭാവത്തിൽ അനക്കം കണ്ട ഭാഗത്തേക്കുനോക്കി നിന്നു. അപ്പോൾ യജമാനന്റെ വളർത്തുനായയുടെ തല നെല്ലുകൾക്കിടയിൽ പൊങ്ങിക്കണ്ടു.

“സുഹൃത്തുക്കളെ പേടിച്ചോടണ്ട. നമ്മുടെ പട്ടിചേട്ടനാണ്‌.” പൂവൻകോഴി വിളിച്ചു പറഞ്ഞു.

താറാവുകൾ നാണിച്ചു തിരിച്ചുവന്നു. ദൈവത്തിനു നന്ദി പറഞ്ഞു. അതുകേട്ടപ്പോൾ പൂവൻകോഴി കളിയാക്കി ചിരിച്ചു.

പൂവൻകോഴി അഹംഭാവിയായിരുന്നു. അവൻ പ്രാർത്ഥിക്കാറില്ല. താറാവുകൾ രാവിലേയും വൈകുന്നേരവും ഈശ്വരനെ പ്രാർത്ഥിക്കാറുണ്ട്‌. ഒരുദിവസംപോലും പ്രാർത്ഥന മുടങ്ങാറില്ല. സ്രഷ്‌ടാവിനെ മറന്നൊന്നും ചെയ്യാറില്ല. സ്രഷ്‌ടാവിനോടു നന്ദിയുളളവരായിരുന്നു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.

ഒരുദിവസം കൃഷിക്കാരന്റെ ഭാര്യയുടെ സഹോദരൻ വിരുന്നുവന്നു. അന്നു പൂവൻകോഴിയെ വീട്ടുകാർ പിടിച്ചുകൊന്നു കറിവച്ചുതിന്നു.

പൂവൻകോഴിയുടെ ദുർവിധികണ്ട്‌ ദുഃഖിച്ച്‌ താറാവുകൾ പറഞ്ഞു.

“കോഴി മിടുക്കനായിരുന്നു. ധൈര്യശാലിയുമായിരുന്നു. പക്ഷേ ദൈവത്തെ മറന്നു. അതാണ്‌ ഇത്ര പെട്ടെന്ന്‌ അവന്‌ മരണം സംഭവിച്ചത്‌. നമുക്ക്‌ ദൈവാനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിക്കാം.” ഇരുവരും മുകളിലേക്ക്‌ നോക്കി പ്രാർത്ഥിച്ചു.

Generated from archived content: unni_july25.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here