പെരിയാറിന്റെ തീരത്താണ് ഒക്കൽ ഗ്രാമം. ഗ്രാമത്തിലെ ഇരുപത്തിയഞ്ചു വീട്ടുകാർ ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നതാണ് ഗുരുദർശന കുടുംബയോഗം. കുടുംബയോഗത്തിൽ സന്തുഷ്‌ടകുടുംബം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിന് പരമാനന്ദസ്വാമികളെ വിളിച്ചു വരുത്തി.
ഗ്രാമത്തിലെ സ്‌ത്രീകളും കുട്ടികളും കുടുംബയോഗത്തിൽ പങ്കെടുക്കുവാൻ എത്തി. പ്രഭാഷണം തുടങ്ങാൻ താമസിച്ചപ്പോൾ സ്‌ത്രീകൾ ഇരുന്നു നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറയാൻ തുടങ്ങി.
“എന്റെ മകന്റെ കത്ത് ഇന്ന് വന്നിരുന്നു. അവൻ ഷാർജയിലാണ്. അവന് മുപ്പതിനായിരം രൂപാ ശമ്പളമുണ്ട്. അവനാണ് ഈ ഗ്രാമത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്നവൻ.” ഒരു സ്‌ത്രീ പറഞ്ഞു.
“നിന്റെ മകൻ വലിയ ശമ്പളക്കാരനാണെങ്കിൽ എന്റെ മകൻ നല്ല സിനിമാനടനാണ്. അവന് ഫോറിൻകാരേക്കാൾ കൂടുതൽ വരുമാനമുണ്ട്.” മറ്റൊരു സ്‌ത്രീ പറഞ്ഞു.
ഈരണ്ടു സ്‌ത്രീകളുടേയും സംസാരം കേട്ടിരുന്ന മൂന്നാമത്തെ സ്‌ത്രീ മുന്നോട്ട് ചാടിവന്നു പറഞ്ഞു. “എന്റെ മകൻ ഐ.എ.എസ്സുകാരനാണ് അവനാണ് ഈ ജില്ല ഭരിക്കുന്നത്. അവന്റെ ഭരണപരിഷ്‌ക്കാരങ്ങൾ കണ്ട് മന്ത്രിമാർ വരെ അവനെ പ്രശംസിച്ചിട്ടുണ്ട്.
ഈ മൂന്നു പേരുടെ സംസാരം കേട്ടിട്ടും നാലാമത്തെ സ്‌ത്രീ ഒന്നും മിണ്ടാതിരുന്നു. അപ്പോൾ മൂന്നുപേരും അവളോടു ചോദിച്ചു.
”നിന്റെ മകന് വല്ല ജോലിയും കിട്ടിയോ?“ എന്റെ മകന് ജോലിയൊന്നും കിട്ടിയില്ലെങ്കിലും കുടുംബത്തിലെ കൃഷിപ്പണിചെയ്‌ത് എന്നോടൊപ്പമുണ്ട്. ഞങ്ങൾ പട്ടിണികൂടാതെ അങ്ങനെ ജീവിച്ചുപോകുന്നു. അവൾ നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു.
”കുടുംബയോഗത്തിലെ അംഗങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് എന്റെ മകനാണ്. ആ കാര്യത്തിൽ തർക്കമില്ല.“ ഫോറിൻകാരന്റെ അമ്മ പറഞ്ഞു.
”ഫോറിനിൽപോയി വലിയ ശമ്പളം വാങ്ങാൻ വലിയ കഴിവൊന്നും വേണ്ട. ഒട്ടകത്തിന്റെ ചാണകം വാരുന്നവനും നല്ല ശമ്പളം കിട്ടും. സിനിമയിൽ അഭിനയിക്കാൻ നല്ല കഴിവും സൗന്ദര്യവും വേണം.“ സിനിമാനടന്റെ അമ്മ പുകഴ്‌ത്തി പറഞ്ഞു.
”സിനിമയിൽ അഭിനയിക്കുന്നവന് അഭിനയിച്ചാൽ മതി. ജില്ല ഭരിക്കുന്നവന് ഭരണപരമായ അറിവുവേണം. “അറിവ്”. ഐ.എ.എസ്സുകാരന്റെ അമ്മ പറഞ്ഞു. അതുകൊണ്ട് എന്റെ മകനാണ് കേമൻ.“
സിനിമയിൽ അഭിനയിക്കാൻ അറിവുവേണ്ടെന്നാണോ നിങ്ങൾ പറയുന്നത്? അറിവും കഴിവും വേണം. അതുകൊണ്ട് എന്റെ മകനാണ് മുൻനിരയിൽ.” സിനിമാനടന്റെ അമ്മയും വിട്ടുകൊടുത്തില്ല.
ആരുടെ മകനാണ് മുൻപന്തിയിൽ എന്നകാര്യത്തിൽ തർക്കമായി. തർക്കത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല.
സന്തുഷ്‌ടകുടുംബം എന്ന പ്രഭാഷണം പരമാനന്ദസ്വാമികൾ നടത്തി. കുടുംബയോഗം കഴിഞ്ഞപ്പോൾ സ്‌ത്രീകൾ സ്വാമികളുടെ അടുത്തുചെന്ന് ചോദിച്ചു. “ആരുടെ മകനാണ് മുൻപന്തിയിൽ.”
ഞാൻ നിങ്ങളുടെ മക്കളെ അറിയുകയില്ലല്ലോ. പിന്നെ എങ്ങനെ പറയും? അവസാനകാലത്ത് ആവശ്യത്തിന് ഉപകരിക്കുന്നവനാണ് മുൻപന്തിയിൽ. കാലം അതു കാണിച്ചുതരും.“ സ്വാമികൾ പറഞ്ഞു.
Generated from archived content: unni_aaranu.html Author: sathyan_thannipuzha