കോഴിക്കുഞ്ഞ്‌

ചന്തപ്പൻ ചന്തയിൽനിന്ന്‌ ഒരു പിടക്കോഴിയെ വാങ്ങി. വീട്ടിൽ കൊണ്ടുവന്ന്‌ തേങ്ങാപ്പിണ്ണാക്കും തവിടും കൊടുത്തു വളർത്തി. കുറെദിവസം കഴിഞ്ഞപ്പോൾ കോഴി പുതിയ പരിസരവുമായി ഇണങ്ങിച്ചേർന്നു. ചന്തപ്പൻ കോഴിയെ കൂടുതുറന്നുവിട്ടു. കോഴി യഥേഷ്‌ടം തിരഞ്ഞുതിന്നു. അത്‌ വളർന്ന്‌ വലുതായി. അയൽവക്കത്തെ കറുത്ത പൂവനുമായി ഇണചേർന്നു. പുഞ്ചക്കൊയ്‌ത്ത്‌ തുടങ്ങി. പുഞ്ചനെല്ല്‌ തിന്നപ്പോൾ കോഴി മുട്ടയിട്ടു. ചന്തപ്പൻ മുട്ടയെല്ലാം എടുത്ത്‌ സൂക്ഷിച്ചുവച്ചു. കോഴി മുട്ടയിട്ട്‌ തീർന്നപ്പോൾ അടയിരുന്നു. മുട്ടയിലെല്ലാം കരികൊണ്ട്‌ വരച്ച്‌ ചന്തപ്പൻ ചന്തകൂടുന്ന സമയം നോക്കി കോഴിയെ പൊരുന്നയ്‌ക്ക്‌ വച്ചു. കോഴി കൊത്തിയിറങ്ങി. പത്ത്‌ കുഞ്ഞുങ്ങൾ ഉണ്ടായി. കുഞ്ഞുങ്ങളെ കാക്കയ്‌ക്കും പരുന്തിനും കൊടുക്കാതെ കോഴി കാത്തു സൂക്ഷിച്ചു.

പറമ്പിൽ കൊത്തിത്തിരഞ്ഞ്‌ നടക്കുമ്പോൾ തളളക്കോഴി കുഞ്ഞുങ്ങൾക്ക്‌ അപകടങ്ങളിൽ നിന്ന്‌ രക്ഷപ്പെടാനുളള മാർഗ്ഗം പറഞ്ഞുകൊടുത്തു. കുഞ്ഞുങ്ങൾ വളർന്ന്‌ കാക്ക പിടിച്ചാൽ പൊങ്ങാത്ത വലുപ്പമായി. ഒരുദിവസം പൂവൻകുഞ്ഞ്‌ ചന്തപ്പൻ കൊടുത്ത ചോറുതിന്നുകൊണ്ടു നിന്നപ്പോൾ ഒരു കാക്ക ചോറ്‌ കൊത്തിയെടുക്കാൻ ശ്രമിച്ചു. പൂവൻകുഞ്ഞ്‌ എതിർത്ത്‌ ചെന്ന്‌ കാക്കയെ കൊത്തിയോടിച്ചു. കാക്ക പേടിച്ച്‌ പറന്നുപോയി. പൂവൻകുഞ്ഞ്‌ ചോറ്‌ കൊത്തിത്തിന്ന്‌ വയറ്‌ നിറച്ചു. ചുണ്ട്‌ തുടച്ച്‌ വൃത്തിയാക്കി. അടുത്തുനിന്ന പിടക്കുഞ്ഞിനെ ഒരു കൊത്തുകൊടുത്തു. തളളക്കോഴി പൂവൻകുഞ്ഞിനെ വിലക്കി. മേലിൽ ശണ്‌ഠകൂടരുതെന്ന്‌ പറഞ്ഞു. അവൻ അതൊന്നും ചെവിക്കൊണ്ടില്ല. താൻ ശക്തനാണെന്ന്‌ ഭാവിച്ച്‌ ഗമയിൽ നടന്നു. ഒരു ദിവസം തളളക്കോഴിയും കുഞ്ഞുങ്ങളും കൂടി പറമ്പിൽ തിന്നുനടന്നപ്പോൾ ഒരു പുൽച്ചാടിയെ പൂവൻകുഞ്ഞ്‌ കണ്ടു. അവൻ അതിനെ ശരിപ്പെടുത്താൻ നോക്കി. പുൽച്ചാടി പറന്നകലേക്ക്‌ പോയി. കുഞ്ഞിക്കോഴി വിട്ടില്ല. അവൻ പിന്നാലേയും.

തളളക്കോഴി വിളിച്ചുഃ ‘മോനെ കുഞ്ഞുപൂവാ, കൂട്ടം തെറ്റിയകലേക്ക്‌ പോണ്ട. ഇങ്ങട്‌ വാ…’ പൂവൻകുഞ്ഞ്‌ അമ്മയെ അനുസരിച്ചില്ല. അവൻ പുൽച്ചാടിയുടെ പിന്നാലെ ഓടി. തളളക്കോഴി അപകട സൂചന പുറപ്പെടുവിച്ചുകൊണ്ട്‌ പിന്നേയും വിളിച്ചുഃ ‘മോനേ അങ്ങോട്ട്‌ പോവല്ലേ. അതാ ആ മാവിന്റെ മുകളിൽ ഒരു എറമുളളൻ നിന്നെതന്നെ നോക്കിയിരിക്കുന്നു. ഇങ്ങട്‌ പോരെ. അല്ലെങ്കിൽ അവൻ നിന്നെപിടിച്ച്‌ തിന്നും.’

അമ്മയുടെ കരഞ്ഞുകൊണ്ടുളള മുന്നറിയിപ്പ്‌ അവൻ ചെവിക്കൊണ്ടില്ല.

‘അമ്മയൊന്ന്‌ മിണ്ടാതിരിക്കാമോ? എന്റെ കാര്യം ഞാൻ നോക്കിക്കൊളളാം.’ എന്നുപറഞ്ഞ്‌ പൂവൻകുഞ്ഞ്‌ അകന്നുപോയി. തക്കംനോക്കി എറമുളളൻ പൂവൻകുഞ്ഞിനെ പൊക്കിയെടുത്ത്‌ പറന്നുപോയി. എറമുളളന്റെ ചുണ്ടിലിരുന്ന പൂവൻകുഞ്ഞ്‌ വിചാരിച്ചുഃ ‘അമ്മ പറഞ്ഞത്‌ അനുസരിച്ചെങ്കിൽ എനിക്ക്‌ മരണത്തിൽനിന്ന്‌ രക്ഷപ്പെടാമായിരുന്നു.’

Generated from archived content: kattukatha_apr28.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here