മുയലും തത്തയും

ആലാട്ടുചിറയുടെ അരികിൽ നിന്ന ആഞ്ഞിലി ചുവട്ടിലെ മാളത്തിൽ ഒരു മുയൽ പാർത്തിരുന്നു. ആഞ്ഞിലി മരത്തിലെ ഉണങ്ങിയ കൊമ്പിലെ പൊത്തിൽ ഒരു തത്തയും താമസിച്ചിരുന്നു. ഇരുവരും കൂട്ടുകൂടി ആടിപ്പാടി രസിച്ചു നടന്നു. അവർ ഒരുമിച്ചാണ്‌ ആഹാരം തേടി നടന്നിരുന്നതും.

അങ്ങനെയിരിക്കെ ഒരു കാക്ക ആഞ്ഞിലിമരത്തിൽവന്ന്‌ കൂടുണ്ടാക്കി താമസമുറപ്പിച്ചു. മുയലും തത്തയും തമ്മിലുളള സൗഹൃദം കണ്ടപ്പോൾ കാക്കയ്‌ക്ക്‌ അസൂയ തോന്നി. അവരെ തമ്മിൽ പിണക്കാൻ കാക്ക പ്ലാനിട്ടു. ഒരു ദിവസം കാക്ക മുയലിനോട്‌ പറഞ്ഞു.

“മുയലേ നീ മണ്ടനാണെന്നാണ്‌ തത്ത പറയുന്നത്‌. അതുകൊണ്ടാണ്‌ തത്തയെ കൂട്ടുപിടിച്ചു നടക്കുന്നതെന്നാണ്‌ അവന്റെ അഭിപ്രായം.”

കാക്കയുടെ സംസാരം കേട്ടപ്പോൾ മുയൽ ചോദിച്ചു. “തത്ത അങ്ങനെ പറഞ്ഞോ? ഹേയ്‌ തത്ത അങ്ങനെ പറയില്ല.”

“പറഞ്ഞു, പറഞ്ഞു. സംശയമുണ്ടെങ്കിൽ ചോദിച്ചുനോക്ക്‌.” കാക്ക ഒരു കളളച്ചിരിയോടെ ഉരിയാടി.

എന്നിട്ട്‌ കാക്ക തത്തയുടെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു. “സുഹൃത്തേ തത്തേ നീ മണ്ടനാണെന്നാണ്‌ മുയൽ പറയുന്നത്‌. മുയൽ എന്താണ്‌ അങ്ങനെ പറയാൻ കാരണം?”

“ആ എനിക്കറിഞ്ഞുകൂടാ. മുയൽ അങ്ങനെ പറഞ്ഞോ?” തത്ത ചോദിച്ചു.

“പറഞ്ഞു, പറഞ്ഞു. സംശയമുണ്ടെങ്കിൽ ചോദിച്ചുനോക്ക്‌.” കാക്ക പറഞ്ഞു.

ഇരുവരും കാക്ക പറഞ്ഞത്‌ വിശ്വസിച്ചു. തത്തയും മുയലും തമ്മിലുളള സൗഹൃദം നഷ്‌ടപ്പെട്ടു. ഇരുവരുടെ ഉളളിലും വിദ്വേഷം തലപൊക്കി. രണ്ടുപേരും തമ്മിൽ തർക്കമായി. “നീയാണ്‌ മണ്ടൻ ഞാനല്ല.” എന്ന്‌ മുയലും “നീയാണ്‌ മണ്ടൻ ഞാനല്ല” എന്നു തത്തയും പറഞ്ഞു കലഹിച്ചു.

അവരുടെ കലഹം കണ്ടിരുന്ന്‌ കാക്ക സന്തോഷിച്ചു. കാക്കയുടെ ഉദ്ദേശവും അവരെ തമ്മിലടിപ്പിക്കണമെന്നായിരുന്നു.

തർക്കത്തിന്‌ തീർപ്പ്‌ കല്‌പിക്കുന്നതിനുവേണ്ടി ഇരുവരും ഒരു ന്യായാധിപനെതേടി നടന്നു. അങ്ങനെ നടന്നപ്പോൾ മലമുകളിൽ പർണ്ണശാല കെട്ടി ഒരു സന്യാസി താമസിക്കുന്ന വിവരമറിഞ്ഞു. മുയലും തത്തയും സന്യാസിയുടെ അടുത്തുചെന്നു. മുയൽ ചോദിച്ചു. “സ്വാമി ഞാൻ മണ്ടനാണോ?”

“സ്വാമി ഞാൻ മണ്ടനാണോ?” തത്തയും ചോദിച്ചു.

ഇരുവരുടേയും ചോദ്യം കേട്ടപ്പോൾ സന്യാസി ചിരിച്ചുകൊണ്ടു പറഞ്ഞു. “ദാ, ആ കാണുന്ന മാവിൽ മാമ്പഴം ഉണ്ട്‌. പറിച്ചുകൊണ്ട്‌ ആദ്യം വരുന്നത്‌ ആരാണെന്നു കാണട്ടെ. എന്നിട്ടു തീരുമാനിക്കാം.”

ഇരുവരും മാവ്‌ ലക്ഷ്യമാക്കി പോയി. മുയൽ മാവിന്റെ ചുവട്ടിൽ ചെന്ന്‌ മുകളിലേക്ക്‌ നോക്കി. എങ്ങനെ മാവിൽ കയറി മാമ്പഴം പറിക്കും.?

തത്ത മാവിന്റെ മുകളിൽ ചെന്ന്‌ മാമ്പഴം കൊത്തി താഴെ ഇട്ടു. മാമ്പഴത്തിന്റെ അടുത്തുവന്ന്‌ കൊത്തിപൊക്കിനോക്കി. പറ്റുന്നില്ല. മാമ്പഴം കൊത്തിയെടുത്ത്‌ പറക്കാൻ കഴിയുന്നില്ല.

മുയലും തത്തയും പരസ്പരം നോക്കിനിന്നു. എങ്ങിനെ മാമ്പഴം പറിക്കുമെന്ന്‌ മുയൽ ആലോചിച്ചു. എങ്ങിനെ മാമ്പഴം കൊത്തിയെടുത്ത്‌ പറന്നുപോകുമെന്ന്‌ തത്തയും ചിന്തിച്ചു. ഇരുവരും മാർഗ്ഗങ്ങൾ കണ്ടെത്തിയില്ല. രണ്ടുപേരും മാമ്പഴമില്ലാതെ സന്യാസിയുടെ അടുത്തുചെന്ന്‌ നടന്ന കാര്യങ്ങൾ പറഞ്ഞു.

സന്യാസി പുഞ്ചിരി തൂകികൊണ്ടു പറഞ്ഞു. “നിങ്ങൾ ഇരുവരും വിദ്വേഷം വെടിഞ്ഞ്‌ പഴയ സൗഹൃദം പുലർത്തിയാൽ മാമ്പഴം ഇവിടെ എത്തിക്കാൻ കഴിയും. വിദ്വേഷമുണ്ടാകുന്നത്‌ തെറ്റിദ്ധാരണകൊണ്ടാണ്‌. തെറ്റിദ്ധാരണ മാറിയാൽ സമഭാവനയുണ്ടാകും. സമഭാവനയുണ്ടായാൽ സന്തോഷമുണ്ടാകും. യഥാർത്ഥ സന്തോഷമുണ്ടാകണമെങ്കിൽ മനസ്സിലെ മാറാലകൾ മാറണം. മാറാലകൾ മാറാൻ നല്ലവരുമായി സംസർഗ്ഗവും ഈശ്വരചിന്തയും വേണം. പോയി രണ്ടുപേരും കൂടി മാമ്പഴം കൊണ്ടുവരൂ, കാണട്ടെ.”

സന്യാസി പറഞ്ഞ കാര്യങ്ങൾ മുയലും തത്തയും ഉൾക്കൊണ്ടു. ഇരുവരും വിദ്വേഷം വെടിഞ്ഞു. തത്ത മാവിൽനിന്ന്‌ രണ്ടു മാമ്പഴം കൊത്തി താഴെ ഇട്ടു. മുയൽ രണ്ടു മാമ്പഴവും ഒരു വയറവളളികൊണ്ടു കെട്ടി കടിച്ചു തൂക്കി എടുത്ത്‌ സന്യാസിയുടെ അടുത്തുചെന്നു. എന്നിട്ടു പറഞ്ഞുഃ

“ഗുരോ, ഞങ്ങളുടെ തെറ്റ്‌ ഞങ്ങൾക്കു മനസ്സിലായി. കാക്കയുടെ നുണകേട്ട്‌ വിശ്വസിച്ചാണ്‌ ഞങ്ങൾ തർക്കിച്ചത്‌. സൗഹൃദമുണ്ടെങ്കിൽ ഏതുകാര്യവും ചെയ്യുവാൻ എളുപ്പമാണെന്ന്‌ ഞങ്ങൾക്കു ബോധ്യമായി. ഞങ്ങളോടു ക്ഷമിക്കുക.”

സന്യാസി മുയലിനേയും തത്തയേയും അനുഗ്രഹിച്ച്‌ അയച്ചു.

അവർ സന്തോഷത്തോടെ പോയി സുഖമായി ജീവിച്ചു. കാക്കയെപോലെയുളള ദുഷ്‌ടബുദ്ധികളുടെ വാക്കുകൾ പിന്നീട്‌ അവർ വിശ്വസിച്ചില്ല.

Generated from archived content: kattu_may28.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here