കുറുക്കൻകുന്നിന്റെ താഴ്‌വരയിൽ കൊച്ചുകൊച്ചു കുടിലുകൾ അനവധിയുണ്ടായിരുന്നു. അവിടെ താമസിച്ചിരുന്നവർ വളർത്തിയിരുന്ന കോഴികളെയെല്ലാം കുന്നിൻമുകളിലെ ഗുഹയിൽ പാർത്തിരുന്ന കുറുക്കൻ വെളുക്കുമ്പോൾ വേലിക്കൽ പതുങ്ങി ചാടിപ്പിടിച്ച് കറുമുറ കടിച്ചുതിന്നു.
ഒരമ്മൂമ്മയുടെ ഒരു പൂവൻകോഴി മാത്രം ശേഷിച്ചു. മറ്റുള്ളവർക്ക് താഴെ വീഴുന്ന വറ്റു പെറുക്കാൻ പോലും ഒരു കോഴിക്കുഞ്ഞുണ്ടായിരുന്നില്ല.
അമ്മൂമ്മയുടെ പൂവൻകോഴി ദിവസവും വെളുപ്പാൻ കാലമാകുമ്പോൾ നീട്ടിക്കൂവിയിരുന്നു. കോഴി കൂവുന്നതുകേട്ട് ഗ്രാമീണരെല്ലാം ഉണർന്ന് അവരവരുടെ ജോലിക്ക് പോയിരുന്നു. ഇതു പതിവായി.
അമ്മൂമ്മയുടെ പൂവൻകോടി കൃത്യസമയത്ത് കൂവിയിരുന്നതുകൊണ്ട് ഗ്രാമീണർക്ക് സമയം തെറ്റാതെ എഴുന്നേറ്റ് പ്രവൃത്തികൾ ചെയ്യാൻ സാധിച്ചു. ഈ സത്യം പലരും തുറന്ന് അമ്മൂമ്മയോടു പറഞ്ഞു.
ഇതുകേട്ടപ്പോൾ അമ്മൂമ്മയ്‌ക്ക് അഹംഭാവം തോന്നി. എന്റെ കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നത്. അല്ലെങ്കിൽ നിങ്ങൾക്കൊന്നും പണി ചെയ്യാൻ കഴിയുകയില്ല. എന്നിട്ടും നിങ്ങൾക്കെന്നോട് നന്ദിയും സ്‌നേഹവും ഇല്ലല്ലോ?
പല ദിവസവും അമ്മൂമ്മ ഗ്രാമീണരുമായി ഇതേചൊല്ലി വഴക്കുകൂടി. അമ്മൂമ്മയുടെ കോഴി കൂവിയില്ലെങ്കിൽ നേരം വെളുക്കുകയില്ലെന്നായിരുന്നു അമ്മൂമ്മയുടെ വിശ്വാസം.
ചെറുപ്പക്കാരായ ഗ്രാമീണർ അമ്മൂമ്മയെ വാശിപിടിപ്പിച്ചു.
ഒരു ദിവസം അമ്മൂമ്മ ആ ഗ്രാമീണരെ ഒരു പാഠം പഠിപ്പിക്കുവാൻ തീരുമാനിച്ചു. പൂവൻകോഴിയെ പിടിച്ചു കൊട്ടയിലാക്കി ആ ഗ്രാമം വിട്ട് അകലെയുള്ള ഗ്രാമത്തിൽ പോയി.
ആ ഗ്രാമത്തിലുള്ള ഒരകന്ന ബന്ധുവിന്റെ വീട്ടിൽ താമസമാക്കി. അവരുടെ കുട്ടികളെ ശുശ്രൂഷിച്ചു കഴിഞ്ഞു.
കുട്ടികളെ നോക്കാൻ അമ്മൂമ്മയെ കിട്ടിയപ്പോൾ ഗൃഹനായകനും നായികയ്‌ക്കും വലിയ സന്തോഷമായി.
രാവിലെ ഇരുവരും ജോലിക്ക് പോകുമ്പോൾ കുട്ടികളുടെ കാര്യം ഒരു തലവേദനയായിരുന്നു. അമ്മൂമ്മ വന്നത് അവർക്ക് ഒരനുഗ്രഹമായിത്തീർന്നു.
ഈ യാഥാർത്ഥ്യം അവർ അമ്മൂമ്മയോട് തുറന്നു പറഞ്ഞു. അമ്മൂമ്മയ്‌ക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്‌തുകൊടുത്ത് വാത്സല്യപൂർവ്വം സംരക്ഷിച്ചു.
“അമ്മൂമ്മ വന്നതുകൊണ്ടാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ജോലിക്ക് പോകാൻ സാധിക്കുന്നത്. അല്ലെങ്കിൽ മക്കളെ വീട്ടിലാക്കി പോകാൻ സാധിക്കുകയില്ലായിരുന്നു.”
“അതു ശരി അപ്പോൾ ഞാനുള്ളതുകൊണ്ടാണ് നിങ്ങളുടെ കാര്യങ്ങളെല്ലാം മുടക്കം കൂടാതെ നടക്കുന്നത്. എന്നിട്ട് ആ നന്ദിയും സ്‌നേഹവും നിങ്ങൾക്കെന്നോടില്ലല്ലോ”?
പിറ്റേ ദിവസം
അമ്മൂമ്മയുടെ ചിന്താഗതി അതായിരുന്നു.
അമ്മൂമ്മ തിരിച്ച് സ്വന്തം ഗ്രാമത്തിൽ കോഴിയെ കൊണ്ടുവന്നു. അപ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു.
ഗ്രാമീണർ കുശലമന്വേഷിച്ച് അമ്മൂമ്മയുടെ അടുത്തുവന്നു. സ്‌നേഹനിർഭരമായ വരവേല്‌പാണ് അമ്മൂമ്മയ്‌ക്ക് ലഭിച്ചത്. അയൽ ഗ്രാമത്തിലെ വിവരങ്ങളും അനുഭവങ്ങളും അമ്മൂമ്മ വിരവരിച്ചു.
“ഞാനുണ്ടായിരുന്നതു കൊണ്ടാണ് ആ വീട്ടിലുള്ളവർക്ക് ജോലിക്ക് പോകാൻ കഴിഞ്ഞത്. ഇനി എങ്ങനെ പോകുമെന്നറിയാമല്ലോ?”
“ഞാൻ പോയതിനുശേഷം ഇവിടെ നേരം വെളുക്കാറുണ്ടോ? എന്റെ കോഴി കൂടെയുണ്ട്. നാളെ തുടങ്ങി ഇവിടെ നേരം വെളുക്കും.”
അമ്മൂമ്മയുടെ കോഴി കൂവിയില്ലെങ്കിൽ നേരം വെളുക്കുകയില്ലെന്നായിരുന്നു അമ്മൂമ്മയുടെ വിശ്വാസം.
ഞാനില്ലെങ്കിൽ ഒന്നും നടക്കുകയില്ലെന്ന ഭാവം നമ്മുടെ ഇടയിലും ചിലർക്കുണ്ടല്ലോ?
Generated from archived content: ammumayude8.html Author: sathyan_thannipuzha