ഒരു സർപ്പക്കാവിൽ ഒരു പൂത്താങ്കീരി കൂടുണ്ടാക്കി പാർത്തിരുന്നു. അതേ സർപ്പക്കാവിൽ കൂടുണ്ടാക്കി ഒരു അണ്ണാറക്കണ്ണനും അതിന്റെ കുഞ്ഞും പാർത്തിരുന്നു.
അണ്ണാറക്കണ്ണന്റെ കൂടിന്റെ അരികിലേക്ക് പൂത്താങ്കീരി ചെല്ലുന്നത് അണ്ണാറക്കണ്ണന് ഇഷ്‌ടമായിരുന്നില്ല. അണ്ണാറക്കണ്ണൻ പൂത്താങ്കീരിയോട് മിണ്ടാറുമില്ല.
പൂത്താങ്കീരിക്ക് അണ്ണാറക്കണ്ണനോട് സ്‌നേഹമായിരുന്നു. അണ്ണാറക്കണ്ണനെ പൂത്താങ്കീരി തന്റെ വീട്ടിലേക്ക് വരാൻ എപ്പോഴും ക്ഷണിക്കും. പക്ഷേ അണ്ണാറക്കണ്ണൻ ചെല്ലാറില്ല.
ഒരു ദിവസം പൂത്താങ്കീരി അണ്ണാറക്കണ്ണന്റെ വീട്ടിൽ ചെന്നു. പൂത്താങ്കീരിയെ കണ്ടപ്പോൾ അണ്ണാറക്കണ്ണന് ദേഷ്യം വന്നു. അണ്ണാറക്കണ്ണൻ പൂത്താങ്കീരിയോടു ചോദിച്ചു.
‘നീ എന്തിനാടീ എന്റെ വീട്ടിൽവന്നത്. നീ ഇവിടെ വരരുത്. പൊയ്‌ക്കോ വേഗം.’
പൂത്താങ്കീരി ദുഃഖത്തോടെ അണ്ണാറക്കണ്ണന്റെ വീട്ടിൽനിന്നും ഇറങ്ങിപോന്നു.
അണ്ണാറക്കണ്ണൻ അപമര്യാദയായി പെരുമാറിയല്ലോയെന്നോർത്ത് പൂത്താങ്കീരിക്ക് സങ്കടം സഹിക്കാനായില്ല. അവൾ കൂട്ടിൽ വന്നിരുന്നു.
രാത്രിയായപ്പോൾ അണ്ണാറക്കണ്ണന്റെ കരച്ചിൽ കേട്ടു. എന്തോ അപകടം പറ്റിയതാണെന്നു പൂത്താങ്കീരിക്കു തോന്നി.
നേരം വെളുത്തപ്പോൾ അണ്ണാറക്കണ്ണനേയും കുഞ്ഞിനേയും കണ്ടില്ല. എന്തുപറ്റിയെന്നു പൂത്താങ്കീരി അന്വേഷിച്ചു. ഒരു വിവരവും ലഭിച്ചില്ല. ഈ സമയത്ത് പൂത്താങ്കീരി തീറ്റതേടി അടുത്തുളള ഒരു കൃഷിക്കാരന്റെ പറമ്പിൽ ചെന്നു. അപ്പോൾ കൃഷിക്കാരന്റെ തൊഴുത്തിന്റെ ഇറയിൽ ഒരു ഞാങ്ങണകൂട്ടിൽ അണ്ണാറക്കണ്ണന്റെ കുഞ്ഞ് കരഞ്ഞുകൊണ്ടോടുന്നതു കണ്ടു. അടുത്തുളള മൂവാണ്ടൻ മാവിൽ ദുഃഖിതനായി അണ്ണാറക്കണ്ണൻ ഇരിക്കുന്നതും.
പൂത്താങ്കീരി അണ്ണാറക്കണ്ണന്റെ അടുത്തുചെന്നു. പൂത്താങ്കീരിയെ കണ്ടപ്പോൾ അണ്ണാറക്കണ്ണൻ കരഞ്ഞുകൊണ്ട് പറഞ്ഞു ഃ ‘പൂത്താങ്കീരി എന്റെ കുഞ്ഞിനെ കൂടിന്റെ പുറത്തുകടക്കാൻ സഹായിക്കൂ.’
അണ്ണാറക്കണ്ണന്റെ സംസാരംകേട്ട് പൂത്താങ്കീരിക്ക് സഹതാപം തോന്നിയില്ല. പൂത്താങ്കീരി പറഞ്ഞുഃ
‘നിന്റെ വീട്ടിൽ ഞാൻ വന്നപ്പോൾ എന്നെ ആട്ടിയോടിച്ചതല്ലേ? ഇപ്പോൾ ഞാൻ എന്തിനാണ് സഹായിക്കുന്നത്?’
അണ്ണാറക്കണ്ണൻ കരഞ്ഞപേക്ഷിച്ചു. ‘എന്റെ പൊന്നുപൂത്താങ്കീരി, എന്റെ ബുദ്ധിമോശംകൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്. നീ ക്ഷമിക്കണം. എന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും കൂട്ടിൽനിന്നു പുറത്തുകടത്തിത്തരണം.’
അണ്ണാറക്കണ്ണൻ കേണപേക്ഷിച്ചപ്പോൾ പൂത്താങ്കീരിക്ക് ദയതോന്നി.
പൂത്താങ്കീരി അണ്ണാറക്കണ്ണന്റെ കുഞ്ഞിനെ രക്ഷിക്കുവാനുളള വഴി ആലോചിച്ച് മൂവാണ്ടൻമാവിൽ കയറിയിരുന്നു.
അങ്ങനെയിരിക്കുമ്പോൾ കൃഷിക്കാരന്റെ മകൻ ഒരു പരന്ന പാത്രത്തിൽ പാലുമായി വന്ന് കൂടിന്റെ വാതിൽ തുറക്കുന്നതും പാൽപാത്രം കൂട്ടിലേക്ക് വെക്കുന്നതും കണ്ടു.
ഉടനെ പൂത്താങ്കീരി ഞാങ്ങണക്കൂടിന്റെ മറുഭാഗത്ത് ചെന്നിരുന്നു. പൂത്താങ്കീരിയെ കൈ എത്തുന്ന അകലത്തിൽ കണ്ടപ്പോൾ കുട്ടി കൂടിന്റെ വാതിലിൽനിന്ന് കൈവിട്ടുകൊണ്ട് പൂത്താങ്കീരിയെ പിടിക്കാൻ ചെന്നു. പൂത്താങ്കീരി കലപില ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട് പറന്നുപോയി. ഈ തക്കത്തിന് അണ്ണാൻകുഞ്ഞ് ഓടി രക്ഷപ്പെട്ടു.
അന്നുതൊട്ടാണ് പൂത്താങ്കീരിയും അണ്ണാറക്കണ്ണനും ആത്മസുഹൃത്തുക്കളായത്.
Generated from archived content: kattukatha_jan1.html Author: sathyan_thannipuzha