സൂര്യക്കുട്ടി നഴ്‌സറി വിദ്യാർത്ഥിനിയാണ്. അവളുടെ വീട്ടിൽ ഒരു പട്ടിയുണ്ട്. ബ്ലാക്കി. വീടു സൂക്ഷിക്കാനും വിളവുനശിപ്പിക്കുന്ന എലികളെ പിടിച്ച് കൊല്ലാനും ബ്ലാക്കിക്കറിയാം.
സൂര്യക്കുട്ടിയുടെ അച്‌ഛൻ ബ്ലാക്കിക്ക് കൂട് ഉണ്ടാക്കിക്കൊടുത്തു. ബ്ലാക്കിക്ക് കൂട് ഇഷ്‌ടപ്പെട്ടു. അവൾ കൂട്ടിൽ കയറിക്കിടന്നുറങ്ങി.
കൂട്ടിൽ നിന്നിറങ്ങിയാൽ സൂര്യക്കുട്ടിയുമൊരുമിച്ച് ഓടിക്കളിക്കുക പതിവായി. ഒരു ദിവസം ബ്ലാക്കി പ്രസവിച്ചു. ഒരു കുഞ്ഞുണ്ടായി.
രാവിലെ എഴുന്നേറ്റ് സൂര്യക്കുട്ടി ബ്ലാക്കിയെ വിളിച്ചു. അവൾ വന്നില്ല. അവളുടെ അടുത്ത് ഒരു കുഞ്ഞ് കിടന്ന് മുലകുടിക്കുന്നതു കണ്ടു.
സൂര്യക്കുട്ടി തുളളിച്ചാടി അമ്മയുടെ അടുത്തുചെന്നു പറഞ്ഞുഃ ‘അമ്മേ, അമ്മേ ബ്ലാക്കിയുടെ അടുത്ത് ഒരു പട്ടിക്കുഞ്ഞ്.’
അമ്മ വന്നു നോക്കിയപ്പോൾ പട്ടി പ്രസവിച്ചു കിടക്കുന്നതു കണ്ടു. അമ്മ മകളെ വിളിച്ചു പറഞ്ഞു
“മോളേ, സൂര്യക്കുട്ടീ, പട്ടിയുടെ അടുത്ത് ഇനി മോള് പോകരുത്. പോയാൻ അതിന്റെ കുഞ്ഞിനെ ഉപദ്രവിക്കുമെന്നു കരുതി പട്ടി കടിക്കും.”
അമ്മ സൂര്യക്കുട്ടിയെ കൂടിന്റെ അടുത്തുനിന്ന് വിളിച്ചു കൊണ്ടുപോയി.
പട്ടിക്കുഞ്ഞ് മുലകുടിച്ച് വളർന്നു. എഴുന്നേറ്റു നടന്നു തുടങ്ങിയപ്പോൾ അമ്മയോടൊപ്പം കുഞ്ഞ് പുറത്തുവന്ന് മുറ്റത്തുകൂടി നടക്കാൻ തുടങ്ങി.
ഒരുദിവസം അമ്മയും കുഞ്ഞും കൂടി മുറ്റത്തുനിന്നു കളിക്കുകയായിരുന്നു. അപ്പോൾ ഒരു ഭിക്ഷക്കാരൻ ഗെയിറ്റിൽ വന്നുവിളിച്ചു.
ബ്ലാക്കി അയാളെ നോക്കി ‘ബ് ബ്’ എന്ന് ഉച്ചത്തിൽ കുരച്ചു. പട്ടിയുടെ കുരകേട്ട് പേടിച്ച് ഭിക്ഷക്കാരൻ ഓടിപ്പോയി.
അമ്മയുടെ കുര പട്ടിക്കുഞ്ഞിന് നല്ല ഇഷ്‌ടമായി. അമ്മയോട് വീണ്ടും വീണ്ടും ഉച്ചത്തിൽ കുരയ്‌ക്കാൻ പട്ടിക്കുഞ്ഞ് പറഞ്ഞു. അമ്മ കുരച്ചു. കുഞ്ഞ് കേട്ടുനിന്ന് രസിച്ചുകൊണ്ട് പറഞ്ഞു.
‘അമ്മേ, അമ്മേ എനിക്കും അമ്മയെപ്പോലെ കുരച്ച് ആളുകളെ ഭയപ്പെടുത്തണം. ഞാൻ തനിച്ച് നടക്കുമ്പോൾ ആളുകളെ കണ്ടാൽ കുരച്ച് പേടിപ്പിച്ച് ഓടിക്കാമല്ലോ.’
‘എന്റെ പുന്നാരമോനെ നീയിപ്പോൾ കുരക്കേണ്ട. നീ വലുതാകട്ടെ. അപ്പോൾ കുരയ്‌ക്കാം. നീ റോഡിലേയ്‌ക്ക് ഇറങ്ങി ആളുകളെ ഭയപ്പെടുത്താൻ ശ്രമിച്ചാൽ അവർ നിന്നെ എടുത്തുകൊണ്ടു പോകും. നീ ഇപ്പോൾ ഓടാൻ പഠിച്ചാൽ മതി. ശത്രുക്കളെ കണ്ടാൽ നീ ഓടി അമ്മയുടെ അടുത്തുവന്നാൽ മതി. അമ്മ അവരെ കുരച്ച് പേടിപ്പിച്ച് ഓടിച്ചുകൊളളാം.’ അമ്മ മകനോടു പറഞ്ഞു.
അമ്മയുടെ ഉപദേശം മകന് ഇഷ്‌ടപ്പെട്ടില്ല. അവൻ വാശിപിടിച്ച് കരയാൻ തുടങ്ങി. ‘അമ്മേ അമ്മേ എന്നെ ഒന്ന് കുരയ്‌ക്കാൻ പഠിപ്പിക്ക്. ഞാൻ റോഡിലേക്ക് ഇറങ്ങുകയില്ല. കുര കേൾക്കാൻ എന്തു രസമാണ്. എനിക്ക് ഒന്നു കുരയ്‌ക്കാൻ കൊതിയാവുന്നു.’
അമ്മ മകനോടു സ്‌നേഹപൂർവ്വം പറഞ്ഞുഃ ‘മോനെ, നീ കൊച്ചുകുഞ്ഞാണ്. ഇപ്പോൾ കുരയ്‌ക്കാറായില്ല. ഇപ്പോൾ നിനക്കു കരയാനെ കഴിയുകയൊളളൂ. നീ കരഞ്ഞാൽ മതി. കരച്ചിൽകേട്ട് നിന്റെ ആവശ്യങ്ങൾ ഞാൻ നടത്തിത്തരാം.’
‘ശരിയമ്മേ’ പട്ടിക്കുഞ്ഞ് അമ്മ പറഞ്ഞത് സമ്മതിച്ചു.
ഒരു ദിവസം ബ്ലാക്കിയുടെ മുൻപിൽ ഒരു എലി വന്നുപെട്ടു. എലിയെ ഓടിച്ചിട്ടുപിടിച്ച് കടിച്ചുകുടഞ്ഞു കൊന്നു. ഇതു കണ്ടപ്പോൾ പട്ടിക്കുഞ്ഞു പറഞ്ഞുഃ
‘അമ്മേ, അമ്മേ എലിയെ പിടിക്കാൻ എന്നെ പഠിപ്പിക്ക്. എനിക്ക് എലിയുടെ ഒപ്പം ഓടാൻ കഴിയുന്നില്ലല്ലോ.’
“മോനേ, നീ ധൃതി പിടിക്കല്ലേ. നീ കുഞ്ഞല്ലേ. നീ വളരട്ടെ. നടക്കാൻ പഠിക്കുന്നതിനുമുൻപ് എങ്ങിനെയാണ് ഓടാൻ പഠിക്കുന്നത്. പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ പഴമൊഴി.”
‘ശരിയമ്മേ.’ അമ്മ പറഞ്ഞത് പട്ടിക്കുഞ്ഞ് സമ്മതിച്ചു.
ഒരു ദിവസം അമ്മ പറമ്പിലൂടെ നടന്നപ്പോൾ പട്ടിക്കുഞ്ഞും പിന്നാലെ ചെന്നു. അമ്മ ഒരു എലിപ്പൊത്ത് തെരഞ്ഞ് എലിയെ പുറത്തുചാടിച്ചു. പട്ടിക്കുഞ്ഞ് ഓടിച്ചെന്ന് എലിയെ പിടിച്ചു. എലി പട്ടിക്കുഞ്ഞിനെ തിരിഞ്ഞു കടിച്ചു. പട്ടിക്കുഞ്ഞ് പി….പി…. എന്നു കരയാൻ തുടങ്ങി. അപ്പോൾ അമ്മ ഓടിവന്ന് എലിയെ കടിച്ചുകുടഞ്ഞു കൊണ്ട് പറഞ്ഞു.
‘മോനെ നീ കുഞ്ഞാണ്. എലിയെ പിടിക്കാൻ വളർന്നില്ല. വളരട്ടെ എന്നിട്ട് എലിയെ പിടിക്കാം.’
‘ശരിയമ്മേ’ പട്ടിക്കുഞ്ഞ് പറഞ്ഞു.
ഓരോന്നും ചെയ്യാൻ സമയവും കാലവുമുണ്ട്. അതനുസരിച്ചുവേണം ചെയ്യാൻ അല്ലെങ്കിൽ പരാജയം സംഭവിക്കും.
Generated from archived content: kattukatha_mar11.html Author: sathyan_thannipuzha