ഒരു ദിവസം ഒരു സന്ന്യാസി ചെമ്പഴന്തി ഗ്രാമത്തിലൂടെ നടന്നു പോകുകയായിരുന്നു. നരച്ച താടിയും ജഡയുമുളള കാവ്യവസ്‌ത്രധാരിയായ സന്ന്യാസിയെ കണ്ടപ്പോൾ വഴിയെ പോയ കുട്ടികൾക്ക് കൗതുകം തോന്നി. അവർ സന്ന്യാസിയുടെ പിന്നാലെ കൂടി. കാവിവസ്‌ത്രത്തിൽ പിടിച്ചു വലിച്ചു.
സന്ന്യാസി പ്രതിഷേധിച്ചു. കുട്ടികളോട് കുറുമ്പ് കാണിക്കാതെ വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. കുട്ടികൾ സന്ന്യാസിയെ അനുസരിക്കാൻ തയ്യാറായില്ല. അവർ കൂകിവിളിച്ച് സന്ന്യാസിയുടെ പിന്നാലെ കൂടി.
സഹികെട്ട സന്ന്യാസി കുട്ടികളെ ശാന്തരാക്കി മടക്കി അയക്കാൻ നോക്കി. സാധിച്ചില്ല. കുട്ടികൾ ഒത്തുകൂടിയപ്പോൾ അവരുടെ ദുർവാസന തലപൊക്കി സന്ന്യാസിയെ മണ്ണും കല്ലും വാരി എറിഞ്ഞു. ‘ഏയ് താടിക്കാരൻ പോണേ’ എന്ന് പറഞ്ഞ് ആർത്തുവിളിച്ചു.
ഈ കാഴ്‌ച വയൽവാരം വീടിന്റെ മുറ്റത്തുനിന്ന നാണു കണ്ടു. നാണുവിന് സഹതാപം തോന്നി. ആ കുട്ടി വഴിയിൽ ഇറങ്ങി നടന്ന് സന്ന്യാസിയുടെ അടുത്തു ചെന്നു.
അപ്പോഴും കുട്ടികൾ സന്ന്യാസിയുടെ മേൽ മണ്ണ് വാരി എറിഞ്ഞ് ആർത്ത് കൂവി അങ്ങോട്ടുമിങ്ങോട്ടും ഓടുകയായിരുന്നു.
നാണു ആ കുട്ടികളോട് ചോദിച്ചു. “നിങ്ങൾ എന്തിനാണ് ഈ പാവം സന്ന്യാസിയെ ഇങ്ങനെ പരിഹസിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നത്? നിങ്ങൾക്ക് മനുഷ്യരെ ഉപദ്രവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എന്നെ എറിയുകയും പരിഹസിക്കുകയും ചെയ്‌തുകൊളളുക.”
നാണുവിന്റെ വാക്കുകൾ കേട്ട കുട്ടികൾ അവരുടെ ഉദ്യമത്തിൽ നിന്ന് പിൻതിരിഞ്ഞു. ഓരോരുത്തരായി അവരുടെ വീടുകളിലേക്ക് ഓടിപ്പോയി.
അവസാനം നാണുവും സന്ന്യാസിയും തനിച്ചായി. സന്ന്യാസി നിഷ്‌ക്കളങ്കനായ നാണുവിനെ അടുത്ത് വിളിച്ചു ചോദിച്ചു.
“മോന്റെ പേരെന്താണ്?”
“എന്റെ പേര് നാണു എന്നാണ്.”
“ഞാൻ വയൽവാരത്ത് വീട്ടിലെയാണ്.”
“അച്‌ഛന്റെ പേരെന്താണ്?”
“അച്‌ഛന്റെ പേര് മാടനാശാൻ എന്ന്.”
“അമ്മയുടെ പേരോ?”
“കുട്ടിയമ്മ”
നാണുവിനോട് കുശലം ചോദിച്ചുകൊണ്ട് സന്ന്യാസി വയൽവാരത്ത് വീട്ടിലേക്ക് നാണുവിനെ വിളിച്ചുകൊണ്ടുചെന്നു. അവിടെ കുട്ടിയമ്മ മാത്രമേ ഉണ്ടായിരുന്നുളളൂ. കുട്ടിയമ്മയെ വിളിച്ച് സന്ന്യാസി പറഞ്ഞു.
“നാണു നല്ല കുട്ടിയാണ്. അവൻ നന്നായി വരും” എന്ന് അനുഗ്രഹിച്ചുകൊണ്ട് സന്ന്യാസി പോയി.
കുസൃതിക്കുട്ടികൾ ഒരു പാവം സന്ന്യാസിയെ നിന്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ട് ആ കുട്ടികളെ ആ പ്രവൃത്തികളിൽനിന്ന് പിൻതിരിപ്പിച്ച നാണുവാണ് പിൽക്കാലത്ത് ശ്രീനാരായണഗുരുദേവനായി സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങൾ ലോകത്തിനു നൽകി വിജയിച്ചരുളുന്നത്.
കുട്ടികൾ ചെറുപ്പത്തിലേ നല്ല കാര്യങ്ങൾ ചെയ്‌തു പഠിക്കണം.“
”ചെറുപ്പകാലങ്ങളിലുളള ശീലം
മറക്കുമോ മാനുഷനുളളകാലം“
എന്നാണല്ലോ പഴമൊഴി.
Generated from archived content: gurudevan2.html Author: sathyan_thannipuzha