കുറുക്കനും കോഴിയും

നായാട്ടുകാരൻ കോമു കൊച്ചങ്ങാടിയിൽനിന്ന്‌ ഒരു കൊച്ചുകോഴിയെ വാങ്ങി വീട്ടിൽ കൊണ്ടുവന്ന്‌ തവിടും പിണ്ണാക്കും കൊടുത്ത്‌ വളർത്തി. കോഴി വളർന്നുവന്നു. അങ്കവാലും തലയിൽ പൂവും ഉണ്ടായി. അഴകും ബുദ്ധിയുമുളള കോഴി. കോമു കോഴിക്ക്‌ ‘ലക്കി’ എന്നു പേരിട്ടു. കോഴി എവിടെ പോയാലും ‘ലക്കി’ എന്നു വിളിച്ചാൽ ഓടി കോമുവിന്റെ അടുത്തുവരും.

ഒരുദിവസം കോഴിൽ പറമ്പിൽ ചിക്കിച്ചികഞ്ഞുകൊണ്ട്‌ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കുറുക്കൻ കോഴിയുടെ നേരെ ഓടിവരുന്നതുകണ്ടു. കോഴി ഭയന്നുവിറച്ച്‌ അടുത്തുകണ്ട ആഞ്ഞിലിമരത്തിൽ പറന്നു കയറിയിരുന്നു.

കുറുക്കൻ മരത്തിന്റെ താഴെവന്ന്‌ മുകളിലേക്ക്‌ നോക്കി. കോഴിയെ പിടിക്കുവാൻ ഒരു മാർഗ്ഗവും കണ്ടില്ല. കൊതിമൂത്ത കുറുക്കൻ മരത്തിന്റെ ചുവട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കുറുക്കൻ കോഴിയോട്‌ സ്‌നേഹം നടിച്ചുകൊണ്ട്‌ പറഞ്ഞു.

“ചങ്ങാതി നീ എന്തിനാണ്‌ മരത്തിൽ കയറിയിരിക്കുന്നത്‌?”

കോഴി കേൾക്കാത്ത മട്ടിലിരുന്നു.

പുകഴ്‌ത്തി പറഞ്ഞാൽ പൊങ്ങിപ്പോകുന്ന സ്വഭാവമാണ്‌ കോഴിയുടേതെന്ന്‌ കുറുക്കന്റെ അമ്മ പറയാറുണ്ട്‌. അതൊന്നു പരീക്ഷിച്ചുനോക്കാൻ കുറുക്കൻ തീരുമാനിച്ചു. കുറുക്കൻ കോഴിയുടെ നേരെനോക്കി വിളിച്ചുപറഞ്ഞു.

‘കോഴീ കോഴീ പൂവൻകോഴീ

അഴകുതുടിക്കും പൂവൻകോഴീ

കൂവിവിളിക്കും പൂവൻകോഴീ

നിന്നുടെ ശബ്‌ദം എത്ര മനോജ്ഞം!’

കുറുക്കൻ ഇങ്ങനെ പറഞ്ഞിട്ടും കോഴി മിണ്ടിയില്ല. കുറുക്കൻ സ്‌നേഹപൂർവ്വം വീണ്ടും പറഞ്ഞു.

‘നാട്ടിൽ എല്ലാവർക്കും സുഖവും സമാധാനവും ലഭിക്കണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി പവിഴമലയിൽവച്ച്‌ ഒരു യാഗം നടത്താൻ പോവുകയാണ്‌. നിങ്ങളുടെയെല്ലാം സഹായം അഭ്യാർത്ഥിക്കുവാൻ വേണ്ടിയാണ്‌ ഇപ്പോൾ വന്നത്‌. സഹോദരാ, ഇറങ്ങിവരൂ. സഹകരിക്കൂ. യാഗത്തിൽ പങ്കാളിയാകൂ.’

കുറുക്കൻ ഇത്രയെല്ലാം പറഞ്ഞിട്ടും പൂവൻകോഴി ഒരുവാക്കുപോലും ഉരിയാടിയില്ല. കുറുക്കന്റെ വാക്കുകളിൽ കോഴിക്ക്‌ വിശ്വാസം വന്നില്ല.

കുറുക്കന്റെ വായിൽ വെളളം ഊറി. എങ്ങനെയെങ്കിലും കോഴിയെ മയക്കി താഴെയിറക്കാനുളള വഴിയാലോചിച്ച്‌ അവൻ മരത്തിന്റെ ചുവടെയിരുന്നു.

പൂവൻകോഴി പതുക്കെയെഴുന്നേറ്റ്‌ അകലേക്ക്‌ നോക്കിക്കൊണ്ട്‌ പറഞ്ഞുഃ ‘സഹോദരാ, ഞാൻ താഴേക്ക്‌ ഇറങ്ങിവരാം. എന്റെ യജമാനൻ മലയിൽ നായാട്ടിനു പോയിട്ട്‌ തിരിച്ചുവരുന്നുണ്ട്‌. ദാ വരുന്നു. അദ്ദേഹം വീട്ടിലേക്കു കയറിപ്പോയതിനുശേഷം ഞാൻ വരാം. എന്നെ കണ്ടാൽ വിളിച്ച്‌ വീട്ടിലേക്ക്‌ കൊണ്ടുപോകും. പിന്നെ എനിക്ക്‌ പോരുവാൻ സാധിക്കുകയില്ല. സഹോദരൻ ഒച്ചയുണ്ടാക്കാതെ ഒളിച്ചിരുന്നോ.’

നായാട്ടുകാരന്റെ കാര്യം കേട്ടപ്പോൾ കുറുക്കന്റെ ഉളളിൽ ഭയമായി.

‘എവിടെയാണ്‌ നായാട്ടുകാരൻ?’ കുറുക്കൻ ചോദിച്ചു.

പൂവൻകോഴി മരക്കൊമ്പിൽ നിവർന്നുനിന്നുകൊണ്ട്‌ പറഞ്ഞുഃ

‘ദാ അങ്ങോട്ടുനോക്കൂ. കാണാൻ മേലേ. ഇവിടെ അടുത്തെത്തി.’

നായാട്ടുകാരൻ അടുത്തെത്തിയെന്നു കേട്ടപ്പോൾ കുറുക്കന്‌ പരിഭ്രമമായി. കൂടുതൽ ആലോചിക്കുവാൻ നില്‌ക്കാതെ ഒറ്റപ്പാച്ചിൽ.

മുഖസ്‌തുതിയിൽ മയങ്ങരുതെന്ന്‌ അമ്മ പറഞ്ഞത്‌ കോഴിക്ക്‌ ഓർമ്മവന്നു.

Generated from archived content: kattukatha_jan29.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here