ഒരു ഗ്രാമത്തിൽ വീരപ്പൻ എന്നൊരു വിറകുവെട്ടുകാരനുണ്ടായിരുന്നു. കാട്ടിൽപോയി വിറകുവെട്ടി എടുത്ത് നാട്ടിൽകൊണ്ടുവന്നു വിറ്റാണ് അയാളും കുടുംബവും ഉപജീവനം കഴിച്ചിരുന്നത്.
വീരപ്പൻ വിറകുവെട്ടാൻ രാവിലെ കാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് കഴിക്കാനുളള ആഹാരവും കൊണ്ടുപോകും.
ഒരു ദിവസം വീരപ്പൻ ഉച്ചവരെ വിറകുവെട്ടി. ക്ഷീണവും വിശപ്പും തോന്നിയപ്പോൾ ആഹാരം കഴിച്ചു. ഒരു മനുഷ്യൻ കാട്ടിലിരുന്ന് ആഹാരം കഴിക്കുന്നത് ഒരു വെളളക്കുരങ്ങ് കണ്ടു. കുരങ്ങ് ചുറ്റിപറ്റി നടന്നു.
വീരപ്പൻ കഴിച്ചുകൊണ്ടിരുന്ന ആഹാരത്തിൽനിന്ന് കുറച്ച് എടുത്ത് കുരങ്ങിന് കൊടുത്തു. കുരങ്ങ് കഴിച്ചു.
പിന്നീട് ഇതു പതിവായി. വീരപ്പൻ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ കുരങ്ങ് അടുത്തുവരും. വീരപ്പൻ കഴിച്ചുകൊണ്ടിരിക്കുന്ന ആഹാരത്തിൽനിന്ന് കുറച്ചെടുത്ത് കുരങ്ങിനു കൊടുക്കും. ഇങ്ങനെ വീരപ്പനും കുരങ്ങും അടുപ്പത്തിലായി.
ഒരു ദിവസം വീരപ്പന്റെ കൂടെ കുരങ്ങ് നാട്ടിലേക്ക് പോന്നു. നാട്ടിൽ വന്നപ്പോൾ ഒരു പട്ടി കുരങ്ങിനെ കടിച്ചുകീറാനായി കുരച്ചുകൊണ്ട് ചാടിവന്നു. കുരങ്ങ് പേടിച്ച് വീരപ്പന്റെ തോളിൽ ചാടിക്കയറി ഇരുന്നു. വീരപ്പൻ പട്ടിയെ ആട്ടി ഓടിച്ചുകളഞ്ഞു. കുരങ്ങിന്റെ അരയിൽ ഒരു പഞ്ഞിചരടുകെട്ടി വീട്ടുമുറ്റത്തു നിന്ന മൂവാണ്ടൻമാവിൽ കെട്ടിയിട്ടു. തിന്നാൻ ആവശ്യംപോലെ കിഴങ്ങും ചോറും കൊടുത്തു.
വീരപ്പന്റെ മാവിൽ ഒരു കുരങ്ങിനെ കെട്ടി ഇട്ടിരിക്കുന്നത് കുറവൻ കുട്ടപ്പൻ കണ്ടു. കുട്ടപ്പൻ ചോദിച്ചു.
“കാട്ടിൽ പോയി
വിറകുവെട്ടുന്ന വീരപ്പാ
നിനക്കെന്തിനാ കുരങ്ങ്
എനിക്കു തരു; വില തരാം.”
വീരപ്പൻ കുരങ്ങിനെ കുറവൻ കുട്ടപ്പനു കൊടുത്തു വില വാങ്ങി.
കുട്ടപ്പന് സന്തോഷമായി. കുട്ടപ്പൻ ഒരു കുരങ്ങിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. കുട്ടപ്പൻ കുരങ്ങിന് കുപ്പായം തയ്പിച്ച് അണിയിച്ച് കഴുത്തിൽ ഒരു മണികെട്ടി അരയിൽ കയറുകെട്ടി വീടുകൾതോറും കൊണ്ടുനടന്ന് കളിപ്പിച്ച്്്്്്്്്്് രൂപവാങ്ങി.
കുട്ടപ്പൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ നല്ല അടിയും കൊടുക്കും. ആഹാരം ഒരിക്കലും വയറുനിറച്ച് കൊടുക്കാറില്ല. ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല.
കുട്ടപ്പന്റെ കൂടെയുളള ജീവിതം കുരങ്ങിന് ദുസ്സഹമായി തോന്നി. എങ്ങിനെയെങ്കിലും ഈ ദുരിതത്തിൽനിന്ന് രക്ഷപ്പെടണമെന്ന വിചാരമായി കുരങ്ങിന്. രക്ഷപ്പെടാനുളള മാർഗ്ഗം ആലോചിച്ചുകൊണ്ട് കുരങ്ങ് ദിവസങ്ങൾ തളളിനീക്കി.
ഒരു ദിവസം കുരങ്ങ് കയറ് പൊട്ടിച്ചുകൊണ്ട് കുട്ടപ്പന്റെ വീട്ടിൽനിന്ന് രക്ഷപ്പെട്ടു. റോഡിലൂടെ ഓടി. അരയിൽ കയറുമായി ഒരു കുരങ്ങ് ഓടിപോകുന്നത് ഒരു തെരുവുസർക്കസുകാരൻ കണ്ടു. അയാൾ കുരങ്ങിനെ പിടിച്ചെടുത്തുകൊണ്ട് ചോദിച്ചുഃ
“കുരങ്ങെ നിനക്ക്
സർക്കസ്സ് വേലകൾ അറിയാമോ?
അറിയില്ലെങ്കിൽ എന്നോടൊപ്പം
പോന്നോളൂ പഠിപ്പിക്കാം.”
ഒരു പുതിയ വിദ്യ പഠിക്കാമല്ലോ എന്ന സന്തോഷത്തോടെ കുരങ്ങ് സർക്കസ്സുകാരന്റെ പിന്നാലെ പോയി. സർക്കസ്സുകാരൻ ഊഞ്ഞാലാടാനും സൈക്കിൾ ചവിട്ടാനും പഠിപ്പിച്ചു. കാണികളുടെ കൈയടി വാങ്ങുന്നതിനുവേണ്ടി വിശ്രമമില്ലാതെ പലവട്ടം അഭ്യാസങ്ങൾ കാണിക്കേണ്ടി വന്നു. തെറ്റുപറ്റിയാൽ ചാട്ടകൊണ്ടുളള അടിയും കിട്ടും. അടികൊണ്ട് സഹികെട്ട കുരങ്ങ് ഒരുദിവസം സർക്കസ്സുകാരന്റെ കൈയിൽനിന്ന് രക്ഷപ്പെട്ടു റോഡിലൂടെ ഓടി.
ഓടിപോകുന്ന വഴി കുരങ്ങ് വഴിയിൽ കണ്ട ചിലരെ കടിച്ച് ഉപദ്രവിച്ചു. ആളുകൾ കൂട്ടംചേർന്ന് കുരങ്ങിനെ പിടിച്ച് കാഴ്ചബംഗ്ലാവിൽ ഏല്പിച്ചു.
കാഴ്ചബംഗ്ലാവിൽ ഇരുമ്പഴിക്കുളളിൽ കുരങ്ങിനെ ഇട്ടു. വേണ്ടുവോളം ഭക്ഷണവും കിട്ടി. പക്ഷേ ഒട്ടും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കാഴ്ചബംഗ്ലാവിലെ ജീവിതം കുരങ്ങിനു മടുത്തു. എങ്ങിനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടണമെന്നു വിചാരമായി കുരങ്ങിന്.
ഒരു ദിവസം കാവൽക്കാരൻ കൂട് അടിച്ചുകഴുകി വൃത്തിയാക്കുന്നതിനുവേണ്ടി തുറന്നു. ഈ തക്കംനോക്കി കുരങ്ങ് സൂത്രത്തിൽ കൂട്ടിൽനിന്നു പുറത്തുകടന്നു. കാവൽക്കാരന്റെ കണ്ണുവെട്ടിച്ചു പുറത്തുകടന്ന കുരങ്ങ് ഓടി രക്ഷപ്പെട്ടു.
ആർക്കും പിടികൊടുക്കാതെ ഓടിയോടി കാട്ടിൽ ചെന്നുകയറി. സ്വന്തക്കാരേയും കൂട്ടുകാരേയും കണ്ടപ്പോൾ സമാധാനമായി. നാട്ടിലെ മനുഷ്യർ മൃഗങ്ങളോടു കാണിക്കുന്ന ക്രൂരതയുടെ കഥയും നാട്ടിൽ അനുഭവിക്കേണ്ടി വന്ന യാതനകളും അവൻ കാട്ടിലുളളവരോടു പറഞ്ഞു. നാട്ടിലുളളവരെ വിശ്വസിച്ച് മേലിൽ കാടുവിട്ട് നാട്ടിൽ പോകുകയില്ലെന്ന് കുരങ്ങ് തീരുമാനിച്ചു.
സ്വാതന്ത്ര്യമില്ലാത്ത ജീവിതം നരകമാണ്. നാട്ടിലെ ജീവിതത്തേക്കാൾ നല്ലത് കാട്ടിൽ സ്വന്തക്കാരും ബന്ധുക്കാരും കൂട്ടുകാരും ഒരുമിച്ച് ജീവിക്കുന്നതാണ് എന്ന് കുരങ്ങിന് ബോധ്യം വന്നു.
Generated from archived content: kattukatha_feb12.html Author: sathyan_thannipuzha