കാര്യമറിഞ്ഞപ്പോൾ

പ്രഭാതം പൊട്ടിവിരിഞ്ഞപ്പോൾ കുതിരയെ വെല്ലുന്ന വേഗത്തിൽ കുഞ്ഞിരാമൻ കിഴക്കോട്ടോടുന്നതു കണ്ടു. എന്തെങ്കിലും ഗൗരവമുള്ള കാര്യമില്ലാതെ ഈ നേരത്ത്‌ ഇത്ര വലിയ ഓട്ടമോടാൻ വഴിയില്ല. എന്താണ്‌ കാര്യമെന്നറിയാമെന്നു കരുതി ചായക്കടയിലിരുന്നവർ റോഡിലേക്കെത്തിനോക്കിയപ്പോൾ കോതക്കുട്ടിയും പിന്നാലെ ഓടുന്നതു കണ്ടു.

ഭാര്യയും ഭർത്താവും കൂടി മാരത്തോൺ ഓട്ടം ഓടണമെങ്കിൽ അത്യാവശ്യമായ എന്തോ കാര്യം കാണണമല്ലോ? നിസ്സാരകാര്യത്തിന്‌ ഇത്രവലിയ ഓട്ടം ഓടുകയില്ല.

ചായക്കടയിൽ ചായകുടി കഴിഞ്ഞിരുന്ന ചെറുപ്പക്കാർ കാര്യമറിയാമെന്നു കരുതി അവരുടെ പിന്നാലെ ഓടി.

“ഹേ, കുഞ്ഞിരാമാ, എന്താ കാര്യം? നില്‌ക്കൂ പറയൂ”

“ദാ പോണു, ഇങ്ങു പിടിച്ചോ?” എന്നു പറഞ്ഞുകൊണ്ട്‌ കുഞ്ഞിരാമൻ ഓട്ടത്തിന്‌ വേഗത കൂട്ടി.

കേട്ടവർ കേട്ടവർ പിന്നാലെ എത്തി. നാല്‌ക്കവലയിൽ ചെന്നപ്പോൾ ഒരു വലിയ ജനക്കൂട്ടമായി. ആർക്കും കാരണമറിഞ്ഞുകൂടാ. എന്താണ്‌ കാരണം? ജനം തിരക്കി.

അപ്പോൾ പശുക്കുട്ടി ഓട്ടം നിർത്തി. ഒപ്പം കുഞ്ഞിരാമനും നിന്നു. പശുക്കുട്ടിയുടെ കഴുത്തിൽ കയറിട്ടു.

രാവിലെ കറവ കഴിഞ്ഞപ്പോൾ പശുക്കുട്ടിയെ അഴിച്ചുവിട്ടു. പശുക്കുട്ടി കൂത്താടി റോഡിലേക്കു കടന്നു. അതിനെ പിടിക്കാനാണ്‌ കുഞ്ഞിരാമനോടിയത്‌.

കാര്യമറിഞ്ഞപ്പോൾ ജനം പിരിഞ്ഞു പോയി.

Generated from archived content: ammumayude9.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here