പണ്ട് വല്ലം ഗ്രാമത്തിൽ ഒരു തങ്കപ്പനും തങ്കമ്മയും ഉണ്ടായിരുന്നു. അവർക്ക് ഒരു മകനുണ്ടായി.
തങ്കപ്പനും തങ്കമ്മയും ഓമനിച്ച് ലാളിച്ച് അവനെ വളർത്തി. മകന് കുട്ടൻ എന്ന പേര് നല്‌കി. കുട്ടൻ വളർന്നു. അഞ്ചുവയസ്സായപ്പോൾ സ്‌കൂളിൽ ചേർത്തു.
ഒരു ദിവസം രാവിലെ വിദ്യാലയത്തിൽപോയ കുട്ടൻ തിരിച്ചുവന്നില്ല. തങ്കപ്പനും തങ്കമ്മയും മകനെ അന്വേഷിച്ച് സ്‌കൂളിലും പരിസരത്തും നടന്നു. കണ്ടവരോടെല്ലാം ചോദിച്ചു. വഴിയിലും കൂട്ടുകാരുടെ വീടുകളിലുമെല്ലാം പോയി നോക്കി. എങ്ങും കുട്ടനെ കണ്ടില്ല.
തങ്കമ്മ അലമുറയിട്ട് എണ്ണിപെറുക്കി കരയാൻ തുടങ്ങി. തങ്കമ്മയുടെ കരച്ചിൽ കേട്ടപ്പോൾ തങ്കപ്പനും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവനും കരയാൻ തുടങ്ങി.
കരച്ചിൽകേട്ട് അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം എത്തി. അവർ എല്ലാവരുമൊരുമിച്ച് കുട്ടനെ അന്വേഷിച്ച് കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ചു.
കുട്ടന്റെ കൂടെ സ്‌ക്കൂളിലേക്കുപോയ അയൽപക്കത്തുളള അപ്പുവിന്റെ അടുത്തുചെന്ന് ചോദിച്ചു.
“മോനേ, അപ്പു ഞങ്ങളുടെ കുട്ടനെ കണ്ടോ?”
“ഇല്ല ഞാൻ കണ്ടില്ല. എന്നെ അച്‌ഛൻ സൈക്കിളിൽ കൊണ്ടുവന്നു. കിഴക്കേലെ കുട്ടപ്പനോട് ചോദിച്ചുനോക്ക്. അവർ ഒരുമിച്ചാണ് നടന്ന് വന്നത്.” അപ്പു പറഞ്ഞു.
തങ്കപ്പനും തങ്കമ്മയും കൂട്ടരും കുട്ടപ്പന്റെ വീട്ടിലെത്തി കുട്ടപ്പനെ കണ്ടുചോദിച്ചു.
“കുട്ടപ്പാ മോനേ, ഞങ്ങളുടെ കുട്ടനെ കണ്ടോ?”
“കണ്ടു… കണ്ടു… ഞങ്ങൾ വരുന്നവഴി ഒരാൾ ഞങ്ങൾക്ക് ഓരോ മിഠായി തന്നു. എന്നോട് അമ്മ പറഞ്ഞിട്ടുണ്ട് വഴിയിൽവച്ച് ആരെങ്കിലും എന്തെങ്കിലും തന്നാൽ വാങ്ങിക്കഴിക്കരുതെന്ന്. ഞാൻ വാങ്ങിയില്ല. കുട്ടൻ വാങ്ങിതിന്നു. അയാളുടെ കൂടെപോയി.
ഈ വിവരംകേട്ട മാത്രയിൽ തങ്കപ്പനും തങ്കമ്മയും പലവഴിക്കും അന്വേഷിച്ചുനടന്നു. അങ്ങനെ പോകുമ്പോൾ ഒരാളുടെ പുറകെ കുട്ടൻ നടന്നുപോകുന്നതുകണ്ടു.
”കുട്ടാ മോനേ, പുന്നാരക്കുട്ടാ“ എന്നു വിളിച്ചുകൊണ്ട് തങ്കമ്മ മോനെ കെട്ടിപിടിച്ചു. ഇതു കണ്ടപ്പോൾ കൂടെ ഉണ്ടായിരുന്നവൻ ഓടി രക്ഷപ്പെട്ടു.
അയാൾ മയക്കുമരുന്നുകൊടുത്ത് കുട്ടനെ തട്ടികൊണ്ടുപോയതാണെന്ന് കുട്ടനെ അന്വേഷിച്ചു ചെന്നവർക്ക് മനസ്സിലായി.
കുട്ടനെ തിരിച്ചുകിട്ടിയപ്പോൾ തങ്കപ്പനും തങ്കമ്മയ്‌ക്കും സന്തോഷമായി. അവർ കുട്ടനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് വീട്ടിലേക്ക് തിരിച്ചുപോയി. പോകുന്നവഴി മകനോട് പറഞ്ഞു.
”മേലിൽ ആരെങ്കിലും വഴിയിൽ വച്ച് എന്തെങ്കിലും തന്നാൽ വാങ്ങി കഴിക്കരുത്.“
Generated from archived content: story_kuttanumkuttap.html Author: sathyan_thannipuzha
Click this button or press Ctrl+G to toggle between Malayalam and English