ഇല്ലിമുളം കാട്ടിൽ ഒരു എട്ടുകാലി താമസിച്ചിരുന്നു. വിശന്നുവലഞ്ഞ എട്ടുകാലി ഒരുദിവസം വലകെട്ടാൻ തീരുമാനിച്ചു മുളംകാട്ടിൽനിന്ന് ഇറങ്ങിവന്നു. ഒരു തെങ്ങിന്റെ അരികിൽനിന്ന വാഴയിൽ വലകെട്ടി.
‘കണ്ടോ കണ്ടോ നല്ല വല
നൂലോണ്ടുളെളാരു നല്ല വല
ഇതുവഴി പോകും പ്രാണികളെല്ലാം
വലയിതിൽവീഴും കട്ടായം’
എട്ടുകാലി ഇങ്ങനെ പാട്ടുപാടി രസിച്ച് വലയിൽ കയറികിടന്നു. അപ്പോൾ കൂട്ടുകാരായ എലിയും അരണയും പല്ലിയും എട്ടുകാലിയെ അന്വേഷിച്ച് അവിടെ എത്തി. മനോഹരമായ വലകണ്ട് അവർ എട്ടുകാലിയെ അഭിനന്ദിച്ചു.
അല്‌പനേരം കഴിഞ്ഞപ്പോൾ തെങ്ങിൽനിന്ന് ഒരു മച്ചിങ്ങ വലയിൽവീണു.
‘മച്ചിങ്ങവീണ് വലപൊളിഞ്ഞു
ചാവാതെ കഷ്‌ടിച്ചു രക്ഷപ്പെട്ടു
കൂട്ടുകാരനാകുമെട്ടുകാലീ
ഇനിയെന്ത് പരിപാടി ചങ്ങാതീ?’
‘മറ്റൊരു വലകെട്ടണം’ എട്ടുകാലി പറഞ്ഞു.
പാടുപെട്ടു പണിതുണ്ടാക്കിയ വല പൊട്ടിപ്പൊളിഞ്ഞപ്പോൾ എട്ടുകാലിക്ക് സങ്കടം വന്നു. എങ്കിലും എട്ടുകാലി നിരാശനായില്ല. വീണ്ടും ഒരു വലകെട്ടി.
‘കണ്ടോ കണ്ടോ നല്ല വല
നൂലോണ്ടുളെളാരു നല്ല വല
വലയിൽ പ്രാണികൾ വീണെന്നാകിൽ
വയറു നിറച്ചിന്നുണ്ടീടാം.’ ഇങ്ങനെ പാട്ടുംപാടി എട്ടുകാലി വലയിൽ അനങ്ങാതെ കിടന്നു.
അങ്ങനെ കിടന്നപ്പോൾ എലിയും അരണയും പല്ലിയും അവിടെ എത്തി. എട്ടുകാലിയുടെ പുതിയ വല കാണുന്നതിനുവേണ്ടി. കൂട്ടുകാർ വർത്തമാനം പറഞ്ഞ് കളിച്ച് ചിരിച്ചിരുന്നു.
അപ്പോൾ അതുവഴി ഒരു വികൃതിക്കുട്ടി വന്നു. അവൻ ഒരു വടി എടുത്ത് എട്ടുകാലിവല തല്ലിപൊളിച്ചു. എട്ടുകാലി ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു.
‘കൂട്ടുകാരാ, എട്ടുകാലീ
ബുദ്ധിമുട്ടി പണിതീർത്ത
പുതിയ വലയും പൊളിഞ്ഞല്ലോ;
ഇനി എന്തുചെയ്യും?’ കൂട്ടുകാർ ചോദിച്ചു.
എട്ടുകാലി പറഞ്ഞുഃ ‘നഷ്‌ടപ്പെട്ടതിനെ ഓർത്ത് ദുഃഖിച്ചിട്ടു കാര്യമില്ല. സമയം പാഴാക്കാതെ മറ്റൊരു വല കെട്ടിയുണ്ടാക്കണം. വലയിൽ വല്ല പ്രാണിയോ മറ്റോ വീണുകിട്ടിയാൽ തിന്നു വിശപ്പടക്കാം.’
കൂട്ടുകാർ ഓരോരുത്തരായി അവരവരുടെ ജോലിക്കുപോയി.
എട്ടുകാലി പുതിയ വലയുണ്ടാക്കി. വലയിൽ കയറി ഇരുന്നുപറഞ്ഞുഃ
‘ഒരുവല പോയാൽ പോകട്ടെ
മറ്റൊരു വലയുണ്ടാക്കും ഞാൻ
ആ വല പോയാൽ പോകട്ടെ
വേറൊരു വലയുണ്ടാക്കും ഞാൻ’
ഇങ്ങനെ എട്ടുകാലി പറഞ്ഞിരുന്നു. അപ്പോൾ കൂട്ടുകാരായ എലിയും അരണയും പല്ലിയും അവിടെവന്നു. ക്ഷണനേരംകൊണ്ട് പുതിയ വല കെട്ടിയുണ്ടാക്കിയ എട്ടുകാലിയെ അവർ അഭിനന്ദിച്ചു.
അവർ വർത്തമാനം പറഞ്ഞ് കളിച്ചു ചിരിച്ചുരസിച്ചിരുന്നു. അപ്പോൾ ശക്‌തിയായ കാറ്റും മഴയും വന്നു. എട്ടുകാലിയുടെ വല മഴവെളളത്തിൽ ഒഴുകിപ്പോയി. എട്ടുകാലി കഷ്‌ടിച്ചു രക്ഷപ്പെട്ടു.
‘ആദ്യത്തെ വല മച്ചിങ്ങ വീണുപോയി
രണ്ടാമത്തെ വല വികൃതിക്കുട്ടി പൊളിച്ചു
പിന്നത്തെ വലയോ മഴയിൽ ഒലിച്ചുപോയി
ഇനി എന്തുചെയ്യും കൂട്ടുകാരാ, എട്ടുകാലി?’ എട്ടുകാലിയുടെ കൂട്ടുകാർ ചോദിച്ചു.
‘വരുന്നതെല്ലാം നല്ലതിനുവേണ്ടി എന്നു വിശ്വസിക്കൂ കൂട്ടുകാരെ. എന്നിട്ട് ദൈവത്തെ പ്രാർത്ഥിക്കൂ. പ്രാർത്ഥനയോടൊപ്പം പരിശ്രമവും വേണം. നിശ്ചയമായും വിജയം കൈവരും’ എട്ടുകാലി പറഞ്ഞു.
എട്ടുകാലിയുടെ കൂട്ടുകാർ ഓരോവഴിക്ക് പോയി. എട്ടുകാലി വീണ്ടും ഒരു വലകെട്ടിയുണ്ടാക്കി. അതിൽ കയറി കിടന്നുകൊണ്ട് പാടി.
‘കാറ്റും മഴയും വന്നോട്ടെ
വികൃതിക്കുട്ടീം വന്നോട്ടെ
വലകൾ പലത് പൊളിഞ്ഞോട്ടെ
പുതു പുതു വലകൾ നിർമ്മിക്കും.’
എട്ടുകാലി അങ്ങനെ പാടി രസിച്ചിരുന്നു. അപ്പോൾ ഒരു പൂത്തുമ്പി വന്ന് വലയിൽ വീണു. എട്ടുകാലി ഓടിചെന്ന് തുമ്പിയെ പിടിച്ച് സാവധാനം തിന്ന് വിശപ്പടക്കി. ദൈവത്തോട് നന്ദി പറഞ്ഞു.
അന്നേരം എട്ടുകാലിയുടെ കൂട്ടുകാരായ എലിയും അരണയും പല്ലിയും വന്നു. അവർ പറഞ്ഞുഃ
‘ഉത്സാഹമുണ്ടെങ്കിൽ അത്താഴമുണ്ണാം.’ എന്നാണല്ലോ പഴമൊഴി.
‘പരാജയം വന്നാൽ
നിരാശനായീടാതെ
പരിശ്രമിച്ചാൽ
വീണ്ടും വിജയിച്ചീടാം.’ എന്ന കാര്യം നിന്റെ അനുഭവത്തിൽനിന്ന് ഞങ്ങൾ പഠിച്ചു.
Generated from archived content: kattile_april17.html Author: sathyan_thannipuzha