പ്രഭാതം പൊട്ടിവിരിഞ്ഞപ്പോൾ വയൽവാരത്ത് വീട്ടിൽ കൂട്ടനിലവിളി ഉയർന്നു. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വയൽവാരത്ത് വീട്ടിലും മുറ്റത്തും തിങ്ങിനിറഞ്ഞു.
ബാലനായ നാണു കാരണം അന്വേഷിച്ചു. മുത്തശ്ശി മരിച്ച വിവരം അപ്പോഴാണ് കുട്ടി അറിഞ്ഞത്.
മുത്തശ്ശിയെ കുളിപ്പിച്ച് തെക്കോട്ട് തലയാക്കി നെടും തൂശനിലയിൽ കോടിമുണ്ടിൽ പൊതിഞ്ഞു കിടത്തി. തലഭാഗത്ത് നിലവിളക്ക് കത്തിച്ചുവച്ചു. പാർശ്വങ്ങളിൽ നാളികേരമുറിയിൽ തിരികൊളുത്തിവച്ചു. ചന്ദനത്തിരി കത്തിച്ച് തലഭാഗത്ത് വച്ചു.
കർമ്മം കഴിഞ്ഞ് ചിതയിലേക്ക് മുത്തശ്ശിയുടെ ജഡമെടുത്തപ്പോൾ മക്കളും മരുമക്കളും ബന്ധുക്കളുമെല്ലാം മുത്തശ്ശിയുടെ ഗുണഗണങ്ങളെപ്പറ്റി പറഞ്ഞു കരഞ്ഞു കണ്ണുനീർ വാർത്തു.
ശവസംസ്‌ക്കാരം കഴിഞ്ഞപ്പോൾ രംഗം ശാന്തമായി. നാട്ടുകാരും ബന്ധുക്കളും ഓരോരുത്തരായി പിരിഞ്ഞുപോയി. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമായി. അവർ വീട് കഴുകി തുടച്ചു വൃത്തിയാക്കി ആഹാരം പാകം ചെയ്‌തുകഴിച്ചു. ആഹാരം കഴിഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്ന് വർത്തമാനം പറഞ്ഞ് ചിരിച്ചുകളിച്ചു രസിച്ചു.
അടുത്ത ദിവസം നാണുവിനെ കാണാതായി. അച്ഛനും അമ്മയും മറ്റുള്ളവരും നാണുവിനെ അന്വേഷിച്ച് നാലുവഴിക്കും നടന്നു. ഒരിടത്തും നാണുവിനെ കണ്ടില്ല. അവസാനം സന്ധ്യയായപ്പോൾ ഒരു കാട്ടിൽ ഒറ്റയ്‌ക്കു ഇരിക്കുന്നതായി കാണപ്പെട്ടു.
കുട്ടിയെ വിളിച്ച് വീട്ടിൽ കൊണ്ടുവന്ന് ആഹാരം കൊടുത്തതിനു ശേഷം ചോദിച്ചു.
“മോൻ എന്തിനാണ് തനിയെ പോയി കാട്ടിൽ ഇരുന്നത്?”
ചോദ്യം കേട്ടപ്പോൾ കുട്ടി പറഞ്ഞു.
“ഇന്നലെ മുത്തശ്ശി മരിച്ചപ്പോൾ എല്ലാവരും സങ്കടപ്പെട്ട് കരയുന്നതുകണ്ടു. ശവസംസ്‌ക്കാരം കഴിഞ്ഞപ്പോൾ കരഞ്ഞവരെല്ലാം ഇരുന്ന് കളിച്ചുചിരിക്കുന്നതുകണ്ടു. ഇതിന്റെ കാരണമെന്താണെന്ന് അറിയാൻ ഞാൻ ഇരുന്ന് ആലോചിക്കുകയായിരുന്നു.
നാണുവിന്റെ മറുപടി കേട്ടപ്പോൾ മാടനാശാൻ പറഞ്ഞു.
”സാധാരണ കുട്ടികൾക്കില്ലാത്ത ചിന്തയുമായാണ് നാണു നടക്കുന്നത്“.
ഈ നാണുവാണ് പിൽക്കാലത്ത് ക്രാന്തദർശിയായ ശ്രീനാരായണ ഗുരുദേവനായി മാറിയത്.
Generated from archived content: gurudevan3.html Author: sathyan_thannipuzha