കാക്കക്കുഞ്ഞ്‌

അവറാച്ചന്റെ അടുക്കളയുടെ തെക്കുഭാഗത്ത്‌ നിന്ന അത്തിമരത്തിൽ കൂടുണ്ടാക്കി ഒരു കാക്ക പാർത്തിരുന്നു.

വീടിന്റെ തെക്കുവശത്ത്‌ കാക്ക കൂടുകെട്ടി കുഞ്ഞുണ്ടായാൽ വടക്കുവശത്ത്‌ മാളിക പണിയുമെന്നാണ്‌ ഗ്രാമീണരുടെ വിശ്വാസം. അവറാച്ചനും ആ വിശ്വാസത്തിൽ അടിയുറച്ചുനിന്നു. പിളേളരാരെങ്കിലും കാക്കകൂട്ടിൽ കല്ലെറിഞ്ഞ്‌ കാക്കയെ ഭയപ്പെടുത്തി ഓടിച്ചുകളയാതെ കാത്തുസൂക്ഷിച്ചു വന്നു.

അധികം താമസിയാതെ കാക്ക മുട്ടയിട്ട്‌ അടയിരുന്നു. രണ്ട്‌ കുഞ്ഞുങ്ങളുണ്ടായി. കുഞ്ഞുങ്ങൾക്ക്‌ കാക്ക തീറ്റകൊടുത്തു വളർത്തി.

കുഞ്ഞുങ്ങൾ പറക്കാറായി. കുഞ്ഞുങ്ങളെ കാക്ക കൂടിനു പുറത്തുകൊണ്ടുവന്ന്‌ പറക്കാൻ പഠിപ്പിച്ചു. തീറ്റ കൊത്തിത്തിന്നേണ്ടവിധവും കാണിച്ചുകൊടുത്തു.

കാക്കക്കുഞ്ഞുങ്ങൾ അവറാച്ചന്റെ വീടിന്റെ മുറ്റത്തുചെന്നിരുന്ന്‌ തീറ്റ കൊത്തിത്തിന്നാൻ തുടങ്ങി. അപ്പോഴെല്ലാം അമ്മകാക്ക പറഞ്ഞു. “മക്കളെ സൂക്ഷിക്കണം. തീറ്റകണ്ട്‌ ഓടിച്ചെന്ന്‌ കൊത്തിയെടുക്കരുത്‌. പിന്നിൽ അപകടമുണ്ടെന്ന്‌ എപ്പോഴും ഓർക്കണം.”

“ശരിയമ്മേ”, കുഞ്ഞുങ്ങൾ തലയാട്ടി സമ്മതിച്ചു. കാക്കകുഞ്ഞുങ്ങൾ നിത്യവും അവറാച്ചന്റെ അടുക്കളമുറ്റത്ത്‌ കൊത്തിതിന്നു നടന്നു. അവറാച്ചനും ഭാര്യയും കാക്കകൾക്ക്‌ ആഹാരത്തിന്റെ അവശിഷ്‌ടങ്ങൾ എറിഞ്ഞുകൊടുത്തു. തെക്കുവശത്ത്‌ കാക്കക്കൂട്‌ ഐശ്വര്യമാണെന്ന വിശ്വാസം കാക്കകൾക്ക്‌ തീറ്റകൊടുക്കാൻ അവരെ പ്രേരിപ്പിച്ചു.

കാക്കകൾ ഭയമില്ലാതെ അവിടെ നടന്നു. അടുക്കളയിൽ നിന്നുവരെ ആഹാരസാധനങ്ങൾ കൊത്തിയെടുത്ത്‌ തിന്നു. എന്നിട്ടും അവറാച്ചന്റെ വീട്ടിലുളളവർ ആരും അവറ്റകളെ ഉപദ്രവിച്ചില്ല.

കാക്കകൾ തിന്നു കൊഴുത്തു. അയൽവീടുകളിലും പോയി തിന്നാൻ തുടങ്ങി. ഒരു കൃഷിക്കാരന്റെ വീട്ടിൽ ചെന്നു. അവിടെ ഒരു പിടക്കോഴി പത്ത്‌ ചെറിയ കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റി നടക്കുന്നതുകണ്ടു.

ഒരു കാക്കകുഞ്ഞു പറഞ്ഞുഃ “അമ്മേ, അമ്മേ ആ കോഴിക്കുഞ്ഞിനെ ഒരെണ്ണത്തിനെ റാഞ്ചിപിടിക്ക്‌. നമുക്ക്‌ കൂട്ടിൽ കൊണ്ടുപോയി വച്ച്‌ തിന്നാം.”

“വേണ്ട മോനേ ആ കോഴിപ്പിട കൊത്തികൊല്ലും. നമുക്കുതിന്നാൻ ചത്ത സാധനങ്ങൾ വേണ്ടുവോളം ഇവിടെ ഉണ്ടല്ലോ. കഴിഞ്ഞ ദിവസം കൂട്ടിൽ കിടന്ന ചത്ത ഒരു കോഴിക്കുഞ്ഞിനെ വീട്ടുകാർ വലിച്ചെറിഞ്ഞ്‌ നമുക്ക്‌ തന്നില്ലേ? അന്ന്‌ മാംസം തിന്ന്‌ നിന്റെ കൊതി മാറിയില്ലേ? ഇനിയും അതുപോലെ കിട്ടും. അപ്പോൾ തിന്നാൽ മതി.”

“എന്റെ അമ്മേ എനിക്ക്‌ ഇപ്പോൾ ഇറച്ചി തിന്നാൻ കൊതിയാകുന്നു.”

“മോന്റെ കൊതി അപകടമാണ്‌. ആ കൊതി കൊട്ടയിട്ട്‌ മൂട്‌. അടക്കൊതുക്കമില്ലാഞ്ഞാൽ ആളുകൾ തല്ലിക്കൊന്ന്‌ കുഴിച്ചിടും. വാ നമുക്ക്‌ കൂട്ടിൽപോകാം.” തളളകാക്ക പറഞ്ഞു.

അമ്മയെ അനുസരിക്കാൻ കുഞ്ഞ്‌ തയ്യാറായില്ല. കോഴിക്കുഞ്ഞിനെ റാഞ്ചിപിടിക്കണമെന്ന്‌ അവൻ മനസ്സിൽ തീരുമാനിച്ചു. അമ്മയുടെ കണ്ണുവെട്ടിച്ച്‌ അവൻ കോഴിക്കുഞ്ഞുങ്ങളുടെ അടുത്തുവന്നു.

അവിടെ ഒരു മാവിന്റെ ചില്ലയിൽവന്ന്‌ തഞ്ചത്തിൽ ഇരുന്നു. കോഴിക്കുഞ്ഞുങ്ങൾക്ക്‌ തീറ്റ തെരഞ്ഞുകൊടുക്കുന്നത്‌ നോക്കി കണ്ടു. തക്കംനോക്കി ഒരു കുഞ്ഞിനെ റാഞ്ചിപിടിക്കാൻ ചെന്നു. തളളക്കോഴി കൊ…ക്കൊ…കൊ.. എന്ന്‌ കരഞ്ഞുകൊണ്ട്‌ കാക്കകുഞ്ഞിനെ കൊത്തിമലർത്തി.

കോഴിയുടെ കൊത്തുകൊണ്ട്‌ കാക്കക്കുഞ്ഞ്‌ കരഞ്ഞുപോയി. അപ്പോൾ അത്‌ ഓർത്തു. “അമ്മ പറഞ്ഞത്‌ അനുസരിച്ചിരുന്നെങ്കിൽ ഈ കൊത്തുകൊണ്ട്‌ കരയാൻ ഇടവരില്ലായിരുന്നു.”

Generated from archived content: unni_feb19.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English