ഒരു മലഞ്ചെരുവ്. ഒരു വരയൻ പുലി അവിടെ കിടന്ന് തലകുത്തി മറിഞ്ഞു. തല കടിച്ചിട്ട് സഹിക്കാൻ പറ്റുന്നില്ല. തലയിൽ ചെളള് കടിക്കുകയാണ്.
പുലി കരഞ്ഞുകൊണ്ട് എഴുന്നേറ്റിരുന്ന് രണ്ടു കൈകൾകൊണ്ടും തലയിൽ മാന്തി. കടി കുറഞ്ഞില്ല. കൂടുകയാണ് ചെയ്‌ത്. ഇനി എന്ത് ചെയ്യും? എങ്ങിനെ ചെളളിനെ കൊല്ലും? എന്താണ് വഴി? വരയൻ പുലി ആലോചിച്ചു.
വരയൻപുലി അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ഒരു മാടത്തക്കിളി പറന്നുവന്നു.
വരയൻപുലിയോട് മാടത്തക്കിളി ചോദിച്ചു. “പുലിയച്ചൻ എന്തിനാണ് തലയിട്ടു മാന്തുന്നത്?”
“മാടത്തക്കിളി എന്റെ തല കടിച്ചിട്ടു വയ്യാ. തലയിൽ കിടന്ന് ചെളള് അരിക്കുന്നു.”
“ചങ്ങാതിക്കിളി ഈ ദുരിതത്തിൽ നിന്ന് എന്നെ രക്ഷിക്കാമോ? ചെളളിനെ കൊത്തിയെടുത്ത് തിന്നാമോ?” വരയൻ പുലി ചോദിച്ചു.
പുലിയുടെ ചോദ്യം കേട്ടപ്പോൾ കിളി ആരാഞ്ഞു.
“പുലിയച്ചാ പുലിയച്ചാ തലയിൽ
ഞാൻ വന്നിരുന്നാൽ
പുലിയച്ചൻ എന്നെ പിടിച്ചു തിന്നൂലേ?”
“ഇല്ല.. ഇല്ല എന്നെ സഹായിക്കുന്നവനെ ഞാൻ ഒരിക്കലും ഉപദ്രവിക്കുകയില്ല.” വരയൻപുലി പറഞ്ഞു.
“അങ്ങനെയെങ്കിൽ ഞാൻ
തലയിൽനിന്ന് ചെളളിനെ
പെറുക്കിപെറുക്കി എടുത്തുകൊളളാം.” മാടത്തക്കിളി പറഞ്ഞു.
മാടത്തക്കിളി പറന്നുവന്ന് വരയൻപുലിയുടെ തലയിൽ ഇരുന്നു. ചെളളിനെ ഓരോന്നിനേയും കൊത്തിയെടുത്തുതിന്നു.
വരയൻപുലിക്ക് ആശ്വാസമായി. കടിയും ചൊറിച്ചിലും മാറി. പുലി ഓടിച്ചാടി മലഞ്ചെരുവിൽ നടന്നു. മാടത്തക്കിളി പറന്ന് അതിന്റെ വഴിക്കുപോയി.
കുറേദിവസം കഴിഞ്ഞു. മാടത്തക്കിളി വേടന്റെ വലയിൽ കുടുങ്ങി. രക്ഷപ്പെടാൻ വേണ്ടി വലകൊത്തിവലിച്ച് കിടന്നു കരഞ്ഞു. അപ്പോൾ അതുവഴി വരയൻപുലി വന്നു.
വരയൻ പുലിയെ കണ്ടയുടനെ മാടത്തക്കിളി വിളിച്ചു.
“പുലിയച്ചാ, പുലിയച്ചാ ഇതിലേ വരൂ. ഈ അപകടത്തിൽനിന്ന് എന്നെ രക്ഷിക്കൂ.” വരയൻപുലി മാടത്തക്കിളിയെ രക്ഷിക്കാൻ തയ്യാറായില്ല. പുലി മാടത്തക്കിളിയുടെ വിളി കേട്ടഭാവം നടിക്കാതെ പോകാൻ ഒരുമ്പെട്ടു. അപ്പോൾ മാടത്തക്കിളി ചോദിച്ചു.
“പുലിയച്ചാ, പുലിയച്ചാ
ചെളളുകടി ഓർമ്മയുണ്ടോ?
ഞാനാണ് ചെളളിനെ എടുത്തത്.”
അതുകേട്ട് പുലി പറഞ്ഞു.
“ഓർക്കുന്നുണ്ട് ഞാൻ
മറന്നിട്ടില്ല നിന്നെ
പക്ഷേ സഹായിക്കാൻ
ഇപ്പോൾ പറ്റില്ല
വേടൻ വരാറായി.” പുലി അതിന്റെ പാടുനോക്കി പോയി. അപ്പോൾ മാടത്തക്കിളി ഓർത്തു.
“പുലിയച്ചനെ ഞാൻ സഹായിച്ചതാണല്ലോ
പുലിയച്ചൻ എന്നെ സഹായിച്ചില്ലല്ലോ
ആരുമില്ലാത്തവർക്ക് ദൈവം തുണ
ദൈവത്തെ പ്രാർത്ഥിക്കാം.”
പ്രാർത്ഥിക്കാൻ തുടങ്ങുന്നതിനുമുൻപ് അകലെനിന്ന് വേടൻ വരുന്നതുകണ്ടു. മാടത്തക്കിളി കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് കിടന്നു. വേടൻ വന്നുനോക്കിയപ്പോൾ മാടത്തക്കിളി ചത്തുകിടക്കുകയാണെന്നു കരുതി വലയിൽനിന്ന് എടുത്തു പുറത്തുവച്ചു. ആ തക്കത്തിന് മാടത്തക്കിളി കണ്ണുതുറന്ന് അകലേക്ക് പറന്നുപോയി.
Generated from archived content: unni_april16.html Author: sathyan_thannipuzha