കീരിക്കുഞ്ഞ്‌

മറ്റൂർകുന്നിന്റെ മുകളിൽ കുറ്റിക്കാടുകളുടെ ഇടയിൽ ഒരു മാളത്തിൽ ഒരു കീരിയും അതിന്റെ കുഞ്ഞും പാർത്തിരുന്നു. കീരി, കുഞ്ഞിനെ ഓമനിച്ച്‌ ലാളിച്ച്‌ വളർത്തി. ഒരു പണിയും ചെയ്യിച്ചിരുന്നില്ല. തീറ്റയെല്ലാം ഇഷ്‌ടംപോലെ മാളത്തിൽ കൊണ്ടുവന്നു കൊടുത്തു. കീരിക്കുഞ്ഞ്‌ തിന്ന്‌ കൊഴുത്ത്‌ മാളത്തിലിരുന്നു.

കുന്നിൻ മുകളിൽ നിന്ന്‌ മറ്റൊരിടത്തും കീരിക്കുഞ്ഞ്‌ പോയിട്ടില്ല. മനുഷ്യരെ ഒന്നും കണ്ടിട്ടു പോലുമില്ല. അവൻ ഒരു ഭീരുവായിരുന്നു. അമ്മയുടെ പുറകിൽനിന്നു അവൻ മാറിയിട്ടില്ല. അമ്മ തീറ്റ തേടി അകലെ പോകുമ്പോൾ കീരിക്കുഞ്ഞ്‌ മാളത്തിൽ കയറിയിരിക്കും.

കുന്നിൻ മുകളിൽ വേറെ കീരികളും അവയ്‌ക്ക്‌ കുഞ്ഞുങ്ങളുമുണ്ട്‌. ആ കീരിക്കുഞ്ഞുങ്ങൾ വന്നു വിളിച്ചാലും കൂട്ടുകൂടി കളിക്കാൻ അവൻ പോകാറില്ല. മനുഷ്യരെങ്ങാനും കണ്ടാൽ പിടിച്ചുകൊണ്ടുപോകുമെന്നായിരുന്നു കീരിക്കുഞ്ഞിന്റെ ഭയം.

ഒരിക്കൽ കുന്നിൻമുകളിലുളള മറ്റ്‌ കീരിക്കുഞ്ഞുങ്ങൾ ഭീരുവായ കീരിക്കുഞ്ഞിനെ വിളിച്ചുപറഞ്ഞു.

“നമുക്ക്‌ ഇന്ന്‌ കുന്നിന്റെ താഴെയുളള കൃഷിക്കാരന്റെ പറമ്പിൽ പോകാം. അവിടെ കൃഷിക്കാരന്റെ കോഴി കൊച്ചുകുഞ്ഞുങ്ങളെ കൊണ്ടു നടക്കുന്നുണ്ട്‌. നമുക്ക്‌ കോഴിക്കുഞ്ഞുങ്ങളെ പിടിച്ചു തിന്നാം.”

ഭീരുവായ കീരിക്കുഞ്ഞിന്‌ കോഴിയിറച്ചി തിന്നാമല്ലോ എന്നോർത്തപ്പോൾ സന്തോഷമായി. അവൻ അവരുടെ കൂടെ ഇറങ്ങി പുറപ്പെട്ടു.

കൃഷിക്കാരന്റെ പറമ്പിൽ ചെന്നുനോക്കി. കോഴിയും കുഞ്ഞുങ്ങളും നടന്ന്‌ തെരഞ്ഞു തിന്നുന്നതുകണ്ടു. കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ ഉന്നംനോക്കി ഇരുന്നപ്പോൾ കൃഷിക്കാരന്റെ വീട്ടിൽ പട്ടി കുരയ്‌ക്കുന്നതു കേട്ടു.

ഭീരുവായ കീരിക്കുഞ്ഞ്‌ കരഞ്ഞുകൊണ്ട്‌, മാളത്തിലേക്ക്‌ ഓടി. മാളത്തിൽ കയറി ഒളിച്ച്‌ കരകരെ എന്ന്‌ കരഞ്ഞിരുന്നു.

കുറേകഴിഞ്ഞപ്പോൾ മറ്റു കീരിക്കുഞ്ഞുങ്ങൾ കോഴിക്കുഞ്ഞിനെ പിടിച്ചുകൊണ്ട്‌ കുന്നിൻ മുകളിൽ വന്നിരുന്ന്‌ തീറ്റകഴിഞ്ഞ്‌ ഭീരുവായ കീരിക്കുഞ്ഞിനെ വിളിച്ചു.

അപ്പോൾ അവൻ പറഞ്ഞു. “എനിക്ക്‌ കോഴിയിറച്ചി വേണ്ട. ഇറച്ചിതിന്നാൽ ഞാൻ ഛർദിക്കും. അതാ ഞാൻ പോന്നത്‌.”

അതുകേട്ടപ്പോൾ മറ്റ്‌ കീരിക്കുഞ്ഞുങ്ങൾ അവനെ കളിയാക്കി.

അങ്ങനെയിരിക്കെ ഒരുദിവസം കീരിക്കുഞ്ഞിന്റെ അമ്മ വേടന്റെ കെണിയിൽപ്പെട്ടു. കീരിയെ വേടൻ പിടിച്ചുകൊണ്ടുപോയി കറിവെച്ചുതിന്നു.

അമ്മയെ വേടൻ പിടിച്ചുകൊണ്ടുപോയ വിവരം മറ്റ്‌ കീരികൾ വന്ന്‌ ഭീരുവായ കീരിക്കുഞ്ഞിനോടു പറഞ്ഞു.

അവൻ കരഞ്ഞുകരഞ്ഞ്‌ തളർന്നു. ദുഃഖം സഹിക്കാൻ കഴിഞ്ഞില്ല. വിശപ്പും ദാഹവും സഹിക്കവയ്യാതായി. ആഹാരം കിട്ടാൻ ഒരു മാർഗ്ഗവുമില്ല. സഹായിക്കാൻ ആരുമില്ല. ഇനി എന്തു ചെയ്യും.? കീരിക്കുഞ്ഞ്‌ തല പുകഞ്ഞാലോചിച്ചു. ജീവിക്കണം. പട്ടിണികിടന്ന്‌ മരിക്കാൻ വയ്യ.

വിശപ്പുസഹിക്കവയ്യാതായപ്പോൾ അവൻ മാളത്തിൽനിന്ന്‌ ഇറങ്ങി നടന്നു. കുന്നിന്റെ ചരിവിലുളള തോടിന്റെ കരയിൽ ചെന്നു. അവിടെ ഒരു നീർക്കോലി പാമ്പിനെ കണ്ടു. കീരിക്കുഞ്ഞ്‌ പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടും കല്പിച്ച്‌ ഒറ്റച്ചാട്ടത്തിന്‌ പാമ്പിന്റെ തലക്കു പിടിച്ചു. പിന്നെ അതിനെ കൊന്നുതിന്നു വിശപ്പടക്കി.

ഈ വിവരം കുന്നിൻ മുകളിൽ ചെന്ന്‌ മറ്റ്‌ കീരികളോട്‌ പറഞ്ഞപ്പോൾ പ്രായമായ അപ്പൂപ്പൻ കീരി പറഞ്ഞു.

“ആവശ്യം വരുമ്പോൾ എല്ലാവർക്കും ധൈര്യവും സാമർത്ഥ്യവും ഉണ്ടാകും ഇത്രയും നാൾ നിനക്ക്‌ ആഹാരം കൊണ്ടുതരാൻ അമ്മയുണ്ടായിരുന്നു. ഇനി ആരാണ്‌ നിനക്ക്‌ ഒരു തുണയുളളത്‌.” തനിക്ക്‌ താനും പുരയ്‌ക്ക്‌ തൂണും“ എന്നാണല്ലോ പ്രമാണം. ”നീ മിടുക്കനാണ്‌, ധീരനാണ്‌.“

അപ്പൂപ്പൻ കീരിയുടെ സംസാരം കേട്ടപ്പോൾ ഭീരുവായ കീരിക്കുഞ്ഞിന്‌ സന്തോഷമായി.

”ഇന്നുമുതൽ ഞാൻ ഭീരുവല്ല“ കീരിക്കുഞ്ഞു പറഞ്ഞു.

മറ്റുളളവരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കുമ്പോൾ ആത്‌മവിശ്വാസം ഉണ്ടാകും.

Generated from archived content: keerikunju.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here