പണ്ട് പണ്ട് കുറുക്കനും കുരങ്ങനും സുഹൃത്തുക്കളായിരുന്നു. അന്ന് അവർ നാട്ടിലാണ് താമസിച്ചിരുന്നത്. കാട്ടിലല്ല.
ആയിടെ ഒരു ദിവസം ഇരുവരും കൂടി ആഹാരം തേടി നാട്ടിലൂടെ നടന്നു. കുറച്ചു നടന്നപ്പോൾ ഒരു ചായക്കട കണ്ടു. അവിടെ അലമാരിയിൽ പരിപ്പുവട ഇരിക്കുന്നു. കുരങ്ങന് പരിപ്പുവട തിന്നാൻ കൊതിതോന്നി. വിവരം കൂട്ടുകാരൻ കുറക്കനോട് പറഞ്ഞു.
കുരങ്ങന്റെ കൊതിപറച്ചിൽ കേട്ടപ്പോൾ കുറുക്കനും പരിപ്പുവട തിന്നാൻ ആഗ്രഹമുണ്ടായി.
ഇരുവരും കൂടി കടയിൽചെന്ന് പരിപ്പുവട കടം ചോദിച്ചു.
‘ചായക്കടക്കാരാ
കൊച്ചുരാമാ
കടം തരുമോ നീ
പരിപ്പുവട?’
‘തരാം തരാം. പരിപ്പുവട തരാം. പണം തരണ്ട. പിന്നെ ഒരു കാര്യം. നാളെ പരിപ്പുവടയുണ്ടാക്കാനുളള പരിപ്പ് ഇരുവരും കൂടി അരച്ചുതരണം.’ ചായക്കടക്കാരൻ കൊച്ചുരാമൻ പറഞ്ഞു.
കുരങ്ങനും കുറുക്കനും അതു സമ്മതിച്ചു. ചായക്കടക്കാരൻ കൊച്ചുരാമൻ ഓരോ പരിപ്പുവട ഇരുവർക്കും കൊടുത്തു.
കുരങ്ങനും കുറുക്കനും പരിപ്പുവട തിന്ന് ചുണ്ട് തുടച്ച് വൃത്തിയാക്കി.
ചായക്കടയിൽ പുട്ട് ഇരിക്കുന്നതു കണ്ടു. അവർക്ക് പുട്ട് തിന്നാൻ കൊതിയായി. അവർ അവിടെ ചുറ്റിപ്പറ്റി നടന്നു. അപ്പോൾ ചായക്കടക്കാരൻ കൊച്ചുരാമന്റെ ഭാര്യ കൊച്ചുപെണ്ണ് ആടിനെ തീറ്റാനായി പറമ്പിലേക്ക് വന്നു.
കുറുക്കനും കുരങ്ങനും കൊച്ചുപെണ്ണിന്റെ അടുത്തു ചെന്നു കണ്ടു.
‘ചായക്കടക്കാരി കൊച്ചുപെണ്ണേ
ഞങ്ങൾക്കു പുട്ട് തിന്നാൻ തരാമോ?’
‘ഓ തരാമല്ലോ; പിന്നെ ഒരു കാര്യം നിങ്ങൾ ഇരുവരും കൂടി നാളത്തെ പുട്ടിനുളള അരി ഇടിച്ചുതരണം.’ കൊച്ചുപെണ്ണ് പറഞ്ഞു.
കുറുക്കനും കുരങ്ങനും അതു സമ്മതിച്ചു. കൊച്ചുപെണ്ണ് ഒരുകണ പുട്ട് ഇരുവർക്കും കൊടുത്തു.
കുറുക്കനും കുരങ്ങനും പുട്ടുംതിന്ന് ചുണ്ട് തുടച്ച് മുറ്റത്തു നിന്നു.
അപ്പോൾ അവർ ചായക്കടയിൽ കെട്ടിതൂക്കിയിരിക്കുന്ന പഴക്കുല കണ്ടു.
കുരങ്ങന് പഴം തിന്നാൻ കൊതിതോന്നി. വിവരം കുറുക്കനോടു പറഞ്ഞു.
ഇരുവരും കൂടി കൊച്ചുരാമന്റെ മകൻ കൊച്ചുണ്ണിയുടെ അടുത്തുചെന്നു പറഞ്ഞു.
‘കൊച്ചുണ്ണീ കൊച്ചുണ്ണീ പുന്നാരക്കുട്ടാ
ഞങ്ങൾക്ക് തിന്നാൻ പഴം തരാമോ?’
‘അതിനെന്താ തരാമല്ലോ. പിന്നെ ഒരു കാര്യം. നാളത്തെ ആവശ്യത്തിന് ഇന്ന് നിങ്ങൾ വനത്തിൽപോയി വിറക് ശേഖരിച്ചുകൊണ്ടുവന്നു തരണം.’ കൊച്ചുണ്ണി പറഞ്ഞു.
കുറുക്കനും കുരങ്ങനും അതു സമ്മതിച്ചു. കൊച്ചുണ്ണി ഉടനെതന്നെ ഇരുവർക്കും ഓരോ പഴം കൊടുത്തു. കുറുക്കനും കുരങ്ങനും പഴം വാങ്ങിതിന്ന് ഏമ്പക്കം ഇട്ടുകൊണ്ട് പോകാൻ തയ്യാറായി.
അപ്പോൾ കൊച്ചുരാമൻ വന്ന് പരിപ്പ് അരയ്‌ക്കാൻ പറഞ്ഞു. ഉടനെ കൊച്ചുപെണ്ണ് അരി ഇടിക്കാൻ പറഞ്ഞു. പിറകെ കൊച്ചുണ്ണി വന്ന് വിറക് ശേഖരിച്ചുകൊണ്ടുവരാൻ പറഞ്ഞു.
മൂന്നുപേരുടേയും ആവശ്യം കേട്ടപ്പോൾ കുറുക്കനും കുരങ്ങനും വിഷമിച്ചു. ‘അവർ നമ്മളെ അടിച്ചു പുറം പൊളിക്കുന്നതിനു മുമ്പ് നമുക്ക് നാടുവിടാം.’ എന്നു പറഞ്ഞുകൊണ്ട് കുറുക്കനും കുരങ്ങനും നാടുവിട്ടു കാടുകയറി. പിന്നീട് അവർ കാട്ടിലായി താമസം.
കൊച്ചുരാമനും കൊച്ചുപെണ്ണും കൊച്ചുണ്ണിയും കൂടി നാടുനീളെ കുറുക്കനേയും കുരങ്ങനേയും നോക്കിനടന്നു. നാട്ടിൽ ഒരിടത്തും അവരെ കണ്ടുമുട്ടിയില്ല.
അങ്ങനെയാണ് നാട്ടിൽ താമസിച്ചിരുന്ന കുറുക്കനും കുരങ്ങനും കാട്ടിൽ സ്ഥിരതാമസമാക്കാൻ തുടങ്ങിയത്.
Generated from archived content: kattukatha1_dec10.html Author: sathyan_thannipuzha