ഒരു പഴയ വീട്ടിലെ ഉത്തരത്തിന്റെ അടിയിലാണ് പല്ലി പാർത്തിരുന്നത്. ദിവസവും വീട്ടിൽ സന്ധ്യയ്‌ക്ക് വിളക്ക് വയ്‌ക്കുമ്പോൾ പല്ലി വിളക്കിനരികിൽ ഇറങ്ങിവരും. ചെറുപ്രാണികളെങ്ങാനും വിളക്കിന്റെ അടുത്ത് പറന്ന് വന്നിരുന്നാൽ പല്ലി ലാക്കു നോക്കി അതിനെ പിടിച്ചുതിന്നും. ഇതു പതിവായി.
അങ്ങനെയിരിക്കെ പല്ലിക്ക് ഒരു കുഞ്ഞുണ്ടായി. കുഞ്ഞ് വളർന്ന് വലുതായി. തനിയെ നടന്ന് ഇരപിടിച്ച് തിന്നാറായപ്പോൾ തളളയുടെ കൂടെ വിളക്കിനരികിൽ വരാൻ തുടങ്ങി. ചെറുപ്രാണികളെ പിടിച്ചുതിന്ന് ജീവിച്ചു.
ആയിടെ ഒരു ദിവസം ഈയാംപാറ്റകൾ കൂട്ടത്തോടെ വിളക്കിനരികിൽ വന്നു. പല്ലിയും കുഞ്ഞും വയറുനിറച്ച് ഈയാംപാറ്റകളെ തിന്നു.
ഈയാംപാറ്റകൾ പറന്നുനടക്കുന്നതു കണ്ടപ്പോൾ വീട്ടിലെ ചക്കിപ്പൂച്ചയും വിളക്കിനരികിൽ വന്നു. പല്ലികളെ കണ്ടപ്പോൾ പിടിച്ചുതിന്നാൻ തീരുമാനിച്ചു. തക്കംനോക്കി തഞ്ചത്തിൽ പതുങ്ങിയെത്തി.
ചക്കിപ്പൂച്ച ലാക്കുനോക്കി നടക്കുന്നത് തളളപ്പല്ലി കണ്ടു. തളളപ്പല്ലി കുഞ്ഞിനെ വിളിച്ചുപറഞ്ഞു.
“കുഞ്ഞേ, ചക്കിപ്പൂച്ച വന്നിട്ടുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ പൂച്ച പിടിച്ച് വായിലിടും. നീ ഇങ്ങുപോരെ, ഇപ്പോൾ വയറുനിറഞ്ഞില്ലേ. നമുക്ക് ഉത്തരത്തിന്റെ അടിയിൽ പോയിക്കിടന്നുറങ്ങാം.”
“താൻ വലുതായിരിക്കുന്നു. തനിച്ച് എവിടെയും പോകാം” എന്ന് പല്ലിക്കുഞ്ഞ് കരുതി അമ്മയുടെ അരികിലേക്ക് പോയില്ല. താൻ കേമനാണെന്ന് ഭാവിച്ച് വിളക്കിന്റെ അരികിൽ ഓടിനടന്ന് ഈയാംപാറ്റകളെ പിടിച്ചുതിന്നുകൊണ്ട് അമ്മയോട് പറഞ്ഞു.
“അമ്മ പോയി കിടന്നുറങ്ങിക്കോ. ഞാൻ കുറെ കഴിഞ്ഞ് വരാം. ചക്കിപ്പൂച്ച വന്നാൽ പിടികൊടുക്കാതെ ഞാൻ ഓടിവന്നോളാം. എനിക്ക് പൂച്ചയെ ഒന്നും ഒരു പേടിയുമില്ല.”
കൊച്ചുപ്പല്ലിക്കുഞ്ഞ് ഈയാം പാറ്റകളെ തിന്ന് വയറുനിറച്ചു. എന്നിട്ടും കണ്ട ഈയാംപാറ്റകളെയെല്ലാം പിടിച്ചു കടിച്ചു കൊന്ന് വിളക്കിന് ചുറ്റുമിട്ടു. പല്ലിയെക്കൊണ്ട് ഈയാംപാറ്റകൾ പൊറുതിമുട്ടി. ഈയാംപാറ്റകൾ ചക്കിപ്പൂച്ചയുടെ അടുത്തുചെന്ന് ആവലാതി പറഞ്ഞുഃ
“പൂച്ചമ്മേ, ഈ പല്ലിയെക്കൊണ്ട് ഞങ്ങൾക്ക് ജീവിക്കാൻ വയ്യാതായി. ഞങ്ങൾക്ക് നിലത്തിറങ്ങി ഒന്ന് ഇരിക്കാൻപോലും കഴിയുന്നില്ല. അവനെ ഒന്ന് മര്യാദ പഠിപ്പിക്കാമോ?”
ഈയാംപാറ്റകളുടെ പരാതികേട്ടപ്പോൾ ചക്കിപ്പൂച്ച പറഞ്ഞു. “ഞാനും അവന്റെ തെമ്മാടിത്തരം കണ്ടുകൊണ്ടിരിക്കുകയാണ്. അനാവശ്യമായി അവൻ നിങ്ങളെ പിടിച്ചുകൊന്ന് രസിക്കുകയാണ്. അവനെ ഞാൻ ശരിയാക്കാം.”
ചക്കിപ്പൂച്ച വിളക്കിന്റെ അടുത്തുനിന്ന് മാറി ഉറക്കംനടിച്ച് കിടന്ന് പല്ലിയുടെ ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അപ്പോൾ പല്ലി നിലത്തുവീണ് ചിറകുകൊഴിഞ്ഞ ഒരു ഈയാംപാറ്റയെ പിടിക്കാൻ ചെന്നു. ഈയാംപാറ്റ ഓടി ചക്കിപ്പൂച്ചയുടെ അടുത്തെത്തി. ഒപ്പം ഓടിയ പല്ലിയും പൂച്ചയുടെ മുന്നിലെത്തി. ഈ തക്കത്തിന് പൂച്ച എഴുന്നേറ്റ് ഒറ്റച്ചാട്ടത്തിന് പല്ലിയെ പിടിച്ചു.
“എന്റമ്മേ, എന്നെ രക്ഷിക്കണേ” പല്ലി പിടഞ്ഞ് കരഞ്ഞു.
“നീ ഈയാംപാറ്റകളെ തിന്ന് വയറ് നിറഞ്ഞാലും ആവശ്യമില്ലാതെ അവറ്റകളെ പിടിച്ച് കൊല്ലും, അല്ലേ?” ചക്കിപ്പൂച്ച ദേഷ്യത്തോടെ ചോദിച്ചു.
“ഇനിമേലിൽ ഞാൻ അങ്ങനെ ചെയ്യില്ല. വയറുനിറഞ്ഞാൽ ഒരു പ്രാണിയെയും ഞാൻ കൊന്നുകളയില്ല.” പല്ലി കരഞ്ഞുപിഴിഞ്ഞു പറഞ്ഞു.
“അങ്ങനെയാണോ? എന്നാൽ ഈ തവണ നിന്നെ വിട്ടേക്കാം. നാളെമുതൽ ഇവിടെ കണ്ടുപോകരുത്. ഓർമ്മയ്‌ക്കായി നിന്റെ വാല് ഇവിടെ കിടക്കട്ടെ. ‘ചക്കിപ്പൂച്ച പല്ലിയുടെ വാല് കടിച്ചുമുറിച്ച് നിലത്തിട്ടു. എന്നിട്ട് പല്ലിയോട് ഓടിപോകാൻ പറഞ്ഞു.
പല്ലി വേദന സഹിച്ചുകൊണ്ട് ഓടി അമ്മയുടെ അടുത്തുച്ചെന്ന് വിവരമറിയിച്ചു. അപ്പോൾ അമ്മ പറഞ്ഞു. ’മോനെ മര്യാദയ്‌ക്ക് അമ്മ വിളിച്ചപ്പോൾ പോരാമായിരുന്നില്ലേ? എങ്കിൽ വാല് പോകുമായിരുന്നോ? അഹങ്കാരമരുത്.”
“ശരിയമ്മേ. മേലിൽ അമ്മ പറയുന്നത് അനുസരിച്ചോളാം.” കൊച്ചുപല്ലി പറഞ്ഞു.
Generated from archived content: kattukatha_feb28.html Author: sathyan_thannipuzha