പണ്ട് പണ്ട് കുട്ടമ്പുഴ ഗ്രാമത്തിൽ ഒരു കുട്ടിയമ്മയുണ്ടായിരുന്നു. കുട്ടിയമ്മയുടെ ഏകമകനായിരുന്നു കുട്ടാപ്പി. ഒരു ദിവസം കുട്ടാപ്പി കുട്ടിയമ്മയോടു പറഞ്ഞു.
“അമ്മേ, അമ്മേ ആലങ്ങാട്ടേ അമ്മായിക്ക് ഒരു കുഞ്ഞുവാവ ഉണ്ടായിട്ട് എത്ര ദിവസമായി? കുഞ്ഞുവാവയെ കാണാൻ എന്നെ ഒന്നുകൊണ്ടു പോകാമോ?”
“മോനേ, കൊണ്ടുപോകാം. ഇന്നുതന്നെ കൊണ്ടുപോകാം. മോൻ നല്ല നിക്കറും ഷർട്ടും ധരിച്ച് ചെരിപ്പിട്ട് തയ്യാറാവ്. നമുക്ക് അമ്മായിയുടെ കുഞ്ഞുവാവയെ കാണാൻ പോകാം.” കുട്ടാപ്പിയുടെ അമ്മ പറഞ്ഞു.
കുട്ടാപ്പി വേഗം തന്നെ നല്ല നിക്കറും ഷർട്ടും എടുത്ത് അണിഞ്ഞ് അമ്മയുടെ കൂടെ ആലങ്ങാട്ടേക്ക് പോകാൻ തയ്യാറായി.
കുട്ടിയമ്മയും യാത്രയായി. രണ്ടുപടല വാഴപ്പഴം എടുത്ത് ബാഗിൽവച്ചു.
“അമ്മേ, അമ്മേ എന്തിനാണ് ആർക്കും വേണ്ടാത്ത വാഴപ്പഴം എടുത്തു വച്ചിരിക്കുന്നത്.” കുട്ടാപ്പി ചോദിച്ചു.
“മോനെ കുട്ടാപ്പി ഈ വാഴപ്പഴം കൈയിലിരിക്കട്ടെ. വിശക്കുമ്പോൾ കഴിക്കാം.” എന്നു പറഞ്ഞുകൊണ്ട് കുട്ടിയമ്മ അടുക്കളയിൽ ചെന്ന് കരിങ്ങാലി കാതൽ ഇട്ട് തിളപ്പിച്ചു വച്ചിരുന്ന വെളളം ഒരു കുപ്പിയിൽ എടുത്ത് ബാഗിൽ വച്ചു.
കുട്ടാപ്പി അതു കണ്ടു. “അമ്മേ, അമ്മേ എന്തിനാണ് കുപ്പിയിൽ വെളളം എടുത്തുവയ്‌ക്കുന്നത്? നമ്മൾ ബസ്സിലല്ലേ പോകുന്നത്? അമ്മായിയുടെ വീട്ടിൽ ചെന്നതിനുശേഷം വെളളം കുടിച്ചാൽ പോരെ?”
“വെളളം കൈയിലിരിക്കട്ടെ. ഇതൊരു ചുമടല്ലല്ലോ മോനേ. ആവശ്യം വന്നാൽ കഴിക്കാം.” കുട്ടിയമ്മ പറഞ്ഞു.
വാഴപ്പഴവും വെളളവും എടുത്തുവച്ചതിനുശേഷം കുട്ടിയമ്മ ഒരു നിക്കറും ഷർട്ടും എടുത്തുവച്ചു. കുട്ടാപ്പി അതുകണ്ടു.
“അമ്മേ, അമ്മേ എന്തിനാണ് നിക്കറും ഷർട്ടും എടുത്ത് ബാഗിൽവച്ചത്? നമ്മൾ ഇന്നുതന്നെ തിരിച്ചുവരൂല്ലേ?”
“ഇരിക്കട്ടെ മോനെ. ആവശ്യം വന്നാൽ ഉപയോഗിക്കാം.” കുട്ടിയമ്മ പറഞ്ഞു.
കുട്ടിയമ്മ ബാഗ് എടുത്ത് വീടുപൂട്ടി കുട്ടാപ്പിയേയും വിളിച്ച് യാത്ര പുറപ്പെട്ടു. ബസ്‌സ്‌റ്റോപ്പിൽ ചെന്ന് ബസ്സ് കയറി ആലുവായിൽ ചെന്നിറങ്ങി.
അവിടെ ചെന്നപ്പോൾ ആലങ്ങാട്ടേക്ക് ബസ്സില്ലെന്നറിഞ്ഞു. ആ വഴിക്കുളള ബസ്സുകൾ സമരത്തിലാണ്. ഇനി എന്തുചെയ്യും? നടക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല.
കുട്ടാപ്പി അമ്മയൊരുമിച്ചു നടന്നു. നടന്നുനടന്ന് കുറേദൂരം ചെന്നപ്പോൾ കുട്ടാപ്പി വിശന്നു പൊരിയാൻ തുടങ്ങി. അവൻ ചുറ്റുപാടും നോക്കി. ഒരു ചായക്കടപോലും കാണുന്നില്ല. വിശക്കുന്ന വിവരം അമ്മയോടു പറഞ്ഞു.
അമ്മ ബാഗിൽ വച്ചിരുന്ന വാഴപ്പഴം കൊടുത്തു. കുട്ടാപ്പി ആർത്തിയോടെ പഴം കഴിച്ചു. കുപ്പിയിൽ എടുത്തുവച്ചിരുന്ന വെളളം കഴിച്ചു. അവന്റെ വിശപ്പും ദാഹവും മാറി. ഉന്മേഷത്തോടെ വഴി നടന്നു.
അങ്ങനെ കുറെ നടന്നപ്പോൾ ഒരു ജീപ്പ് വാണംവിട്ടപോലെ ചീറിപ്പാഞ്ഞ് അവരെ കടന്നുപോയി. ഒരു ചെളിക്കുഴിയിൽ കിടന്ന മലിനജലം കുട്ടാപ്പിയുടെ ദേഹത്ത് തെറിച്ചു. അവന്റെ നിക്കറിലും ഷർട്ടിലുമെല്ലാം ചെളിയായി. കുട്ടാപ്പി നിന്നു കരയാൻ തുടങ്ങി.
കുട്ടാപ്പിയുടെ അമ്മ അവനെ സമാധാനിപ്പിച്ചു. ചെളിപുരണ്ട നിക്കറും ഷർട്ടും മാറ്റി. അലക്കിയത് അണിയിച്ച് യാത്ര പുറപ്പെട്ടു. കുട്ടാപ്പിക്ക് സന്തോഷമായി.
“അമ്മേ, അമ്മേ പഴവും വെളളവും നിക്കറും ഷർട്ടും എടുത്തുവച്ചത് നന്നായി.”
“ശരിയാ മോനെ, നമ്മൾ ഒരു വഴിക്കു പോകുമ്പോൾ മുൻകരുതൽ വേണം. എങ്കിൽ വഴിയിൽ വിഷമിക്കേണ്ടി വരികയില്ല.”
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കുട്ടാപ്പി അതു സമ്മതിച്ചു. ഇരുവരുമൊരുമിച്ച് യാത്ര തുടർന്നു.
Generated from archived content: sep18_unni.html Author: sathyan_thannipuzha